Monday 16 June 2008

“മിഴിയിലെ കുളിരായ്…”

വിരിഞ്ഞ് നില്‍ക്കുന്ന മല്ലികപ്പൂക്കള്‍ നറുമണം വിതറി ഇളം കാറ്റിലാടി ഞങ്ങള്‍ക്ക് സ്വാഗതമോതി. ഭംഗിയോടെ വര്‍ണക്കാഴ്ചകള്‍ നിരത്തിയ റോസാപ്പൂക്കളും ഞങ്ങളെ നോക്കി കണ്ണിറുക്കി. മാസമാറിച്ചെടികളും മുല്ല മൊട്ടുകളും,കള്ളിച്ചെടികളും കൂട്ടു കൂടി കിന്നാരം പറയും പോലെ തൊട്ടൊരുമ്മി നില്‍ക്കുന്നു. ചിത്ര ശലഭങ്ങള്‍ അവക്ക് മീതെ തേന്‍ നുകരാനായി വട്ടമിട്ട് പറക്കുന്ന കാഴ്ച മക്കളെയും എന്നെയും ഒരു പോലെ ആകര്‍ഷിച്ചു.
ഉമ്മറത്ത് ഞങ്ങളുടെ വരവ് പ്രതീക്ഷിച്ചപോലെ സ്ത്രീകളും കുട്ടികളുമടങ്ങുന്ന ഒരു കൂട്ടം.
അവര്‍ എന്നെ തുറിച്ച് നോക്കുന്നുവോ? മനസ്സിന്റെ കോണിലെവിടെയോ ഒളിച്ചിരുന്ന നാണം പുറത്ത് ചാടാന്‍ വെമ്പുന്നപോലെ.. മുഖവുരയായി എന്ത് പറയണമെന്ന് തിട്ടപ്പെടുത്താത്തതിന്റെ ജാള്യത എന്നെ പൊതിഞ്ഞ് തീരും മുമ്പ് ഞാന്‍പോലുമറിയാതെ ആ മന്ത്രങ്ങള്‍ എന്റെ സഹായത്തിനെത്തി.
"അസ്സലാമു അലൈക്കും".
കൂട്ടത്തില്‍ പ്രായം കൂടിയ,വെളുത്ത് തടിച്ച ഒരു സ്ത്രീ അല്പം മുന്നോട്ട് കയറിവന്ന് എന്റെ കരം കവര്‍ന്നു. പിന്നെ ഞാന്‍ മാത്രം കേള്‍ക്കാന്‍ പാകത്തിന് പറഞ്ഞു
"വ‌അലൈക്കും മുസ്സലാം".
ഡൈനിംഗ് ഹാളിലേക്ക് കയറിയ ഞങ്ങളെ ഭംഗിയായി ചിട്ടപ്പെടുത്തിയ വളഞ്ഞ് പുളഞ്ഞ കോണിയിലൂടെ വലിയൊരു ഹാളിലേക്കാണ് ആനയിച്ചത്. നിരന്നിരിക്കുന്ന കസാരകളും അവക്ക് മുന്നില്‍ സ്റ്റേജ് രൂപത്തിലൊരു പീഢവും. ഹാളിന്റെ മൂലയില്‍ കൂട്ടിയിട്ടിരിക്കുന്ന കുറെ കൊടികളും ബാനറുകളും, പാര്‍ട്ടി കോണ്‍ഫ്രണ്‍സ് ഹാളിലേക്ക് പത്രസമ്മേളനം നടത്താന്‍ പോയ പ്രതീതി. ഞാനും മക്കളും ഹാളിന്റെ കവാടത്തിനടുത്തുള്ള മറ്റൊരു റൂമിലെത്തി. അവിടെ രാജകീയ സിംഹാസനങ്ങള്‍ പോലെ വലിയ കസാരകളും സോഫകളും, അവിടെയാണ് ഞങ്ങളെ സ്വീകരിച്ചിരുത്തിയത് ,
ചുറ്റു ചുമരില്‍ വര്‍ണ ഭംഗിയേറിയ ചായാചിത്രങ്ങളാല്‍ അലങ്കൃതമാക്കിയ ആ വലിയ റൂമിലേക്ക് മറ്റൊരു കോണിയിലൂടെ സ്ത്രീ സന്ദര്‍ശകരുടെ പ്രവാഹം.
എല്ലാവര്‍ക്കും അറിയേണ്ടത് എന്റെ പേരും നാടും വീടും കുടുംബവുമൊക്കെ. ആഫിയും സജിയും ഷാജഹാനും ഇളം ചൂടുള്ള കോഫിയുമായി ഓടിനടക്കുകയാണ് ‍.ഡ്രൈവറാണെങ്കിലും പൂര്‍ണ സ്വാതന്ത്ര്യമുള്ളത് പോലെയാണ് ഷാജഹാന്റെ പെരുമാറ്റം. സജിയും ആഫിയും ജഗ്ഗും കോപ്പയുമായി അവന്റെ പിന്നാലെ തന്നെയുണ്ട്.
പത്ത് മിനുട്ട് കഴിഞ്ഞപ്പോഴേക്കും ആരവം തീര്‍ന്നു. മക്കളെ സഹീറിന്റെ കുഞ്ഞുപെങ്ങളായ റഹി കയ്യിലെടുത്ത് കഴിഞ്ഞു. അവര്‍ താഴെ കിങ്ങിണികെട്ടി ഓടിനടക്കുന്ന കുഞ്ഞാടിന്റെ പിന്നാലെ ഓടിക്കളിക്കുകയാണ് ‍.കോഫി സെര്‍വ് കഴിഞ്ഞ് ആഫിയും ആകൂട്ടത്തിലെ കണ്ണിയായി പാറി നടക്കുന്നുണ്ട്. സജിതക്കൊപ്പം സഹീറിന്റെ ഇക്കയുടെ ഭാര്യയും മൂത്ത പെങ്ങളും എന്റെയരികില്‍ വന്നിരുന്നു. കുഞ്ഞ് വിശേഷങ്ങളില്‍ തുടങ്ങിയ സംഭാഷണം അരമണിക്കൂര്‍ നീണ്ടു. അപ്പോഴേക്കും ഞാനും മക്കളും അവിടുത്തെ കണ്ണികളില്‍ കോര്‍ത്തപോലെ പ്രിയപ്പെട്ടവരായി മാറിക്കഴിഞ്ഞിരുന്നു.
അടുക്കളയില്‍ നിന്ന് ബിരിയാണിയുടെ ഗന്ധം നാസിക തുളച്ച് കയറിയെപ്പൊഴാണ് വിശപ്പിന്റെ വിളിയറിഞ്ഞത്. ഞാന്‍ സജിക്കൊപ്പം അടുക്കളയിലേക്ക് നടന്നു.
മലേഷ്യന്‍ ഫര്‍ണിച്ചറില്‍ മോഡികൂട്ടിയ വലിയ അടുക്കളയില്‍ സഹീറിന്റെ ഉമ്മയും ഒരു പരിചാരികയും മാത്രം. നിരന്ന് കിടക്കുന്ന പാത്രങ്ങള്‍ അടുക്കി വെക്കുകയാണവര്‍. എന്റെ മുരടനക്കം കേട്ട് തിരിഞ്ഞ് നോക്കിയ അവരെന്നെ ഒരു കസാരയില്‍ പിടിച്ചിരുത്തി. സജിത തപ്പിയെടുത്ത ഉണക്ക മുന്തിരി എനിക്ക് പങ്ക് വെച്ചപ്പോഴാണ് സഹീറിന്റെ ഉമ്മയിലൂടെ ആ സന്തോഷ വാര്‍ത്ത ഞാനറിയുന്നത്.
കല്യാണപ്പെണ്ണായി അണിഞ്ഞൊരുങ്ങാന്‍ ആഴ്ചകള്‍ മാത്രം ബാക്കി. എന്നിട്ടും കുട്ടിത്തം മാറിയിട്ടില്ല,എന്ന ഉമ്മയുടെ പരിഭവം പറച്ചില്‍ അവസാനിച്ചത് ആങ്ങളയുടെ മൂത്തപുത്രിയാണെന്ന പരിചയപ്പെടുത്തലോടെയായിരുന്നു.
തലശ്ശേരി ബിരിയാണിയുടെ സ്വാദ് ഞാന്‍ ആദ്യമായിട്ടാണറിയുന്നത്. ഇക്കക്കും നന്നായി ബോധിച്ചെന്ന് ആ ഇരിപ്പ് കണ്ടാലറിയാം.കോഴിക്കോടന്‍ ഹലുവ തിന്ന് മടുത്ത ഞങ്ങളുടെ മുന്നില്‍ തലശ്ശേരി ഹലുവയും തയ്യാറായിട്ടുണ്ട്. സഹീറിന്റെ വീട്ടുകാര്‍ ഒരു സല്‍കാരപ്രിയരാണെന്ന് തെളിയിക്കുന്നതായിരുന്നു തീന്‍ മേശയിലെ വിഭവങ്ങളും പറഞ്ഞറിയിക്കാനാകാത്ത സ്വാദും.
വിഭവസമൃതിയായ സല്‍കാരം കഴിഞ്ഞിട്ടും സഹീറിനെ കാണാനായില്ല.ആരുടെ ക്ഷണം സ്വീകരിച്ചാണ് വന്നതെന്ന് ചോദിക്കാനോ പറയാനോ പറ്റാത്ത അവസ്ഥ.
സജിതയോട് പലവട്ടം സഹീറിനെ തിരക്കി.
"ദൃതിവെക്കാതെ" എന്നല്ലാതെ അവളൊന്നും വിട്ട് പറയുന്നില്ല. ചിലതൊക്കെ ഞാനറിയാതിരിക്കാനായി മറച്ച് വെക്കുന്നുണ്ടെന്നതോന്നല്‍ എന്നില്‍ ബലപ്പെട്ട് കൊണ്ടിരുന്നു.സഹീറിന്റെ ഉമ്മയോടും വീട്ടിലുള്ളവരോടും അവനെവിടെ എന്ന് ചോദിക്കാന്‍ ഞാന്‍ ആലോചിച്ചതാണ്. പക്ഷെ എന്നെ കുറിച്ചാണോ ഇക്കയെ കുറിച്ചാണോ അവനിവിടെ പരിചയപ്പെടുത്തിയതെന്നറിയാതെ എന്റെ ആകാംക്ഷ ഞാനെങ്ങിനെ പങ്ക് വെക്കും ?
ഇന്നത്തെ യുവത്വത്തിന്ന് പാകമാകാത്ത രീതിയിലുള്ള പല ആദര്‍ശങ്ങളും എന്നെ വരിഞ്ഞ് മുറുക്കിയതിനാല്‍ എനിക്കവനെ കുറിച്ച് ചോദിക്കാനെ ആയില്ല.
ചോദ്യങ്ങളും ഉപചോദ്യങ്ങളും എന്നെ ആശയക്കുഴപ്പത്തിലാക്കി.
എങ്കിലും അറിഞ്ഞല്ലേ പറ്റൂ..
ക്ഷണിതാവിനെ കാണാതെ ഇളിഭ്യരായി തിരിച്ച് പോവുകയോ..!!
എന്റെ അഭിമാനത്തിന് ക്ഷതമേല്‍ക്കുന്നത് പോലെയാണെനിക്ക് തോന്നിയത്. കൃത്യമായ ഒരു തീരുമാനമെടുക്കാനാകാതെ ഞാന്‍ ഇക്കയുടെ അടുത്തേക്ക് നടന്നു. ഓഫീസ് റൂമിലിരുന്ന് ഷാജഹാനുമായി സംസാരിച്ച് കൊണ്ടിരിക്കുകയാണിക്ക.
പാതി തുറന്ന വാതിലില്‍ ഞാന്‍ പതിയെ മുട്ടി. എന്നെ കണ്ട മാത്രയില്‍ ഷാജഹാന്‍ എണീറ്റ് നിന്നു. സജിതയുടെ കൂടെ ഞാന്‍ അകത്തേക്ക് കടന്നു. അവള്‍ നേരെ ചെന്നിരുന്നത് കമ്പ്യൂട്ടര്‍ മേശക്കരികിലാണ്. മേശയിലിരിക്കുന്ന ലാപ്ടോപ്പെടുത്ത് ഓണ്‍ ചെയ്യുകയാണവള്‍. ഞാന്‍ ഇക്കയെ പുറത്തേക്ക് വിളിച്ചു. ഇനി എന്ത്? എന്ന ചോദ്യമാണ് ഞാന്‍പറയാനിരിക്കുന്നതെന്ന് ഇക്കക്ക് മനസ്സിലായപോലെ..
ഇക്ക എന്നോട് പറഞ്ഞു "പോവല്ലേ."..
" അപ്പോ… സഹീര്‍ ?".
"ആ… അറിയില്ല ".
”നിങ്ങളെന്താചോദിക്കാത്തെ…?
ആ ചോദ്യത്തിന്ന് ഉത്തരം തരുന്നതിന്ന് പകരം ഒരു പുഞ്ചിരിമാത്രമാണെനിക്ക് കിട്ടിയത്.
"നീയല്ലെ തുടങ്ങി വെച്ചത്,നീ തന്നെ അവസാനിപ്പിക്കൂ" എന്ന ഒരു പരിഹാസവും തന്ന് ഇക്ക ഓഫീസ് റൂമിലേക്ക് നടന്നു.
എന്ത് ചെയ്യണമെന്നറിയാതെ ശങ്കിച്ച് നില്‍ക്കുമ്പോഴാണ് കാര്‍പോര്‍ച്ചില്‍ നിന്ന് തുടര്‍ച്ചയായുള്ള മണികിലുക്കം കേട്ടത്. തെല്ലൊരാശങ്കയോടെ ഞാന്‍ അങ്ങോട്ട് നടന്നു. അവിടെ കണ്ടകാഴ്ച എന്നെഅത്ഭുതപ്പെടുത്തുകമാത്രമല്ല, ചിരിയടക്കിപ്പിടിക്കാനാവാത്ത വിധം ആശ്ചര്യപ്പെടുത്തുകയും ചെയ്തു. ഞാന്‍ ഓടിച്ചെന്ന് ഇക്കയേയും ഷാജഹാനെയും വിളിച്ചു.
എന്റെ ആംഗ്യഭാഷയുടെ പൊരുളറിയാനായി ആശ്ചര്യത്തോടെ എല്ലാവരും പുറത്തിറങ്ങി, കാര്‍പോര്‍ച്ചിനടുത്തെക്ക് പമ്മിയടുത്ത ഞങ്ങള്‍ പറോഡയുടെ മറവിലിരുന്ന് ആകാഴ്ചകാനുകയാണ്..
"ഓം ഹ്രീം ചാത്തായ സ്വോഹ"
"ഓം ഹ്രീം ആവാഹ സ്വാഹ "
ആഫിയ ചമ്രം പടിഞ്ഞിരുന്ന് മന്ത്രം ജപിക്കുകയാണ്,സഹായിയായി എന്റെ മകനുമുണ്ട്.
മകളും സഹീറിന്റെ കുഞ്ഞുപെങ്ങളും ആവാഹന മന്ത്രത്തിന്റെ പിടിയിലമര്‍ന്നപോലെ മുന്നിലിരിപ്പുണ്ട്. ഒരുകയ്യില്‍ നേരത്തെ, കുഞ്ഞാടിന്റെ കഴുത്തിലുണ്ടായിരുന്ന കിങ്ങിണിയും,മറുകയ്യില്‍ ഒരു ചെറിയ കുറുവടിയുമുണ്ട്.
വക്ക്പൊട്ടിയ ഒരു ഓട്ട്കിണ്ടിയും,പഴയ ഒരു കിണ്ണവും ആഫിയക്കടുത്തുണ്ട്. ആടിന്ന് കൊടുക്കാനായി കാടിവെള്ളം നിറച്ച ആകിണ്ണത്തിലേക്ക് നോക്കി ഇടക്കിടെ കുഞ്ഞ് വടിയെടുത്ത് സഹീറിന്റെ കുഞ്ഞുപെങ്ങളുടെ നേരെ പ്രയോഗിക്കുന്നുമുണ്ട്. മന്ത്രത്തിന്റെ കാഠിന്യം മൂര്‍ദ്ധന്യാവസ്ഥയിലെത്തുമ്പോള്‍ മണ്ണ് വാരി,ആവാഹിച്ചിരിത്തിയവരുടെ തലയിലേക്കെറിയുന്നുണ്ടവള്‍.
പെട്ടെന്നവള്‍ വടിയെടുത്ത് കിണ്ണത്തിലടിച്ചു. ശക്തിയായി തലയാട്ടി ലക്ഷണമൊത്ത മന്ത്രവാദിനിയപ്പോലെ കുലുങ്ങി വിറച്ചു.ഒപ്പം കയ്യിലിരിക്കുന്ന മണി നിര്‍ത്താതെ മുഴങ്ങിക്കൊണ്ടിരുന്നു.കാഴ്ചക്കാരായ ഞങ്ങള്‍ക്ക് ഏഷ്യാനെറ്റിലെ കുട്ടിച്ചാത്തന്റെ പുതിയ ഒരു എപ്പിസോഡ് കാണുന്ന പ്രതീതി.
ചിരിയടക്കാന്‍ കഴിയാതെ ഞങ്ങള്‍ വിങ്ങിക്കൊണ്ടിരിക്കുമ്പോഴാണ്, മന്ത്രത്തിന്റെ ശക്തികൊണ്ടെന്നപോലെ അതിശക്തിയായി കാറ്റ് വീശിയത്. മന്ത്രം ഫലിച്ച ആഹ്ലാദത്തില്‍ ആഫിയ കണ്ണുകളടച്ച് മണ്ണ് വാരി എറിഞ്ഞ് കൊണ്ടിരുന്നു. കാറ്റിന്റെ ശക്തിയില്‍ പറന്നുവന്ന ആഫിയയുടെ ബസ്മം ഞങ്ങളുടെ കാഴ്ചയെ മൂടി. പെട്ടെന്നായിരുന്നു മക്കളുടെ കൂട്ടക്കരച്ചിലുണ്ടായത്. സംഭവിച്ചതെന്തന്നറിയാതെ അന്തിച്ച് നില്‍ക്കുമ്പോള്‍ മകനും മകളും എന്നെ കെട്ടിപ്പിടിച്ച് "മായച്ചാത്തന്‍"എന്ന് ഉറക്കെ വിളിച്ച് പറഞ്ഞ് കരയുന്നുണ്ടായിരുന്നു.
ഒരു വിധത്തില്‍ കണ്ണ് തുറന്ന ഞങ്ങള്‍ സ്തംഭിതരായി..!
മന്ത്രക്കളത്തില്‍ മായച്ചാത്തന്‍ കുറുവടിയുമായി നില്‍ക്കുന്നു..!!
ഭുത പിശാചുകളെ ഭയമില്ലെങ്കിലും ഈ സന്ദര്‍ഭത്തില്‍ എനിക്കുമുണ്ടായി ഒരുള്‍ക്കിടിലം!!
മക്കളെയും കൊണ്ട് അകത്തേക്ക് ഓടാന്‍ ഭാവിച്ചപ്പോഴേക്കും,മായച്ചാത്തന്‍ ജീവനും കൊണ്ട് ബാത്ത്‌റൂം ലക്ഷ്യമാക്കി കുതിച്ചു. വാതില്‍ വലിച്ചടച്ച് മായച്ചാത്തന്‍ ബാത്ത്‌റൂമിലിരുന്ന് ഉറക്കെ കരയുകയാണ്. ഞങ്ങളെല്ലാവരും ആകാംക്ഷയോടെ അങ്ങോട്ടെക്ക് ഓടി. മുട്ടിയിട്ടും തുറക്കാത്ത ആ വാതില്‍ ഷാജഹാന്‍ ചവിട്ടിത്തുറന്നപ്പോള്‍ കണ്ടകാഴ്ച ദയനീയമായിരുന്നു. കരിഓയലില്‍ കുളിച്ച് നില്‍ക്കുന്ന ആഫിയ!..
പോര്‍ച്ചിന്റെ മച്ചില്‍ സൂക്ഷിച്ച് വെച്ച കരിഓയില്‍ കാറ്റിന്റെ ശക്തിയില്‍ മന്ത്രവാദിനിയുടെ തലയിലേക്ക് വീണപ്പോള്‍ ഒരു മായച്ചാത്തന്‍ പ്രത്യക്ഷപ്പെട്ടതായാണ് കുട്ടികള്‍ക്ക് തോന്നിയത്.
ചാത്തന്റെ വിളറിയ മുഖം തിരിച്ചറിഞ്ഞപ്പോള്‍ ഞാനും മക്കളും പിന്നെകൂടിനിന്നവരും പൊട്ടിച്ചിരിക്കുകയായിരുന്നു.

പ്രകൃതിക്ക് മതം പൊട്ടിയപോലെ കാറ്റ് ആഞ്ഞ് വീശുകയാണ്.എവിടെയൊക്കെയോ പച്ചമരക്കൊമ്പുകള്‍ ചിതറി വീഴുന്ന ശബ്ദം,മന്ത്രക്കളവും സാമഗ്രികളും കാറ്റില്‍ പറന്ന് അപ്രത്യക്ഷ്യമായി. ഇറയത്ത് അടുക്കിവെച്ച പെയ്ന്റ് ടിന്നുകള്‍ താഴെവീണ് കാറ്റിന്റെ ഗതിക്ക് താളമേകി ഉരുണ്ട് കളിക്കുന്നു. ഇടിക്കൊപ്പം മിന്നല്പിണറുകള്‍ നിലത്തിറങ്ങി പൊട്ടിയപ്പോള്‍,ചാത്തന്റെ വിശ്വരൂപം കണ്ട് പൊട്ടിച്ചിരിച്ച ഞാനടക്കമുള്ളവര്‍ നിശബ്ദരായി .
ആര്‍ത്തു വിളിച്ച് കൊണ്ട് മൂന്നാലാളുകള്‍ ഗൈറ്റ്കടന്ന് ഓടി വരുന്നത് കണ്ടാണ് ഞാന്‍ അങ്ങോട്ട് നോക്കിയത് .
രക്തത്തില്‍ കുതിര്‍ന്ന യുവതിയെ പൊക്കിയെടുത്ത് മറ്റൊരുകൂട്ടം തൊട്ടു പിന്നാലെയുണ്ട്. കണ്ട്നിന്ന സഹീറിന്റെ ഉമ്മ തൊണ്ടപൊട്ടുമാറുച്ചത്തില്‍ നീട്ടി വിളിച്ചു.
" സഹീറെ…"
ജിക്ഞാസയടക്കാന്‍ പാടുപെട്ട എന്റെ കണ്ണുകള്‍ വിടര്‍ന്നിരുന്നു. എന്റെ അന്വോഷണത്തിന്റെ പരിസമാപ്തിക്ക് നാന്ദി കുറിച്ച് കൊണ്ട് ഷാജഹാന്‍ ഓടിയെത്തി പോര്‍ച്ചില്‍ നിന്ന് വണ്ടിയിറക്കി.
ഒരു മുഖംമൂടി അഴിഞ്ഞ് വീണ ജ്യാളതയോടെ ഷാജഹാനെന്ന സഹീര്‍ എന്നെ നോക്കി പുഞ്ചിരിച്ചു,
എന്തുപറയണമെന്നറിയാതെ തരിച്ച് നിന്ന എനിക്ക്മുന്നില്‍ സജിതയും ഇക്കയും ഊറിച്ചിരിക്കുകയായിരുന്നപ്പോള്‍..….
*********************************************************
കോഴികള്‍ കൂടണയുന്ന സമയം. തിരിച്ചറിഞ്ഞ സൌഹൃദത്തിന്റെ പൂര്‍ത്തീകരണം മുഴുവനാക്കാന്‍ കഴിയാതെയുള്ള മടക്കയാത്ര മനസ്സിനെ മദിച്ച് കൊണ്ടിരുന്നു.
രണ്ട് ദിവസത്തിനകം ജിദ്ധയിലെത്തണം.
ഇടക്ക് പൂനയില്‍ ഒരു ദിവസം. അവിടെ ഞങ്ങളെയും കാത്ത് ഇക്കയുടെ ബോസിന്റെ മകനുണ്ട്. തലശ്ശേരിയില്‍ നിന്നും ട്രൈന്‍ മാര്‍ഗ്ഗം പൂനയിലേക്ക്,
അവിടന്ന് ജിദ്ധയിലേക്ക്. ക്രമപ്പെടുത്തിയ മറ്റൊരു യാത്രക്ക് ആരംഭം കുറിക്കുകയാണ്.
സ്റ്റേഷനില്‍ നല്ല തിരക്കുണ്ട്.ചീതലിന്റെ തണുപ്പില്‍ കുളിരറിഞ്ഞ യാത്രക്കാര്‍ അക്ഷമരായി ചൂളം വിളിക്കായ് കാതോര്‍ത്തിരിക്കയാണ്.
ടിക്കെറ്റെടുത്ത് ഞങ്ങളും ആ കൂട്ടത്തിലെ ഒരു കണ്ണിയായി. നനഞ്ഞൊട്ടിയ യാത്രക്കാരുടെ പാദങ്ങളില്‍ പറ്റിപ്പിടിച്ച കറുത്ത ചെളി എന്നെ വീണ്ടും ആഫിയക്കടുത്തേക്കെത്തിച്ചു. കരിഓയലില്‍ കുളിച്ച അവളുടെ സ്തിഥി എന്താണാവോ?
ഞങ്ങള്‍ യാത്ര പറഞ്ഞിറങ്ങുമ്പോഴും അവള്‍ ബാത്ത്‌റൂമില്‍ നിന്നിറങ്ങിയിരുന്നില്ല. ഞാന്‍ മൊബൈലെടുത്ത് സഹീറിന്റെ വീട്ടിലേക്ക് വിളിച്ചു. സജിതയാണ് ഫോണെടുത്തത്. മന്ത്രശക്തിയില്‍ കളര്‍ മങ്ങിയ ആഫിയ പരിഭവത്തിലാണ്. അവള്‍ ഫോണ്‍ തൊട്ടതേയില്ല.
വെറുതെയാണെങ്കിലും ഞാന്‍ വീണ്ടും സഹീറിനെ അന്വോഷിച്ചു.
അവനെത്തിയിട്ടില്ല.
വണ്ടി വൈകുന്ന കാര്യം സജിതയെ അറിയിച്ച് ഞാന്‍ കട്ട് ചെയ്തു. അപ്പോഴേക്കും ചൂടുള്ള കട്ടന്‍ കാപ്പിയുമായി ഇക്കയുമെത്തി. വൃത്തിഹീനമായ പരിസരമായിരമായിരുന്നിട്ടും കാപ്പിക്ക് നല്ല സ്വാദുള്ള പോലെ. ഞാന്‍ പരിസരം ഗൌനിച്ചതേയില്ല. ട്രൈനുകള്‍ പലതും വന്നു പോയ്ക്കൊണ്ടിരുന്നു. ഒടുവില്‍ നേത്രാവതി എക്സ്പ്രസിന്റെ വരവറിയിച്ചു കൊണ്ട് അറിയിപ്പ് വന്നു. പെട്ടിയും ഭാണ്ടങ്ങളുമായി ഫ്ലാറ്റ്ഫോം നമ്പര്‍ ലക്ഷ്യമാക്കി യാത്രക്കാര്‍ നീങ്ങിത്തുടങ്ങി. തുടര്‍യാത്രയുടെ തുടക്കത്തിനായി ഞങ്ങളും തയ്യാറെടുത്തു. ഇരുമ്പ് കൂടാരം വലിയശബ്ദത്തില്‍ ഫ്ലാറ്റ്ഫോമില്‍ വന്ന് നിന്നു. മക്കള്‍ അത്ഭുതത്തോടെ നോക്കിക്കാണുകയാണ്. അവര്‍ക്ക് ട്രൈനിലെ കന്നിയാത്രയാണ്.
തീ വണ്ടിയിലെ “തീ“ എവിടെയാണെന്നന്വോഷിക്കുകയാണ് മകള്‍. പറയാനും അറിയാനും ഇനിയേറെ സമയമുണ്ടെന്നായി ഇക്ക. ഞങ്ങള്‍ ബാഗുമെടുത്ത് ബോഗിയിലേക്ക് കടന്ന് സീറ്റുറപ്പിച്ച് കഴിഞ്ഞതേയുള്ളൂ. സഹീറിന്റെ നമ്പര്‍ എന്റെ മൊബൈലില്‍ തെളിഞ്ഞു………….
ആകാംക്ഷയോടെ ഞാന്‍ മൊബൈല്‍ അറ്റന്റ് ചെയ്തു.
അവന്‍ ഫ്ലാറ്റ്ഫോമിലുണ്ടെന്നറിയിച്ചപ്പോഴേക്കും ചൂളം വിളി തുടങ്ങിയിരുന്നു .. തുറന്നിട്ട ജാലകത്തിലൂടെ ഞാന്‍ പുറത്തേക്ക് നോക്കി
സഹീര്‍ ഓടി വരികയാണ്….
അവന്റെ കുതിപ്പ് എന്റെ കമ്പാര്‍ട്ട്മെന്റിന്റെ ജാലകത്തിനടുത്തേക്കവനെ എത്തിക്കാന്‍ പാകത്തിനുള്ളതായിരുന്നു.
ഞങ്ങള്‍ മുഖാമുഖം കണ്ടു..
ഒന്നും സംസാരിക്കാന്‍ കഴിയാതെ ചില നിമിഷങ്ങള്‍ കടന്നു പോയി… ഒപ്പം ഫ്ലാറ്റ്ഫോം വിട്ട് തീവണ്ടിയും..കൂകിപ്പായുന്ന തീവണ്ടിയുടെ
ജാലകവിടവിലൂടെ ഒരിക്കല്‍ കൂടി ഞാനവനെ നോക്കി… അങ്ങ് ദൂരെ ഒരു പച്ചക്കുപ്പായം ഞങ്ങളെ നോക്കി വീശുന്നുണ്ടായിരുന്നു അവനപ്പോഴും.
======================================== അവസാനിച്ചു.