Saturday 17 May 2008

വിടപറയും മുമ്പേ……

മയം പതിനന്നോടടുക്കാറായി…ബന്ധു വീട്ടിലെ മുടികളയല്‍ ചടങ്ങില്‍ പങ്കെടുക്കാനുള്ള ഒരുക്കത്തിലാണെല്ലാവരും.ക്ഷണിക്കാതെ ക്ഷണിഞ്ഞ് ചെല്ലാന്‍ ഒരു കുറച്ചിലുള്ള പോലെ.
കാലങ്ങള്‍ക്ക് മുമ്പ് കണ്ട് മറന്ന പലമുഖങ്ങളെയും ഒരുമിച്ച് കാണാന്‍ പറ്റിയ അവസരം. ഒഴിവാക്കാനും മനസ്സ് വരുന്നില്ല. ഉപ്പയുടെയും ഉമ്മയുടെയും അനിയത്തിയുടെയും നിര്‍ബന്ധം കാരണം ഞാന്‍ ഇക്കയെ വിളിച്ച് സമ്മതം വാങ്ങി. കുട്ടികള്‍ ആദ്യമായിട്ടാണല്ലോ ഇത്തരം ചടങ്ങുകളില് പങ്കെടുക്കുന്നത്. അവര് ആവേശത്തിലാണ്..

പോര്‍ച്ചില് നിന്ന് അനിയന്‍ വണ്ടിയിറക്കുമ്പോള്‍ ഉമ്മയുടെ കയ്യിലുണ്ടായിരുന്ന കുഞ്ഞിവള അനിയത്തിയെനിക്ക് കാണിച്ച് തന്നു. നാല് ഗ്രാമോളം കനം തൂങ്ങുന്ന ഉരുപ്പടി !
ഞങ്ങള്‍ ലക്ഷ്യസ്ഥാനത്തെത്തിയതും എന്നെ എല്ലാവരും കൂടി വളഞ്ഞു. പരിപാടി കഴിഞ്ഞ് അതു വഴി വരാനിരിക്കുകയായിരുന്നെന്ന് ചിലറ് .വന്ന വിവരം നേരത്തെ തന്നെ അറിഞ്ഞിരിക്കുന്നു..!!പരിചയം പുതുക്കിയും പരിചയപ്പെട്ടും ഞാന്‍ അവിടെ തിളങ്ങിക്കൊണ്ടിരുന്നു.
മകളെ സംസാരിപ്പിക്കാന്‍ ശ്രമിക്കുകയാണ് ചിലര്, എന്ത് ചോദിച്ചിട്ടും അവള്‍ മിണ്ടുന്നേയില്ല, ഇത് കണ്ട് കൊണ്ടിരിക്കുന്ന ഒരു വല്യുമ്മ,
“ങ്ങളെ വര്‍ത്താനൊന്നും ആകുട്ടിക്ക് തിരീലെണ്ണീ“.
“അത് അറബിക്കുട്ട്യല്ലേ… അറബീല് ചോയ്ചോക്ക്ണ്ണീ “ എന്ന് മറ്റൊരാളും.
ഇത് കേട്ട് കൊണ്ടിരിക്കുന്ന മറ്റൊരു വല്യുമ്മ.
“അയിന് ആര്‍ക്കാബട അറബി തിര്യാ“,
“പഠിക്കുന്ന കാലത്ത് അറബിമലയാളം പഠിച്ചാ ഇങ്ങനൊക്കെണ്ടാകും!.”ന്റെ പേരകുട്ടിണ്ടെങ്കി ഇതൊന്നും ഒരു വര്‍ത്താനല്ല. ഓള് അറബിക്കോളേജിലല്ലേ ഓതാന് പോകുന്നത് “,കൂട്ടത്തില് വെളുത്ത് തടിച്ച ഒരമ്മായി അല്പം ഗമയോടെ സംസാരിച്ച് തുടങ്ങുന്നതിന്നിടയിലാണ് , “ഉമ്മാ എനിക്ക് കാക്കയുടെ അടുത്ത് പോണം” എന്ന് മോള് പറഞ്ഞത്. തനി മലപ്പുറം ശൈലിയില്‍ മോളുടെ അദ്യമൊഴി കേട്ട് പൊട്ടിച്ചിരിയായിരുന്നു പിന്നെയുണ്ടായത്.
ഒസ്സാത്തി കത്തിയുമായി മുടികളയാനായി തയ്യാറായിരിക്കുകയാണ്.അവര് കുട്ടിയുടെ അമ്മായിയെ അന്വോഷിക്കുന്നുമുണ്ട്. പരസ്പരം കുശുകുശുക്കുന്നതല്ലാതെ അമ്മായിക്കസാരയില് ആരും ഇരിക്കുന്നത് കാണുന്നില്ല. മൂന്ന് അമ്മായികളുണ്ടായിട്ട് ആരും വന്നില്ലെ എന്ന അടക്കം പറച്ചില് ഉച്ചത്തില്‍ തന്നെ വന്നു. കൂട്ടത്തില് പ്രായം കൂടിയ ഒരു വല്യുമ്മ ആ സ്ഥാനം ഏറ്റെടുത്തു. പരിപാടി ഭംഗിയായി നടന്നു. കുളികഴിഞ്ഞ് പൌഡറിട്ട കൊച്ചു മിടുക്കന്‍ മെത്തയില്‍കിടന്ന് ചുറ്റും കണ്ണോടിക്കുകയാണ്..
ആചാരങ്ങളുടെ വലയം അവന് മീതെ ചുറ്റിവരയുന്നത് കാണാന്‍ കൌതുകത്തോടെ ഞാനും.
പക്ഷെ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് പരിപാടി അവസാനിച്ചത് പോലെ കൂടിനിന്നവരൊക്കെ ഭക്ഷണം കഴിക്കാനായി പന്തലിലേക്കാനയിക്കപ്പെട്ടു. അപ്പോഴും ഉമ്മ കരുതിവെച്ച സമ്മാനപ്പൊതി അനിയത്തിയുടെ കയ്യില് ഭദ്രമായി ഇരിപ്പുണ്ടായിരുന്നു..

ചൂടുള്ള പോത്തിറച്ചി നൈച്ചോറിന് പാകപ്പെടുത്തി എന്റെ മുന്നിലെത്തിയപ്പോള്‍ മര്യാദ കൈവിടുന്നപോലെ തോന്നി..മക്കളെ ഉമ്മക്കരികിലാക്കി ഞാന്‍ സ്വ്‌സ്ഥമായി തീറ്റ തുടങ്ങി.മൂന്ന് മൊഴുത്ത കഷ്ണം പോത്തിറച്ചി വിഴുങ്ങിയതിന് ശേഷമാണ് ഞാന്‍ അനിയത്തിയെ നോക്കിയത്. ഇരു കൈമുട്ടുകളും ടേബിളില്‍ കുത്തി ചെറുപുഞ്ചിരിയോടെ എന്നെ കാണുകയാണവള്..മുമ്പെങ്ങും കാണാത്തപോലെ..ഒരു കഷ്ണം പോത്തിറച്ചികൂടി എനിക്കായ് നീക്കിവെച്ച് എന്നോടവള്‍ വേദനയോടെ പറഞ്ഞു..
“ഈ പ്രവാസം ഒന്നവസാനിപ്പിച്ചിരുന്നെന്ന്കില്‍ “..
പന്തിഭോജനം കഴിഞ്ഞ് യാത്രതിരിക്കുമ്പോള്‍ എന്റെ മനസ്സില്‍ ഒരു പാട്കാഴ്ചകള്‍ ചോദ്യങ്ങളായി അവശേഷിക്കുകയായിരുന്നു. വീട്ടിലെത്താന്‍ കാത്ത് നില്‍ക്കാതെ ഞാന്‍ എന്റെ ചോദ്യങ്ങള്‍ ഓരോന്നായി ചോദിച്ച് തുടങ്ങി.
സമൂഹത്തില്‍ ആഴത്തില്‍ വേരുറച്ച പല അനാചാരങ്ങളെയും, തന്റെതായ ശൈലിയില്‍ എതിര്‍ക്കുകയോ വേണ്ടെന്ന് വെക്കുകയോ ചെയ്തപ്പോള്‍ ഒറ്റപ്പെട്ടു പോയ ഒരു പ്രവാസിയുടെ കഥയാണെനിക്ക് അവരില്‍ നിന്നും കേള്‍ക്കാനായത്। നാട്ടു നടപ്പനുസരിച്ച് ഗര്‍ഭധാരണം മുതല്‍ തുടങ്ങുന്ന ചടങ്ങുകള്‍ ഭഹിഷ്കരിക്കുകമാത്രമല്ല, തന്റെ കുട്ടിക്ക് അണിയാനായി ഒരുക്കിവെച്ച ഉരുപ്പടികള്‍ പാവപ്പെട്ടവര്‍ക്ക് ദാനമായികൊടുക്കണമെന്നും, അതിന്ന് തയ്യാറാകാതെ ആരെങ്കിലും ഇത്യാതി കാര്യങ്ങള്‍ ചെയ്യുകയാണെങ്കില്‍ സ്വദഖയായി(ദാനം) പരിഗണിക്കുമെന്നും, പറഞ്ഞതാണത്രേ അമ്മായിപ്പട്ടം കരസ്ഥമാക്കിയവര്‍ ചടങ്ങുകള്‍ബഹിഷ്കരിക്കാന്‍ കാരണമായത്.
കെട്ട്പിണഞ്ഞ് കിടക്കുന്ന അനാചാരങ്ങളെ പ്രസംഗം കൊണ്ട് തിരുത്താനാവില്ലാ എന്ന് മനസ്സിലാക്കിയ പല യുവാക്കളും പ്രവര്‍ത്തിച്ച് കാണിക്കുമ്പോള്‍,ഇത്തരം സമരമുറകളുമായി ആദ്യം രംഗത്തിറങ്ങുന്നത് സ്വ കുടുംബങ്ങളില്‍ നിന്ന് തന്നെയാണ് എന്നതാണ് യാഥാര്‍ത്യം. ഒറ്റപ്പെടലിന്റെ കൈപ്പുകള്‍ വേണ്ടുവോളം അനുഭവിക്കുമ്പോള്‍ ആദര്‍ശങ്ങളിള്‍ വെള്ളം ചേര്‍ക്കാന്‍തയ്യാറാകുന്ന ഒരുകൂട്ടം,അവര്‍ക്ക് മുന്നില്‍ മാതൃകയായിട്ടുണ്ടാകുന്നതാണ് ഇത്തരം സമരങ്ങളുടെയും പിണക്കങ്ങളുടെയും ആഴം കൂടാന്‍ കാരണമാകുന്നത്.
പടിക്കലെ ജുമുഅത്ത് പള്ളിക്ക് മുന്നിലെത്തിയപ്പോള്‍ അസറ് നമസ്കാരത്തിനായി അനുജന്‍ വണ്ടി നിര്‍ത്തി, ഞങ്ങള്‍ സ്ത്രീകളുടെ ഭാഗത്തേക്ക് നീങ്ങുമ്പോള്‍, മണ്‍‌വെട്ടിയുമായി ഒരാള്‍ പള്ളിക്കാട് ലക്ഷ്യമാക്കി നീങ്ങുന്നത് കണ്ടു. തൊട്ടുപിറകെ ഒരു ബക്കറ്റില്‍ കുറച്ച് വെള്ളവുമായി ഇബ്രാഹീംകുട്ടിക്കയുമുണ്ട്.ഞങ്ങളെ കണ്ട് ഭവ്യതയോടെ മാറിനിന്ന ഇബ്രാഹീംകുട്ടിക്കയാണിന്ന് പള്ളിപ്പരിപാലകനായി അറിയപ്പെടുന്നത്. വര്‍ഷങ്ങളോളം അയമുദുക്കായുടെ കരങ്ങളില്‍ ഭദ്രമായിരുന്ന ഈ പദവിക്ക് അത്രയേറെ മാന്യതയും ബഹുമാനവുമാണ് മഹല്ലുകാര് നല്‍കിപ്പോരുന്നത്.ആരുടെയോ ജീവിതയാത്രയുടെ അന്ത്യംകുറിച്ച എല്ലാ ലക്ഷണങ്ങളും പള്ളിപ്പരിസരത്ത് കാണുന്നുണ്ട്. നമസ്കാരം കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ ഞാന്‍ വീണ്ടും കബറാളികളെ നോക്കി. നോക്കെത്താദൂരത്തോളം കാട് മൂടിക്കിടക്കുന്ന കബറിന്റെ ഉള്ളറകളില്‍ ഞാന്‍ സ്വയം കിടന്നതായി ഭാവിച്ചു. കൂരാകൂരിരുട്ടിലെന്റെ മണ്‍കൂടാരത്തില്‍ മെഴുകുതിരി വെട്ടം പോലെ ഒരു പ്രകാശം കാണുന്നു. അതേ...അത് തന്നെയാണ് സ്വര്‍ഗം.
അങ്ങകലെ പാതിതുറന്ന ഒരു വാതില്‍ എനിക്കായി തുറക്കുന്നുണ്ടോ.. ?
അവ്യക്തമായ കാഴ്ചയില്‍ കുറെ നല്ലമനുഷ്യര്‍ എന്നെ മാടി വിളിക്കുന്നുണ്ടോ..!!
ഞാന്‍ അങ്ങോട്ട് നടന്നു..നടന്നടുക്കുന്തോറും എന്റെ വഴികള്‍ നീണ്ടുപോയ്കൊണ്ടിരുന്നു.
പെട്ടെന്നായിരുന്നു എന്റെ കയ്യിലൊരു കൊളുത്തുവീണത്. ഞാന്‍ ഞെട്ടിത്തിരിഞ്ഞ് നോക്കി.
അനിയത്തി കൈ പിടിച്ച് വലിച്ചതാണ്..
“ഈ.. മോളി ഇവിടൊന്നൊല്ലാന്നാതോന്ന്‌ണെ“..
അതെ "ഞാന് കബറിലായിരുന്നു“. (കുഴിമാടം) എന്ന് പറയാന്‍ ഭാവിച്ചതാണ് .പക്ഷെ പറഞ്ഞില്ല.അങ്ങിനെ പറഞ്ഞിരുന്നെങ്കില്‍ എന്റെ കഴുത്തിലോ അരയിലോ ഒരു ഏലസ്സ് വീഴാന്‍ അധിക സമയം വേണ്ടി വരുമായിരുന്നില്ല.
വീട്ടിലേക്കുള്ള ചെമ്മണ്‍ പാതയിലേക്ക് വണ്ടി തിരിയുമ്പോഴാണ് അയലത്തെ ബീതാത്ത ദൃതിയിള്‍ ഒരു കുപ്പിയുമായി വരുന്നത് കണ്ടത്. ബീതാത്തയെ കണ്ടതും അനിയന്‍ വണ്ടിനിര്‍ത്തി. കരണിയിലെ പള്ളിയിലേക്ക് മണ്ണണ്ണനേര്‍ന്നത് കൊണ്ടുകൊടുക്കാന്‍ ഓടുകയാണവര്. ഉറുമ്പുകളുടെ ശല്യം ഒഴിയുവാന്‍ പുരാതനമായ ഈ പള്ളിയിലേക്ക് മണ്ണണ്ണനേര്‍ച്ചയാക്കുന്ന പതിവ് ഈ പള്ളികണ്ടെത്തിയാ കാലത്തോളം പഴക്കമുണ്ട് . നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഈ പള്ളി, ഒരു പ്രളയത്തിന്ന് ശേഷമാണ് കാണപ്പെട്ടെതെന്നും, മൂസാനബിയാണെന്നവകാശപ്പെട്ട ഒരു വ്യാജസിദ്ധന്റെ ആഗമനത്തോടെ ജനസഞ്ചാരം തുടങ്ങി എന്നുമൊക്കെ ഇവിടുത്തെ ചരിത്രങ്ങളില്‍ രേഖപ്പെട്ട് കിടക്കുന്നു. എതായാലും ദ്രവിച്ച് പോകാത്ത പല മൃതശരീരങ്ങളും കാലങ്ങളുടെ കൂലം കുത്തിയൊഴുക്കില്‍ വെളിപ്പെട്ടിട്ടുണ്ട് എന്നത് യാഥാര്‍ത്യമാണ്. ഉറവവറ്റാത്ത മൂന്ന് കുളങ്ങളാണ് സ്ത്രീകളെ ഇങ്ങോട്ട് ആകര്‍ഷിക്കുന്നമറ്റൊരു ഘടകം. മോട്ടോറിന്റെയും ഷവറിന്റെയുമൊക്കെ ആധിപത്യത്തിന് മുമ്പ് ചുറ്റുവട്ടത്തുള്ളവര്‍ കുളിക്കുവാനും അലക്കുവാനും ആശ്രയിച്ചിരുന്നത് ഈ കുളങ്ങളെയാണ്. ചെറുപ്പകാലത്ത് നീന്തല്‍‌പഠിച്ച ആ കുളങ്ങള്‍ കാണുവാന് എന്റെ മനസ്സ് തുടിച്ചു. ഞാന്‍ അനിയത്തിയേയും കൂട്ടി ബീതാത്തയുടെ കൂടെ കരണികുളം ലക്ഷ്യമാക്കി നടന്നു. കാട്മൂടിക്കിടന്നിരുന്ന ഇടവഴികളൊക്കെ റോഡായിമാറിയിരിക്കുന്നു. മുമ്പൊക്കെ നട്ടുച്ചക്ക് ഇതുവഴി ആരും വഴിനടക്കാറുണ്ടായിരുന്നില്ല. ശൈത്താന്‍മൂല എന്നറിയപ്പെട്ടിരുന്ന വളവിലൊക്കെ വലിയ ടെറസിന്റെ വീടുകള്‍ തല‌ഉയര്‍ത്തിനില്‍ക്കുന്നു. ഇരുട്ട് മൂടിക്കിടന്നിരുന്ന നടവഴിയായിരുന്നു ഇതെന്ന് പറഞ്ഞറിയിക്കേണ്ടിവരും. അത്രക്ക് മാറിയിട്ടുണ്ട് കരണിയുടെ മുഖം.
മാറ്റമില്ലാതെ തുടരുന്നത് മാറ്റങ്ങള്‍ക്ക് മാത്രമാണല്ലോ..
ഒരുകാലത്ത് ഞാനടക്കമുള്ള പെണ്‍കുട്ടികള്‍ നീന്തിത്തുടിച്ചിരുന്ന പെണ്‍കുളം,വിസ്‌തൃതികുറഞ്ഞ് കഷ്ടിച്ച് രണ്ട്പേര്‍ക്ക് മാത്രം ഇറങ്ങി നില്‍ക്കാന്മാത്രം പാകത്തിന് ചുരുങ്ങിപ്പോയിരിക്കുന്നു. നാടും നാട്ടുകാരും പുരോഗമനത്തിന്റെ വഴികള്‍ തേടിത്തുടങ്ങിയപ്പോള്‍ സ്ത്രീകള്‍ക്ക് ആധിപത്യമുണ്ടായിരുന്ന ഈ കുളവും വിസ്‌മൃതിയിലാണ്ട്പോയി. അന്നൊക്കെ കുളക്കടവ് വഴി നടന്ന് പോകുന്ന പുരുഷന്മാരെ നോക്കി “പെണ്ണുങ്ങളിവിടെ കുപ്പായം കയിച്ചിട്ടുണ്ടെ… ഇങ്ങോട്ട് നോക്കരുതേ ..“
എന്ന് ഉച്ചത്തില്‍ വിളിച്ച് പറയാന്‍ മാത്രമായി കൂട്ടത്തിലൊരുത്തി കാവലിരിക്കും‌പോലെ ഒരു കല്ലില്‍ ഇരിക്കുമായിരുന്നു. സ്ത്രീകള്‍ കുളിക്കുന്നു എന്ന് കേള്‍ക്കേണ്ടതാമസം പിന്നെ അതുവഴി നടക്കുന്നവരുടെ എണ്ണം പെരുകുന്നതും,ഏന്തിവലിഞ്ഞ് നോക്കുന്നതും പതിവ് കാഴ്ചയാണ്. കുളക്കരയിലെ പൊടിയന്നിമരത്തില്‍ കുളിസീന്‍ കാണാന് കയറിപ്പറ്റിയ യൂസ്‌ഫ്, കമ്പ് പൊട്ടി കുളത്തില് വീണ് കാലുമുറിഞ്ഞപ്പോള്‍, “ഏന്തീ“നെന്ന ഓമനപ്പേര് വീണതും ഇവിടുന്നായിരുന്നു.
പായലുകൊണ്ട് പച്ചപുതച്ചിരിക്കുന്ന കുളത്തിലേക്ക് വലിയ കരിങ്കല്ല് പൊക്കിയെറിഞ്ഞപ്പോള് ഞാനൊരു പാവാടക്കാരിയാവുകയായിരുന്നു. പാകിക്കിടന്നിരുന്ന പയല്‍കൂട്ടങ്ങള്‍ തെന്നിയകലുന്നതും,പിന്നെ കൂടുന്നതും കണ്ട് ഞാന്‍ പുളകം പൂണ്ടു. എന്റെ ചെയ്തികള്‍കണ്ട് അമ്പരന്നു നില്‍ക്കുകയാണ് അനിയത്തി.കൊച്ചുകുട്ടികളെപ്പോലെ കുളത്തിലേക്ക്കല്ലെടുത്തെറിഞ്ഞതിനെ പരിഹസിക്കുകയാണവള്. അവള്‍ക്കറിയില്ലല്ലോ മുറ്റത്തെ മുല്ലയുടെ മണം.

കഞ്ഞിക്കുറുക്കയിലയും,കുറുന്തോട്ടിയും,പാറോത്തിലയും പറിച്ചെടുത്ത് ബീതാത്ത തിരിച്ച് പോകാനായി ഞങ്ങളെ വിളിച്ചു.
കൊച്ച് കുട്ടികളുടെ കരച്ചിലടക്കാന്‍ കഞ്ഞിക്കുറുക്കയില അരച്ച് കൊടുക്കുന്ന നാട്ട് വൈദ്യം ഇന്ന് പലര്‍ക്കും അറിയില്ല. ദഹനക്കുറവിന്ന് വളരെ നല്ലതാണ് ഈ കാട്ടുചെടിയെന്ന് പഴമക്കാര്‍പോലും മറന്ന് പോയിരിക്കുന്നു. കാഴ്ചയില്‍നിന്ന് അപ്രത്യക്ഷ്യമായ പലകാട്ട് ചെടികളും കരണിയിലെ പള്ളിക്കാട്ടില്‍ ഒരു കാലത്ത് സുലഭമായിരുന്നു . ഒരിക്കല്‍ പഞ്ചപൂപതിയുടെ ആചാര്യനായ ടി സി കുരിക്കളുടെ രഹസ്യകേന്ദ്രമായിരുന്നു ജനവാസമില്ലാത്ത ഈ പ്രദേശമെന്ന് ഞാന്‍ കേട്ടിട്ടുണ്ട്.
വീട്ടിലെത്തിയപ്പോള്‍ ഇക്ക യാത്രകഴിഞ്ഞ് അക്ഷമയോടെ കാത്തിരിക്കുകയാണ്.എന്നെ കാണാത്തതിലുള്ള അരിശം മുഖത്ത് കാണാം..
“കാട് തെണ്ടിക്കഴിഞ്ഞോ“ എന്ന ചോദ്യമാണ് എന്നെ വരവേറ്റത്..കുറെ നല്ല കാഴ്ചകള്‍ കണ്ടൂ എന്ന് പറഞ്ഞ് ഞാന്‍ മകന്റെയും മകളുടെയും മുഖത്തേക്ക് നോക്കി..പിന്നെ രംഗം അവരേറ്റെടുത്തു. മക്കള് അത്ഭുതത്തോടെ കുളം കണ്ടകാര്യം വിവരിച്ചപ്പോള്‍ പെയ്യാനിരുന്ന കാര്‍മേഘങ്ങള്‍ ഒഴിഞ്ഞ മാനം പോലെ ഇക്കയുടെ മുഖം പ്രസന്നമായി. ഓര്‍മകള്‍ ഇക്കയെയും കൊണ്ട് വീണ്ടും കരണിയിലെ കുളത്തിലെത്തി. ഒരു കൂട്ട് ചെരുപ്പും ഉടുതുണിയും കുളത്തിനുടമയായ മയമുട്ടികായുടെ കയ്യില്പെട്ടിട്ട് കാലമെത്രയായി. വികൃതിയുടെ അതിര്‍വരമ്പുകള്‍ മുറിച്ച്കടന്നപ്പോള്‍,നഷ്ടപ്പെട്ടുപോയ ചെരുപ്പിന്റെ രൂപം ഇന്നും ഇക്കയുടെ ഓര്‍മയില് നിന്ന് മാഞ്ഞിട്ടില്ല.
“യൂസുഫിന്റെ കൂടെ നിങ്ങളുമുണ്ടായിരുന്നില്ലെ “ എന്ന ചോദ്യത്തിന് മറുപടി പറയുന്നതിന് മുമ്പ് ഇക്കയുടെ മൊബൈല്‍ ശബ്ദിച്ചു.
സഹീറലിയാണ്,
രാവിലെ പുറപ്പെടുന്നകാര്യം തീര്‍ച്ചപ്പെടുത്തുകയാണവര്‍. ജിദ്ധയില്‍നിന്ന് പുറപ്പെട്ടിട്ട് ദിവസങ്ങള്‍ കഴിഞ്ഞപോലെ.. ഇനിയും ലക്ഷ്യസ്ഥാനതെത്തിയിട്ടില്ല.ഷാജഹാന്‍ കോഴിക്കോട് കാത്ത് നില്‍ക്കും.
കരുവന്തിരുത്തിയിലെ പ്രസിദ്ധമായ തറവാട്ടില്‍ നിന്ന് ഒരാളെ കൂടി ഞങ്ങള്‍ക്ക് കൂട്ടാനുണ്ട്. അതും ഓര്‍കൂട്ടില്‍ നിന്ന് സഹീറിന് കിട്ടിയ വലിയൊരു സൌഹൃദമാണ്. അവന്‍ ആ ഓര്‍കൂട്ടിയുടെ നമ്പറും തന്ന് അവസാനിപ്പിച്ചു.
സമയം 7മണിയേ ആവുന്നുണ്ടായിരുന്നുള്ളൂ. ഇക്കയുടെ മൊബൈല്‍ നിറുത്താതെ പാടുകയാണ്. ഞാന്‍ മൊബൈലെടുത്തു ഹലോ പറഞ്ഞു. അങ്ങേതലക്കല്‍ കരുവന്തിരുത്തിയില്‍ ഞങ്ങളെ കാത്തിരിക്കുന്ന സഹീറിന്റെ ഒര്‍കൂട്ട് സുഹൃത്ത്. സ്വയം പരിചയപ്പെടുത്തിയ ആ ശബ്ദത്തിന്നുടമയുടെ പ്രൊഫൈല്‍ നാമം എനിക്ക് സുപരിചിതമാണ്. പക്ഷെ ഒരിക്കലും എന്റെ ഫ്രണ്ടായിരുന്നില്ല. ലിസ്റ്റിലില്ലാത്ത ഫ്രണ്ടുമായി ഞാന്‍ ഒരുപാട് സ്ക്രാപ്പിയിട്ടുണ്ട്. പലവട്ടം ഞങ്ങള്‍ രണ്ട് ചേരിയിലുള്ളവരെപ്പോലെ വെല്ലുവിളിച്ചിട്ട്പോലുമുണ്ട്. അന്നൊക്കെ മധ്യസ്ഥനായി സഹീറ് ഓടിയെത്തുമായിരുന്നു. അപ്രതീക്ഷിതമായ ഈ കണ്ടുമുട്ടല്‍ ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും മനസ്സിലെപ്പോഴോ ഈ കുറുമ്പിയെ കാണാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു എന്നതാണ് സത്യം. ഇക്ക പറോഡയിലിരുന്ന് അക്ഷമകാട്ടിത്തുടങ്ങിയിരുന്നു. എന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടില്ല. യാത്രപറയുന്നതിന്റെ ദു:ഖം,എന്റെ മുഖത്തെ പ്രസരിപ്പ് മാറ്റാതിരിക്കാന്‍ ഞാന്‍ പരമാവധി ശ്രമിച്ചു. എങ്കിലും ചുണ്ടുകള്‍ വിറക്കുന്നത് പോലെ. പലപ്പോഴും ഉമ്മയുടെ പരിഭവത്തിന് മറുപടിപറയാനാകാതെ തൊണ്ടയിടറി.
കണ്ണുകള്‍ നിറഞ്ഞൊഴുകുമെന്നായപ്പോള്‍ ഞാനെന്റെ കണ്ണട യെടുത്തണിഞ്ഞു. പടിയിറങ്ങിയപ്പോള്‍ കാലുകള്‍ക്ക് ചലിക്കാന്‍ പ്രയാസപ്പെടുന്നത് പോലെ. കണ്ണീര്‍കണങ്ങളാല്‍ മൂടപ്പെട്ട കണ്ണുകള്‍കൊണ്ട് ഉമ്മറത്തിരിക്കുന്ന ഉപ്പയേയും അനിയത്തിയേയും അനുജനേയും ഒരിക്കല്‍കൂടിഞാന്‍ അവ്യക്തമായി കണ്ടു , ഇടറിയ ശബ്ദത്തില്‍ മൊഴിഞ്ഞ എന്റെ അസ്സലാമുഅലൈക്കും അവര് കേട്ടോ എന്നറിയില്ല. മറുപടിക്ക് കാത്ത്നില്‍ക്കാതെ ഞാന്‍ പറോഡയിലെ മുന്‍സീറ്റിലിരുന്ന് കണ്ണുകളൊപ്പി..
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~ തുടരും .....