പാലത്തിനടുത്തുള്ള ജങ്ഷനില്‍ ഒരു നീല ഇനോവ കാറ് ഞങ്ങളെ കാത്ത് കിടപ്പുണ്ടായിരുന്നു. ദൂരെ നിന്ന് തന്നെ ഞങ്ങള്‍ കണ്ടു,ഇനോവയുടെ ഡിക്കിയില്‍ ചാരി അക്ഷമയോടെ കാത്തിരിക്കുന്ന സുന്ദരിയെ..!ഏഷ്യാനെറ്റ് സീരിയലായ മാനസപുത്രിയിലെ ഗ്ലോറിയെന്ന കഥാപാത്രത്തെ കൊത്തിവച്ചപോലെ.ഞങ്ങളെ കണ്ടതും ഓടിവന്ന് ഒരു ശൈഖ് ഹാന്റ്..! കിട്ടിയതോ ഇക്കക്കും..ഒരു "ഹായ് " മാത്രം തന്ന് എന്നെ ഒതുക്കാനുള്ള ശ്രമമാണെന്ന് മനസ്സിലാക്കിയ ഞാന്‍ വിട്ട് കൊടുത്തില്ല. പുഞ്ചിരിമായാതെ തന്നെ ഞാനിടക്ക് കയറി അങ്ങോട്ട് ഹസ്തദാനം ചെയ്തു..നന്നായി പുഞ്ചിരിച്ചെങ്കിലും എനിക്കതങ്ങ് മനസ്സില്‍ പിടിച്ചില്ല. എവിടെയൊക്കയോ കൂട്ടിയോജിപ്പിക്കാന്‍ പറ്റാത്ത അകലം വേണമെന്ന ഒരു തോന്നല്‍. കൈവിരലിലിട്ട് കാറിന്റെ കീ കറക്കികൊണ്ടിരിക്കുകയാണവള്‍. പയറുമണികള്‍ പൊളിത്തീബാഗില്‍ നിന്ന് ഊര്‍ന്ന് വരുന്ന രീതിയിലുള്ള സംസാരം.കാതിലണിഞ്ഞ വലിയ റിംഗ് ഇക്കയെ കാണിക്കാനെന്ന് തോന്നിക്കും വിധം ഇടക്കിടെ തലവെട്ടിച്ച് കൊഞ്ചുന്ന അവളുടെ നില്പും ഭാവവും എനിക്ക് തീരെ ദഹിക്കുന്നുണ്ടായിരുന്നില്ല.
പൊടിപറത്തികൊണ്ട് അവള്‍ പായിച്ച ഇനോവോ കാറിന് പിന്നാലെ ഞങ്ങളും ഓടിത്തുടങ്ങി.കാതടപ്പിക്കുമാറുച്ചത്തിലുള്ള ഹൊണ്മുഴക്കി ആളുകളെ പേടിപ്പിച്ചും,മറ്റും ശ്രദ്ധപിടിച്ച് പറ്റാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു ആ തലതെറിച്ച പെണ്‍കുട്ടി..അരമണിക്കൂറ് ഓടിക്കഴിഞ്ഞതെയുള്ളൂ ഞങ്ങള്‍,കൊട്ടാര സാദൃശ്യമായ വലിയൊരു തറവാടിന്ന് മുന്നിലാണ് ഞങ്ങളുടെ ഹൃസ്വയാത്ര അവസാനിച്ചത്.
പൂമുഖത്തിന്റെ പ്രൌഡിമായാതെ പുതുക്കിപ്പണിത തറവാട്ടിനുള്ളില്‍ നിന്ന് വെളുത്ത വസ്ത്രധാരിയായ ഒരാള്‍ ഇറങ്ങി വന്നു..
എന്നെ അല്‍ഭുതപ്പെടുത്തിക്കൊണ്ടായിരുന്നു ഞങ്ങള്‍ക്ക് വഴികാട്ടിയായി വന്ന പെണ്‍കുട്ടി തലയില്‍ തട്ടമിട്ട്,അബായ ധരിച്ച് കാറില്‍ നിന്നിറങ്ങിയത്. ഇവളായിരുന്നോ കുറച്ച് മുമ്പ് ഞങ്ങള്‍ക്ക് മുന്നില്‍ ഗ്ലോറിയപ്പോലെ ഷൈന്‍ ചെയ്തെന്നറിയാന് ഞാന്‍ ഒന്നുകൂടി അവളെ നോക്കി.ഡബിള്‍ റോളില്‍ അഭിനയിക്കുന്ന ഒരു കൊച്ചു ഗോളോറിയ..! അങ്ങിനെയാണ് എനിക്കവളെ വിലയിരുത്താനായുള്ളൂ..
പൂമുഖത്ത് ഞങ്ങളെ നോക്കിനില്‍ക്കുന്ന ആ ശുഭവസ്ത്രധാരിയുടെ കയ്യില് കാറിന്റെ കീ ഏല്പിച്ച് ഞങ്ങളെയവള്‍ അകത്തേക്ക് ക്ഷണിച്ചു. സ്ത്രീകള്‍ക്കായി പ്രത്യേകം തയ്യാറാക്കിയ ഹാളിലേക്ക് കടക്കുമ്പോള്‍,ആ ശുഭവസ്ത്രധാരി വല്യുപ്പയാണെന്നവള്‍ പരിജയപ്പെടുത്തി,അപ്പോഴാണ് ശബ്ദം താഴ്ത്തി സംസാരിക്കാനും ഇവള്‍ക്കറിയാമെന്ന് ഞാന്‍ മനസ്സിലാക്കിയത്.ഹാളിലേക്ക് കടന്നതും ഞാന്‍ കാണാനാഗ്രഹിച്ച,കുറുമ്പിയെന്ന് തോന്നിക്കുന്ന,സഹീറിന്റെ ഓര്‍കൂട്ട് സുഹൃത്ത് എന്റെ കൈപിടിച്ച് സലാം പറഞ്ഞു. തൊട്ടടുത്തുള്ള സോഫയില് ഞങ്ങള്‍ ഒരുമിച്ചിരുന്നു.പിന്നെ കുശലാന്വോഷണങ്ങളായി..സഹീറ് എന്നെ പരിജയപ്പെടുത്തിയപ്പോള്‍, ഈകാണുന്ന കാഴ്ചയിലേറെ പ്രായംതോന്നിക്കുന്ന രുപമായിരുന്നുപോലും മനസ്സിലവള്‍ക്ക് എന്നെ കുറിച്ചുണ്ടായിരുന്നത്.
മുത്തുമണികള്‍ അടുക്കിവെച്ചപോലെയുള്ള പല്ലുകള്‍ കാണിച്ച് ചിരിക്കുമ്പൊള്‍ ,കവിളത്തൊരു നുണക്കുഴി വിരിയുന്നുണ്ടായിരുന്നു അവള്‍ക്ക്. ഭവ്യത ഒട്ടും ചോരാതെയുള്ള ആസംസാരവും പെരുമാറ്റവും എനിക്കേറെ ഇഷ്ടമായി.ഓര്‍കൂട്ട് പ്രൊഫൈലിലെ രൂപവും ഭാവവും സ്ക്രാപ്പ് വരികളും കണ്ട് ഞാനും ഒരു രൂപം മനസ്സില്‍ കരുതിയിരുന്നു. പക്ഷെ നേരില്‍ കണ്ടപ്പോഴാണ് എന്റെ നിഗമനങ്ങള്‍ തെറ്റാണെന്ന് മനസ്സിലായത്.
ഡൈനിംഗ് ഹാളിലെ വലിയ ടേബിളില്‍ ഭക്ഷണം വിളമ്പിയപ്പൊള്‍,ടേബിളിന് ചുറ്റും ഭംഗിയൊടെ അടുക്കിവെച്ച കസാര എണ്ണുകയായിരുന്നു ഞാന്‍,18 പേര്‍ക്ക് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാനുതകുന്ന ഈ ടേബിള്‍ പോലെതന്നെയാണ് ഇവിടെയുള്ള അംഗ സംഖ്യയെന്ന് ഞാനൂഹിച്ചു.എന്റെ ചിന്ത മനസ്സിലാക്കിയപോലെയാണ് സജി അവരുടെ കുടുംബാംഗങ്ങളെ പരിചയപ്പെടുത്തിയത്. മക്കളും മരുമക്കളുമായി ഒരു പാട് പേര്. പലര്‍ക്കും സ്വന്തമായി ബിസ്നസ്സോ ജോലിയൊ ഉണ്ട്. മൂത്ത കണ്ണിയുടെ സീമന്തപുത്രിയാണ് സജി.തറവാട്ടിലെ വിരുന്നുകാരി. സ്ഥിരതാമസം കണ്ണൂരില്.രണ്ടാമത്തെതാണ് ആ തെറിച്ച പെണ്ണ് ‘ ആഫിയ ’ , പേര് പോലതന്നെ അവളുടെ ഭാവവും പെരുമാറ്റവും.വല്ല്യുപ്പയെ മാത്രം അനുസരിക്കുന്നവള്‍, ഇവിടെതന്നെ പഠിത്തവും താമസവും..കുടുംബാംഗങ്ങളെ ഓരോന്നായി പരിജയപ്പെട്ട് കഴിഞ്ഞ് ഞങ്ങള്‍ തുടര്‍ യാത്രക്കായി ഇറങ്ങി.
ഒരു കൊച്ചു ബാഗും കയ്യിലേന്തി സജിയും,അനിയത്തി ആഫിയും ഞങ്ങളുടെ കൂടെയുണ്ട്. യാത്രയുടെ തുടറ് വഴികള്‍ അവരുടെ നിയന്ത്രണത്തിലാണ്. ഇക്ക കോഴിക്കോട് ഫോര്‍ച്ചൂണ്‍ ഹോട്ടല്‍ ലക്ഷ്യമാക്കിയാണ് വണ്ടിയോടിച്ചത്. അവിടെ ഷാജഹാന് കാത്തിരിപ്പുണ്ട്. പാനൂരിലേക്കുള്ളയാത്ര അവന്റെ നിയന്ത്രണത്തിലാണ് പറഞ്ഞ് വെച്ചത്. പിന്‍സീറ്റിലിരുന്ന് കൊണ്ട് ഡ്രൈവിംഗ് സീറ്റിന്റെ വിടവിലൂടെ മുന്നിലേക്ക് എത്തിനോക്കികൊണ്ട് വാതോരാതെ സംസാരിച്ച് കൊണ്ടിരിക്കുകയാണ് ആഫിയ.ഇക്കയുടെ ഡ്രൈവിങ്ങിലെ അപാകതകളും,പോരായ്മകളും ഓരോന്നായി ചൂണ്ടിക്കാണിക്കുകയാണവള്‍.തിരക്കേറിയ റോഡിലൂടെ ആഫിയുടെ ആക്ഞക്കനുസരിച്ച് ആക്സിലേറ്ററില്‍ കാലമരുമ്പൊഴേക്കും ലൈന്‍ ബസ്സുകളുടെ നെട്ടോട്ടം ഇക്കയെ ഭയപ്പെടുത്തുന്നുണ്ടായിരുന്നു. ഓര്‍ക്കാപ്പുറത്ത് ബ്രൈക്ക് ചെയ്യുമ്പൊഴുണ്ടാകുന്ന ഓളങ്ങളുടെ താളം ആഫിയയുടെ നിര്‍ദേശംപോലെ അരോചകമായിരുന്നു.ഒരുവേള ഞങ്ങളെ എല്ലാവരെയും പിടിച്ച് കുലുക്കിക്കൊണ്ട് ബ്രൈക്കിലമര്‍ന്ന കാല്‍,പെട്ടെന്ന് തന്നെ ആക്സിലേറ്ററിലമര്‍ന്നപ്പോള്‍ ഉണ്ടായ അട്ടഹാസം എന്നെ വല്ലാതെ ഭയപ്പെടുത്തി.പിന്‍സീറ്റിലിരിക്കുന്നവര്‍ക്കും സീറ്റ്ബെല്‍റ്റ് നിര്‍ബന്ധമാക്കണമെന്ന് ഞാന്‍ വാദിച്ചു.അതു സമ്മദിച്ചു തരാന്‍ ആഫിയും തയ്യാറായില്ല. സീറ്റ്ബെല്‍റ്റും ഹെല്‍മറ്റുമൊക്കെ കണ്ട്രികള്‍ക്കേ ചേരൂ എന്നായി അവള്‍. എനിക്കിട്ട് താങ്ങിയതാണെന്ന മനസ്സിലായെങ്കിലും അവളോട് സംസാരിച്ച് പിടിച്ച് നില്‍ക്കാന്‍ എനിക്കാവത്തതിനാല്,വണ്ടി പതുക്കേ ഓടിച്ചാല്‍ മതിയെന്ന നിര്‍ദേശം കൊടുത്ത് ഞാന്‍ അവസാനിപ്പിച്ചു.എന്റെ ആക്ഞയുടെ ഉള്ളടക്കം മനസ്സിലാക്കിയ ഇക്ക ഒരു ചെറുപുഞ്ചിരിയോടെ,വണ്ടിയുടെ സ്പീഡ് 60 കവിയാതിരിക്കാന് ശ്രദ്ധിച്ചു.
ഷേഡോ പേപ്പറില്‍ പൊതിഞ്ഞ ഗ്ലാസുകളില്‍ ഇരുട്ട് കനം തൂങ്ങിയത് ഒരു തുള്ളി മുന്‍ഗ്ലാസ്സില്‍ പതിഞ്ഞപ്പോഴാണ് ഞാനറിഞ്ഞത്. ഞാന്‍ പതുക്കെ ഗ്ലാസ് താഴ്ത്തി.അകത്തേക്ക് കടന്ന കുളിര്‍കാറ്റാസ്വദിക്കാന്‍ എന്റെ മനസ്സനുവദിച്ചില്ല.കാര്‍മേഘങ്ങള്‍ ഒന്നിന് മീതെ ഒന്നായി ഉരുണ്ട് കൂടുന്നത് ഞാന്‍ കണ്ടു. ഇടക്കിടെ കൊള്ളിയാനുകള്‍ മേഘപാളികള്‍ക്കിടയില്‍ വരമ്പിടുമ്പോള്,ആഫിയും എന്റെ മക്കളും പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു.പെട്ടെന്നായിരുന്നു ഒരു മുരള്‍ച്ച കേട്ടത്.ഒപ്പം ചരല്‍ കല്ല് പോലെ മഴത്തുള്ളികളും ചിതറി വീണു.
മഞ്ഞ ലൈറ്റുകള്‍ വഴികാട്ടിയായി എല്ലാ വാഹനത്തിന് മുന്നിലും തെളിഞ്ഞ് നില്‍ക്കുന്നുണ്ട്. ഗ്ലാസിന് മീതെ ഒഴുകിയെത്തിയ തുള്ളികള്‍ വൈപ്പറിന്റെ പ്രവര്‍ത്തന വേഗത കൂട്ടിക്കൊണ്ടിരുന്നു.മഴയുടെ ശക്തി നേര്‍കാഴ്ചയെ പലപ്പോഴും തടസ്സപ്പെടുത്തി. നിരന്ന് കിടക്കുന്ന വാഹനവ്യൂഹത്തിലെ ഒരുകണ്ണിയായി മാറിയപ്പോഴും,മുന്നിലെ തടസ്സമെന്തന്നറിയാതെ ഞങ്ങള്‍ വേവലാതി പൂണ്ടു.തൊട്ട് മുന്നിലുള്ള ബസ്സിന്റെ പാത്തിയിലൂടെ ഒഴുകിയെത്തിയവെള്ളം,പറോഡയുടെ ബോണറ്റില്‍ വീണപ്പോഴാണ് തടസങ്ങള്‍ നീങ്ങിയെന്ന് മനസ്സിലായത്.മിനുസമേറിയ റോഡിനെ മഴത്തുള്ളികള്‍ നക്കിത്തുടച്ചപ്പോള്‍,ഗ്രിപ്പ് കിട്ടാതെ തെന്നിമാറിയ ഒരു ലോറിയായിരുന്നു മുന്നില്‍ തടസ്സമായി നിന്നത്.മഴയുടെ ശീല്‍കാരം കുറഞ്ഞപ്പോള്‍ റോഡിലേ തിരക്കും കുറഞ്ഞു .എങ്കിലും കരായാനിരിക്കുന്ന മുഖം പോലെ മാനം കറുത്തുതന്നെയിരുന്നു.
ഫോര്‍ട്ടൂന്‍ ഹോട്ടലിന്റെ കവാടത്തില്‍ ഞങ്ങളെ കാത്തിരിക്കുന്ന ഷാജഹാനെ കണ്ടതും,അതു വരെ നിശബ്ദയായിരുന്ന സജിതയും സംസാരം തുടങ്ങി.സഹീറിന്റെ വീട്ടിലേക്കുള്ള യാത്രാമദ്ധ്യേ സജിതയും ഷാജഹാനും വാതോരാതെ സംസാരിച്ച് കൊണ്ടിരിക്കുകയാണ്.ഓര്‍കൂട്ടിലെ സ്ക്രാപ്പുകളെ കുറിച്ചായിരുന്നു അവര് ഏറെയും സംസാരിച്ച് കൊണ്ടിരുന്നത്.
ഷാജഹാന്റെ കരങ്ങളില്‍ ഭദ്രമായ പറോഡ നിലം പതിഞ്ഞ് സഹീറിന്റെ വീട് ലക്ഷ്യമാക്കി കുതിച്ച് കൊണ്ടിരിക്കുകയാണ്.റെയില്‍വേ ഗൈറ്റിലെ കാത്തിരിപ്പിന് മേല്‍പ്പാലങ്ങള്‍ വളരെ ആശ്വാസമായി.2 , 3 പാലങ്ങള്‍ കടന്നപ്പോഴേക്കും കൊയിലാണ്ടിയെത്താറായെന്ന് ഷാജഹാന്‍ അറിയിച്ചു. “ കൊച്ചിമുതല്‍ കൊയിലാണ്ടി വരെയെന്ന് ” ഗീര്‍വാണം മുഴക്കുമ്പോള്‍ പറഞ്ഞ് കേട്ടതല്ലാതെ നേരില്‍ കാണുന്നത് ആദ്യമായാണ്. സാമാന്യം വലിപ്പമുള്ള അങ്ങാടിയാണെങ്കിലും ആളുകള്‍ അധികമൊന്നുമില്ല , പ്രതീക്ഷിക്കാതെയുള്ള മഴയായിരിക്കും കാരണം.
വടകരയിലൂടെ കുഞ്ഞിപള്ളിക്കടുത്തെത്തിയപ്പോള്‍ ഷാജഹാന്‍ വണ്ടി നിറുത്തി,കുഞ്ഞിപ്പള്ളിയിലെ കാണിക്കപ്പെട്ടിയിലേക്കുള്ള പതിവ് കാണിക്ക കൊടുത്തുവിട്ട്,വണ്ടി തിരിച്ചു.നാഷനല്‍ ഹൈവേയില്‍ നിന്ന് അലപം തെന്നി വലത്തോട്ട് തിരിഞ്ഞപ്പോഴേക്കും മഴവീണ്ടും തുടങ്ങി,സഹീറിന്റെ ആസ്ഥാനമായ തലശ്ശേരി ഞങ്ങളെ വരവേറ്റത് വലിയ ശബ്ദത്തോടെയായിരുന്നു. മിനുട്ടുകള്‍ക്കകം റോഡിലൂടെ വെള്ളം കൂലം കുത്തി ഒഴുകാന്‍തുടങ്ങി.മണ്ണിനെ ഇളക്കിമറിച്ച് ഒഴുകിത്തുടങ്ങിയ വെള്ളത്തിന് പോലും ചോരയുടെ നിറമുള്ളത് പൊലെ.. ഇടിയും മിന്നും ഞങ്ങളെ വല്ലാതെ ഭയപ്പെടുത്തുന്നുണ്ടായിരുന്നു. അതു വരെ ചിരിച്ചും കളിച്ചും ആഹ്ലാദിച്ചിരുന്ന മക്കള് പോലും മൌനിയായി എന്നെ പറ്റിപ്പിടിച്ചിരിക്കുകയാണ്. ആഫി സജിതയുടെ തോളുരുമ്മിയിരുന്ന് മുന്‍ഗ്ലാസ്സിലൂടെ മാനം നോക്കിയിരിക്കുകയാണ്. മിന്നലിനോടൊപ്പം വരുന്ന ഇടിയുടെ ശക്തിയേറിയശബ്ദം കേള്‍ക്കാതിരിക്കാന്‍ ഇരു ചെവികളും പൊത്തിപ്പിടിച്ചിരിക്കുകയാണവള്.. പെട്ടെന്നായിരുന്നു കര്‍ണ്ണകഠോരമായ ഇടിമുഴങ്ങിയത്. ഏഷ്യാനെറ്റിലെ ബെസ്റ്റ് എഫ് എമും വണ്ടിയും നിശ്ചലമായത് ഒരുമിച്ചായിരുന്നു. അസഹ്യമായ ശബ്ദത്തോടെയുള്ള ഇടിയും മിന്നലും ഷാജഹാനെപ്പോലും വിറപ്പിച്ചു. ആഫിയും സജിതയും അഴിച്ചിട്ട തട്ടങ്ങളൊക്കെ തലയിലെടുത്തിട്ടു. സജിത എന്തൊക്കെയോചൊല്ലുന്നുണ്ട്. മരണം മുന്നില്‍ കാണുന്നപോലെയുള്ള ആ ഇരുപ്പ് എന്നെയും ഭയപ്പെടുത്തി. പഠിച്ച് മറന്ന് പോയ ചില സൂക്തങ്ങള്‍ പൊടിതട്ടിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നു ഞാനപ്പോള്‍.
ഷാജഹാന്‍ സമനില വീണ്ടെടുത്ത് വണ്ടി വീണ്ടും സ്റ്റാര്‍ട്ട് ചെയ്തു. റെയിവേഗേറ്റും കടന്ന് ഞങ്ങള് യാത്രതുടര്‍ന്നു..നിത്യ വഴിയായതിനാലാകും റോഡിലെ അമ്പുകളും ഗട്ടറുകളും മനപ്പാഠമാണ് ഷാജഹാന്,കെട്ടിക്കിടക്കുന്ന വെള്ളം ഗട്ടറിനെ നിരപ്പാക്കിയിട്ടും ഷാജഹാന് അശേഷം പരിഭ്രമം തോന്നുന്നുണ്ടായിരുന്നില്ല. കുത്തിയൊഴുകുന്ന വെള്ളത്തിന് മീതെ ലക്ഷ്യം പിഴക്കാതെ അവന്‍ വണ്ടിപായിച്ചു. ഏകദേശം അഞ്ച് കിലോമീറ്ററോളം ഞങ്ങളാരും സംസാരിച്ചില്ല. ചീതലിന്റെ തൂളുകള് തുറന്നിട്ട വിന്‍ഡോയിലൂടെ അകത്തേക്ക് കടന്നപ്പൊള് കുളിരുന്നുണ്ടായിരുന്നു. ഒരു നാല്‍ക്കവലയില്‍ വണ്ടിയൊന്ന് സ്ലോചെയ്തപ്പോഴാണ് അല്‍പ്പം കുളിരകന്നത്. വലത് ഭാഗത്തേക്കുള്ള റോഡ് ചൂണ്ടി,മഹാനായ അലിയ്യുല്‍ കൂഫി തങ്ങള്‍ അന്ത്യവിശമം കൊള്ളുന്ന പ്രസിദ്ധമായ പെരിങ്ങത്തൂര്‍പള്ളിയും,അതു കഴിഞ്ഞ് കനകമലയുമാണെന്ന് പരിജയപ്പെടുത്തി.സമയക്കുറവ് കാരണം അങ്ങൊട്ടെക്കുള്ള യാത്ര പിന്നത്തെക്ക് വെച്ച് ഞങ്ങള്‍ നേരെ പാനൂരിലേക്കുള്ള റോഡിലേക്ക് തിരിഞ്ഞു.
ഏറെ രാഷ്ട്രീയ കലാപങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ഒരു ജനതയുടെ വിരിമാറിലൂടെയാണ് ഞങ്ങളിപ്പോള്‍ സഞ്ചരിച്ച് കൊണ്ടിരിക്കുന്നത്.ഭീകരമുഖമുള്ള ഒരു പറ്റം കാട്ടാളന്മാരുടെ വിരഹ കേന്ദ്രം..! സമാധാനം കാംക്ഷിക്കാത്ത ഒരു തരം മനുഷ്യ ജീവനുകള്‍,അവര്‍ക്കിടയില്‍ പേടിച്ചരണ്ട് പമ്മിയിരിക്കുന്ന സാധാരണക്കാറ്.ഇതായിരുന്നു പാനൂരിനെകുറിച്ച് എനിക്കുണ്ടായിരുന്ന കാഴ്ചപ്പാട്.എന്നാല്‍ തികച്ചും സാധാരണ ജീവിതം നയിക്കുന്ന ഒരു സമൂഹത്തെയാണ് യാത്രയുടെ വഴിയോരങ്ങളിലെനിക്ക് കാണാനായത്. ചേമ്പില തലക്ക് മീതെ പിടിച്ച് ദൃതിയില്‍നടക്കുന്ന ഒരാളെ ചൂണ്ടിക്കാണിച്ച് ഷാജഹാന്‍ പറഞ്ഞു, ഈയിടെയുണ്ടായ കലാപത്തില്‍ നഷ്ടപ്പെട്ട ഒരു ജീവന്റെ പിതാവാണ് ആ വയോവൃദ്ധനെന്ന്.നഷ്ടങ്ങളുടെ വലിപ്പവും ആഴവും ഉള്ളില്‍ പേറി വലിഞ്ഞ് നടക്കുകയാണാമനുഷ്യന്.സഹതാപം പരിഹാരമല്ലാത്തതിനാല്‍ ഞാനെന്റെ ചിന്തയെ സഹീറിലേക്ക് തിരിച്ച് വിട്ടു.പരിധിക്കപ്പുറത്തായിരുന്ന സഹീറിപ്പോള് സ്വിച്ച് ഓഫാണ്. എന്തു കൊണ്ടാണ് ഇവന്‍ ഹൈഡായി നില്‍ക്കുന്നതെന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്.എന്റെ സംശയം ഞാന്‍ ഇക്കയുമായി പങ്ക് വെക്കുകയും ചെയ്തിരുന്നു.അപ്പോഴൊക്കെ രാഷ്ട്രീയ സംഘട്ടനങ്ങളുണ്ടാകുമ്പോള്‍ രാഷ്ട്രീയ പ്രവര്‍ത്തകരടക്കമുള്ള പ്രാദേശിക നേതാക്കള്‍ മാളത്തിലൊളിക്കുമെന്ന സിദ്ധാന്തം പറഞ്ഞ് എന്നെ ആശ്വസിപ്പിക്കുമായിരുന്നു.
എന്നാല്‍ പാനൂരിന്റെ വാതില്‍ക്കലെത്തിയിട്ടും സഹീറെന്ന ഓര്‍കൂട്ട് സുഹൃത്തിനെ കാണാനോ സംസാരിക്കാനോ പറ്റാത്തതിലുള്ള നിരാശ ഞാന്‍ മറച്ച് വെച്ചില്ല.എന്റെ ആവലാതി ഞാന്‍ ഷാജഹാനെ അറിയിച്ചു.വലിയ ഒരു തമാശ ആസ്വദിച്ചമട്ടായിരുന്നു അവന്.എന്റെ സംശയങ്ങള്‍ക്ക് തെല്ലും അടിസ്ഥാനമില്ലാ എന്നതായിരുന്നു അവന്റെ പക്ഷം.ഞങ്ങള്‍ പാനൂരിന്റെ പടികയറുകയാണ്.ബസ്റ്റാന്റ് റോഡ് വഴി,റോഡിനിരുവശവും നിരനിരയായി കിടക്കുന്ന ഒട്ടനവധി കടകളെ പിന്നിലാക്കി ഞങ്ങള്‍ പാനൂരിന്റെ ഹൃദയഭാഗത്ത് പ്രവേശിച്ചു.നാലു ഭാഗത്തുനിന്നും റോഡുകള്‍ വന്നു ചേരുന്ന ഒരു വലിയ കവലയില്‍ നിന്നും നേരെ കൂത്തുപറമ്പിലേക്കുള്ള റോഡിലേക്ക് കടന്നു.ഒരു നാലു കിലോമീറ്ററ് കൂടി പിന്നിട്ട്,മെയിന്‍ റോഡില്‍ നിന്നും ഇടത്തോട്ടേക്കുള്ള പോക്കറ്റ് റോഡിലേക്ക് കടന്നു.രണ്ട് മിനുട്ടുകള്‍ക്കകം യാത്രയുടെ ലക്ഷ്യം പൂര്‍ണമാവുകയാണ്.ഞാന്‍ വണ്ടിയിലിരുന്ന് തന്നെ ഫ്രഷായി.ഹാന്റ് ബാഗില്‍ കരുതിയിരുന്ന ചീപ്പും കണ്ണാടിയുമെടുത്ത് മകളും തയ്യാറായിക്കൊണ്ടിരുന്നു.
തുറന്നിട്ടിരിക്കുന്ന ഗെയ്റ്റ് കടന്ന് പറോഡയെ പോര്‍ച്ചിലൊതുക്കി ഷാജഹാന്‍ വാതില്‍ തുറന്നു.കൂടെ ഞങ്ങളും.വാതില്‍ തുറന്ന് സഹീറിന്റെ വീട്ട്മുറ്റത്തിറങ്ങി..
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~ തുടരും~~~~~