Sunday 26 October 2008

എന്റെ യാത്രാവിവരണം pdf ഫോര്‍മാറ്റിലും!

“ യാത്ര ഓര്‍മകളാകുമ്പോള്‍ ” എന്ന എന്റെ ബ്ലോഗിലെ 7 അദ്ധ്യായങ്ങളുള്ള യാത്രാവിവരണം pdf ഫോര്‍മാറ്റില്‍ ഒരുമിച്ച് ചേര്‍ത്തതാണ് താഴെ കാണുന്ന Scribd pdf document, വായന സുഖപ്രദമാക്കാൻ Fullscreen ഇൽ ക്ലിക്കുക.,
Click Here2



Monday 16 June 2008

“മിഴിയിലെ കുളിരായ്…”

വിരിഞ്ഞ് നില്‍ക്കുന്ന മല്ലികപ്പൂക്കള്‍ നറുമണം വിതറി ഇളം കാറ്റിലാടി ഞങ്ങള്‍ക്ക് സ്വാഗതമോതി. ഭംഗിയോടെ വര്‍ണക്കാഴ്ചകള്‍ നിരത്തിയ റോസാപ്പൂക്കളും ഞങ്ങളെ നോക്കി കണ്ണിറുക്കി. മാസമാറിച്ചെടികളും മുല്ല മൊട്ടുകളും,കള്ളിച്ചെടികളും കൂട്ടു കൂടി കിന്നാരം പറയും പോലെ തൊട്ടൊരുമ്മി നില്‍ക്കുന്നു. ചിത്ര ശലഭങ്ങള്‍ അവക്ക് മീതെ തേന്‍ നുകരാനായി വട്ടമിട്ട് പറക്കുന്ന കാഴ്ച മക്കളെയും എന്നെയും ഒരു പോലെ ആകര്‍ഷിച്ചു.
ഉമ്മറത്ത് ഞങ്ങളുടെ വരവ് പ്രതീക്ഷിച്ചപോലെ സ്ത്രീകളും കുട്ടികളുമടങ്ങുന്ന ഒരു കൂട്ടം.
അവര്‍ എന്നെ തുറിച്ച് നോക്കുന്നുവോ? മനസ്സിന്റെ കോണിലെവിടെയോ ഒളിച്ചിരുന്ന നാണം പുറത്ത് ചാടാന്‍ വെമ്പുന്നപോലെ.. മുഖവുരയായി എന്ത് പറയണമെന്ന് തിട്ടപ്പെടുത്താത്തതിന്റെ ജാള്യത എന്നെ പൊതിഞ്ഞ് തീരും മുമ്പ് ഞാന്‍പോലുമറിയാതെ ആ മന്ത്രങ്ങള്‍ എന്റെ സഹായത്തിനെത്തി.
"അസ്സലാമു അലൈക്കും".
കൂട്ടത്തില്‍ പ്രായം കൂടിയ,വെളുത്ത് തടിച്ച ഒരു സ്ത്രീ അല്പം മുന്നോട്ട് കയറിവന്ന് എന്റെ കരം കവര്‍ന്നു. പിന്നെ ഞാന്‍ മാത്രം കേള്‍ക്കാന്‍ പാകത്തിന് പറഞ്ഞു
"വ‌അലൈക്കും മുസ്സലാം".
ഡൈനിംഗ് ഹാളിലേക്ക് കയറിയ ഞങ്ങളെ ഭംഗിയായി ചിട്ടപ്പെടുത്തിയ വളഞ്ഞ് പുളഞ്ഞ കോണിയിലൂടെ വലിയൊരു ഹാളിലേക്കാണ് ആനയിച്ചത്. നിരന്നിരിക്കുന്ന കസാരകളും അവക്ക് മുന്നില്‍ സ്റ്റേജ് രൂപത്തിലൊരു പീഢവും. ഹാളിന്റെ മൂലയില്‍ കൂട്ടിയിട്ടിരിക്കുന്ന കുറെ കൊടികളും ബാനറുകളും, പാര്‍ട്ടി കോണ്‍ഫ്രണ്‍സ് ഹാളിലേക്ക് പത്രസമ്മേളനം നടത്താന്‍ പോയ പ്രതീതി. ഞാനും മക്കളും ഹാളിന്റെ കവാടത്തിനടുത്തുള്ള മറ്റൊരു റൂമിലെത്തി. അവിടെ രാജകീയ സിംഹാസനങ്ങള്‍ പോലെ വലിയ കസാരകളും സോഫകളും, അവിടെയാണ് ഞങ്ങളെ സ്വീകരിച്ചിരുത്തിയത് ,
ചുറ്റു ചുമരില്‍ വര്‍ണ ഭംഗിയേറിയ ചായാചിത്രങ്ങളാല്‍ അലങ്കൃതമാക്കിയ ആ വലിയ റൂമിലേക്ക് മറ്റൊരു കോണിയിലൂടെ സ്ത്രീ സന്ദര്‍ശകരുടെ പ്രവാഹം.
എല്ലാവര്‍ക്കും അറിയേണ്ടത് എന്റെ പേരും നാടും വീടും കുടുംബവുമൊക്കെ. ആഫിയും സജിയും ഷാജഹാനും ഇളം ചൂടുള്ള കോഫിയുമായി ഓടിനടക്കുകയാണ് ‍.ഡ്രൈവറാണെങ്കിലും പൂര്‍ണ സ്വാതന്ത്ര്യമുള്ളത് പോലെയാണ് ഷാജഹാന്റെ പെരുമാറ്റം. സജിയും ആഫിയും ജഗ്ഗും കോപ്പയുമായി അവന്റെ പിന്നാലെ തന്നെയുണ്ട്.
പത്ത് മിനുട്ട് കഴിഞ്ഞപ്പോഴേക്കും ആരവം തീര്‍ന്നു. മക്കളെ സഹീറിന്റെ കുഞ്ഞുപെങ്ങളായ റഹി കയ്യിലെടുത്ത് കഴിഞ്ഞു. അവര്‍ താഴെ കിങ്ങിണികെട്ടി ഓടിനടക്കുന്ന കുഞ്ഞാടിന്റെ പിന്നാലെ ഓടിക്കളിക്കുകയാണ് ‍.കോഫി സെര്‍വ് കഴിഞ്ഞ് ആഫിയും ആകൂട്ടത്തിലെ കണ്ണിയായി പാറി നടക്കുന്നുണ്ട്. സജിതക്കൊപ്പം സഹീറിന്റെ ഇക്കയുടെ ഭാര്യയും മൂത്ത പെങ്ങളും എന്റെയരികില്‍ വന്നിരുന്നു. കുഞ്ഞ് വിശേഷങ്ങളില്‍ തുടങ്ങിയ സംഭാഷണം അരമണിക്കൂര്‍ നീണ്ടു. അപ്പോഴേക്കും ഞാനും മക്കളും അവിടുത്തെ കണ്ണികളില്‍ കോര്‍ത്തപോലെ പ്രിയപ്പെട്ടവരായി മാറിക്കഴിഞ്ഞിരുന്നു.
അടുക്കളയില്‍ നിന്ന് ബിരിയാണിയുടെ ഗന്ധം നാസിക തുളച്ച് കയറിയെപ്പൊഴാണ് വിശപ്പിന്റെ വിളിയറിഞ്ഞത്. ഞാന്‍ സജിക്കൊപ്പം അടുക്കളയിലേക്ക് നടന്നു.
മലേഷ്യന്‍ ഫര്‍ണിച്ചറില്‍ മോഡികൂട്ടിയ വലിയ അടുക്കളയില്‍ സഹീറിന്റെ ഉമ്മയും ഒരു പരിചാരികയും മാത്രം. നിരന്ന് കിടക്കുന്ന പാത്രങ്ങള്‍ അടുക്കി വെക്കുകയാണവര്‍. എന്റെ മുരടനക്കം കേട്ട് തിരിഞ്ഞ് നോക്കിയ അവരെന്നെ ഒരു കസാരയില്‍ പിടിച്ചിരുത്തി. സജിത തപ്പിയെടുത്ത ഉണക്ക മുന്തിരി എനിക്ക് പങ്ക് വെച്ചപ്പോഴാണ് സഹീറിന്റെ ഉമ്മയിലൂടെ ആ സന്തോഷ വാര്‍ത്ത ഞാനറിയുന്നത്.
കല്യാണപ്പെണ്ണായി അണിഞ്ഞൊരുങ്ങാന്‍ ആഴ്ചകള്‍ മാത്രം ബാക്കി. എന്നിട്ടും കുട്ടിത്തം മാറിയിട്ടില്ല,എന്ന ഉമ്മയുടെ പരിഭവം പറച്ചില്‍ അവസാനിച്ചത് ആങ്ങളയുടെ മൂത്തപുത്രിയാണെന്ന പരിചയപ്പെടുത്തലോടെയായിരുന്നു.
തലശ്ശേരി ബിരിയാണിയുടെ സ്വാദ് ഞാന്‍ ആദ്യമായിട്ടാണറിയുന്നത്. ഇക്കക്കും നന്നായി ബോധിച്ചെന്ന് ആ ഇരിപ്പ് കണ്ടാലറിയാം.കോഴിക്കോടന്‍ ഹലുവ തിന്ന് മടുത്ത ഞങ്ങളുടെ മുന്നില്‍ തലശ്ശേരി ഹലുവയും തയ്യാറായിട്ടുണ്ട്. സഹീറിന്റെ വീട്ടുകാര്‍ ഒരു സല്‍കാരപ്രിയരാണെന്ന് തെളിയിക്കുന്നതായിരുന്നു തീന്‍ മേശയിലെ വിഭവങ്ങളും പറഞ്ഞറിയിക്കാനാകാത്ത സ്വാദും.
വിഭവസമൃതിയായ സല്‍കാരം കഴിഞ്ഞിട്ടും സഹീറിനെ കാണാനായില്ല.ആരുടെ ക്ഷണം സ്വീകരിച്ചാണ് വന്നതെന്ന് ചോദിക്കാനോ പറയാനോ പറ്റാത്ത അവസ്ഥ.
സജിതയോട് പലവട്ടം സഹീറിനെ തിരക്കി.
"ദൃതിവെക്കാതെ" എന്നല്ലാതെ അവളൊന്നും വിട്ട് പറയുന്നില്ല. ചിലതൊക്കെ ഞാനറിയാതിരിക്കാനായി മറച്ച് വെക്കുന്നുണ്ടെന്നതോന്നല്‍ എന്നില്‍ ബലപ്പെട്ട് കൊണ്ടിരുന്നു.സഹീറിന്റെ ഉമ്മയോടും വീട്ടിലുള്ളവരോടും അവനെവിടെ എന്ന് ചോദിക്കാന്‍ ഞാന്‍ ആലോചിച്ചതാണ്. പക്ഷെ എന്നെ കുറിച്ചാണോ ഇക്കയെ കുറിച്ചാണോ അവനിവിടെ പരിചയപ്പെടുത്തിയതെന്നറിയാതെ എന്റെ ആകാംക്ഷ ഞാനെങ്ങിനെ പങ്ക് വെക്കും ?
ഇന്നത്തെ യുവത്വത്തിന്ന് പാകമാകാത്ത രീതിയിലുള്ള പല ആദര്‍ശങ്ങളും എന്നെ വരിഞ്ഞ് മുറുക്കിയതിനാല്‍ എനിക്കവനെ കുറിച്ച് ചോദിക്കാനെ ആയില്ല.
ചോദ്യങ്ങളും ഉപചോദ്യങ്ങളും എന്നെ ആശയക്കുഴപ്പത്തിലാക്കി.
എങ്കിലും അറിഞ്ഞല്ലേ പറ്റൂ..
ക്ഷണിതാവിനെ കാണാതെ ഇളിഭ്യരായി തിരിച്ച് പോവുകയോ..!!
എന്റെ അഭിമാനത്തിന് ക്ഷതമേല്‍ക്കുന്നത് പോലെയാണെനിക്ക് തോന്നിയത്. കൃത്യമായ ഒരു തീരുമാനമെടുക്കാനാകാതെ ഞാന്‍ ഇക്കയുടെ അടുത്തേക്ക് നടന്നു. ഓഫീസ് റൂമിലിരുന്ന് ഷാജഹാനുമായി സംസാരിച്ച് കൊണ്ടിരിക്കുകയാണിക്ക.
പാതി തുറന്ന വാതിലില്‍ ഞാന്‍ പതിയെ മുട്ടി. എന്നെ കണ്ട മാത്രയില്‍ ഷാജഹാന്‍ എണീറ്റ് നിന്നു. സജിതയുടെ കൂടെ ഞാന്‍ അകത്തേക്ക് കടന്നു. അവള്‍ നേരെ ചെന്നിരുന്നത് കമ്പ്യൂട്ടര്‍ മേശക്കരികിലാണ്. മേശയിലിരിക്കുന്ന ലാപ്ടോപ്പെടുത്ത് ഓണ്‍ ചെയ്യുകയാണവള്‍. ഞാന്‍ ഇക്കയെ പുറത്തേക്ക് വിളിച്ചു. ഇനി എന്ത്? എന്ന ചോദ്യമാണ് ഞാന്‍പറയാനിരിക്കുന്നതെന്ന് ഇക്കക്ക് മനസ്സിലായപോലെ..
ഇക്ക എന്നോട് പറഞ്ഞു "പോവല്ലേ."..
" അപ്പോ… സഹീര്‍ ?".
"ആ… അറിയില്ല ".
”നിങ്ങളെന്താചോദിക്കാത്തെ…?
ആ ചോദ്യത്തിന്ന് ഉത്തരം തരുന്നതിന്ന് പകരം ഒരു പുഞ്ചിരിമാത്രമാണെനിക്ക് കിട്ടിയത്.
"നീയല്ലെ തുടങ്ങി വെച്ചത്,നീ തന്നെ അവസാനിപ്പിക്കൂ" എന്ന ഒരു പരിഹാസവും തന്ന് ഇക്ക ഓഫീസ് റൂമിലേക്ക് നടന്നു.
എന്ത് ചെയ്യണമെന്നറിയാതെ ശങ്കിച്ച് നില്‍ക്കുമ്പോഴാണ് കാര്‍പോര്‍ച്ചില്‍ നിന്ന് തുടര്‍ച്ചയായുള്ള മണികിലുക്കം കേട്ടത്. തെല്ലൊരാശങ്കയോടെ ഞാന്‍ അങ്ങോട്ട് നടന്നു. അവിടെ കണ്ടകാഴ്ച എന്നെഅത്ഭുതപ്പെടുത്തുകമാത്രമല്ല, ചിരിയടക്കിപ്പിടിക്കാനാവാത്ത വിധം ആശ്ചര്യപ്പെടുത്തുകയും ചെയ്തു. ഞാന്‍ ഓടിച്ചെന്ന് ഇക്കയേയും ഷാജഹാനെയും വിളിച്ചു.
എന്റെ ആംഗ്യഭാഷയുടെ പൊരുളറിയാനായി ആശ്ചര്യത്തോടെ എല്ലാവരും പുറത്തിറങ്ങി, കാര്‍പോര്‍ച്ചിനടുത്തെക്ക് പമ്മിയടുത്ത ഞങ്ങള്‍ പറോഡയുടെ മറവിലിരുന്ന് ആകാഴ്ചകാനുകയാണ്..
"ഓം ഹ്രീം ചാത്തായ സ്വോഹ"
"ഓം ഹ്രീം ആവാഹ സ്വാഹ "
ആഫിയ ചമ്രം പടിഞ്ഞിരുന്ന് മന്ത്രം ജപിക്കുകയാണ്,സഹായിയായി എന്റെ മകനുമുണ്ട്.
മകളും സഹീറിന്റെ കുഞ്ഞുപെങ്ങളും ആവാഹന മന്ത്രത്തിന്റെ പിടിയിലമര്‍ന്നപോലെ മുന്നിലിരിപ്പുണ്ട്. ഒരുകയ്യില്‍ നേരത്തെ, കുഞ്ഞാടിന്റെ കഴുത്തിലുണ്ടായിരുന്ന കിങ്ങിണിയും,മറുകയ്യില്‍ ഒരു ചെറിയ കുറുവടിയുമുണ്ട്.
വക്ക്പൊട്ടിയ ഒരു ഓട്ട്കിണ്ടിയും,പഴയ ഒരു കിണ്ണവും ആഫിയക്കടുത്തുണ്ട്. ആടിന്ന് കൊടുക്കാനായി കാടിവെള്ളം നിറച്ച ആകിണ്ണത്തിലേക്ക് നോക്കി ഇടക്കിടെ കുഞ്ഞ് വടിയെടുത്ത് സഹീറിന്റെ കുഞ്ഞുപെങ്ങളുടെ നേരെ പ്രയോഗിക്കുന്നുമുണ്ട്. മന്ത്രത്തിന്റെ കാഠിന്യം മൂര്‍ദ്ധന്യാവസ്ഥയിലെത്തുമ്പോള്‍ മണ്ണ് വാരി,ആവാഹിച്ചിരിത്തിയവരുടെ തലയിലേക്കെറിയുന്നുണ്ടവള്‍.
പെട്ടെന്നവള്‍ വടിയെടുത്ത് കിണ്ണത്തിലടിച്ചു. ശക്തിയായി തലയാട്ടി ലക്ഷണമൊത്ത മന്ത്രവാദിനിയപ്പോലെ കുലുങ്ങി വിറച്ചു.ഒപ്പം കയ്യിലിരിക്കുന്ന മണി നിര്‍ത്താതെ മുഴങ്ങിക്കൊണ്ടിരുന്നു.കാഴ്ചക്കാരായ ഞങ്ങള്‍ക്ക് ഏഷ്യാനെറ്റിലെ കുട്ടിച്ചാത്തന്റെ പുതിയ ഒരു എപ്പിസോഡ് കാണുന്ന പ്രതീതി.
ചിരിയടക്കാന്‍ കഴിയാതെ ഞങ്ങള്‍ വിങ്ങിക്കൊണ്ടിരിക്കുമ്പോഴാണ്, മന്ത്രത്തിന്റെ ശക്തികൊണ്ടെന്നപോലെ അതിശക്തിയായി കാറ്റ് വീശിയത്. മന്ത്രം ഫലിച്ച ആഹ്ലാദത്തില്‍ ആഫിയ കണ്ണുകളടച്ച് മണ്ണ് വാരി എറിഞ്ഞ് കൊണ്ടിരുന്നു. കാറ്റിന്റെ ശക്തിയില്‍ പറന്നുവന്ന ആഫിയയുടെ ബസ്മം ഞങ്ങളുടെ കാഴ്ചയെ മൂടി. പെട്ടെന്നായിരുന്നു മക്കളുടെ കൂട്ടക്കരച്ചിലുണ്ടായത്. സംഭവിച്ചതെന്തന്നറിയാതെ അന്തിച്ച് നില്‍ക്കുമ്പോള്‍ മകനും മകളും എന്നെ കെട്ടിപ്പിടിച്ച് "മായച്ചാത്തന്‍"എന്ന് ഉറക്കെ വിളിച്ച് പറഞ്ഞ് കരയുന്നുണ്ടായിരുന്നു.
ഒരു വിധത്തില്‍ കണ്ണ് തുറന്ന ഞങ്ങള്‍ സ്തംഭിതരായി..!
മന്ത്രക്കളത്തില്‍ മായച്ചാത്തന്‍ കുറുവടിയുമായി നില്‍ക്കുന്നു..!!
ഭുത പിശാചുകളെ ഭയമില്ലെങ്കിലും ഈ സന്ദര്‍ഭത്തില്‍ എനിക്കുമുണ്ടായി ഒരുള്‍ക്കിടിലം!!
മക്കളെയും കൊണ്ട് അകത്തേക്ക് ഓടാന്‍ ഭാവിച്ചപ്പോഴേക്കും,മായച്ചാത്തന്‍ ജീവനും കൊണ്ട് ബാത്ത്‌റൂം ലക്ഷ്യമാക്കി കുതിച്ചു. വാതില്‍ വലിച്ചടച്ച് മായച്ചാത്തന്‍ ബാത്ത്‌റൂമിലിരുന്ന് ഉറക്കെ കരയുകയാണ്. ഞങ്ങളെല്ലാവരും ആകാംക്ഷയോടെ അങ്ങോട്ടെക്ക് ഓടി. മുട്ടിയിട്ടും തുറക്കാത്ത ആ വാതില്‍ ഷാജഹാന്‍ ചവിട്ടിത്തുറന്നപ്പോള്‍ കണ്ടകാഴ്ച ദയനീയമായിരുന്നു. കരിഓയലില്‍ കുളിച്ച് നില്‍ക്കുന്ന ആഫിയ!..
പോര്‍ച്ചിന്റെ മച്ചില്‍ സൂക്ഷിച്ച് വെച്ച കരിഓയില്‍ കാറ്റിന്റെ ശക്തിയില്‍ മന്ത്രവാദിനിയുടെ തലയിലേക്ക് വീണപ്പോള്‍ ഒരു മായച്ചാത്തന്‍ പ്രത്യക്ഷപ്പെട്ടതായാണ് കുട്ടികള്‍ക്ക് തോന്നിയത്.
ചാത്തന്റെ വിളറിയ മുഖം തിരിച്ചറിഞ്ഞപ്പോള്‍ ഞാനും മക്കളും പിന്നെകൂടിനിന്നവരും പൊട്ടിച്ചിരിക്കുകയായിരുന്നു.

പ്രകൃതിക്ക് മതം പൊട്ടിയപോലെ കാറ്റ് ആഞ്ഞ് വീശുകയാണ്.എവിടെയൊക്കെയോ പച്ചമരക്കൊമ്പുകള്‍ ചിതറി വീഴുന്ന ശബ്ദം,മന്ത്രക്കളവും സാമഗ്രികളും കാറ്റില്‍ പറന്ന് അപ്രത്യക്ഷ്യമായി. ഇറയത്ത് അടുക്കിവെച്ച പെയ്ന്റ് ടിന്നുകള്‍ താഴെവീണ് കാറ്റിന്റെ ഗതിക്ക് താളമേകി ഉരുണ്ട് കളിക്കുന്നു. ഇടിക്കൊപ്പം മിന്നല്പിണറുകള്‍ നിലത്തിറങ്ങി പൊട്ടിയപ്പോള്‍,ചാത്തന്റെ വിശ്വരൂപം കണ്ട് പൊട്ടിച്ചിരിച്ച ഞാനടക്കമുള്ളവര്‍ നിശബ്ദരായി .
ആര്‍ത്തു വിളിച്ച് കൊണ്ട് മൂന്നാലാളുകള്‍ ഗൈറ്റ്കടന്ന് ഓടി വരുന്നത് കണ്ടാണ് ഞാന്‍ അങ്ങോട്ട് നോക്കിയത് .
രക്തത്തില്‍ കുതിര്‍ന്ന യുവതിയെ പൊക്കിയെടുത്ത് മറ്റൊരുകൂട്ടം തൊട്ടു പിന്നാലെയുണ്ട്. കണ്ട്നിന്ന സഹീറിന്റെ ഉമ്മ തൊണ്ടപൊട്ടുമാറുച്ചത്തില്‍ നീട്ടി വിളിച്ചു.
" സഹീറെ…"
ജിക്ഞാസയടക്കാന്‍ പാടുപെട്ട എന്റെ കണ്ണുകള്‍ വിടര്‍ന്നിരുന്നു. എന്റെ അന്വോഷണത്തിന്റെ പരിസമാപ്തിക്ക് നാന്ദി കുറിച്ച് കൊണ്ട് ഷാജഹാന്‍ ഓടിയെത്തി പോര്‍ച്ചില്‍ നിന്ന് വണ്ടിയിറക്കി.
ഒരു മുഖംമൂടി അഴിഞ്ഞ് വീണ ജ്യാളതയോടെ ഷാജഹാനെന്ന സഹീര്‍ എന്നെ നോക്കി പുഞ്ചിരിച്ചു,
എന്തുപറയണമെന്നറിയാതെ തരിച്ച് നിന്ന എനിക്ക്മുന്നില്‍ സജിതയും ഇക്കയും ഊറിച്ചിരിക്കുകയായിരുന്നപ്പോള്‍..….
*********************************************************
കോഴികള്‍ കൂടണയുന്ന സമയം. തിരിച്ചറിഞ്ഞ സൌഹൃദത്തിന്റെ പൂര്‍ത്തീകരണം മുഴുവനാക്കാന്‍ കഴിയാതെയുള്ള മടക്കയാത്ര മനസ്സിനെ മദിച്ച് കൊണ്ടിരുന്നു.
രണ്ട് ദിവസത്തിനകം ജിദ്ധയിലെത്തണം.
ഇടക്ക് പൂനയില്‍ ഒരു ദിവസം. അവിടെ ഞങ്ങളെയും കാത്ത് ഇക്കയുടെ ബോസിന്റെ മകനുണ്ട്. തലശ്ശേരിയില്‍ നിന്നും ട്രൈന്‍ മാര്‍ഗ്ഗം പൂനയിലേക്ക്,
അവിടന്ന് ജിദ്ധയിലേക്ക്. ക്രമപ്പെടുത്തിയ മറ്റൊരു യാത്രക്ക് ആരംഭം കുറിക്കുകയാണ്.
സ്റ്റേഷനില്‍ നല്ല തിരക്കുണ്ട്.ചീതലിന്റെ തണുപ്പില്‍ കുളിരറിഞ്ഞ യാത്രക്കാര്‍ അക്ഷമരായി ചൂളം വിളിക്കായ് കാതോര്‍ത്തിരിക്കയാണ്.
ടിക്കെറ്റെടുത്ത് ഞങ്ങളും ആ കൂട്ടത്തിലെ ഒരു കണ്ണിയായി. നനഞ്ഞൊട്ടിയ യാത്രക്കാരുടെ പാദങ്ങളില്‍ പറ്റിപ്പിടിച്ച കറുത്ത ചെളി എന്നെ വീണ്ടും ആഫിയക്കടുത്തേക്കെത്തിച്ചു. കരിഓയലില്‍ കുളിച്ച അവളുടെ സ്തിഥി എന്താണാവോ?
ഞങ്ങള്‍ യാത്ര പറഞ്ഞിറങ്ങുമ്പോഴും അവള്‍ ബാത്ത്‌റൂമില്‍ നിന്നിറങ്ങിയിരുന്നില്ല. ഞാന്‍ മൊബൈലെടുത്ത് സഹീറിന്റെ വീട്ടിലേക്ക് വിളിച്ചു. സജിതയാണ് ഫോണെടുത്തത്. മന്ത്രശക്തിയില്‍ കളര്‍ മങ്ങിയ ആഫിയ പരിഭവത്തിലാണ്. അവള്‍ ഫോണ്‍ തൊട്ടതേയില്ല.
വെറുതെയാണെങ്കിലും ഞാന്‍ വീണ്ടും സഹീറിനെ അന്വോഷിച്ചു.
അവനെത്തിയിട്ടില്ല.
വണ്ടി വൈകുന്ന കാര്യം സജിതയെ അറിയിച്ച് ഞാന്‍ കട്ട് ചെയ്തു. അപ്പോഴേക്കും ചൂടുള്ള കട്ടന്‍ കാപ്പിയുമായി ഇക്കയുമെത്തി. വൃത്തിഹീനമായ പരിസരമായിരമായിരുന്നിട്ടും കാപ്പിക്ക് നല്ല സ്വാദുള്ള പോലെ. ഞാന്‍ പരിസരം ഗൌനിച്ചതേയില്ല. ട്രൈനുകള്‍ പലതും വന്നു പോയ്ക്കൊണ്ടിരുന്നു. ഒടുവില്‍ നേത്രാവതി എക്സ്പ്രസിന്റെ വരവറിയിച്ചു കൊണ്ട് അറിയിപ്പ് വന്നു. പെട്ടിയും ഭാണ്ടങ്ങളുമായി ഫ്ലാറ്റ്ഫോം നമ്പര്‍ ലക്ഷ്യമാക്കി യാത്രക്കാര്‍ നീങ്ങിത്തുടങ്ങി. തുടര്‍യാത്രയുടെ തുടക്കത്തിനായി ഞങ്ങളും തയ്യാറെടുത്തു. ഇരുമ്പ് കൂടാരം വലിയശബ്ദത്തില്‍ ഫ്ലാറ്റ്ഫോമില്‍ വന്ന് നിന്നു. മക്കള്‍ അത്ഭുതത്തോടെ നോക്കിക്കാണുകയാണ്. അവര്‍ക്ക് ട്രൈനിലെ കന്നിയാത്രയാണ്.
തീ വണ്ടിയിലെ “തീ“ എവിടെയാണെന്നന്വോഷിക്കുകയാണ് മകള്‍. പറയാനും അറിയാനും ഇനിയേറെ സമയമുണ്ടെന്നായി ഇക്ക. ഞങ്ങള്‍ ബാഗുമെടുത്ത് ബോഗിയിലേക്ക് കടന്ന് സീറ്റുറപ്പിച്ച് കഴിഞ്ഞതേയുള്ളൂ. സഹീറിന്റെ നമ്പര്‍ എന്റെ മൊബൈലില്‍ തെളിഞ്ഞു………….
ആകാംക്ഷയോടെ ഞാന്‍ മൊബൈല്‍ അറ്റന്റ് ചെയ്തു.
അവന്‍ ഫ്ലാറ്റ്ഫോമിലുണ്ടെന്നറിയിച്ചപ്പോഴേക്കും ചൂളം വിളി തുടങ്ങിയിരുന്നു .. തുറന്നിട്ട ജാലകത്തിലൂടെ ഞാന്‍ പുറത്തേക്ക് നോക്കി
സഹീര്‍ ഓടി വരികയാണ്….
അവന്റെ കുതിപ്പ് എന്റെ കമ്പാര്‍ട്ട്മെന്റിന്റെ ജാലകത്തിനടുത്തേക്കവനെ എത്തിക്കാന്‍ പാകത്തിനുള്ളതായിരുന്നു.
ഞങ്ങള്‍ മുഖാമുഖം കണ്ടു..
ഒന്നും സംസാരിക്കാന്‍ കഴിയാതെ ചില നിമിഷങ്ങള്‍ കടന്നു പോയി… ഒപ്പം ഫ്ലാറ്റ്ഫോം വിട്ട് തീവണ്ടിയും..കൂകിപ്പായുന്ന തീവണ്ടിയുടെ
ജാലകവിടവിലൂടെ ഒരിക്കല്‍ കൂടി ഞാനവനെ നോക്കി… അങ്ങ് ദൂരെ ഒരു പച്ചക്കുപ്പായം ഞങ്ങളെ നോക്കി വീശുന്നുണ്ടായിരുന്നു അവനപ്പോഴും.
======================================== അവസാനിച്ചു.



Tuesday 27 May 2008

ഹിമ കണങ്ങള്‍,

റോക്കിലെ പഴയ പാലം. വര്‍ഷങ്ങള്‍ക്ക് മുമ്പ് ബംഗാളി ബാവുവു എന്ന മാജിക്ക് കാരന്‍ വിഴുങ്ങിയത് ഈ പാലമായിരുന്നു. ഞങ്ങളുടെ നാട്ടില്‍ ഇന്നും ബാവുവിന്റെ കണ്ണികള്‍ ജീവിക്കുന്നുണ്ട്. ഒരു പന്തയത്തെ തുടര്‍ന്നായിരുന്നാണ് ബ്രിട്ടീഷുകാര്‍ പണിത ഈപാലം ബംഗളി ബാവു വിഴുങ്ങിയത് എന്ന് ഞാന്‍ കേട്ടിട്ടുണ്ട്.
പാലത്തിനടുത്തുള്ള ജങ്ഷനില്‍ ഒരു നീല ഇനോവ കാറ് ഞങ്ങളെ കാത്ത് കിടപ്പുണ്ടായിരുന്നു. ദൂരെ നിന്ന് തന്നെ ഞങ്ങള്‍ കണ്ടു,ഇനോവയുടെ ഡിക്കിയില്‍ ചാരി അക്ഷമയോടെ കാത്തിരിക്കുന്ന സുന്ദരിയെ..!ഏഷ്യാനെറ്റ് സീരിയലായ മാനസപുത്രിയിലെ ഗ്ലോറിയെന്ന കഥാപാത്രത്തെ കൊത്തിവച്ചപോലെ.ഞങ്ങളെ കണ്ടതും ഓടിവന്ന് ഒരു ശൈഖ് ഹാന്റ്..! കിട്ടിയതോ ഇക്കക്കും..ഒരു "ഹായ് " മാത്രം തന്ന് എന്നെ ഒതുക്കാനുള്ള ശ്രമമാണെന്ന് മനസ്സിലാക്കിയ ഞാന്‍ വിട്ട് കൊടുത്തില്ല. പുഞ്ചിരിമായാതെ തന്നെ ഞാനിടക്ക് കയറി അങ്ങോട്ട് ഹസ്തദാനം ചെയ്തു..നന്നായി പുഞ്ചിരിച്ചെങ്കിലും എനിക്കതങ്ങ് മനസ്സില്‍ പിടിച്ചില്ല. എവിടെയൊക്കയോ കൂട്ടിയോജിപ്പിക്കാന്‍ പറ്റാത്ത അകലം വേണമെന്ന ഒരു തോന്നല്‍. കൈവിരലിലിട്ട് കാറിന്റെ കീ കറക്കികൊണ്ടിരിക്കുകയാണവള്‍. പയറുമണികള്‍ പൊളിത്തീബാഗില്‍ നിന്ന് ഊര്‍ന്ന് വരുന്ന രീതിയിലുള്ള സംസാരം.കാതിലണിഞ്ഞ വലിയ റിംഗ് ഇക്കയെ കാണിക്കാനെന്ന് തോന്നിക്കും വിധം ഇടക്കിടെ തലവെട്ടിച്ച് കൊഞ്ചുന്ന അവളുടെ നില്പും ഭാവവും എനിക്ക് തീരെ ദഹിക്കുന്നുണ്ടായിരുന്നില്ല.

പൊടിപറത്തികൊണ്ട് അവള്‍ പായിച്ച ഇനോവോ കാറിന് പിന്നാലെ ഞങ്ങളും ഓടിത്തുടങ്ങി.കാതടപ്പിക്കുമാറുച്ചത്തിലുള്ള ഹൊണ്മുഴക്കി ആളുകളെ പേടിപ്പിച്ചും,മറ്റും ശ്രദ്ധപിടിച്ച് പറ്റാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു ആ തലതെറിച്ച പെണ്‍കുട്ടി..അരമണിക്കൂറ് ഓടിക്കഴിഞ്ഞതെയുള്ളൂ ഞങ്ങള്‍,കൊട്ടാര സാദൃശ്യമായ വലിയൊരു തറവാടിന്ന് മുന്നിലാണ് ഞങ്ങളുടെ ഹൃസ്വയാത്ര അവസാനിച്ചത്.

പൂമുഖത്തിന്റെ പ്രൌഡിമായാതെ പുതുക്കിപ്പണിത തറവാട്ടിനുള്ളില്‍ നിന്ന് വെളുത്ത വസ്ത്രധാരിയായ ഒരാള്‍ ഇറങ്ങി വന്നു..
എന്നെ അല്‍ഭുതപ്പെടുത്തിക്കൊണ്ടായിരുന്നു ഞങ്ങള്‍ക്ക് വഴികാട്ടിയായി വന്ന പെണ്‍കുട്ടി തലയില്‍ തട്ടമിട്ട്,അബായ ധരിച്ച് കാറില്‍ നിന്നിറങ്ങിയത്. ഇവളായിരുന്നോ കുറച്ച് മുമ്പ് ഞങ്ങള്‍ക്ക് മുന്നില്‍ ഗ്ലോറിയപ്പോലെ ഷൈന്‍ ചെയ്തെന്നറിയാന് ഞാന്‍ ഒന്നുകൂടി അവളെ നോക്കി.ഡബിള്‍ റോളില്‍ അഭിനയിക്കുന്ന ഒരു കൊച്ചു ഗോളോറിയ..! അങ്ങിനെയാണ് എനിക്കവളെ വിലയിരുത്താനായുള്ളൂ..

പൂമുഖത്ത് ഞങ്ങളെ നോക്കിനില്‍ക്കുന്ന ആ ശുഭവസ്ത്രധാരിയുടെ കയ്യില് കാറിന്റെ കീ ഏല്പിച്ച് ഞങ്ങളെയവള്‍ അകത്തേക്ക് ക്ഷണിച്ചു. സ്ത്രീകള്‍ക്കായി പ്രത്യേകം തയ്യാറാക്കിയ ഹാളിലേക്ക് കടക്കുമ്പോള്‍,ആ ശുഭവസ്ത്രധാരി വല്യുപ്പയാണെന്നവള്‍ പരിജയപ്പെടുത്തി‍,അപ്പോഴാണ് ശബ്ദം താഴ്ത്തി സംസാരിക്കാനും ഇവള്‍ക്കറിയാമെന്ന് ഞാന്‍ മനസ്സിലാക്കിയത്.ഹാളിലേക്ക് കടന്നതും ഞാന്‍ കാണാനാഗ്രഹിച്ച,കുറുമ്പിയെന്ന് തോന്നിക്കുന്ന,സഹീറിന്റെ ഓര്‍കൂട്ട് സുഹൃത്ത് എന്റെ കൈപിടിച്ച് സലാം പറഞ്ഞു. തൊട്ടടുത്തുള്ള സോഫയില് ഞങ്ങള്‍ ഒരുമിച്ചിരുന്നു.പിന്നെ കുശലാന്വോഷണങ്ങളായി..സഹീറ് എന്നെ പരിജയപ്പെടുത്തിയപ്പോള്‍, ഈകാണുന്ന കാഴ്ചയിലേറെ പ്രായംതോന്നിക്കുന്ന രുപമായിരുന്നുപോലും മനസ്സിലവള്‍ക്ക് എന്നെ കുറിച്ചുണ്ടായിരുന്നത്.
മുത്തുമണികള്‍ അടുക്കിവെച്ചപോലെയുള്ള പല്ലുകള്‍ കാണിച്ച് ചിരിക്കുമ്പൊള്‍ ,കവിളത്തൊരു നുണക്കുഴി വിരിയുന്നുണ്ടായിരുന്നു അവള്‍ക്ക്. ഭവ്യത ഒട്ടും ചോരാതെയുള്ള ആസംസാരവും പെരുമാറ്റവും എനിക്കേറെ ഇഷ്ടമായി.ഓര്‍കൂട്ട് പ്രൊഫൈലിലെ രൂപവും ഭാവവും സ്ക്രാപ്പ് വരികളും കണ്ട് ഞാനും ഒരു രൂപം മനസ്സില്‍ കരുതിയിരുന്നു. പക്ഷെ നേരില്‍ കണ്ടപ്പോഴാണ് എന്റെ നിഗമനങ്ങള്‍ തെറ്റാണെന്ന് മനസ്സിലായത്.

ഡൈനിംഗ് ഹാളിലെ വലിയ ടേബിളില്‍ ഭക്ഷണം വിളമ്പിയപ്പൊള്‍,ടേബിളിന് ചുറ്റും ഭംഗിയൊടെ അടുക്കിവെച്ച കസാര എണ്ണുകയായിരുന്നു ഞാന്‍,18 പേര്‍ക്ക് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാനുതകുന്ന ഈ ടേബിള്‍ പോലെതന്നെയാണ് ഇവിടെയുള്ള അംഗ സംഖ്യയെന്ന് ഞാനൂഹിച്ചു.എന്റെ ചിന്ത മനസ്സിലാക്കിയപോലെയാണ് സജി അവരുടെ കുടുംബാംഗങ്ങളെ പരിചയപ്പെടുത്തിയത്. മക്കളും മരുമക്കളുമായി ഒരു പാട് പേര്. പലര്‍ക്കും സ്വന്തമായി ബിസ്നസ്സോ ജോലിയൊ ഉണ്ട്. മൂത്ത കണ്ണിയുടെ സീമന്തപുത്രിയാണ് സജി.തറവാട്ടിലെ വിരുന്നുകാരി. സ്ഥിരതാമസം കണ്ണൂരില്.രണ്ടാമത്തെതാണ് ആ തെറിച്ച പെണ്ണ് ‘ ആഫിയ ’ , പേര് പോലതന്നെ അവളുടെ ഭാവവും പെരുമാറ്റവും.വല്ല്യുപ്പയെ മാത്രം അനുസരിക്കുന്നവള്‍, ഇവിടെതന്നെ പഠിത്തവും താമസവും..കുടുംബാംഗങ്ങളെ ഓരോന്നായി പരിജയപ്പെട്ട് കഴിഞ്ഞ് ഞങ്ങള്‍ തുടര്‍ യാത്രക്കായി ഇറങ്ങി.
ഒരു കൊച്ചു ബാഗും കയ്യിലേന്തി സജിയും,അനിയത്തി ആഫിയും ഞങ്ങളുടെ കൂടെയുണ്ട്. യാത്രയുടെ തുടറ് വഴികള്‍ അവരുടെ നിയന്ത്രണത്തിലാണ്. ഇക്ക കോഴിക്കോട് ഫോര്‍ച്ചൂണ്‍ ഹോട്ടല്‍ ലക്ഷ്യമാക്കിയാണ് വണ്ടിയോടിച്ചത്. അവിടെ ഷാജഹാന് കാത്തിരിപ്പുണ്ട്. പാനൂരിലേക്കുള്ളയാത്ര അവന്റെ നിയന്ത്രണത്തിലാണ് പറഞ്ഞ് വെച്ചത്. പിന്‍സീറ്റിലിരുന്ന് കൊണ്ട് ഡ്രൈവിംഗ് സീറ്റിന്റെ വിടവിലൂടെ മുന്നിലേക്ക് എത്തിനോക്കികൊണ്ട് വാതോരാതെ സംസാരിച്ച് കൊണ്ടിരിക്കുകയാണ് ആഫിയ.ഇക്കയുടെ ഡ്രൈവിങ്ങിലെ അപാകതകളും,പോരായ്മകളും ഓരോന്നായി ചൂണ്ടിക്കാണിക്കുകയാണവള്‍.തിരക്കേറിയ റോഡിലൂടെ ആഫിയുടെ ആക്ഞക്കനുസരിച്ച് ആക്സിലേറ്ററില്‍ കാലമരുമ്പൊഴേക്കും ലൈന്‍ ബസ്സുകളുടെ നെട്ടോട്ടം ഇക്കയെ ഭയപ്പെടുത്തുന്നുണ്ടായിരുന്നു. ഓര്‍ക്കാപ്പുറത്ത് ബ്രൈക്ക് ചെയ്യുമ്പൊഴുണ്ടാകുന്ന ഓളങ്ങളുടെ താളം ആഫിയയുടെ നിര്‍ദേശംപോലെ അരോചകമായിരുന്നു.ഒരുവേള ഞങ്ങളെ എല്ലാവരെയും പിടിച്ച് കുലുക്കിക്കൊണ്ട് ബ്രൈക്കിലമര്‍ന്ന കാല്‍,പെട്ടെന്ന് തന്നെ ആക്സിലേറ്ററിലമര്‍ന്നപ്പോള്‍ ഉണ്ടായ അട്ടഹാസം എന്നെ വല്ലാതെ ഭയപ്പെടുത്തി.പിന്‍സീറ്റിലിരിക്കുന്നവര്‍ക്കും സീറ്റ്ബെല്‍റ്റ് നിര്‍ബന്ധമാക്കണമെന്ന് ഞാന്‍ വാദിച്ചു.അതു സമ്മദിച്ചു തരാന്‍ ആഫിയും തയ്യാറായില്ല. സീറ്റ്ബെല്‍റ്റും ഹെല്‍മറ്റുമൊക്കെ കണ്ട്രികള്‍ക്കേ ചേരൂ എന്നായി അവള്‍. എനിക്കിട്ട് താങ്ങിയതാണെന്ന മനസ്സിലായെങ്കിലും അവളോട് സംസാരിച്ച് പിടിച്ച് നില്‍ക്കാന്‍ എനിക്കാവത്തതിനാല്,വണ്ടി പതുക്കേ ഓടിച്ചാല്‍ മതിയെന്ന നിര്‍ദേശം കൊടുത്ത് ഞാന്‍ അവസാനിപ്പിച്ചു.എന്റെ ആക്ഞയുടെ ഉള്ളടക്കം മനസ്സിലാക്കിയ ഇക്ക ഒരു ചെറുപുഞ്ചിരിയോടെ,വണ്ടിയുടെ സ്പീഡ് 60 കവിയാതിരിക്കാന് ശ്രദ്ധിച്ചു.

ഷേഡോ പേപ്പറില്‍ പൊതിഞ്ഞ ഗ്ലാസുകളില്‍ ഇരുട്ട് കനം തൂങ്ങിയത് ഒരു തുള്ളി മുന്‍ഗ്ലാസ്സില്‍ പതിഞ്ഞപ്പോഴാണ് ഞാനറിഞ്ഞത്. ഞാന്‍ പതുക്കെ ഗ്ലാസ് താഴ്ത്തി.അകത്തേക്ക് കടന്ന കുളിര്‍കാറ്റാസ്വദിക്കാന്‍ എന്റെ മനസ്സനുവദിച്ചില്ല.കാര്‍മേഘങ്ങള്‍ ഒന്നിന് മീതെ ഒന്നായി ഉരുണ്ട് കൂടുന്നത് ഞാന്‍ കണ്ടു. ഇടക്കിടെ കൊള്ളിയാനുകള്‍ മേഘപാളികള്‍ക്കിടയില്‍ വരമ്പിടുമ്പോള്,ആഫിയും എന്റെ മക്കളും പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു.പെട്ടെന്നായിരുന്നു ഒരു മുരള്‍ച്ച കേട്ടത്.ഒപ്പം ചരല്‍ കല്ല് പോലെ മഴത്തുള്ളികളും ചിതറി വീണു.
മഞ്ഞ ലൈറ്റുകള്‍ വഴികാട്ടിയായി എല്ലാ വാഹനത്തിന് മുന്നിലും തെളിഞ്ഞ് നില്‍ക്കുന്നുണ്ട്. ഗ്ലാസിന് മീതെ ഒഴുകിയെത്തിയ തുള്ളികള്‍ വൈപ്പറിന്റെ പ്രവര്‍ത്തന വേഗത കൂട്ടിക്കൊണ്ടിരുന്നു.മഴയുടെ ശക്തി നേര്‍കാഴ്ചയെ പലപ്പോഴും തടസ്സപ്പെടുത്തി. നിരന്ന് കിടക്കുന്ന വാഹനവ്യൂഹത്തിലെ ഒരുകണ്ണിയായി മാറിയപ്പോഴും,മുന്നിലെ തടസ്സമെന്തന്നറിയാതെ ഞങ്ങള്‍ വേവലാതി പൂണ്ടു.തൊട്ട് മുന്നിലുള്ള ബസ്സിന്റെ പാത്തിയിലൂടെ ഒഴുകിയെത്തിയവെള്ളം,പറോഡയുടെ ബോണറ്റില്‍ വീണപ്പോഴാണ് തടസങ്ങള്‍ നീങ്ങിയെന്ന് മനസ്സിലായത്.മിനുസമേറിയ റോഡിനെ മഴത്തുള്ളികള്‍ നക്കിത്തുടച്ചപ്പോള്‍,ഗ്രിപ്പ് കിട്ടാതെ തെന്നിമാറിയ ഒരു ലോറിയായിരുന്നു മുന്നില്‍ തടസ്സമായി നിന്നത്.മഴയുടെ ശീല്‍കാരം കുറഞ്ഞപ്പോള്‍ റോഡിലേ തിരക്കും കുറഞ്ഞു .എങ്കിലും കരായാനിരിക്കുന്ന മുഖം പോലെ മാനം കറുത്തുതന്നെയിരുന്നു.
ഫോര്‍ട്ടൂന്‍ ഹോട്ടലിന്റെ കവാടത്തില്‍ ഞങ്ങളെ കാത്തിരിക്കുന്ന ഷാജഹാനെ കണ്ടതും,അതു വരെ നിശബ്ദയായിരുന്ന സജിതയും സംസാരം തുടങ്ങി.സഹീറിന്റെ വീട്ടിലേക്കുള്ള യാത്രാമദ്ധ്യേ സജിതയും ഷാജഹാനും വാതോരാതെ സംസാരിച്ച് കൊണ്ടിരിക്കുകയാണ്.ഓര്‍കൂട്ടിലെ സ്ക്രാ‍പ്പുകളെ കുറിച്ചായിരുന്നു അവര് ഏറെയും സംസാരിച്ച് കൊണ്ടിരുന്നത്.
ഷാജഹാന്റെ കരങ്ങളില്‍ ഭദ്രമായ പറോഡ നിലം പതിഞ്ഞ് സഹീറിന്റെ വീട് ലക്ഷ്യമാക്കി കുതിച്ച് കൊണ്ടിരിക്കുകയാണ്.റെയില്‍വേ ഗൈറ്റിലെ കാത്തിരിപ്പിന് മേല്‍പ്പാലങ്ങള്‍ വളരെ ആശ്വാസമായി.2 , 3 പാലങ്ങള്‍ കടന്നപ്പോഴേക്കും കൊയിലാണ്ടിയെത്താറായെന്ന് ഷാജഹാന്‍ അറിയിച്ചു. “ കൊച്ചിമുതല്‍ കൊയിലാണ്ടി വരെയെന്ന് ” ഗീര്‍വാണം മുഴക്കുമ്പോള്‍ പറഞ്ഞ് കേട്ടതല്ലാതെ നേരില്‍ കാണുന്നത് ആദ്യമായാണ്. സാമാന്യം വലിപ്പമുള്ള അങ്ങാടിയാണെങ്കിലും ആളുകള്‍ അധികമൊന്നുമില്ല , പ്രതീക്ഷിക്കാതെയുള്ള മഴയായിരിക്കും കാരണം.
വടകരയിലൂടെ കുഞ്ഞിപള്ളിക്കടുത്തെത്തിയപ്പോള്‍ ഷാജഹാന്‍ വണ്ടി നിറുത്തി,കുഞ്ഞിപ്പള്ളിയിലെ കാണിക്കപ്പെട്ടിയിലേക്കുള്ള പതിവ് കാണിക്ക കൊടുത്തുവിട്ട്,വണ്ടി തിരിച്ചു.നാഷനല്‍ ഹൈവേയില്‍ നിന്ന് അലപം തെന്നി വലത്തോട്ട് തിരിഞ്ഞപ്പോഴേക്കും മഴവീണ്ടും തുടങ്ങി,സഹീറിന്റെ ആസ്ഥാനമായ തലശ്ശേരി ഞങ്ങളെ വരവേറ്റത് വലിയ ശബ്ദത്തോടെയായിരുന്നു. മിനുട്ടുകള്‍ക്കകം റോഡിലൂടെ വെള്ളം കൂലം കുത്തി ഒഴുകാന്‍തുടങ്ങി.മണ്ണിനെ ഇളക്കിമറിച്ച് ഒഴുകിത്തുടങ്ങിയ വെള്ളത്തിന് പോലും ചോരയുടെ നിറമുള്ളത് പൊലെ.. ഇടിയും മിന്നും ഞങ്ങളെ വല്ലാതെ ഭയപ്പെടുത്തുന്നുണ്ടായിരുന്നു. അതു വരെ ചിരിച്ചും കളിച്ചും ആഹ്ലാദിച്ചിരുന്ന മക്കള് പോലും മൌനിയായി എന്നെ പറ്റിപ്പിടിച്ചിരിക്കുകയാണ്. ആഫി സജിതയുടെ തോളുരുമ്മിയിരുന്ന് മുന്‍‌ഗ്ലാസ്സിലൂടെ മാനം നോക്കിയിരിക്കുകയാണ്. മിന്നലിനോടൊപ്പം വരുന്ന ഇടിയുടെ ശക്തിയേറിയശബ്ദം കേള്‍ക്കാതിരിക്കാന്‍ ഇരു ചെവികളും പൊത്തിപ്പിടിച്ചിരിക്കുകയാണവള്.. പെട്ടെന്നായിരുന്നു കര്‍ണ്ണകഠോരമായ ഇടിമുഴങ്ങിയത്. ഏഷ്യാനെറ്റിലെ ബെസ്റ്റ് എഫ് എമും വണ്ടിയും നിശ്ചലമായത് ഒരുമിച്ചായിരുന്നു. അസഹ്യമായ ശബ്ദത്തോടെയുള്ള ഇടിയും മിന്നലും ഷാജഹാനെപ്പോലും വിറപ്പിച്ചു. ആഫിയും സജിതയും അഴിച്ചിട്ട തട്ടങ്ങളൊക്കെ തലയിലെടുത്തിട്ടു. സജിത എന്തൊക്കെയോചൊല്ലുന്നുണ്ട്. മരണം മുന്നില്‍ കാണുന്നപോലെയുള്ള ആ ഇരുപ്പ് എന്നെയും ഭയപ്പെടുത്തി. പഠിച്ച് മറന്ന് പോയ ചില സൂക്തങ്ങള്‍ പൊടിതട്ടിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നു ഞാനപ്പോള്‍.

ഷാജഹാന്‍ സമനില വീണ്ടെടുത്ത് വണ്ടി വീണ്ടും സ്റ്റാര്‍ട്ട് ചെയ്തു. റെയിവേഗേറ്റും കടന്ന് ഞങ്ങള് യാത്രതുടര്‍ന്നു..നിത്യ വഴിയായതിനാലാകും റോഡിലെ അമ്പുകളും ഗട്ടറുകളും മനപ്പാഠമാണ് ഷാജഹാന്,കെട്ടിക്കിടക്കുന്ന വെള്ളം ഗട്ടറിനെ നിരപ്പാക്കിയിട്ടും ഷാജഹാന് അശേഷം പരിഭ്രമം തോന്നുന്നുണ്ടായിരുന്നില്ല. കുത്തിയൊഴുകുന്ന വെള്ളത്തിന് മീതെ ലക്ഷ്യം പിഴക്കാതെ അവന്‍ വണ്ടിപായിച്ചു. ഏകദേശം അഞ്ച് കിലോമീറ്ററോളം ഞങ്ങളാരും സംസാരിച്ചില്ല. ചീതലിന്റെ തൂളുകള് തുറന്നിട്ട വിന്‍ഡോയിലൂടെ അകത്തേക്ക് കടന്നപ്പൊള് കുളിരുന്നുണ്ടായിരുന്നു. ഒരു നാല്‍ക്കവലയില്‍ വണ്ടിയൊന്ന് സ്ലോചെയ്തപ്പോഴാണ് അല്‍പ്പം കുളിരകന്നത്. വലത് ഭാഗത്തേക്കുള്ള റോഡ് ചൂണ്ടി,മഹാനായ അലിയ്യുല്‍ കൂഫി തങ്ങള്‍ അന്ത്യവിശമം കൊള്ളുന്ന പ്രസിദ്ധമായ പെരിങ്ങത്തൂര്‍പള്ളിയും,അതു കഴിഞ്ഞ് കനകമലയുമാണെന്ന് പരിജയപ്പെടുത്തി.സമയക്കുറവ് കാരണം അങ്ങൊട്ടെക്കുള്ള യാത്ര പിന്നത്തെക്ക് വെച്ച് ഞങ്ങള്‍ നേരെ പാനൂരിലേക്കുള്ള റോഡിലേക്ക് തിരിഞ്ഞു.
ഏറെ രാഷ്ട്രീയ കലാപങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ഒരു ജനതയുടെ വിരിമാറിലൂടെയാണ് ഞങ്ങളിപ്പോള്‍ സഞ്ചരിച്ച് കൊണ്ടിരിക്കുന്നത്.ഭീകരമുഖമുള്ള ഒരു പറ്റം കാട്ടാളന്മാരുടെ വിരഹ കേന്ദ്രം..! സമാധാനം കാംക്ഷിക്കാത്ത ഒരു തരം മനുഷ്യ ജീവനുകള്‍,അവര്‍ക്കിടയില്‍ പേടിച്ചരണ്ട് പമ്മിയിരിക്കുന്ന സാധാരണക്കാറ്.ഇതായിരുന്നു പാനൂരിനെകുറിച്ച് എനിക്കുണ്ടായിരുന്ന കാഴ്ചപ്പാട്.എന്നാല്‍ തികച്ചും സാധാരണ ജീവിതം നയിക്കുന്ന ഒരു സമൂഹത്തെയാണ് യാത്രയുടെ വഴിയോരങ്ങളിലെനിക്ക് കാണാനായത്. ചേമ്പില തലക്ക് മീതെ പിടിച്ച് ദൃതിയില്‍നടക്കുന്ന ഒരാളെ ചൂണ്ടിക്കാണിച്ച് ഷാജഹാന്‍ പറഞ്ഞു, ഈയിടെയുണ്ടായ കലാപത്തില്‍ നഷ്ടപ്പെട്ട ഒരു ജീവന്റെ പിതാവാണ് ആ വയോവൃദ്ധനെന്ന്.നഷ്ടങ്ങളുടെ വലിപ്പവും ആഴവും ഉള്ളില്‍ പേറി വലിഞ്ഞ് നടക്കുകയാണാമനുഷ്യന്.സഹതാപം പരിഹാരമല്ലാത്തതിനാല്‍ ഞാനെന്റെ ചിന്തയെ സഹീറിലേക്ക് തിരിച്ച് വിട്ടു.പരിധിക്കപ്പുറത്തായിരുന്ന സഹീറിപ്പോള് സ്വിച്ച് ഓഫാണ്. എന്തു കൊണ്ടാണ് ഇവന്‍ ഹൈഡായി നില്‍ക്കുന്നതെന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്.എന്റെ സംശയം ഞാന്‍ ഇക്കയുമായി പങ്ക് വെക്കുകയും ചെയ്തിരുന്നു.അപ്പോഴൊക്കെ രാഷ്ട്രീയ സംഘട്ടനങ്ങളുണ്ടാകുമ്പോള്‍ രാഷ്ട്രീയ പ്രവര്‍ത്തകരടക്കമുള്ള പ്രാദേശിക നേതാക്കള്‍ മാളത്തിലൊളിക്കുമെന്ന സിദ്ധാന്തം പറഞ്ഞ് എന്നെ ആശ്വസിപ്പിക്കുമായിരുന്നു.
എന്നാല്‍ പാനൂരിന്റെ വാതില്‍ക്കലെത്തിയിട്ടും സഹീറെന്ന ഓര്‍കൂട്ട് സുഹൃത്തിനെ കാണാനോ സംസാരിക്കാനോ പറ്റാത്തതിലുള്ള നിരാശ ഞാന്‍ മറച്ച് വെച്ചില്ല.എന്റെ ആവലാതി ഞാന്‍ ഷാജഹാനെ അറിയിച്ചു.വലിയ ഒരു തമാശ ആസ്വദിച്ചമട്ടായിരുന്നു അവന്.എന്റെ സംശയങ്ങള്‍ക്ക് തെല്ലും അടിസ്ഥാനമില്ലാ എന്നതായിരുന്നു അവന്റെ പക്ഷം.ഞങ്ങള്‍ പാനൂരിന്റെ പടികയറുകയാണ്.ബസ്റ്റാന്റ് റോഡ് വഴി,റോഡിനിരുവശവും നിരനിരയായി കിടക്കുന്ന ഒട്ടനവധി കടകളെ പിന്നിലാക്കി ഞങ്ങള്‍ പാനൂരിന്റെ ഹൃദയഭാഗത്ത് പ്രവേശിച്ചു.നാലു ഭാഗത്തുനിന്നും റോഡുകള്‍ വന്നു ചേരുന്ന ഒരു വലിയ കവലയില്‍ നിന്നും നേരെ കൂത്തുപറമ്പിലേക്കുള്ള റോഡിലേക്ക് കടന്നു.ഒരു നാലു കിലോമീറ്ററ് കൂടി പിന്നിട്ട്,മെയിന്‍ റോഡില്‍ നിന്നും ഇടത്തോട്ടേക്കുള്ള പോക്കറ്റ് റോഡിലേക്ക് കടന്നു.രണ്ട് മിനുട്ടുകള്‍ക്കകം യാത്രയുടെ ലക്ഷ്യം പൂര്‍ണമാവുകയാണ്.ഞാന്‍ വണ്ടിയിലിരുന്ന് തന്നെ ഫ്രഷായി.ഹാന്റ് ബാഗില്‍ കരുതിയിരുന്ന ചീപ്പും കണ്ണാടിയുമെടുത്ത് മകളും തയ്യാറായിക്കൊണ്ടിരുന്നു.

തുറന്നിട്ടിരിക്കുന്ന ഗെയ്റ്റ് കടന്ന് പറോഡയെ പോര്‍ച്ചിലൊതുക്കി ഷാജഹാന്‍ വാതില്‍ തുറന്നു.കൂടെ ഞങ്ങളും.വാതില്‍ തുറന്ന് സഹീറിന്റെ വീട്ട്മുറ്റത്തിറങ്ങി..
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~ തുടരും~~~~~

Saturday 17 May 2008

വിടപറയും മുമ്പേ……

മയം പതിനന്നോടടുക്കാറായി…ബന്ധു വീട്ടിലെ മുടികളയല്‍ ചടങ്ങില്‍ പങ്കെടുക്കാനുള്ള ഒരുക്കത്തിലാണെല്ലാവരും.ക്ഷണിക്കാതെ ക്ഷണിഞ്ഞ് ചെല്ലാന്‍ ഒരു കുറച്ചിലുള്ള പോലെ.
കാലങ്ങള്‍ക്ക് മുമ്പ് കണ്ട് മറന്ന പലമുഖങ്ങളെയും ഒരുമിച്ച് കാണാന്‍ പറ്റിയ അവസരം. ഒഴിവാക്കാനും മനസ്സ് വരുന്നില്ല. ഉപ്പയുടെയും ഉമ്മയുടെയും അനിയത്തിയുടെയും നിര്‍ബന്ധം കാരണം ഞാന്‍ ഇക്കയെ വിളിച്ച് സമ്മതം വാങ്ങി. കുട്ടികള്‍ ആദ്യമായിട്ടാണല്ലോ ഇത്തരം ചടങ്ങുകളില് പങ്കെടുക്കുന്നത്. അവര് ആവേശത്തിലാണ്..

പോര്‍ച്ചില് നിന്ന് അനിയന്‍ വണ്ടിയിറക്കുമ്പോള്‍ ഉമ്മയുടെ കയ്യിലുണ്ടായിരുന്ന കുഞ്ഞിവള അനിയത്തിയെനിക്ക് കാണിച്ച് തന്നു. നാല് ഗ്രാമോളം കനം തൂങ്ങുന്ന ഉരുപ്പടി !
ഞങ്ങള്‍ ലക്ഷ്യസ്ഥാനത്തെത്തിയതും എന്നെ എല്ലാവരും കൂടി വളഞ്ഞു. പരിപാടി കഴിഞ്ഞ് അതു വഴി വരാനിരിക്കുകയായിരുന്നെന്ന് ചിലറ് .വന്ന വിവരം നേരത്തെ തന്നെ അറിഞ്ഞിരിക്കുന്നു..!!പരിചയം പുതുക്കിയും പരിചയപ്പെട്ടും ഞാന്‍ അവിടെ തിളങ്ങിക്കൊണ്ടിരുന്നു.
മകളെ സംസാരിപ്പിക്കാന്‍ ശ്രമിക്കുകയാണ് ചിലര്, എന്ത് ചോദിച്ചിട്ടും അവള്‍ മിണ്ടുന്നേയില്ല, ഇത് കണ്ട് കൊണ്ടിരിക്കുന്ന ഒരു വല്യുമ്മ,
“ങ്ങളെ വര്‍ത്താനൊന്നും ആകുട്ടിക്ക് തിരീലെണ്ണീ“.
“അത് അറബിക്കുട്ട്യല്ലേ… അറബീല് ചോയ്ചോക്ക്ണ്ണീ “ എന്ന് മറ്റൊരാളും.
ഇത് കേട്ട് കൊണ്ടിരിക്കുന്ന മറ്റൊരു വല്യുമ്മ.
“അയിന് ആര്‍ക്കാബട അറബി തിര്യാ“,
“പഠിക്കുന്ന കാലത്ത് അറബിമലയാളം പഠിച്ചാ ഇങ്ങനൊക്കെണ്ടാകും!.”ന്റെ പേരകുട്ടിണ്ടെങ്കി ഇതൊന്നും ഒരു വര്‍ത്താനല്ല. ഓള് അറബിക്കോളേജിലല്ലേ ഓതാന് പോകുന്നത് “,കൂട്ടത്തില് വെളുത്ത് തടിച്ച ഒരമ്മായി അല്പം ഗമയോടെ സംസാരിച്ച് തുടങ്ങുന്നതിന്നിടയിലാണ് , “ഉമ്മാ എനിക്ക് കാക്കയുടെ അടുത്ത് പോണം” എന്ന് മോള് പറഞ്ഞത്. തനി മലപ്പുറം ശൈലിയില്‍ മോളുടെ അദ്യമൊഴി കേട്ട് പൊട്ടിച്ചിരിയായിരുന്നു പിന്നെയുണ്ടായത്.
ഒസ്സാത്തി കത്തിയുമായി മുടികളയാനായി തയ്യാറായിരിക്കുകയാണ്.അവര് കുട്ടിയുടെ അമ്മായിയെ അന്വോഷിക്കുന്നുമുണ്ട്. പരസ്പരം കുശുകുശുക്കുന്നതല്ലാതെ അമ്മായിക്കസാരയില് ആരും ഇരിക്കുന്നത് കാണുന്നില്ല. മൂന്ന് അമ്മായികളുണ്ടായിട്ട് ആരും വന്നില്ലെ എന്ന അടക്കം പറച്ചില് ഉച്ചത്തില്‍ തന്നെ വന്നു. കൂട്ടത്തില് പ്രായം കൂടിയ ഒരു വല്യുമ്മ ആ സ്ഥാനം ഏറ്റെടുത്തു. പരിപാടി ഭംഗിയായി നടന്നു. കുളികഴിഞ്ഞ് പൌഡറിട്ട കൊച്ചു മിടുക്കന്‍ മെത്തയില്‍കിടന്ന് ചുറ്റും കണ്ണോടിക്കുകയാണ്..
ആചാരങ്ങളുടെ വലയം അവന് മീതെ ചുറ്റിവരയുന്നത് കാണാന്‍ കൌതുകത്തോടെ ഞാനും.
പക്ഷെ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് പരിപാടി അവസാനിച്ചത് പോലെ കൂടിനിന്നവരൊക്കെ ഭക്ഷണം കഴിക്കാനായി പന്തലിലേക്കാനയിക്കപ്പെട്ടു. അപ്പോഴും ഉമ്മ കരുതിവെച്ച സമ്മാനപ്പൊതി അനിയത്തിയുടെ കയ്യില് ഭദ്രമായി ഇരിപ്പുണ്ടായിരുന്നു..

ചൂടുള്ള പോത്തിറച്ചി നൈച്ചോറിന് പാകപ്പെടുത്തി എന്റെ മുന്നിലെത്തിയപ്പോള്‍ മര്യാദ കൈവിടുന്നപോലെ തോന്നി..മക്കളെ ഉമ്മക്കരികിലാക്കി ഞാന്‍ സ്വ്‌സ്ഥമായി തീറ്റ തുടങ്ങി.മൂന്ന് മൊഴുത്ത കഷ്ണം പോത്തിറച്ചി വിഴുങ്ങിയതിന് ശേഷമാണ് ഞാന്‍ അനിയത്തിയെ നോക്കിയത്. ഇരു കൈമുട്ടുകളും ടേബിളില്‍ കുത്തി ചെറുപുഞ്ചിരിയോടെ എന്നെ കാണുകയാണവള്..മുമ്പെങ്ങും കാണാത്തപോലെ..ഒരു കഷ്ണം പോത്തിറച്ചികൂടി എനിക്കായ് നീക്കിവെച്ച് എന്നോടവള്‍ വേദനയോടെ പറഞ്ഞു..
“ഈ പ്രവാസം ഒന്നവസാനിപ്പിച്ചിരുന്നെന്ന്കില്‍ “..
പന്തിഭോജനം കഴിഞ്ഞ് യാത്രതിരിക്കുമ്പോള്‍ എന്റെ മനസ്സില്‍ ഒരു പാട്കാഴ്ചകള്‍ ചോദ്യങ്ങളായി അവശേഷിക്കുകയായിരുന്നു. വീട്ടിലെത്താന്‍ കാത്ത് നില്‍ക്കാതെ ഞാന്‍ എന്റെ ചോദ്യങ്ങള്‍ ഓരോന്നായി ചോദിച്ച് തുടങ്ങി.
സമൂഹത്തില്‍ ആഴത്തില്‍ വേരുറച്ച പല അനാചാരങ്ങളെയും, തന്റെതായ ശൈലിയില്‍ എതിര്‍ക്കുകയോ വേണ്ടെന്ന് വെക്കുകയോ ചെയ്തപ്പോള്‍ ഒറ്റപ്പെട്ടു പോയ ഒരു പ്രവാസിയുടെ കഥയാണെനിക്ക് അവരില്‍ നിന്നും കേള്‍ക്കാനായത്। നാട്ടു നടപ്പനുസരിച്ച് ഗര്‍ഭധാരണം മുതല്‍ തുടങ്ങുന്ന ചടങ്ങുകള്‍ ഭഹിഷ്കരിക്കുകമാത്രമല്ല, തന്റെ കുട്ടിക്ക് അണിയാനായി ഒരുക്കിവെച്ച ഉരുപ്പടികള്‍ പാവപ്പെട്ടവര്‍ക്ക് ദാനമായികൊടുക്കണമെന്നും, അതിന്ന് തയ്യാറാകാതെ ആരെങ്കിലും ഇത്യാതി കാര്യങ്ങള്‍ ചെയ്യുകയാണെങ്കില്‍ സ്വദഖയായി(ദാനം) പരിഗണിക്കുമെന്നും, പറഞ്ഞതാണത്രേ അമ്മായിപ്പട്ടം കരസ്ഥമാക്കിയവര്‍ ചടങ്ങുകള്‍ബഹിഷ്കരിക്കാന്‍ കാരണമായത്.
കെട്ട്പിണഞ്ഞ് കിടക്കുന്ന അനാചാരങ്ങളെ പ്രസംഗം കൊണ്ട് തിരുത്താനാവില്ലാ എന്ന് മനസ്സിലാക്കിയ പല യുവാക്കളും പ്രവര്‍ത്തിച്ച് കാണിക്കുമ്പോള്‍,ഇത്തരം സമരമുറകളുമായി ആദ്യം രംഗത്തിറങ്ങുന്നത് സ്വ കുടുംബങ്ങളില്‍ നിന്ന് തന്നെയാണ് എന്നതാണ് യാഥാര്‍ത്യം. ഒറ്റപ്പെടലിന്റെ കൈപ്പുകള്‍ വേണ്ടുവോളം അനുഭവിക്കുമ്പോള്‍ ആദര്‍ശങ്ങളിള്‍ വെള്ളം ചേര്‍ക്കാന്‍തയ്യാറാകുന്ന ഒരുകൂട്ടം,അവര്‍ക്ക് മുന്നില്‍ മാതൃകയായിട്ടുണ്ടാകുന്നതാണ് ഇത്തരം സമരങ്ങളുടെയും പിണക്കങ്ങളുടെയും ആഴം കൂടാന്‍ കാരണമാകുന്നത്.
പടിക്കലെ ജുമുഅത്ത് പള്ളിക്ക് മുന്നിലെത്തിയപ്പോള്‍ അസറ് നമസ്കാരത്തിനായി അനുജന്‍ വണ്ടി നിര്‍ത്തി, ഞങ്ങള്‍ സ്ത്രീകളുടെ ഭാഗത്തേക്ക് നീങ്ങുമ്പോള്‍, മണ്‍‌വെട്ടിയുമായി ഒരാള്‍ പള്ളിക്കാട് ലക്ഷ്യമാക്കി നീങ്ങുന്നത് കണ്ടു. തൊട്ടുപിറകെ ഒരു ബക്കറ്റില്‍ കുറച്ച് വെള്ളവുമായി ഇബ്രാഹീംകുട്ടിക്കയുമുണ്ട്.ഞങ്ങളെ കണ്ട് ഭവ്യതയോടെ മാറിനിന്ന ഇബ്രാഹീംകുട്ടിക്കയാണിന്ന് പള്ളിപ്പരിപാലകനായി അറിയപ്പെടുന്നത്. വര്‍ഷങ്ങളോളം അയമുദുക്കായുടെ കരങ്ങളില്‍ ഭദ്രമായിരുന്ന ഈ പദവിക്ക് അത്രയേറെ മാന്യതയും ബഹുമാനവുമാണ് മഹല്ലുകാര് നല്‍കിപ്പോരുന്നത്.ആരുടെയോ ജീവിതയാത്രയുടെ അന്ത്യംകുറിച്ച എല്ലാ ലക്ഷണങ്ങളും പള്ളിപ്പരിസരത്ത് കാണുന്നുണ്ട്. നമസ്കാരം കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ ഞാന്‍ വീണ്ടും കബറാളികളെ നോക്കി. നോക്കെത്താദൂരത്തോളം കാട് മൂടിക്കിടക്കുന്ന കബറിന്റെ ഉള്ളറകളില്‍ ഞാന്‍ സ്വയം കിടന്നതായി ഭാവിച്ചു. കൂരാകൂരിരുട്ടിലെന്റെ മണ്‍കൂടാരത്തില്‍ മെഴുകുതിരി വെട്ടം പോലെ ഒരു പ്രകാശം കാണുന്നു. അതേ...അത് തന്നെയാണ് സ്വര്‍ഗം.
അങ്ങകലെ പാതിതുറന്ന ഒരു വാതില്‍ എനിക്കായി തുറക്കുന്നുണ്ടോ.. ?
അവ്യക്തമായ കാഴ്ചയില്‍ കുറെ നല്ലമനുഷ്യര്‍ എന്നെ മാടി വിളിക്കുന്നുണ്ടോ..!!
ഞാന്‍ അങ്ങോട്ട് നടന്നു..നടന്നടുക്കുന്തോറും എന്റെ വഴികള്‍ നീണ്ടുപോയ്കൊണ്ടിരുന്നു.
പെട്ടെന്നായിരുന്നു എന്റെ കയ്യിലൊരു കൊളുത്തുവീണത്. ഞാന്‍ ഞെട്ടിത്തിരിഞ്ഞ് നോക്കി.
അനിയത്തി കൈ പിടിച്ച് വലിച്ചതാണ്..
“ഈ.. മോളി ഇവിടൊന്നൊല്ലാന്നാതോന്ന്‌ണെ“..
അതെ "ഞാന് കബറിലായിരുന്നു“. (കുഴിമാടം) എന്ന് പറയാന്‍ ഭാവിച്ചതാണ് .പക്ഷെ പറഞ്ഞില്ല.അങ്ങിനെ പറഞ്ഞിരുന്നെങ്കില്‍ എന്റെ കഴുത്തിലോ അരയിലോ ഒരു ഏലസ്സ് വീഴാന്‍ അധിക സമയം വേണ്ടി വരുമായിരുന്നില്ല.
വീട്ടിലേക്കുള്ള ചെമ്മണ്‍ പാതയിലേക്ക് വണ്ടി തിരിയുമ്പോഴാണ് അയലത്തെ ബീതാത്ത ദൃതിയിള്‍ ഒരു കുപ്പിയുമായി വരുന്നത് കണ്ടത്. ബീതാത്തയെ കണ്ടതും അനിയന്‍ വണ്ടിനിര്‍ത്തി. കരണിയിലെ പള്ളിയിലേക്ക് മണ്ണണ്ണനേര്‍ന്നത് കൊണ്ടുകൊടുക്കാന്‍ ഓടുകയാണവര്. ഉറുമ്പുകളുടെ ശല്യം ഒഴിയുവാന്‍ പുരാതനമായ ഈ പള്ളിയിലേക്ക് മണ്ണണ്ണനേര്‍ച്ചയാക്കുന്ന പതിവ് ഈ പള്ളികണ്ടെത്തിയാ കാലത്തോളം പഴക്കമുണ്ട് . നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഈ പള്ളി, ഒരു പ്രളയത്തിന്ന് ശേഷമാണ് കാണപ്പെട്ടെതെന്നും, മൂസാനബിയാണെന്നവകാശപ്പെട്ട ഒരു വ്യാജസിദ്ധന്റെ ആഗമനത്തോടെ ജനസഞ്ചാരം തുടങ്ങി എന്നുമൊക്കെ ഇവിടുത്തെ ചരിത്രങ്ങളില്‍ രേഖപ്പെട്ട് കിടക്കുന്നു. എതായാലും ദ്രവിച്ച് പോകാത്ത പല മൃതശരീരങ്ങളും കാലങ്ങളുടെ കൂലം കുത്തിയൊഴുക്കില്‍ വെളിപ്പെട്ടിട്ടുണ്ട് എന്നത് യാഥാര്‍ത്യമാണ്. ഉറവവറ്റാത്ത മൂന്ന് കുളങ്ങളാണ് സ്ത്രീകളെ ഇങ്ങോട്ട് ആകര്‍ഷിക്കുന്നമറ്റൊരു ഘടകം. മോട്ടോറിന്റെയും ഷവറിന്റെയുമൊക്കെ ആധിപത്യത്തിന് മുമ്പ് ചുറ്റുവട്ടത്തുള്ളവര്‍ കുളിക്കുവാനും അലക്കുവാനും ആശ്രയിച്ചിരുന്നത് ഈ കുളങ്ങളെയാണ്. ചെറുപ്പകാലത്ത് നീന്തല്‍‌പഠിച്ച ആ കുളങ്ങള്‍ കാണുവാന് എന്റെ മനസ്സ് തുടിച്ചു. ഞാന്‍ അനിയത്തിയേയും കൂട്ടി ബീതാത്തയുടെ കൂടെ കരണികുളം ലക്ഷ്യമാക്കി നടന്നു. കാട്മൂടിക്കിടന്നിരുന്ന ഇടവഴികളൊക്കെ റോഡായിമാറിയിരിക്കുന്നു. മുമ്പൊക്കെ നട്ടുച്ചക്ക് ഇതുവഴി ആരും വഴിനടക്കാറുണ്ടായിരുന്നില്ല. ശൈത്താന്‍മൂല എന്നറിയപ്പെട്ടിരുന്ന വളവിലൊക്കെ വലിയ ടെറസിന്റെ വീടുകള്‍ തല‌ഉയര്‍ത്തിനില്‍ക്കുന്നു. ഇരുട്ട് മൂടിക്കിടന്നിരുന്ന നടവഴിയായിരുന്നു ഇതെന്ന് പറഞ്ഞറിയിക്കേണ്ടിവരും. അത്രക്ക് മാറിയിട്ടുണ്ട് കരണിയുടെ മുഖം.
മാറ്റമില്ലാതെ തുടരുന്നത് മാറ്റങ്ങള്‍ക്ക് മാത്രമാണല്ലോ..
ഒരുകാലത്ത് ഞാനടക്കമുള്ള പെണ്‍കുട്ടികള്‍ നീന്തിത്തുടിച്ചിരുന്ന പെണ്‍കുളം,വിസ്‌തൃതികുറഞ്ഞ് കഷ്ടിച്ച് രണ്ട്പേര്‍ക്ക് മാത്രം ഇറങ്ങി നില്‍ക്കാന്മാത്രം പാകത്തിന് ചുരുങ്ങിപ്പോയിരിക്കുന്നു. നാടും നാട്ടുകാരും പുരോഗമനത്തിന്റെ വഴികള്‍ തേടിത്തുടങ്ങിയപ്പോള്‍ സ്ത്രീകള്‍ക്ക് ആധിപത്യമുണ്ടായിരുന്ന ഈ കുളവും വിസ്‌മൃതിയിലാണ്ട്പോയി. അന്നൊക്കെ കുളക്കടവ് വഴി നടന്ന് പോകുന്ന പുരുഷന്മാരെ നോക്കി “പെണ്ണുങ്ങളിവിടെ കുപ്പായം കയിച്ചിട്ടുണ്ടെ… ഇങ്ങോട്ട് നോക്കരുതേ ..“
എന്ന് ഉച്ചത്തില്‍ വിളിച്ച് പറയാന്‍ മാത്രമായി കൂട്ടത്തിലൊരുത്തി കാവലിരിക്കും‌പോലെ ഒരു കല്ലില്‍ ഇരിക്കുമായിരുന്നു. സ്ത്രീകള്‍ കുളിക്കുന്നു എന്ന് കേള്‍ക്കേണ്ടതാമസം പിന്നെ അതുവഴി നടക്കുന്നവരുടെ എണ്ണം പെരുകുന്നതും,ഏന്തിവലിഞ്ഞ് നോക്കുന്നതും പതിവ് കാഴ്ചയാണ്. കുളക്കരയിലെ പൊടിയന്നിമരത്തില്‍ കുളിസീന്‍ കാണാന് കയറിപ്പറ്റിയ യൂസ്‌ഫ്, കമ്പ് പൊട്ടി കുളത്തില് വീണ് കാലുമുറിഞ്ഞപ്പോള്‍, “ഏന്തീ“നെന്ന ഓമനപ്പേര് വീണതും ഇവിടുന്നായിരുന്നു.
പായലുകൊണ്ട് പച്ചപുതച്ചിരിക്കുന്ന കുളത്തിലേക്ക് വലിയ കരിങ്കല്ല് പൊക്കിയെറിഞ്ഞപ്പോള് ഞാനൊരു പാവാടക്കാരിയാവുകയായിരുന്നു. പാകിക്കിടന്നിരുന്ന പയല്‍കൂട്ടങ്ങള്‍ തെന്നിയകലുന്നതും,പിന്നെ കൂടുന്നതും കണ്ട് ഞാന്‍ പുളകം പൂണ്ടു. എന്റെ ചെയ്തികള്‍കണ്ട് അമ്പരന്നു നില്‍ക്കുകയാണ് അനിയത്തി.കൊച്ചുകുട്ടികളെപ്പോലെ കുളത്തിലേക്ക്കല്ലെടുത്തെറിഞ്ഞതിനെ പരിഹസിക്കുകയാണവള്. അവള്‍ക്കറിയില്ലല്ലോ മുറ്റത്തെ മുല്ലയുടെ മണം.

കഞ്ഞിക്കുറുക്കയിലയും,കുറുന്തോട്ടിയും,പാറോത്തിലയും പറിച്ചെടുത്ത് ബീതാത്ത തിരിച്ച് പോകാനായി ഞങ്ങളെ വിളിച്ചു.
കൊച്ച് കുട്ടികളുടെ കരച്ചിലടക്കാന്‍ കഞ്ഞിക്കുറുക്കയില അരച്ച് കൊടുക്കുന്ന നാട്ട് വൈദ്യം ഇന്ന് പലര്‍ക്കും അറിയില്ല. ദഹനക്കുറവിന്ന് വളരെ നല്ലതാണ് ഈ കാട്ടുചെടിയെന്ന് പഴമക്കാര്‍പോലും മറന്ന് പോയിരിക്കുന്നു. കാഴ്ചയില്‍നിന്ന് അപ്രത്യക്ഷ്യമായ പലകാട്ട് ചെടികളും കരണിയിലെ പള്ളിക്കാട്ടില്‍ ഒരു കാലത്ത് സുലഭമായിരുന്നു . ഒരിക്കല്‍ പഞ്ചപൂപതിയുടെ ആചാര്യനായ ടി സി കുരിക്കളുടെ രഹസ്യകേന്ദ്രമായിരുന്നു ജനവാസമില്ലാത്ത ഈ പ്രദേശമെന്ന് ഞാന്‍ കേട്ടിട്ടുണ്ട്.
വീട്ടിലെത്തിയപ്പോള്‍ ഇക്ക യാത്രകഴിഞ്ഞ് അക്ഷമയോടെ കാത്തിരിക്കുകയാണ്.എന്നെ കാണാത്തതിലുള്ള അരിശം മുഖത്ത് കാണാം..
“കാട് തെണ്ടിക്കഴിഞ്ഞോ“ എന്ന ചോദ്യമാണ് എന്നെ വരവേറ്റത്..കുറെ നല്ല കാഴ്ചകള്‍ കണ്ടൂ എന്ന് പറഞ്ഞ് ഞാന്‍ മകന്റെയും മകളുടെയും മുഖത്തേക്ക് നോക്കി..പിന്നെ രംഗം അവരേറ്റെടുത്തു. മക്കള് അത്ഭുതത്തോടെ കുളം കണ്ടകാര്യം വിവരിച്ചപ്പോള്‍ പെയ്യാനിരുന്ന കാര്‍മേഘങ്ങള്‍ ഒഴിഞ്ഞ മാനം പോലെ ഇക്കയുടെ മുഖം പ്രസന്നമായി. ഓര്‍മകള്‍ ഇക്കയെയും കൊണ്ട് വീണ്ടും കരണിയിലെ കുളത്തിലെത്തി. ഒരു കൂട്ട് ചെരുപ്പും ഉടുതുണിയും കുളത്തിനുടമയായ മയമുട്ടികായുടെ കയ്യില്പെട്ടിട്ട് കാലമെത്രയായി. വികൃതിയുടെ അതിര്‍വരമ്പുകള്‍ മുറിച്ച്കടന്നപ്പോള്‍,നഷ്ടപ്പെട്ടുപോയ ചെരുപ്പിന്റെ രൂപം ഇന്നും ഇക്കയുടെ ഓര്‍മയില് നിന്ന് മാഞ്ഞിട്ടില്ല.
“യൂസുഫിന്റെ കൂടെ നിങ്ങളുമുണ്ടായിരുന്നില്ലെ “ എന്ന ചോദ്യത്തിന് മറുപടി പറയുന്നതിന് മുമ്പ് ഇക്കയുടെ മൊബൈല്‍ ശബ്ദിച്ചു.
സഹീറലിയാണ്,
രാവിലെ പുറപ്പെടുന്നകാര്യം തീര്‍ച്ചപ്പെടുത്തുകയാണവര്‍. ജിദ്ധയില്‍നിന്ന് പുറപ്പെട്ടിട്ട് ദിവസങ്ങള്‍ കഴിഞ്ഞപോലെ.. ഇനിയും ലക്ഷ്യസ്ഥാനതെത്തിയിട്ടില്ല.ഷാജഹാന്‍ കോഴിക്കോട് കാത്ത് നില്‍ക്കും.
കരുവന്തിരുത്തിയിലെ പ്രസിദ്ധമായ തറവാട്ടില്‍ നിന്ന് ഒരാളെ കൂടി ഞങ്ങള്‍ക്ക് കൂട്ടാനുണ്ട്. അതും ഓര്‍കൂട്ടില്‍ നിന്ന് സഹീറിന് കിട്ടിയ വലിയൊരു സൌഹൃദമാണ്. അവന്‍ ആ ഓര്‍കൂട്ടിയുടെ നമ്പറും തന്ന് അവസാനിപ്പിച്ചു.
സമയം 7മണിയേ ആവുന്നുണ്ടായിരുന്നുള്ളൂ. ഇക്കയുടെ മൊബൈല്‍ നിറുത്താതെ പാടുകയാണ്. ഞാന്‍ മൊബൈലെടുത്തു ഹലോ പറഞ്ഞു. അങ്ങേതലക്കല്‍ കരുവന്തിരുത്തിയില്‍ ഞങ്ങളെ കാത്തിരിക്കുന്ന സഹീറിന്റെ ഒര്‍കൂട്ട് സുഹൃത്ത്. സ്വയം പരിചയപ്പെടുത്തിയ ആ ശബ്ദത്തിന്നുടമയുടെ പ്രൊഫൈല്‍ നാമം എനിക്ക് സുപരിചിതമാണ്. പക്ഷെ ഒരിക്കലും എന്റെ ഫ്രണ്ടായിരുന്നില്ല. ലിസ്റ്റിലില്ലാത്ത ഫ്രണ്ടുമായി ഞാന്‍ ഒരുപാട് സ്ക്രാപ്പിയിട്ടുണ്ട്. പലവട്ടം ഞങ്ങള്‍ രണ്ട് ചേരിയിലുള്ളവരെപ്പോലെ വെല്ലുവിളിച്ചിട്ട്പോലുമുണ്ട്. അന്നൊക്കെ മധ്യസ്ഥനായി സഹീറ് ഓടിയെത്തുമായിരുന്നു. അപ്രതീക്ഷിതമായ ഈ കണ്ടുമുട്ടല്‍ ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും മനസ്സിലെപ്പോഴോ ഈ കുറുമ്പിയെ കാണാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു എന്നതാണ് സത്യം. ഇക്ക പറോഡയിലിരുന്ന് അക്ഷമകാട്ടിത്തുടങ്ങിയിരുന്നു. എന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടില്ല. യാത്രപറയുന്നതിന്റെ ദു:ഖം,എന്റെ മുഖത്തെ പ്രസരിപ്പ് മാറ്റാതിരിക്കാന്‍ ഞാന്‍ പരമാവധി ശ്രമിച്ചു. എങ്കിലും ചുണ്ടുകള്‍ വിറക്കുന്നത് പോലെ. പലപ്പോഴും ഉമ്മയുടെ പരിഭവത്തിന് മറുപടിപറയാനാകാതെ തൊണ്ടയിടറി.
കണ്ണുകള്‍ നിറഞ്ഞൊഴുകുമെന്നായപ്പോള്‍ ഞാനെന്റെ കണ്ണട യെടുത്തണിഞ്ഞു. പടിയിറങ്ങിയപ്പോള്‍ കാലുകള്‍ക്ക് ചലിക്കാന്‍ പ്രയാസപ്പെടുന്നത് പോലെ. കണ്ണീര്‍കണങ്ങളാല്‍ മൂടപ്പെട്ട കണ്ണുകള്‍കൊണ്ട് ഉമ്മറത്തിരിക്കുന്ന ഉപ്പയേയും അനിയത്തിയേയും അനുജനേയും ഒരിക്കല്‍കൂടിഞാന്‍ അവ്യക്തമായി കണ്ടു , ഇടറിയ ശബ്ദത്തില്‍ മൊഴിഞ്ഞ എന്റെ അസ്സലാമുഅലൈക്കും അവര് കേട്ടോ എന്നറിയില്ല. മറുപടിക്ക് കാത്ത്നില്‍ക്കാതെ ഞാന്‍ പറോഡയിലെ മുന്‍സീറ്റിലിരുന്ന് കണ്ണുകളൊപ്പി..
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~ തുടരും .....

Saturday 10 May 2008

കളിക്കളം..

കുറുക്കു വഴികളിലൂടെ ശരവേഗത്തില്‍ ഇക്ക വണ്ടി പായിക്കുകയാണ്‍,ഇത്രയും തിടുക്കത്തില്‍ ഇക്ക വണ്ടി ഓടിക്കുന്നത് ഞാനിതു വരെ കണ്ടിട്ടില്ല ഇടക്ക് ഷാജഹാന് വന്ന ഒരു കാളില്‍ നിന്നാണ് ഞാനാ നടുക്കുന്ന വാര്‍ത്തയറിഞ്ഞത്.രാഷ്ട്രീയ വൈര്യം കുടുംബത്തിലേക്കെത്തിയിരിക്കുന്നു,വേണ്ടപ്പെട്ട ഒരാണ്‍തരിയുടെ ചോരയാണ് ചീറ്റിയിരിക്കുന്നത്.കാഴ്ചമങ്ങിയ കിരാതന്മാര്‍ക്ക് ആളുമാറിയാലും നഷ്ടപ്പെടുന്ന ചോരയുടെ നിറം ചുമപ്പാണെന്ന ചിന്തപോലുമില്ലാത്തവിധം മനസ്സ് പാകപ്പെടുത്തിയ കാട്ടാളന്മാരുടെ ഭയപ്പെടുത്തുന്ന രൂപം,ഷാജഹനെ ആശ്വസിപ്പിക്കാന്‍ പോലും കഴിയാത്തവിധം എന്നെ മരവിപ്പിക്കുകയായിരുന്നു .ചെട്ടിപ്പടിയിലെ റെയില്‍‌വേ ഗേറ്റും കടന്ന് പരപ്പനങ്ങാടി സ്റ്റേഷനിലെത്താന്‍ അധിക സമയമെടുത്തില്ല. ഷാജഹാന്റെ വരവും കാത്തിരുന്നപോലെ കണ്ണൂര്‍ എക്സ്പ്രസ്സ നീണ്ട് നിവര്‍ന്ന് കിടക്കുന്നു, ചൂളം വിളിയോടെ നീങ്ങിത്തുടങ്ങിയ ബോഗിയിലേക്ക് ചാടിക്കയറിയ ഷാജഹാന്‍ വിഷ് ചെയ്ത് ദൃഷ്ടിയില്‍ നിന്ന് മറഞ്ഞു. പരപ്പനങ്ങാടിയില്‍ നിന്ന് ചെമ്മാട് വഴിയായിരുന്നു ഞങ്ങളുടെ മടക്കം,കോളേജ് കാലങ്ങളിലെ ഞങ്ങളുടെ സ്ഥിരം വഴി.പൊട്ടിപ്പൊളിഞ്ഞ കോഴിക്കോട് റോഡിലൂടെ ബാലന്‍സ് ചെയ്തുള്ള ബസ്‌യാത്ര അന്നൊക്കെ ഹരമായിരുന്നു. ഇന്നിപ്പോള്‍ ഒന്ന് കുലുങ്ങുമ്പോഴേക്കും നടുവൊടിയുന്ന വേദന.പൊതുമരാമത്ത് മന്ത്രിയെയും ഗവണ്മെന്റിനെയും പ്രാകാന്‍ പറ്റിയ സമയം.ഗ്രാമങ്ങളിലെ മുഴച്ച് നിന്ന റോഡുപോലും മിനുസമായിരിക്കുന്നു.എന്നിട്ടും ചെമ്മാട് മുതല്‍ തലപ്പാറ നാഷനല്‍ ഹൈവേ വരെ ദുഷ്കരമായ യാത്രയായിരുന്നു. പെട്ടെന്നുള്ള വളവുകളും ഇറക്കങ്ങളും മിനിബസ്സുകളുടെ മരണപ്പാച്ചിലും വല്ലാതെ ബുദ്ധിമുട്ടിലാക്കി.NH 17 ലേക്ക് കടന്നപ്പോഴാണ് ശ്വാസം നേരെ വീണത്. നിലം പതിഞ്ഞ് ഓടിക്കൊണ്ടിരിക്കുന്ന വണ്ടിയിലിരുന്നപ്പോള്‍ സൌദിഅറേബ്യയില്‍ യാത്ര ചെയ്യുന്ന പ്രതീതി. കയ്യിലൊതുങ്ങിയ വണ്ടിയിലിരുന്ന് ഇക്ക ഷാജഹാന് ഡയല്‍ ചെയ്തു. പരിധിക്ക് പുറത്തായ അവന്റെ സ്ഥിതി എന്താണാവോ..
വീട്ടിലെത്തിയപ്പോള്‍ നന്നേ ഇരുട്ടിയിരുന്നു.പവര്‍കട്ടായത് കാരണമാണോ എന്നറിയില്ല ,എവിടെയും വെളിച്ചമില്ല.ഗോദ്രേജിന്റെ ഇന്‍‌വേട്ടറുണ്ടായതിനാല്‍ പൂമഖത്ത് ഒരു ട്യൂബ് കത്തുന്നുണ്ട്, അരണ്ട വെളിച്ചത്തിലേക്ക് വണ്ടിയുടെ ഹെഡ്‌ലൈറ്റ് പ്രകാശവും കൂടി ചേര്‍ന്നപ്പോള്‍ മുറ്റമാകെ പൂനിലാവ് പെയ്തപോലെ തിളങ്ങി.എന്നും അപ്രതീക്ഷിതമായിരുന്നു ഞങ്ങളുടെ എല്ലാകാര്യവും.വരവും പോക്കും വിവാഹവും ഒക്കെ അങ്ങിനെ തന്നെ.എന്നാല്‍ ഒരു വണ്ടിയുമായി ഇപ്പോഴുള്ള വരവ് ആരും പ്രതിക്ഷിച്ചിട്ടുണ്ടാവില്ല. ഉപ്പയും ഉമ്മയും വന്നതാരെന്നറിയാന്‍ ആകാംക്ഷയോടെ മുറ്റത്തേക്കിറങ്ങി.അസമയത്ത് ഞങ്ങളെ കണ്ട അമ്പരപ്പ് മാറാന്‍ കുറച്ച് സമയമെടുത്തു.
യാത്രാക്ഷീണം കുട്ടികളെയും ഞങ്ങളെയും ഒരുപോലെ തളര്‍ത്തിയിരുന്നു.വാര്‍ക്കപ്പുരയുടെ വിങ്ങല്‍ ഉറക്കിന്റെ നേര്‍പാതയെ പലപ്പോഴും തടസ്സപ്പെടുത്തി.കറങ്ങിക്കൊണ്ടിരിക്കുന്ന ഫാനില്‍ നിന്നു പോലും ചൂടുക്കാറ്റ് വരുന്നത് പോലെ തോന്നി.ശരീരമാസകലം ഉണങ്ങിവരളുന്നത് പോലെ.തിരിഞ്ഞും മറിഞ്ഞും ഉറങ്ങിയും ഉണര്‍ന്നും ഒരു വിധത്തില്‍ നേരം വെളുപ്പിച്ചു. അതിരാവിലെ ഉണര്‍ന്ന ഞങ്ങള്‍ ആദ്യം ചെയ്തത് ഷാജഹാനെ ഡയല്‍ ചെയ്യുകയായിരുന്നു.സ്വിച്ച് ഓഫായത് കാരണം അവനെകിട്ടുന്നുമില്ല.സഹീറിന്റെ നമ്പറാണെങ്കില്‍ എപ്പോഴും പരിധിക്ക് പുറത്താണ് താനും.ഞാന്‍ ലാപ്റ്റോപ്പെടുത്ത് ഓര്‍കൂട്ട് തുറന്നു.ഇവിടെയെങ്ങാനും മേയുന്നുണ്ടോ അവന്‍..?എന്റെ പ്രൊഫൈലിലേക്ക് വന്ന സൂര്യയുടെ ഛായാചിത്രങ്ങള്‍ സ്ക്രാപ്പ് ബുക്കിന്റെ റീഡിംഗ് സാവധാനത്തിലാക്കി. ഭംഗിയുള്ള ഛായാചിത്രങ്ങള്‍ സൂര്യക്കെന്നും പ്രിയപ്പെട്ടതായിരുന്നു.കളക്ട് ചെയ്യുന്ന ചിത്രങ്ങളും,മഴത്തുള്ളിയിലെ കവിതകളും ഇഷ്ടപ്പെട്ടവര്‍ക്ക് സ്ക്രാപ്പി സായൂജ്യമടയുക എന്നത് അവന്റെ പതിവ് ശൈലിയാണ് ‍. വരയന്‍ കുതിരയുടെയും പരുന്തിന്റെയുമൊക്കെ രൂപം കൈ വിരലുകളെ ഒരുമിച്ച് നിറുത്തി പെയ്ന്റില്‍ ചാലിച്ചെടുത്തിരിക്കുന്നു.നല്ല ഭംഗിയുള്ള ചിത്രങ്ങള്‍.ഞാന്‍ കുറച്ച് നേരം ആ ഛായാചിത്രങ്ങളിലേക്ക് തന്നെ നോക്കിയിരുന്നു. അത്രയ്ക്ക് നയന മനോഹരമായിരുന്നു ആകാഴ്ചകള്‍.ചിത്രങ്ങളിലെ വര്‍ണഭംഗി ആസ്വദിക്കുന്നതിന്നിടയിലാണ് ഏകാന്തപഥികന്റെ സ്ക്രാപ്പ് വന്നത്.വല്ലപ്പോഴും ഒരു വഴിപോക്കനെപ്പോലെ എന്റെ പറമ്പിലൂടെ നടന്നകലുമ്പോള്‍ എന്റെ പൂക്കളത്തിലെ പൂച്ചെടികള്‍ക്കിടയിലെ പാഴ്ചെടികള്‍ കാണിച്ച് തരാന്‍ മടിക്കാറില്ലാ എന്നതാണ് അദ്ധേഹത്തിന്റെ പ്രത്യേകത. വളര്‍ന്നു വരുന്ന എഴുത്തുകാര്‍ക്ക് വഴികാട്ടിയായി എന്നും ഒരു കൂട്ടരുണ്ടാകും എന്ന സത്യമാണ്,ഞാന്‍ അങ്കിളെന്ന് സ്നേഹപൂര്‍വ്വം വിളിക്കാറുള്ള ഏകാന്തപധികനില്‍ നിന്ന് എനിക്ക് കിട്ടിയ വലിയ പാഠം,അതുപോലെ തന്നെ എന്റെ വരികളെ ജനസഞ്ചയങ്ങള്‍ക്ക്മുമ്പില്‍ സമര്‍പ്പിക്കപ്പെടുമ്പോള്‍ ഭയപ്പെടാതെ വിമര്‍ശനങ്ങളെ നേരിടാന്‍ പ്രാപ്തതയാക്കിയതില്‍ പടിക്കലിന്റെ പരിസരദേശങ്ങളെവിടെയൊ ഉള്ള,വിനീതനെന്ന പേര്‍ സ്വീകരിച്ച മാന്യദേഹം വഹിച്ച പങ്ക്,എനിക്ക് കിട്ടിയ അപൂര്‍വ്വങ്ങളിലൊന്നായ സഹായമായിട്ടാണ് ഞാന്‍ കാണുന്നത്.അങ്ങിനെ കലാവാസനയും സാഹിത്യരുചിയും നിറഞ്ഞ കുറെ നല്ലമനസ്സുകളുടെ സഹകരണം ഇന്നും എന്നെ ഈ രംഗത്ത് തുടരാന്‍ പ്രേരിപ്പിക്കുന്ന ഒന്നാണ്.സക്രാപ്പുകള്‍ക്കിടയിലൂടെ നടക്കുന്നതിനിടയിലാണ് മച്ചിലേക്ക് നോക്കിയിരിക്കുന്ന പച്ചക്കുപ്പായക്കാരന്‍ ഹായ് പറഞ്ഞത്.പാതി വായിച്ച സ്ക്രാപ്പുകള്‍ മാറ്റിവെച്ച് ജിടാക്കിലേക്ക് കഥാനായകനെ ക്ഷണിച്ച് കഥപറയും നേരമാണ്, ഇക്കയുടെ മൊബൈലില്‍ ഷാജഹാന്റെ നമ്പര്‍ തെളിഞ്ഞത്. ഉടലോടെ കണ്ണൂരിലെത്തിയ സന്തോഷമായിരുന്നു അവനു.വെട്ടേറ്റ ബന്ധുവിന്റെ മെച്ചപ്പെട്ട നിലയില്‍ ദൈവത്തെ സ്തുതിച്ച് ഞങ്ങള്‍ അവസാനിപ്പിച്ചു.
ഇടക്കിടെ കട്ടായിക്കൊണ്ടിരിക്കുന്ന ജിടാക്കിന്റെ സേവനം അവസാനിപ്പിച്ച് ഞങ്ങള്‍ റിലയെന്‍സ് ലൈനിന്റെ സേവനം ഉപയോഗിച്ചു, തുടര്‍ന്നുള്ള യാത്രയെ കുറിച്ചുള്ള ചര്‍ച്ച അവസാനിച്ചപ്പൊഴേക്കും ഉമ്മ തേങ്ങവറുത്തരച്ച കോഴിക്കറിയും മലബാറുകാരുടെ നൈസ് പത്തിരിയും ടേബിളിലൊരുക്കി കാത്തിരിപ്പുണ്ടായിരുന്നു.
വറുത്തരച്ചകോഴിക്കറിയുടെ ഗന്ധം റൂമിലാകെ പരന്നൊഴുകുകയാണ് ‍‍പലപ്പോഴും ഇക്കാക്ക് ഇഷ്ടപ്പെട്ട വിഭവങ്ങളുണ്ടാക്കിക്കൊടുക്കാന്‍ കഴിയാത്തതില്‍ വളരെയെറെ ദുഖിതയായിട്ടുണ്ട് ഞാന്‍.പത്തിരിക്ക് പൂതിപറഞ്ഞപ്പോള്‍ ഒരു ശ്രമം നടത്തി പരാജയപ്പെട്ടതില്‍ പിന്നെ ആവഴിക്ക് നോക്കിയിട്ടില്ല.തറവാട് പരമ്പര്യങ്ങളില്‍ നിന്ന് അണുകുടുമ്പങ്ങളിലേക്ക് ചേക്കേറിയപ്പോള്‍ കൈമൊശം വന്ന് പോയ ഒന്നാണ് പലര്‍ക്കും ഈ അടുക്കളപ്പണി.അടുപ്പില്‍ തീയൂട്ടുകാ എന്നതും ഒരു കലയാണെന്ന് മനസ്സിലാക്കാന്‍ വളരെ വൈകി.എന്നിരുന്നാലും എന്നാല്‍കഴിയുന്ന രീതിയില്‍ പലപേരുകളില്‍ ഞാന്‍ ഉണ്ടാക്കി വിളമ്പാറുണ്ട്.വെള്ളം അധികമായാല്‍ അരിപ്പൊടിയിട്ട് കുറുക്കുന്ന തരികിട വിദ്യയാണ് എന്റെ മാസ്റ്റര്‍ പീസ്.

പ്രാതല്‍ കഴിഞ്ഞ് തിടുക്കത്തില്‍ യാത്രയുടെ തുടര്‍വഴികള്‍ തേടുകയായിരുന്നു ഞങ്ങള്‍ . പറഞ്ഞിരിക്കാനും കാത്തിരിക്കാനും ഒട്ടും സമയമില്ലായിരുന്നു ഇക്കയ്ക്ക്. ഷാജാഹാനുമായി പറഞ്ഞുറപ്പിച്ചത് പ്രകാരം പറോഡയുടെ വളയം തിരിച്ചു ഇക്ക യാത്ര തുടര്‍ന്നു.ഉറക്കം കഴിഞ്ഞെണീറ്റ മകള്‍ ആദ്യം തിരഞ്ഞത് അവളുടെ പപ്പയേയായിരുന്നു. തന്റെ കാഴ്ചക്കപ്പുറത്ത് പോയ പപ്പയോടുള്ള പരിഭവം തീര്‍ക്കാ‍ന്‍ ചെറിയ വാതുറന്ന് റോഡിലേക്ക് നോക്കി ഓരിയിടുകയായിരുന്നു അവള്‍.ഒരു വിധത്തില്‍ ആശ്വസിപ്പിച്ച് കൂടെ നിര്‍ത്താന്‍ തൊട്ടടുത്ത സൂപ്പര്‍ മാര്‍കറ്റ് വരെ പോയി അഞ്ച് മഞ്ച് വാങ്ങേണ്ടിവന്നു.മഞ്ചും നെഞ്ചോട് ചേര്‍ത്ത് അല്പനേരം അങ്ങിനെ തന്നെ ഇരുന്നെങ്കിലും താമസിയാതെ അവളും മകന്റെ കൂടെ മുറ്റത്തേക്കിറങ്ങി.മുറ്റത്തുണ്ടായിരുന്ന വക്ക് പൊട്ടിയ പ്ലാസ്റ്റിക് പാട്ടയില്‍ മണ്ണ് കോരിക്കളിക്കുകയാണവര്‍, ചെറുപ്പകാലത്ത് വീടുപണിക്കായി മുറ്റത്ത് കൂനപോലെ കൂട്ടിയിരുന്ന മണലില്‍ ചിരട്ടകൊണ്ട് പുട്ടുണ്ടാക്കിയതും,കാസാവ് ചെടിയുടെ ഇല കാശായി കളിച്ചതും,തെങ്ങിന്റെ ചുവന്ന വേരും തേട്ച്ചി(വേലിച്ചെടി) ഇലയും കായയും പൂവും കൂട്ടി മുറുക്കി നീട്ടിത്തുപ്പി വല്ല്യുമ്മ ചമഞ്ഞതുമൊക്കെ ഓര്‍മയുടെ ചെപ്പിലിരുന്ന് കളിച്ചപ്പോള്‍ എനിക്കും മക്കളുടെ കൂടെ കളിക്കാന്‍ കൊതിയായി.നഗ്നമായ പാദങ്ങളെ മണ്ണോടു ചേര്‍ത്ത് ഞാനൊന്നു നിന്നു.ദേഹമാസകലം കുളിര്‍ പെയ്യുന്നപോലെ.പാദങ്ങള്‍ ചെരിച്ചുപിടിച്ച് മുറ്റത്ത് നടന്ന എനിക്ക് പെട്ടെന്ന് തന്നെ മണ്ണോടടുക്കാന്‍ കഴിയുമെന്ന് ഞാന്‍ കരുതിയതല്ല.അടച്ചിട്ട ഗെയ്റ്റിനുള്ളിലെ വിശാലമായ മുറ്റത്ത് ഞാന്‍ ഒരാവര്‍ത്തി നടന്നു.നടവഴിയില്‍ കണ്ട കൊച്ചുകയര്‍ എന്നെ പാവാടപ്രായത്തിലേക്ക് കൂട്ടിക്കൊണ്ടുപൊയി.കൂടുതലൊന്നും ചിന്തിക്കാതെ പാകപ്പെടുത്തിയ കയറിന്റെ തുമ്പ് പിടിച്ച് ഞാന്‍ ചാടിത്തുടങ്ങി.മനസ്സ് വിചാരിക്കുന്നപോലെ ശരീരം വഴങ്ങുന്നില്ലെങ്കിലും മനസ്സ് നിറയെ ഞാന്‍ കയര്‍ വീശി ചാടി രസിച്ചു. എന്റെ കയര്‍ചാട്ടം കണ്ടാണ് അനിയത്തി വന്നത്. പിന്നെ അവളുടെ പരിഹാസത്തോടെയുള്ള എണ്ണലിന്റെ ചുവട്പിടിച്ചായി എന്റെ ചാട്ടം, എണ്ണത്തിന്റെ സ്പീഡ് കൂടുന്നതനുസരിച്ച് എന്റെ ചാട്ടത്തിന്റെ വേഗതയും കൂടി.വാശിയോടെയുള്ള എണ്ണവും ചാട്ടവും കാണാന്‍ ഉമ്മയും ഉപ്പയും കളത്തിലിറങ്ങിയപ്പോള്‍ ഞാന്‍ പെട്ടെന്ന് തന്നെ ബ്രെക്കിട്ടു.
ചാടിത്തളര്‍ന്ന എന്നെ നോക്കി അനിയത്തി പല കമന്റുകളും പാസാക്കി. പോകുമ്പോള്‍ കുറച്ച് കയറ് തരാമെന്ന് വരെ അവള്‍ പറഞ്ഞു. കണ്ട് കൊതിതീരും മുമ്പെ പറന്നകലുന്ന ഞാനെന്നും അവരുടെ പരിഭവമായിരുന്നു.
“റൂമീ……..“ എന്ന നീട്ടിവിളിയാണ് ഞങ്ങളുടെ ശ്രദ്ധ സഫിയാത്തയിലേക്ക് തിരിച്ചത്.
"നീ എപ്പോവന്നെടീ…? "ഞാന്‍ ഇന്നലെ."
“എന്നാ ഇനി പോകാ…"?" ഓ… അവളിവിടെ ഒന്ന് കുത്തര്‍ന്നിട്ടില്ല,അപ്പോക്ക്ന് പോകാനായോ.."
കൂടെയുണ്ടായിരുന്ന സഫിയാത്തായുടെ ഉമ്മക്ക് പരിഭവമായി.ഞാന്‍ വന്നാല്‍ എന്നെകാണാന്‍ ഓടി വരുന്നവരാണിവരൊക്കെ.നല്ല സ്നേഹമുള്ള അയല്‍ക്കാരാണ് ഞങ്ങള്‍ക്കുള്ളത്.ജാഢകളില്ലാത്ത പരസ്പരസ്നേഹത്തിന്റെ നിഷ്കളങ്കത ഇവരുടെ മുഖത്ത് നിന്ന് വായിച്ചെടുക്കാന്‍ ഏതൊരു കുട്ടിക്കും കഴിയും.സഫിയത്തായും ഉമ്മയും അയല്‍കാരുടെ പരോപകാരിയായിട്ടാണ് അറിയപ്പെടുന്നത്.ചുറ്റുവട്ടങ്ങളിലെ വീടുകളില്‍ സഹായവുമായി എപ്പോഴും അവരുണ്ടാകും.തേപ്പ്കഴിയാത്ത കൊച്ചു വീട്ടില്‍ സഫിയത്തായും മകനും ഉമ്മയും മാത്രം.ഉപ്പ മരിച്ചിട്ട് കാലങ്ങളായി ,മൊഴിചൊല്ലപ്പെട്ട സഫിയത്താക്ക് 7 വയസ്സായ മകനെക്കൂടാതെ 15 വയസ്സായ ഒരുമകളുകൂടിയുണ്ട്.അവള്‍ അമ്മാവന്റെ വീട്ടിലാണ് സ്ഥിരതാമസം.കാണാന്‍ നല്ല ചേലുള്ള സഫിയത്തായെ എന്തിനാണ് മൊഴി ചൊല്ലിയതെന്ന് പലരും പലവട്ടം ചോദിച്ചിട്ടുണ്ട്.പക്ഷെ തുറിച്ച് നോട്ടമല്ലാതെ മറ്റൊരു മറുപടിയും അതിനുണ്ടാവാറില്ല.പക്ഷെ എന്താണെന്നറിയില്ല എന്നോട് മാത്രം ചിലതൊക്കെ പറഞ്ഞിട്ടുണ്ട്.ഒരു പക്ഷെ അത് നോട്ടീസടിക്കാന്‍ ഞാനിവിടെ ഉണ്ടാകില്ലാ എന്ന ധാരണയിലാകാം.പറയാന്‍ ഇഷ്ടപ്പെടാത്ത കഥയായതിനാലാവണം ആരോടും പറയാതെ മനസ്സിലൊതുക്കി എപ്പോഴും പുഞ്ചിരിതൂകി സഫിയത്താ കാലം കഴിക്കുന്നത്.കെട്ടിച്ചയച്ച പുയ്യാപ്ലയുടെ വീട്ടില്‍…"പങ്കയും ഗ്യാസുമൊക്കെയുണ്ട്…പോലും,അതാണ് അങ്ങോട്ട് പോകില്ലാന്ന് പറയാന്‍ കാരണമെന്നാണ് ഭാഷ്യം ".മണ്ണെണ്ണവിളക്കും,പാള വിശറിയും കണ്ട് ശീലിച്ചിരുന്ന സഫിയത്താക്ക് ഒരു പുത്തന്‍ പണക്കാരനായിരുന്നു മണവാളനായി വന്നതെന്ന് ഞാന്‍ കേട്ടിട്ടുണ്ട്.ഇതൊന്നുമല്ലാ,അമ്മായിയമ്മ ഖുര്‍‌ആന്‍ ഓതാന്‍ പറഞ്ഞപ്പോള്‍ “എന്റെ വീട്ടിലെ ഖുര്‍‌ആനിലെ എനിക്കോതാന്‍ അറിയുകയുള്ളൂ“ എന്ന് പറഞ്ഞപ്പോള്‍ ഇറക്കിവിട്ടതാണെന്നും നാട്ടുകാര്‍ക്കിടയില്‍ സംസാരമുണ്ട്.വിശേഷങ്ങളുടെ ഒരു കുട്ടയുമായിട്ടാണ് സഫിയത്തായുടെയും ഉമ്മയുടെയും നടത്തം,നാട്ടിലെ എല്ലാവിവരവും ഇവരുടെ കുട്ടയിലുണ്ടാകും,തഞ്ചത്തില്‍ കൊഞ്ചിചോദിക്കണമെന്ന് മാത്രം.ഞാന്‍ മുന്നറിയിപ്പില്ലാതെ സ്ഥലം കാലിയാക്കുമെന്നറിയുന്നതിനാല്‍ എനിക്ക് ചെറിയ ഇളവക്കൊയുണ്ട്.കേള്‍ക്കാന്‍ രസമുള്ള പലകാര്യങ്ങളും സ്വകാര്യമായിക്കൊണ്ടിരിക്കുമ്പോഴാണ് എന്റെ മൊബൈല്‍ ശബ്ദിച്ചത്.ഇക്കയാണ്,കുറച്ച് വൈകുമെന്നറിയിച്ച് ഇക്ക അവസാനിപ്പിച്ചതും,എന്റെ കയ്യില്‍ നിന്ന് സഫിയത്താമൊബൈല്‍ വാങ്ങിയതും ഒരുമിച്ചായിരുന്നു.തിരിച്ചും മറിച്ചും മൊബൈലിലേക്ക് നോക്കി പതുക്കേ പറഞ്ഞു,
" ഇങ്ങനെത്തെ ഒരു പോണാ.. സഫീറാനെ ചാടിച്ചത് "മുമ്പ് കേട്ട ഒരു ഒളിച്ചോട്ടത്തിന്റെ ചുരുളഴിക്കുകയാണെന്ന് മനസ്സിലാക്കി ഞാന്‍ വരാന്തയിലേക്കിരുന്നു.ആകാംക്ഷയോടെ ബാക്കി ഭാഗം കേള്‍ക്കാനിരിക്കുന്ന എന്റെ തൊട്ടരുകില്‍ സഫിയാത്തയും .പറഞ്ഞ് തുടങ്ങിയതെയുള്ളൂ സഫിയത്ത,അപ്പൊഴാണ് മകന്‍ ഗഫൂര്‍ ഓടിക്കിതച്ച് അവിടെ എത്തിയത്.
"മ്മാ…പൈകുട്ടി പാല്‍ കുടിക്ക്ണ് ‍""ബലാലെ ജ്ന്തിനാ അയിനെ കയിച്ചിട്ടത്…" എന്നും പറഞ്ഞ് സഫിയത്ത തലയില്‍ തരികപോലെ വച്ച തട്ടവും പൊത്തിപ്പിടിച്ച് ഓടിമറഞ്ഞു.ഈസമയം വീട്ടിന്റെ പിന്നാമ്പുറത്തിരുന്ന് ഉമ്മയോട് വിസായം പറയുകയായിരുന്നു സഫിയത്തായുടെ ഉമ്മ.വയസ്സ് 65 കഴിഞ്ഞെങ്കിലും ഞങ്ങളുടെ പഞ്ചായത്തില്‍ അതിനറിയാത്ത വീടുകളോ വിസായങ്ങളോ ഇല്ല. സംസാരത്തിന്റെ ഇടക്ക് " ന്നാപോരന‌ക്ക് " എന്ന് പലവട്ടം പറയുന്നത് കൊണ്ടാകും "ന്നാപോരെ " എന്ന ഓമനപ്പേര്‍ കിട്ടിയത്.ഞാന്‍ അങ്ങോട്ട് ചെന്നതും "നിന്നെ ഒന്ന് നല്ലോണം കാണട്ടെ ഞാന്‍" എന്നും പറഞ്ഞ് കൈരണ്ടും കൂട്ടിപ്പിടിച്ച് എന്നെ ചേര്‍ത്തു പിടിച്ചു.പിന്നെ എന്റെ ചുരിദാറില്‍ തുന്നിച്ചേര്‍ത്ത ഗില്‍റ്റില്‍ തടവിക്കൊണ്ട് ഇതെത്ര പവനുണ്ടെന്ന് ചോദിച്ചു.അത് സ്വര്‍ണമല്ല എന്ന് പറഞ്ഞ ഞാന്‍ കുടുങ്ങി. പിന്നെ കേട്ടത് പതിവ് ശൈലിയിലുള്ള കുറെ ശകാരങ്ങളും പരിഭവങ്ങളും."ന്നാപോരെ' എന്ന അവസാനവാക്കും.സ്വര്‍ണ്ണമാണെന്ന് പറയാത്തതിന്റെ കാരണം ഉമ്മക്ക് കൊടുക്കേണ്ടി വരുമെന്ന് കരുതിയാണെന്നായിരുന്നു ആ ഉമ്മയുടെ പരിഭവത്തിന്റെ തുടക്കം ,100 റിന്റെ ഗാന്ധിത്തല കയ്യില്‍ കൊടുത്തപ്പോള്‍ നിമിഷനേരംകൊണ്ട് ഞാന്‍ വാഴ്തപ്പെട്ടവളായി മാറി.സഫിയത്താ ഓട്ടത്തിനിടയില്‍ കണ്ടവരോടെക്കെ ഞാനെത്തിയകാര്യം അനോണ്‍സ് ചെയ്യുന്നുണ്ടായിരുന്നു.കേട്ടറിഞ്ഞ പലരും എന്നെ കാണാനെത്തിത്തുടങ്ങി .ഇഷ്ടപ്പെട്ടവരെ കാണാന്‍ പൂതിപറഞ്ഞ് ഓടിയെത്തുക എന്നത് ഞങ്ങളുടെ നാട്ടിലെ ഒരു പതിവാണണ് ‍. പ്രത്യേകിച്ച് ഗള്‍ഫില്‍ നിന്നൊക്കെയാകുമ്പോള്‍ കാണാന്‍ വരുന്നവരുടെ എണ്ണം കൂടും.എന്നാല്‍ കാലം പുരോഗമിച്ചപ്പോള്‍ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായിരിക്കുന്നു.ഗള്‍ഫില്ലാത്ത വീടില്ലാ എന്നത് തന്നെയാണ് കാരണം.പലവീടുകളിലും പൊങ്ങച്ചത്തിന്റെ അത്തറുകള്‍ മണത്തു തുടങ്ങിയിട്ടുണ്ട്.

പത്തറ് മാലയെ കത്തറ് മാലയാക്കി കഴുത്തിലണിഞ്ഞ് നെഗളിക്കുന്നവരുണ്ടോ അറിയുന്നു കത്തറില്‍ പത്തറ് പേറും പോലെ പണിയെടുക്കുന്നവരാണ് തന്റെ പ്രിയതമനെന്ന്. പലര്‍ക്കും അങ്ങിനെ ഒരു ചിന്തതന്നെ ഇല്ലാ എന്നതാണ് സത്യം. മാസാവസാനം മുടങ്ങാതെ എത്തുന്ന കുഴലുകാരനെ പ്രതീക്ഷിച്ചിരിക്കുന്നവരാണ് പലരും,കുഴലുകാരന് ബിരിയാണിവെച്ച് കാത്തിരുന്ന ഒരു വീട്ടമ്മയുടെ കഥ മുമ്പ് സഫിയത്ത പറഞ്ഞ് കേട്ടിട്ടുണ്ട് ഞാന്‍. ആറുമാസത്തെ നാടുകാണിയായി വരുന്ന പ്രിയതമനെ നന്നായി സല്‍കരിക്കാന്‍ മിടുക്ക് കാട്ടുന്ന പലര്‍ക്കും ഏഴാം മാസത്തില്‍ ഇങ്ങേരൊന്ന് പോയികിട്ടിയിരുന്നെങ്കിലെന്ന ചിന്തയാണ് .അവരെ കുറ്റം പറഞ്ഞിട്ട് കാര്യവുമില്ല.വര്‍ഷങ്ങളോളം തന്റെ സങ്കടങ്ങള്‍ പങ്ക് വെക്കാനും പറഞ്ഞ് ചിരിക്കാനും ഉടുത്തൊരുങ്ങി സ്വസ്ത്ഥമായി പുറത്തിറങ്ങാനും തന്നിഷ്ടത്തിന്‍ പാകമായത് തിരഞ്ഞെടുക്കാനും കൂട്ടായി നടന്ന സഫിയത്തായെ പോലുള്ള സഹായികള്‍ക്ക് വീട്ടിലേക്ക് വരാന്‍ തടസ്സമായി ഒരാളുണ്ടാകുമ്പോള്‍ ,മടുപ്പനുഭവപ്പെടുന്നത് സ്വാഭാവികം മാത്രം.നല്ലവരായ ചില നല്ലപാതികള്‍ എല്ലാം മനസ്സിലാക്കി പെട്ടെന്ന് തന്നെ സ്ഥലം കാലിയാക്കി കൊടുക്കുന്നത് നിവൃത്തികേടുകൊണ്ടോ കുടുംബബന്ധങ്ങളിലെ സ്വസ്ഥതയോ ഓര്‍ത്തിട്ടോ ആയിരിക്കാം.
മുമ്പ് വിറക് വെട്ടികളും,വെള്ളം കോരികളുമായിരുന്ന നമുക്ക് നാടിന്റെ അംബാസഡെറന്ന പദവി ദാനമായി തന്നപ്പോള്‍ നാമെല്ലാം മറന്നു.അറബികളുടെ അടുക്കളയും അങ്ങാടിയും അടിച്ചുവാരുന്ന ആത്മാര്‍ത്ഥതയും അനുസരണയും ഒത്തൊരുമയും നമുക്കുണ്ടായിരുന്നെങ്കില്‍ അറബികള്‍ നമ്മുടെ അടുക്കളക്കാരാകുമായിരുന്നു എന്ന യാധാര്‍ത്ഥ്യം സൌകര്യപൂര്‍വ്വം നാം വിസ്മരിച്ചു.
പെന്റുലങ്ങളുടെ ചലനം നിയന്ത്രിച്ച ജീവിതവുമായി ഗ:വണ്മെന്റ് ആശുപത്രികളെ അനുസ്പരിപ്പിക്കുമാര്‍ ഇരുമ്പുകട്ടിലില്‍ മലര്‍ന്ന് കിടന്ന് സ്വപനങ്ങള്‍ക്ക് നിറം പകരുന്ന എത്ര എത്ര സഹോദരന്മാര്‍!!
എങ്ങുമെത്താതെ കാലങ്ങള്‍ കഴിഞ്ഞ്പോകുമ്പോള്‍ കൊഴിഞ്ഞു പോയ തലമുടിക്ക് പകരം ഗള്‍ഫ് ഗേറ്റ് തലയിലെടുത്ത് വെക്കാമെന്ന് ആശ്വസിക്കാമെങ്കിലും നുകരാതെപോയ യവ്വനം തിരിച്ച് തരാന്‍ ആര്‍ക്കാണ് കഴിയുക?മണിമന്തിരങ്ങളില്‍ അന്തിയുറങ്ങുന്ന നിങ്ങളുടെ മണവാട്ടിമാര്‍ മാനസ്സിലടക്കിയ നിരാശയുടെ പ്രതിഫലനമാണ് എല്ലാം അവസാനിപ്പിച്ച് കൂടണയുമ്പോള്‍ നിങ്ങള്‍ക്ക് സമ്മാനിച്ചത് എന്ന് മനസ്സിലാക്കാന്‍ വീണ്ടുമൊരു തിരിച്ച് വരവ് വരെ നിങ്ങള്‍ കാത്തിരിക്കേണ്ടി വരുന്നില്ലെ എന്ന് കൂടി നിങ്ങള്‍ മറന്ന് പോയോ..??നീറുന്ന മനസ്സുകള്‍ നാട്ടുനടപ്പിന്റെ മര്യാദയില്‍ മാന്യതയുടെ ദൈവഭക്തിയില്‍ മാനക്കേടിനെ ഭയന്നിരിക്കുന്നതാ‍ണോ നിങ്ങളിനിയും ചിന്തിക്കാന്‍ മടികാണിക്കുന്നത് ?. എങ്കില്‍ പല കുഴല്‍ ഏജന്റുമാര്‍ക്കും ബിരിയാണി വെച്ച് കാത്തിരിക്കുന്ന മങ്കമാരിനിയുമുണ്ടാകുമെന്നകാര്യം നാം മറന്നുകൂടാ. ചെറിയ ഒരു ന്യൂനപക്ഷത്തിന്റെ കാര്യമാണ് ഞാന്‍ പറഞ്ഞതെങ്കിലും,ഈ ന്യൂനപക്ഷം ഭൂരിപക്ഷമാകാന്‍ പാകത്തിന് ഉഷ്ണമേറിയ നീലരശ്മികള്‍,എല്ലാം ത്യജിച്ച് പ്രതീക്ഷയൊടെ കാത്തിരിക്കാന്‍ പഠിച്ചവരുടെ മനസ്സിനെയും ശരീരത്തെയും ഒരുപോലെ ഉത്തേജിപ്പിച്ച് തുടങ്ങി എന്നകാര്യമെങ്കിലും ഭര്‍ത്തൃ പദവിയിലിരിക്കുന്നവര്‍ അറിഞ്ഞിരിക്കണം എന്ന അപേക്ഷകൂടിയുണ്ടെനിക്ക്.

രണ്ട് ദിവസം മുമ്പ് ഇടിമിന്നലേറ്റ് തകര്‍ന്ന് പോയ കേബിള്‍ ശരിയാക്കികൊണ്ടിരിക്കുകയാണെന്റെ അനിയന്‍. ഏഷ്യാനെറ്റിലെ സ്റ്റാര്‍ സിംഗര്‍കാണാന്‍ പ്രത്യേകമായുണ്ടാക്കിയ പന്തലില്‍ തകധിമികളും സഹായഹസ്തവുമായി ഓടിനടക്കുന്നുണ്ട്.സഫിയാത്തയുടെ ഉമ്മയെ മക്കാറാക്കുകയാണ് അവരില്‍ ചിലര്‍..ഉമ്മയെ കൊണ്ട് ഒരു പാട്ട് പാടിക്കാനുള്ള അവരുടെ തീവ്രശ്രമം വിജയിച്ചപ്പോള്‍, ഈണത്തിലൊരു മാപ്പിളപ്പാട്ട് ഓസിന് കേള്‍ക്കാനായി...
'' കിരികീരീ….. ചെരുപ്പുമ്മല്‍,അണഞ്ഞുള്ള മണവാട്ടി…അണഞ്ഞുള്ള മണവാട്ടി……"മകനും മകളും ആ ഉമ്മയുടെ തകര്‍പ്പന്‍ പാട്ട് കേട്ട് അമ്പരന്ന് നില്‍ക്കുകയാണ് ‍.ഇത്ര വയസായിട്ടും ഒരു വരിപോലും തെറ്റാതെ പാടിതീര്‍ത്ത ഉമ്മയെ ക്ലാപ്പ് കൊടുത്ത് പ്രോത്സാഹിപ്പിക്കുകയാണ് കുട്ടിത്തകഥിമികള്‍..ജഡ്ജിയായി സ്വയം അവതരിച്ച ഒരു വിധ്വാന്‍ ,ഉമ്മയുടെ “സംഗതി“യൊന്നും കണ്ടില്ലല്ലോ എന്ന് പറഞ്ഞതും,രംഗം വഷളായതും ഒരുമിച്ചായിരുന്നു..കയ്യില്‍ കിട്ടിയ കല്ലുമായി ഒരു ഭ്രാന്തിയെപ്പോലെ ഉറഞ്ഞ്തുള്ളിയ അവരെ കണ്ട് ഞാനും മക്കളും ഒരുപോലെ പേടിച്ചു..തെറിയുടെ പൂരപ്പാട്ട് കേള്‍ക്കാന്‍ നില്‍ക്കാതെ ഞങ്ങള്‍ മെല്ലെ അകത്തേക്ക് വലിഞ്ഞു....
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~ തുടരും.

Thursday 24 April 2008

യാത്രതീരാത്ത വഴികള്‍




കേരളം കണികണ്ടുണരുന്ന മില്‍മബൂത്ത് തുറന്നിട്ടില്ല.പാല്‍ക്ഷാമമാണെന്ന് കുറച്ച് ദിവസം മുമ്പ് ന്യൂസില്‍ കണ്ടിരുന്നു. നമ്മുടെ ഭക്ഷ്യമന്ത്രി അരിയുടെ ദൌര്‍ബല്യം കണക്കിലെടുത്ത് പാലും കോഴിമുട്ടയും കഴിച്ച് ശീലിക്കാന് ആഹ്വാനം ചെയ്തതിനാലാകും ബൂത്തിന്നടുത്ത് ഇത്രയും ആളുകള് തടിച്ച് കൂടിയിരിക്കുന്നത്. മന്ത്രിയുടെ ആഹ്വാനം കേട്ട് പാലുകുടിച്ച് തുടങ്ങിയവര് പെരുവഴിയിലായത് എനിക്ക് നേരില്‍ കാണാനായി.ഇനി കോഴിമുട്ടയുടെ അവസ്ഥ എന്താണാവോ.ബൂത്തിനരികിലുള്ള ഹോട്ടലിലേക്ക് നീങ്ങിയ ഇക്ക,പോയ വേഗത്തില് തന്നെ മടങ്ങിയെത്തി.
“അവിടെ പുട്ടും കടലയുമില്ലാത്തതാണ് കാരണം. “
ഇതാണ് ഇങ്ങേരുടെ കുഴപ്പം .ഇനി പുട്ടും കടലയും കിട്ടുന്നത് വരെ പച്ചവെള്ളം കുടിക്കില്ല. അതും അലൂമിനിയകുറ്റിയിലുണ്ടാക്കിയ പുട്ടൊന്നും മതിയാകില്ല. ആ പഴയകാലത്തുണ്ടായിരുന്ന മുളങ്കുറ്റിയിലുണ്ടാക്കിയ പുട്ട് തന്നെ വേണം.ചെറുപ്പകാലത്ത് വല്യുമ്മ മുളങ്കുറ്റിയിലുണ്ടാക്കികൊടുത്ത പുട്ടിന്റെ മഹിമ പറയുമ്പോള് തറവാട് ഭാഗം വെച്ചപ്പോള്‍ നഷ്ടപ്പെട്ടുപോയ പുട്ടുകുറ്റിയുടെ നഷ്ടം നികത്താന് മുളവെട്ടാന്‍ പോയി കാലില് മുള്ള്തറച്ച് മാസങ്ങളൊളം കിടപ്പിലായ കഥക്ക് പുട്ട് തിന്നാന്‍ പൂതിതുടങ്ങിയ കാലത്തോളം പഴക്കമുണ്ട്.എന്നാലും പുട്ടെന്ന് കേള്‍ക്കുമ്പോള് ആ കഥപറഞ്ഞ് കാലിനടിയിലെ മുള്ള്കയറിയപാടൊന്ന് കാണിച്ച് തരും .ഷാജഹാനുണ്ടായതിനാലാകും ആ കഥ ഇവിടെ വിളമ്പാഞ്ഞതെന്ന് മനസ്സിലായി.തൊട്ടടുത്ത ഫ്രൂട്സ് കടയില്‍നിന്ന് ഷാജഹാന് ഫ്രൂട്ടിയും കുറച്ച് ഓറഞ്ചുമായി വന്നു. പിന്നെ തര്‍ക്കം അതിന്റെ കാശ് കൊടുക്കുന്നതിലായി.എന്ത് പറഞ്ഞിട്ടും ഷാജഹാന് കാശുവാങ്ങാന് കൂട്ടാക്കുന്നില്ല.സഹീറിന്റെ പ്രത്യേകമായ നിര്‍ദേശമുണ്ട് പോലും .ഒരു ചില്ലിക്കാശുപോലും അഥിതികളെ കൊണ്ട് കൊടുപ്പിക്കരുതെന്ന്. അവസാനം ഇക്കതന്നെ വഴങ്ങി.
ഞങ്ങള്‍ വീണ്ടും യാത്ര തുടര്‍ന്നു.പുട്ടിനായുള്ള അലച്ചില്‍ കാക്കഞ്ചീരിക്കടുത്തുള്ള ഒരു ചായമക്കാനിയിലാണ് അവസാനിച്ചത്. പ്രതാപത്തോടെയുള്ള ഞങ്ങളുടെ വരവ് കണ്ട് അവിടെയുണ്ടായിരുന്ന ചായക്കാരന്‍അമ്പരക്കുമെന്നാണ് ഞാന്‍ കരുതിയത്.പക്ഷെ അതുണ്ടായില്ല. ഇങ്ങിനെ എത്രയെണ്ണത്തിനെ കണ്ടതാണെന്ന ഭാവമായിരുന്നു അങ്ങേര്‍ക്ക്.മക്കാനിയുടെ ഇരുണ്ടകോണിലെ കാലുറക്കാത്ത ബഞ്ചിലിരുന്ന് പുട്ടും ചെറുപയറും കഴിക്കുന്ന ഞങ്ങളെ കണ്ട് ശേഷം കയറിവന്ന ഒന്ന് രണ്ട് അപ്പൂപ്പന്മാര് പുറത്തെ ബെഞ്ചിലേക്കിരുന്നു.മറ്റൊരാള് ചുണ്ടില്‍ പുകഞ്ഞിരുന്ന സാധുബീഡി ദൂരേക്കെറിഞ്ഞ് കുട്ടികളുടെ മുഖത്തേക്ക് നോക്കി പുഞ്ചിരിക്കുന്നു.ഈ സമയം നൂഡിത്സ് കിട്ടാത്തതില്‍ പുകയുകയായിരുന്നു എന്റെ സീമന്ത പുത്രി. ഇന്നലെ മുതല്‍ ഒരു വക കഴിച്ചിട്ടില്ല.മുഖം കനപ്പിച്ചിരിക്കുന്ന മകളെ കണ്ടിട്ടാവണം ചായക്കാരന്‍ ഒരു നേന്ത്രപ്പഴം ഇരിഞ്ഞ് കൊടുത്തു. ഡെസ്കില്‍ വെച്ച മൊഴുത്ത നേന്ത്രപ്പഴം നോക്കിയിരുന്നതല്ലാതെ അവളത് തൊട്ടതേയില്ല.
“കുഞായീനെ…..ആ വായക്ക ഒന്ന് പീങ്ങികൊടുത്താളാ…. “
നേരത്തെ കുട്ടികളെ കൌതുകത്തോടെ നോക്കിയിരുന്ന ആ സാധു ബീഡിക്കാരന്‍ അപ്പൂപ്പന് മകളൊന്നും കഴിക്കാതിരുന്നിട്ടെന്തോ ഒരു വല്ലായ്മപോലെ..ഞാന്‍ ആ അപ്പൂപ്പന്റെ മുഖത്തേക്കൊന്ന് നോക്കി പുഞ്ചിരിച്ചു.
“മക്കളെവിടുന്നാ വരണത് ‘’
അപ്പൂപ്പന്‍ ഒന്നുകൂടി അടുത്ത് വന്ന് ചോദിച്ചു.ഞങ്ങള് കണ്ണൂര്‍ന്നാ…ഷാജഹാനായിരുന്നു മറുപടിപറഞ്ഞത്.കണ്ണൂരെന്ന് കേട്ടപ്പോള്‍ പുറത്തെ തിണ്ണയിലിരുന്ന് സുലൈമാനി കുടിക്കുകയായിരുന്ന ഗാന്ധി വേഷധാരിയായ അപ്പൂപ്പന്‍ ഒന്നിളകി. കയ്യില്‍ ചന്ദ്രിക ദിനപത്രം പിടിച്ച കറുത്ത ഫ്രൈം കണ്ണടവെച്ച അപ്പൂപ്പന്‍ പത്രം മടക്കി ഞങ്ങളെ നോക്കി.“കണ്ണൂരെബ്ട്ന്നാ” വീണ്ടും ഷാജഹാന്‍
“ തലശ്ശേരീന്നാ”
“ങ്ങള് അങ്ങട്ട് പോകാണോ ങ്ങട്ട് ബരാണോ.”
ഞങ്ങള് തലശ്ശേരി ഹര്‍ത്താലായത് കാരണം അങ്ങോട്ട് പോകാന്‍ കഴിയാതെ ഇങ്ങോട്ടിറങ്ങിയതാ..
“അപ്പോങ്ങള് എബിടുന്നാ ബരണത്.”
ഞങ്ങള് ഗള്‍ഫീന്ന് ഇന്നലെ ഇവിടെ ഇറങ്ങീതാ..ഗള്‍ഫെന്ന് കേട്ടപ്പോള്‍ സാധുബീഡി അപ്പൂപ്പന്‍ തെല്ലെരാവേശത്തോടെ വീണ്ടും തുടരുകയാണ്.
“എനിക്ക് കണ്ടപ്പളെതോന്നി,
ന്റെ മോനും മരോളും ഒക്കെ അബിടുണ്ട്. ദാ ഇബളപ്പോലൊരു മോളുംണ്ട്.അടുത്ത ദുല്‍ഹജ്ജിന് 7 വയസ്സ് തികയും.ഒന്ന് വന്ന് പോകാന്‍ പറഞ്ഞാല് ഒരു പോട്ടം അയച്ച് തരും.അറബി ലീവ് കൊടുക്കൂലേലോ”..

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞങ്ങളില്‍ നിന്നടര്‍ത്തിയെടുത്ത വല്യുപ്പ എന്റെ മുന്നില്‍ ജീവനോടെ നില്‍ക്കുന്നപോലെയാണെനിക്ക് തോന്നിയത്.വല്യുപ്പയുടെ അവസാനനാളുകള്‍ ബേപ്പൂറ് സുല്‍ത്താനെ അനുസ്മരിക്കാന്‍ പാകത്തിനുള്ളതായിരുന്നു.ഒറ്റനോട്ടത്തില്‍ ഈ അപ്പൂപ്പനും ഒരു ബേപ്പൂറ് സുല്‍ത്താന്‍ തന്നെ.കുഴിഞ്ഞ കണ്ണുകളില്‍ വാത്സല്യത്തിന്റെ കനലുകള്‍ കെടാതെ ജ്വലിക്കുന്ന ആ മുഖത്തേക്ക് തന്നെ ഞാന്‍ നോക്കിയിരുന്നു.അവ്യകതമായ സംസാരശൈലിയില്‍ നിറഞ്ഞ് തുളുമ്പിയത് തനിക്കോമനിക്കാന്‍ കഴിയാതെ പോയ കുസുമങ്ങളെകുറിച്ചുള്ള വേവലാതിയായിരുന്നു.മെലിഞ്ഞൊട്ടിയ ആ ശരീരത്തെ പിടിച്ച് കുലുക്കിക്കൊണ്ട് വലിവോട് കൂടിയ ചുമ സംസാരം മുടക്കി. തെന്നി വീഴാതിരിക്കാന്‍ തൊട്ടടുത്തുള്ള കറുത്ത മുളന്തൂണ് വിറയാര്‍ന്ന കൈകള്‍ക്ക് താങ്ങായി നിന്നു.

ഇക്കയും ഷാജഹാനും കൈകഴുകി എന്റെ വാനിറ്റി ബാഗില്‍ നിന്ന് ടിഷ്യു എടുത്തപ്പോഴാണ് ഞാന്‍ എന്റെ പ്ലൈറ്റിലേക്ക് നോക്കിയത്. രണ്ട് കഷ്ണം പുട്ടിനിയും തിന്ന് തീര്‍ന്നിട്ടില്ല. പെട്ടെന്ന് തിന്ന് തീര്‍ക്കാന്‍ പറ്റിയ അവസ്ഥയിലുമല്ല ഞാന്‍.മുമ്പ് ഇതുപോലെ ഒരു ഹോട്ടലില്‍ നിന്ന് പുട്ട് തിന്ന് മണ്ടയില്‍ കയറിയ അനുഭവമുള്ളതിനാല്‍ വാരി വലിച്ചുള്ള പുട്ട് തീറ്റി അന്നേ ഞാന്‍ അവസാനിപ്പിച്ചതാണ്. മകള്‍ക്കായി പുഴുങ്ങിയെടുത്ത പഴത്തിന്റെ ചൂടാറുന്നത് വരെ ഇക്കയെ ഞാന്‍ എന്നരുകില്‍ പിടിച്ചിരുത്തി.പഴം അവിടിരുന്ന് ചൂടാറട്ടെ..എന്നമട്ടില് ഞാനെന്റെ പുട്ട് തീറ്റി തുടര്‍ന്നു.
ഷാജഹാന്‍ പുറത്തെ ബഞ്ചിലിരുന്ന് ചന്ത്രിക വായിക്കുകയാണ്.കറുത്ത ഫ്രൈമുള്ള കണ്ണടക്കാരന്‍ ഇടക്കെന്തൊക്കയോ ചോദിക്കുന്നുണ്ട്.സംസാരം കണ്ടിട്ട് അവര് പരിചയക്കാരായത് പോലെ.ഞാന്‍ മകളെയും കൊണ്ട് കൈ കഴുകാനായി മക്കാനിക്ക് പുറത്ത് വെള്ളം നിറച്ച സിമന്റ് ചാടിക്കരികിലേക്ക് നടന്നു. കൂടെ ഇക്കയും.നിറയെ പച്ചപിടിച്ച കുറ്റിച്ചെടികള്‍ക്കിടയില്‍ ഒളിഞ്ഞ്നില്‍ക്കുന്ന സിമന്റ് ചാടിയില്‍ നിന്ന് വെള്ളമെടുത്ത് കൈ കഴുകികൊണ്ടിരിക്കുമ്പോള്‍ ഇക്ക കുറ്റിച്ചെടികള്‍ക്കിടയില്‍ നിന്ന് ഒരു ഞാഞ്ഞൂലിനെ കമ്പ് കൊണ്ട് തോണ്ടിയെടുത്ത് എന്നരുകിലെത്തി..
“ഓര്‍മയുണ്ടോ ഈ മുഖം....” എന്ന സുരേഷ് ഗോപിയുടെ ഒരു ഡയലോഗും.
ഞെളിഞ്ഞ് പിരിയുന്ന ഞാഞ്ഞൂലിനെ കണ്ട് മകളെന്നെ അള്ളിപ്പിടിച്ച് നിന്നു. ഞാനും വിട്ട് കൊടുത്തില്ല.
“ ഒരു വെള്ളത്തണ്ട് കിട്ടിയിരുന്നെങ്കില്‍..…“എന്ന് ജയനെ അനുകരിച്ച് തിരിച്ചടിച്ചു.
രണ്ട് പേര്‍ക്കും ഒരുമിച്ച് പൊട്ടിച്ചിരിക്കാനുള്ള അവസരം കിട്ടിയപ്പോള്‍ അല്പനേരത്തേക്ക് ഞങ്ങള്‍ പരിസരം മറന്നുപോയി. ഞങ്ങളുടെ പ്രണയത്തിന്റെ സിമ്പലായി എന്നും ഓമനിക്കുന്ന രണ്ട് സാധനങ്ങളാണീ ഞാഞ്ഞൂലും വെള്ളത്തണ്ടും.രണ്ടും ഇന്ന് കിട്ടാനില്ലാതെ അപ്രത്യക്ഷ്യമായിരിക്കുന്നു.ഒപ്പം പ്രണയങ്ങളിലെ ആത്മാര്‍ത്ഥതയും.
“എടോ മണ്‍ങ്ങൂസുകളെ…നിങ്ങളെന്തെടുക്കുവാ അവിടെ..വല്ല നീര്‍ക്കോലിയും കടിക്കും.“
ഷാജഹാന്‍ തന്റെ രസികന്‍ ശൈലിയില്‍ ബഷീറിന്റെ വാക്കുകള്‍ കടമെടുത്ത് ഞങ്ങളെ ഓര്‍മയുടെ കിനാക്കളിള്‍ നിന്ന് തിരികെ വിളിച്ചു.ഒരു ദിവസമെ ആയിട്ടുള്ളൂ അവനുമായി ഞങ്ങള്‍ പരിചയപ്പെട്ടിട്ട്.മകന്‍ അവന്റെ വിരല്‍ തുമ്പില്‍ തന്നെ.വര്‍ഷങ്ങളോളം അടുത്തിടപഴകിയ പോലെയാണ് ഞങ്ങള്‍ക്കനുഭവപ്പെടുന്നത്.സഹീറിന് ഇക്കാലത്ത് ഇത്രയും ആത്മാര്‍ത്ഥതയുള്ള ഒരു സേവകനോ.പലപ്പോഴും ഈ സംശയം എന്റെ മനസ്സിലൊരു ചോദ്യചിഹ്നമായിതന്നെ ഉയര്‍ന്നു വന്നു.എങ്ങിനെ ചോദിക്കും.?. ബന്ധങ്ങളിലെ ആത്മാര്‍ഥതയെ സംശയിക്കുന്ന തരത്തില്‍ അധപ്പതിക്കാന് ഞാന്‍ തയ്യാറായില്ല. മക്കാനിയില്‍ നിന്ന് യാത്രപറഞ്ഞിറങ്ങുമ്പോള്‍ ഞാന്‍ ഒന്നുകൂടി ആ അപ്പൂപ്പനെ നോക്കി.വിറയാര്‍ന്ന കൈകളാല്‍ രണ്ട് മൈസൂര്‍പഴം മകളുടെ നേര്‍ക്ക് നീട്ടി വാങ്ങാന്‍ നിര്‍ബന്ധിക്കുകയാണദ്ധേഹം.ഇരു കൈകളും നീട്ടി സന്തോഷത്തോടെ പഴം വാങ്ങിയ മകളുടെ നെറുകയില് അപ്പൂപ്പന്റെ വിറയാര്‍ന്ന ചുണ്ടുകള്‍ പതിച്ചത് പെട്ടെന്നായിരുന്നു.വാത്സല്യത്തിന്റെയും കാരുണ്യത്തിന്റെയും കണ്ണീര്‍തുള്ളികള്‍ മകളുടെ നെറുകയില്‍ പതിക്കുന്നത് കണ്ട് ഞാന്‍ സ്ത്മ്പിതയായി. എന്റെ കണ്ണുകള്‍ കണ്ണിര്‍കണങ്ങളാള്‍ മൂടി.വിതുമ്പലടക്കാന്‍ ഞാന് പാടുപെട്ടു. കാരുണ്യത്തിന്റെ ഉറവ വറ്റാത്ത പച്ചയായ മനുഷ്യരിനിയും ജീവിച്ചിരിക്കുന്നു എന്നതിനുള്ള ഉത്തമ കാഴ്ചകളെന്നെ വേദനിപ്പിച്ചുവോ...
ഇതൊന്നും അനുഭവിക്കാനും തിരിച്ചറിയാനും ഇന്നത്തെ തലമുറക്കാകുന്നില്ലല്ലോ എന്ന സങ്കടത്തില്‍ മറക്കാനാകാത്ത ആ അപ്പുപ്പന്റെ വിളര്‍ത്ത മുഖവും മനസ്സില്‍ പേറിഞാന്‍ തിരിഞ്ഞ് നോക്കാനാകാതെ നടന്നകന്നു.

വണ്ടി ചേളാരിയിലെത്താന്‍ ഇനി അല്പസമയം മാത്രം ബാക്കി.ഇക്കയും ഷാജഹാനും പുട്ടിന്റെ മഹാത്മ്യം പറയുകയാണ്.ഇടക്ക് മുളങ്കുറ്റിപ്പുട്ടിന്റെ കഥ ഞാന്‍ തന്നെ എടുത്തിട്ടു.ഷൂ ഇട്ടതിനാല്‍ ഇക്കക്ക് കാലിലെ മുള്ളുതറച്ച പാട് കാണിക്കാനായില്ല.പഴയകാലങ്ങളിലെ മത്തനും മുരിങ്ങയിലയും ചക്കക്കുരുവും ചേമ്പില കറിയുമെല്ലാം വിഷയങ്ങളായി വന്നു. പഴമയുടെ പ്രതാപ ചിഹ്നമായിരുന്ന വൈക്കോലുണ്ടയും നെല്‍ക്കളവുമൊക്കെ ഇന്ന് കാണാനൊക്കില്ലെങ്കിലും ഇക്കയുടെ മനസ്സില്‍ തറവാട്ടിലുണ്ടായിരുന്ന വൈക്കോലുണ്ട ഇന്നും കുന്നു കൂടി കിടക്കുന്നത് ആ വാക്കുകളില്‍ നിന്ന് മനസ്സിലാക്കാം.വികൃതിയില്‍ ഒന്നാം റാങ്ക് നേടിയ ഇക്കയെ ഉപ്പയുടെ തല്ലില്‍ നിന്നൊളിപ്പിക്കാന്‍ ഉമ്മ പത്തായത്തില്‍ ഒളിപ്പിച്ചതും,പഴുക്കാന്‍ വച്ചിരുന്ന മൈസൂറ് പഴംതിന്ന് തീര്‍ത്തതുമൊക്കെ ഒരു കാലത്തിനും മറക്കാനാകാത്ത കുസൃതികളായി കിടക്കുന്നു. ഓര്‍മകളുടെ ചെപ്പുകള്‍ പാതി തുറന്നപ്പോഴേക്കും ഞങ്ങള്‍ പാണമ്പ്രക്കടുത്തെത്താറായി. കോഹിനൂര്‍ വരെ വണ്ടികളുടെ നീണ്ടനിരയാണ്. ചെക്ക് പോസ്റ്റില്‍ ക്ലിയറന്‍സിന് കാത്തിരിക്കുന്നപോലെ വണ്ടികള്‍ കാത്ത്കെട്ടിക്കിടക്കുന്നു.ചിലരൊക്കെ ഇറങ്ങി മുന്നോട്ട് നടക്കുന്നുണ്ട്. ഇക്കയും ഷാജഹാനും അവര്‍കൊപ്പം കൂടി. അല്പം മുന്നോട്ട് പോയി തിരിച്ച് വന്നു.
“ ആക്സിഡന്റ് “
ദൈവമെ….ആരുടെ കാത്തിരിപ്പിനാവോ നീ അവസാനം കുറിച്ചത്. മഹീന്ദ്രയുടെ ജീപ്പുകള്‍ കണ്ണ് തുറന്ന് ചീറിപ്പായുകയാണ്.അവരുടെ ലക്ഷ്യം പൂര്‍ണതയിലെത്താന്‍ ഞാന്‍ മനസ്സുരുകി പ്രാര്‍ത്ഥിച്ചു.കാലമെത്ര പുരോഗമിച്ചിട്ടും ആ പഴയ മഹീന്ദ്രയുടെ ജീപ്പുകള്‍ ഇന്നും ജീവന്റെ തുടിപ്പുകള്‍ നിലനിര്‍ത്താന്‍ ചീറിപ്പായുന്നുണ്ട്.എവിടെ അത്യാഹിതം നടന്നാലും മഹീന്ദ്രയുടെ ജീപ്പും അതിലെ ഡ്രൈവര്‍മാരും തന്നെ മുന്നില്‍. വിവാഹ കമ്പോളത്തില്‍ പുച്ഛിച്ച് തള്ളുന്ന ഡ്രൈവര്‍മാരുടെ ആത്മാര്‍ഥതയും സേവന വീര്യവും ഓര്‍മിക്കപ്പെടുന്നതും പ്രശംസിക്കുന്നതും,പ്രസവവേദനക്ക് നൊമ്പരം പിടിക്കുമ്പോഴോ അത്യാഹിതങ്ങള്‍ സംഭവിക്കുമ്പോഴോ മാത്രമാണെന്നത് നമ്മുടെ കേരളത്തിന്റെ മാത്രം അവ്സ്ഥയല്ല.

വണ്ടികള്‍ പതുക്കെ നീങ്ങിത്തുടങ്ങി.പാണമ്പ്രയുടെ വളവിലെത്തിയപ്പോള്‍ കണ്ടകാഴ്ച എന്നെ വല്ലാതെ ഉലച്ചു. ഒരു LPG ബുള്ളറ്റ് കൊക്കയിലേക്ക് മൂക്ക് കുത്തിയിരിക്കുന്നു.അതിന്റെ അടിയില്‍ ചതഞ്ഞരഞ്ഞ് ഒരു ഓട്ടോറിക്ഷയും,അല്പം അകലെയായി ഒരു മോട്ടോര്‍ബൈക്കും.ബൈക്കിന്റെ മുന്‍ചക്രം ജിലേബി പോലെ ആയിരിക്കുന്നു.
മൂന്ന് പേര്‍ സ്പോട്ടില്തന്നെ ….. ഇന്നാലില്ലാഹ്..
അപകടങ്ങളുടെ വളവായിട്ടാണ് ഇന്നും ഈ തുരുത്ത് അറിയപ്പെടുന്നത്.ഇരു തലയിലും മുന്നറിയിപ്പ് ബോറ്ഡുകളുണ്ടായിട്ടും അപകടങ്ങള്‍ നിത്യ സംഭവമായിതുടരുന്നു.വളയം പിടിക്കുന്നവരും വളവ് നിവര്‍ത്തിയവരും ഇനിയും പഠിക്കേണ്ടിയിരിക്കുന്നു ഈ വളവിനെ കുറിച്ച്.
പാണമ്പ്രയും കഴിഞ്ഞ് ചേളാരിയുടെ കവാടത്തിലേക്ക് കടക്കുകയായി ഞങ്ങള്‍.പഴമക്കാരുടെ കണ്ണുകളെ അമ്പരപ്പിച്ച് കൊണ്ട് മാറ്റങ്ങളുടെ നീണ്ടനിര തന്നെ കാണാം.വര്‍ഷങ്ങള്‍ക്ക് മുമ്പ് ലാലേട്ടന്റെ ഏയ് ഓട്ടോ ഷൂട്ട് ചെയ്യാന്‍ തിരഞ്ഞെടുത്ത ബിര്‍ളയുടെ ഹെലിപ്പാട് (ചേളാരിക്കാരുടെ 70 പതുകളിലെ വിമാനത്താവളം എന്ന് പറയുന്നതാകും ശരി) ഇന്ന് ഇന്ത്യന്‍ ഓയില്‍ കോറ്പറേഷന്റെ ഗ്യാസ് പ്ലാന്റ് ആയി പ്രവര്‍ത്തിത്തിക്കുന്നു.തുടക്കത്തില്‍ ഗ്യാസ് പ്ലാന്റിനെതിരെ ജനരോഷം ഇരമ്പിയെങ്കിലും രാഷ്ട്രീയ മേലാളന്മാരുടെ കീശയിലേക്ക് കാശ് പറന്നെത്തിയപ്പോള്‍ എല്ലാം കെട്ടടങ്ങി.തുച്ഛമായ സ്വദേശികളിവിടെ പോട്ടര്‍മാരായി ജോലിനോക്കുന്നുണ്ട് എന്നതല്ലാതെ സ്വദേശികള്‍ക്ക് മറ്റ് ഉപകാരങ്ങളൊന്നും ഉള്ളതായി അറിവില്ല. കേരളത്തില്‍ എവിടെ വികസനം വന്നാലും ഉത്തറ്പ്രദേശിലുള്ളവര്‍ക്കോ മഹാരാഷ്ട്രയിലുള്ളവര്‍ക്കോ ആണല്ലോ അതിന്റെ പ്രയോജനം.നമുക്ക് ഇങ്കുലാബ് വിളിച്ച് നേതാക്കളുടെ സാമ്പത്തിക ഭദ്രത ഉറപ്പ് വരുത്തി സായൂജ്യമടയുകയോ പ്രവാസിയുടെ മേലങ്കിയെടുത്തണിയുകയോ ചെയ്യാനല്ലാതെ മറ്റെന്താണ് കഴിയുക.
ഞങ്ങള്‍ താഴെ ചേളാരിയിലെ മാര്‍ജ്ജിന്‍ഫ്രീയുടെ അടുത്ത് വണ്ടി നിര്‍ത്തി. എല്ലാവരും ഒന്നിച്ചിറങ്ങിഅങ്ങോട്ട് നീങ്ങി. സ്ത്രീകളാണ് ഇവിടുത്തെ ഭൂരിഭാഗം തൊഴിലാളികളും.അത് കൊണ്ട്തന്നെ കസ്റ്റമേഴ്സ അധികവും ഇടത്തരം കുടുംബങ്ങളിലെ സ്ത്രീകളും. പലരും ചേളാരിക്ക് പുറത്തുള്ളവരാണ്.പരസ്പരം തിരിച്ചറിയാതിരിക്കാന്‍ പാകത്തിന് നഗരം മാറിക്കഴിഞ്ഞിരിക്കുന്നു.ആവശ്യമുള്ള സാധനങ്ങളെടുത്ത് മുഖം നോക്കാതെ പണം കൊടുത്ത് ലക്ഷ്യസ്ഥാനത്തേക്ക് കുതിക്കുന്നവര്‍.പലരും സ്വന്തമായി വാഹനമുള്ളവര്‍.വിവാഹത്തിന് മുമ്പ് ഇക്കയുടെ ഒപ്പമിരുന്ന് വളയം പിടിച്ചതിന് ഞാനും കുടുംബവും കേള്‍ക്കാത്ത പഴികളില്ല. ആകാരണമായിരുന്നല്ലോ ഞങ്ങളുടെ വിവാഹം പെട്ടെന്ന് നടക്കാന്‍ കാരണമായതും.ഇന്ന് ലിഫ്റ്റ് കൊടുക്കാനും കയറാനും ഇഷ്ടം പൊലെ ആളുകള്‍.അതിലേറെ വാഹനങ്ങള്‍.ആരുടേതെന്നോ ആരാണെന്നോ ആര്‍ക്കും അന്വേഷിക്കാന്‍ സമയമില്ല.അന്വേഷിച്ചിട്ട് കാര്യവുമില്ല.വ്യക്തി സ്വാതന്ത്ര്യം അത്രയ്ക്ക് ആഴത്തില്‍ അനുവദിച്ച് കിട്ടിയിരിക്കുന്നു.ഞാന്‍ എനിക്കാവശ്യമായ ഒന്ന് രണ്ട് സാധനങ്ങളുമായി കേഷ് കൌണ്ടറിലെത്തി.കൌണ്ടറിലിരിക്കുന്ന നിസാറ് എന്നെ പരിചയമുള്ളപോലെ ഇടക്കിടക്ക് നോക്കുന്നുണ്ട്.എനിക്കവനെ നന്നായിട്ടറിയാം പക്ഷെ എന്നിലുള്ളമാറ്റം എന്നെ തിരിച്ചറിയുന്നതിലമപ്പുറമായിരുന്നു.തിരക്ക് കാരണമാകാം അവനൊന്നും ചോദിച്ചതുമില്ല.
പ്ലാച്ചിമടയില്‍ നിന്നൂറ്റിയെടുത്ത മയിലമ്മയുടെ വെള്ളവുമായിട്ടാണ് ഷാജഹാന്‍ വന്നത്.ആളെണ്ണം ഓരോന്നുണ്ട്.മയിലമ്മയുടെ വെള്ളമാണെന്നറിഞ്ഞിട്ടും കുടിച്ച് ശീലിച്ച ഒന്നായതിനാല്‍ നിരസിച്ചില്ല.ബോട്ടിലിന്റെ അടപ്പ് തുറന്നപ്പോള്‍ നുരഞ്ഞ് പൊന്തിയ പതകള്‍ക്കുള്ളില്‍ മയിലമ്മയുടെ കണ്ണുനീര്‍ തെളിഞ്ഞ്കാണുന്നത് പോലെ… ചുണ്ടില്‍ പറ്റിപ്പിടിച്ച നുരകള്‍ക്ക് പോലും മയിലമ്മയുടെ കണ്ണിരിന്റെ ഉപ്പുകലര്‍ന്ന രസം. ഒരു കവിളെ ഞാന്‍ കുടിച്ചുള്ളൂ.എന്റെ കൈവിരലുകള്‍ക്ക് ബോട്ടിലിനെ താങ്ങാനുള്ള ശക്തി നഷ്ടപ്പെട്ട് താഴെ വീണ് ചിതറി.ബോട്ടലില്‍നിന്ന് തുറന്ന് വിട്ട ഭൂതംപോലെ പുറത്ത്‌വന്ന നുരകള്‍ എന്നെനോക്കി പല്ലിളിക്കുകയാണോ..കൂട്ടത്തില് വലിയ ഒരുകുമിളയില്‍ മയിലമ്മയുടെ മുഖം തെളിഞ്ഞു വന്നു.ആ തെളിഞ്ഞ കുമിള എന്റെ കണ്ണുകളിലേക്ക് നോക്കി എന്തോ പറയാന് ഭാവിച്ചപോലെ.പക്ഷെ എങ്ങുമെത്താതെ ആ കുമിളയും മണ്ണോടലിഞ്ഞു.

സമയം 12:30 സൂര്യന്‍ മണ്ടയിലുദിച്ചനേരം.കോഴിക്കോട് നിന്ന് ചേളാരിയിലെത്താന്‍ മണിക്കൂറുകളെടുത്തിരിക്കുന്നു. കത്തിച്ച് വിടുകയാണെങ്കില്‍ മുക്കാല്‍ മണിക്കൂര്‍കൊണ്ട് എത്തിപ്പെടേണ്ട വഴിദൂരം മാത്രം.കാഴ്ചകള്‍ കണ്ടും പഴംപുരാണം പറഞ്ഞും പിന്നിട്ട സമയത്തിന്റെ വിലയേകുറിച്ച് ചിന്തിച്ചതേയില്ല.ഞങ്ങള്‍ പടിക്കല്‍ ജുമാമസ്ജിദിന്റെ മുന്നില്‍ നങ്കൂരമിട്ടു.
ചേളാരിയുടെയും പടിക്കലിന്റെയും അതുപോലെ ചുറ്റുവട്ടങ്ങളിലെ കൊച്ചു കൊച്ചു സ്രാമ്പികളുടെയും ഭരണം നിയന്ത്രിക്കുന്ന വലിയപള്ളി. മൂന്ന് നിലകളിലുള്ള ഈ പള്ളിയില്‍ വെള്ളിയാഴ്ചകളില്‍ ജുമുഅ നമസ്കാരം റോഡുവരെ നീളാറുണ്ട്.വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ പള്ളിക്ക് തണലായി വലിയ ഒരു മുത്തശ്ശിമാവുണ്ടായിരുന്നു.കാല പുരോഗതിയില്‍ വെട്ടിത്തിളങ്ങാന്‍ കോടാലിക്കിരയായവരില്‍ ആ മുത്തശ്ശിയും പെട്ടു.
ഇക്കയും ഷാജഹാനും മകനും ളുഹര്‍ നമസ്കരിക്കാന്‍ പള്ളിയിലേക്ക് നീങ്ങി. സുന്നിപള്ളിയായതിനാല്‍ സ്ത്രീകള്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ സൌകര്യമൊരുക്കിയിട്ടുണ്ടാകില്ലാ എന്ന ധാരണയില്‍ ഞാനും മകളും വണ്ടിയില്‍ തന്നെ ഇരുന്നു. പള്ളിയില്‍ നിന്നുയര്‍ന്ന ബാങ്കൊലിക്ക് മറുപടിയായി ആളുകള്‍ ഇടമുറിയാതെ വന്ന് കൊണ്ടിരിക്കുന്നു.ഇടക്ക് പള്ളിയില്‍ നിന്ന് തിരിച്ചുവന്ന മകന്‍ സ്ത്രീകള്‍ക്ക് പ്രത്യേകം പ്രാര്‍ത്ഥനാസ്ഥലം ഒരുക്കിയുട്ടുണ്ടെന്നറിയിച്ചു.ഞാനും മകളും മകന്‍ കാണിച്ച് തന്ന വഴിയിലൂടെ പ്രാര്‍ത്ഥനാ സ്ഥലത്തെത്തി. മൂന്ന് സ്ത്രീകളുണ്ടായിരുന്നു അപ്പോളവിടെ.എല്ലാവരും യാത്രികരാണ്. സുബ്‌ഹാനള്ളാ…എത്ര സ്ത്രീകള്‍ ഈ കെട്ടിടം വരുന്നതിന്ന് മുമ്പ് നമസ്കരിക്കാതെ ഈ പള്ളിക്കുമുന്നില്‍ കാവലിരിക്കും പോലെ ഇരുന്നിട്ടുണ്ടാവും.പള്ളിയില്‍നിന്ന് നമസ്കരിച്ച സുഖവും റാഹത്തും മനസ്സിലേക്ക് കടന്നപ്പോള്‍ കാട്മൂടിക്കിടക്കുന്ന കബറിടം കാണാന്‍ മനസ്സ് വെമ്പി.എന്റെ ബന്ധുക്കളും പൂര്‍വ്വികരുമായ പലരും ഇവിടെ അന്തിയുറങ്ങുന്നുണ്ടല്ലോ എന്ന ചിന്ത,സ്വര്‍ഗത്തെകുറിച്ചും നരകത്തെകുറിച്ചുമൊക്കെ ഓര്‍ക്കാന്‍ കാരണമാക്കി. ദൂരെനിന്ന് കൊണ്ട് നോകെത്താ ദൂരത്തെ കബറാളികളെ നോക്കി സലാം പറഞ്ഞ് വിടപറയുമ്പോള്‍ നാളെ എന്റെ ജീവന്റെ തുടിപ്പിന് വിരാമമാകുമെങ്കില്‍ ഈ മണ്ണിലാണല്ലോ എന്നെ അടക്കം ചെയ്യേണ്ടതെന്ന വിജാരത്തിന് ഒരു നെടുവീര്‍പ്പ് നല്‍കി അടിവരയിട്ട് ഞാന്‍നടന്നു.
ഞങ്ങള്‍ നാടിനോടും വീടിനോടും അടുത്തെത്തിയിരിക്കുന്നു.ഇന്ന് ഇവിടെ ഞങ്ങളെ അറിയുന്നവരായി അധികമാരുമില്ല. തറവാട് ഭാഗം വെച്ച് പിരിഞ്ഞപ്പോള്‍ ബന്ധങ്ങളുടെ അകല്‍ച്ചയും കൂടി.പ്രവാസം തിരഞ്ഞെടുത്തതിനാല്‍ നാട്ടുകാരും അന്യരായി. ആകെ ഞങ്ങള്‍ക്കായി കാത്തിരിക്കാനുണ്ടായിരുന്നത് ഇക്കയുടെ സ്വപ്നമായി അവശേഷിച്ച കാട് മൂടിക്കിടക്കുന്ന പുരത്തറയും നീരുറവ വറ്റാത്ത തെളിഞ്ഞവെള്ളമുള്ള കിണറും മാത്രം.ഇക്ക മൊബൈലില്‍ സാലിമിനെ വിളിച്ചു.ഇക്കയുടെ പഴയ കളിക്കൂട്ട്കാരന്‍ നഷ്ടപെട്ട് പോയ സൌഹൃദങ്ങളിലൊന്ന് ഓര്‍കൂട്ട് വഴി വീണ്ടെടുത്തപ്പോള്‍ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമായിരുന്നു.പ്രവാസത്തിന്റെ ചൂടും തണുപ്പുമേറ്റ് ബഹറൈനില്‍ നിന്ന് വന്ന സ്ക്രാപ്പുകള്‍ക്ക് വിരഹദു:ഖത്തിന്റെ നെഞ്ചിടിപ്പുകള്‍ കേള്‍ക്കാമായിരുന്നു. പഴയ ചങ്ങാതിമാരുടെ കുസൃതികള്‍ പങ്കുവെക്കുന്നതിലേറെ പ്രാധാന്യം കൊടുത്തത് സ്വദേശത്തിന്റെ ജീര്‍ണതകള്‍ക്കെതിരെ ശബ്ദിക്കാന്‍ ഒരു സംഘമവേദിയുണ്ടാക്കുകാ എന്നലക്ഷ്യത്തിനായിരുന്നു.
സാലിം ഔട്ടോഫ് റേഞ്ച്.. ! അവനെ കാണാമെന്നുള്ള പ്രതീക്ഷയും മങ്ങി. ഇക്ക നിരാശയോടെ മെബൈല്‍ പോകറ്റിലാക്കി.. ഉറവ വറ്റാത്ത ഞങ്ങളുടെ കിണറിലേക്കൊന്ന് എത്തിനോക്കി തിരികെ എന്റെ വീട്ടിലേക്ക് മടങ്ങാമെന്ന തീരുമാനത്തില്‍ ഞങ്ങള്‍ അങ്ങോട്ട് തിരിച്ചു.കാട് മൂടിക്കിടക്കുന്ന സ്വപ്നമണ്ഡപത്തില് താമസക്കാരായി ഇഴ ജന്തുക്കക്കള്‍ മാത്രം . അതിലൊരാള്‍ ഞങ്ങളെ കണ്ടപ്പോഴൊന്ന് തലപൊക്കി.ആളെ തിരിച്ചറിഞ്ഞെന്നപോലെ അവരതിക്രമിച്ച് കയറിയ മാളത്തിലേക്കവന്‍ ഇഴഞ്ഞ് നീങ്ങി മറഞ്ഞു.നാലുപാടും ചുറ്റുമതിലില്‍ വരിഞ്ഞ് കെട്ടിയ 60 സെന്റിലേക്ക് ആരും തിരിഞ്ഞ് നോക്കാറില്ല.തറവാട്ടില്‍ മുമ്പുണ്ടായിരുന്ന ചിന്നമ്മുവായിരുന്നു ഇടക്കൊക്കെ ഇവിടെ വന്ന് പോയിരുന്നത്.നാല് തലമൂത്ത കല്പകവൃക്ഷം തരുന്ന കനിയായിരുന്നു അവര്‍ക്കായി നിശ്ചയിച്ചകൂലി.നല്ലകാലത്ത് നല്‍കിപ്പോന്ന കനികള്‍ കിട്ടാതായതാകും ചിന്നമ്മുവിനും ഇങ്ങോട്ട് വരാന്‍ മടിയായി തുടങ്ങിയത്.ഗ്രഹണി പിടിച്ച കുട്ടികളെപ്പോലെ മണ്ടരിപിടിച്ച മണ്ടന്‍തെങ്ങുകള്‍ ഞങ്ങളെ നോക്കി കരയുകയാണോ എന്ന് തോന്നി. ആര്‍ക്കും വേണ്ടാത്ത ഞങ്ങളെയങ്ങ് കൊല്ലരുതോ എന്നായിരിക്കുമോ ആ കേരവൃക്ഷങ്ങള്‍ പറഞ്ഞത്! ആര്‍ക്കറിയാം.ഇക്ക വല്ലാത്ത മനോവേദനയിലാണെന്ന് കണ്ടാലറിയാം.സ്വന്തമായ ഒരു പുരവേണമെന്ന് പലരും പറഞ്ഞപ്പോള്‍ സമയമായില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറി. ഇന്ന് അങ്ങിനെ ഒന്ന് വേണമെന്ന് തോന്നിയപ്പോള്‍ വഴിമുടക്കിയായി പലകാരണങ്ങള്‍.
തെല്ല് വിഷമത്തോടെ ഞങ്ങള്‍ അവിടം വിടാന്‍ ഒരുങ്ങുമ്പോഴാണ് എന്റെ ചെറുപ്പകാല കൂട്ടുകാരി മുന്നിലുള്ള പഞ്ചായത്ത് റോഡിലൂടെ പോകുന്നത് കണ്ടത്.
ഞാന്‍ ഉറക്കെ വിളിച്ചു
“ ഹസീനാ”..
പണ്ടത്തെ തെങ്ങികെട്ടി കാളത്തില്‍നിന്ന് വരുന്ന മൊഴുത്ത ശബ്ദം പോലെ ഹസീനാ തരംഗങ്ങള്‍ എക്കോയായി ആ പറമ്പിന് പുറത്തേക്ക് തെറിച്ചു.ഇക്കയും ഷാജഹാനും മക്കളും ഹസീനയുമെല്ലാം ഒരുമിച്ച് തിരിഞ്ഞ് നോക്കി.
“നിന്റെ തൊണ്ടയില്‍ ഇത്രയും വലിയ സ്പീക്കറൊക്കെ ഉണ്ടല്ലേ“ …എന്നമട്ടില്‍ ഇക്കയുടെ തുറിച്ച് നോട്ടം.ശരിയാണ്,ഈ മണ്ണില്‍ കാലുകുത്തിയപ്പോഴെ എന്റെ തൊണ്ടക്ക് വല്ലാത്ത ഒരു അയവ് വന്നത് പോലെ …ഹസീന അടുത്ത് വന്നപ്പോഴാണ് വിളിയുടെ തരംഗങ്ങളില്‍ നിന്ന് ഞാന്‍ മോചിതയായത്.അവളെന്നെ പെട്ടെന്ന് തന്നെ തിരിച്ചറിഞ്ഞു.അഞ്ച് കുസുമങ്ങളാണവള്‍ക്ക് .രണ്ടെണ്ണം മുന്നില്‍ ഓടിയിരിക്കുന്നു,ഒന്ന് ഒക്കത്തും.ഒരെണ്ണം കയ്യിലും മറ്റൊന്ന് വലിയ ഒരു കമ്പില്‍ തറച്ച മണ്ടത്തേങ സ്വന്തം വണ്ടിയായി ഉരുട്ടിക്കളിക്കുന്നു.അഞ്ച് വിരലുകള്‍ നിരത്തി വെച്ചപോലെ…അവളുടെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ നോക്കി നില്‍ക്കുകയായിരുന്നു ഞാന്‍.പഴയകാല കുസൃതികള്‍ എന്റെ മനസ്സില്‍ വീഡിയോക്ലിപ്പുകളായി പ്ലേ ചെയ്യുകയാണ്.ചെട്ടിപ്പടി മുസ്ല്യാരുടെ ഞായറാഴ്ചക്ലാസ്സുകളിലെ ഒഴിവ് സമയങ്ങളില്‍ ഭര്‍ത്താവിനെ എങ്ങിനെ മെരുക്കാമെന്ന് ക്ലാസ്സെടുത്ത് തരുന്ന ഹസീന ഞങ്ങള്‍ക്കെന്നും ഹരമായിരുന്നു.ഇത്താത്തയുടെ വീരചരിതങ്ങള്‍ ഒളിഞ്ഞ് നോക്കി കഥാരൂപത്തില്‍ പറഞ്ഞ് തരുമ്പോള്‍ മനസ്സില്‍ ആരെങ്കിലുമൊന്ന് പ്രേമിച്ചിരുന്നെങ്കിലെന്ന് ആശിച്ചിട്ടുണ്ട്.
ഇക്കാക്ക് ഹസീനയെ മനസ്സിലായില്ലാന്ന് തോന്നുന്നു.
“ഇക്കാ…. ഇവളെ അറിയോ?“
ഞമ്മളെ കല്ലന്‍ ഹസീന.
“ഹോ…പെണ്ണേ നീയങ്ങു പനപോലെ ആയല്ലോ… നിന്റെ ഔക്കറിപ്പോ എവിടെ ഉണ്ടെന്നറിയോ?.“
ഹസീന നാണം കൊണ്ട് തട്ടംകടിച്ച് എന്റെ പിന്നിലേക്ക് നീങ്ങി.മക്കളഞ്ചായെങ്കിലും ഹസീനക്കിന്നും നാണം മാറിയിട്ടില്ല. ഇന്നത്തെ തലമുറയില്‍ അപൂര്‍വ്വമായി കാണാന്‍ കഴിയുന്ന പെരുമാറ്റമാണ് ഞാനവളില്‍ കണ്ടത്. പക്വതയോടെയുള്ള സംസാരവും ഭവ്യതയോടെയുള്ള പെരുമാറ്റവും ഭര്‍ത്താവിന്റെ അഭാവത്തിലും ബഹുമാന പൂര്‍വ്വമുള്ള സംബോതനയും എനിക്കേറെ ഇഷ്ടമായി. പഴയകാലകൂട്ടുകാരികളെ കുറിച്ചറിയാനുള്ള അടങ്ങാത്ത ആവേശം ഓലമേഞ്ഞ അവളുടെ കൊച്ച് കുടിലിലാണ് ഞങ്ങളെ കൊണ്ടെത്തിച്ചത്. മൂത്തവന്റെ ഒക്കത്തിരിക്കുന്നതടക്കമുള്ള അഞ്ച് മിടുക്കന്മാര്‍ ഷാജഹാനെ വളഞ്ഞിരിക്കുന്നു.
“കാക്ക… കാക്ക ഞങ്ങളെ ഒന്ന് കേറ്റോ “.
നിഷ്കളങ്കമായ ആ കുഞ്ഞ് മുഖങ്ങള്‍ മലപ്പുറം ശൈലിയില്‍ കെഞ്ചുകയാണ് വണ്ടിയിലൊന്ന് കയറിപറ്റാന്‍. ഷാജഹാനും ഇക്കയും എന്തൊക്കയോ പറയുന്നുണ്ട് അവരോട് .അവസാനം ഡോര്‍തുറന്ന് എല്ലാവരും വണ്ടിക്കകത്തേക്ക് കയറി.ഹസീന എന്നെയും കൊണ്ട് അവളുടെ സാമ്രാജ്യത്തേക്ക് കയറി.ഇരുട്ട് മൂടിയ അടുക്കളക്ക് വെളിച്ചമേകാന്‍ ചാക്ക്കൊണ്ട് മറച്ച കൊച്ച് ജനാല. വിരി മാറ്റും പോലെ ഹസീന ആ ജനാല തുറന്നു.ആശ്വസത്തിന്റെയും സമാധാനത്തിന്റെയും കിരണങ്ങള്‍ ഇളം കാറ്റിനൊപ്പം എന്നെയും തഴുകി അവിടെമാകെ പരന്നു.ശാന്തമായ അന്തരീക്ഷം.എല്ലാം വൃത്തിയില്‍ ഒതുക്കിയിരിക്കുന്നു.രണ്ട് മുറിയിലും ചെറിയ ഒരു ഹാളിലും പണിത കൊച്ച് കൂരയാണെങ്കിലും മനസ്സിന്നും ശരീരത്തിനും ഭാരം കുറഞ്ഞ പ്രതീതിയാണെനിക്കുണ്ടായത്.ഞാനവിടെമാകെ ഒന്ന് നടന്ന് കണ്ടു.ഓലയും മണ്ണും ചാണകവും ചുമന്നമണ്ണുമെല്ലാം കൂട്ടിയിണക്കിയുണ്ടാക്കിയ ഈ സമാധാന സൌധം, ഇന്നത്തെ അപൂര്‍വ്വമായകാഴ്ച.
ദാരിദൃം വരച്ചുകാട്ടുന്ന ഇത്തരം കൂരകളില്‍ ഇന്നത്തെ ദരിദ്രരും വസിക്കാത്തകാലം.ഭര്‍ത്താവ് ഖത്തറിലായിട്ടും എന്താണ് ഇനിയും മാറ്റങ്ങള്‍ക്ക് വിധേയമാകാത്തതെന്ന് ചോദിക്കാതിരിക്കാനെനിക്കായില്ല. തൊട്ടടുത്ത് പണിതീരാന്‍ കിടക്കുന്ന വലിയ ഒരു കെട്ടിടം ചൂണ്ടിക്കാണിച്ചപ്പോഴാണ് ആ സംശയത്തിന്ന് അറുതിയായത്.ഗള്‍ഫിന്റെ മണമുള്ള ഓറഞ്ച് വെള്ളം ക്ലാസില്‍ പകരാന്‍ ഞാനും ഹസീനയെ സഹായിച്ചു. ഇടക്കെന്നെ ഒളികണ്ണിട്ട് നോക്കി ചെറുപുഞ്ചിരിയോടെ ഔക്കറിനെ കണ്ടത് സത്യമാണോ എന്നന്വേഷിച്ചു. മദ്രസ വരാന്തയിലിരുന്ന് ഔക്കറിന്റെ ചേല് പറഞ്ഞിരുന്ന് തോറ്റ് പോയതില്‍ പിന്നെ ഹസീന പഠിക്കാന്‍ വന്നിട്ടില്ല. കാലമെത്രയായി, ഇന്നും ആ പഴയ പ്രേമ സങ്കല്പങ്ങളുടെ മധുരം നുണയുകയാണവള്‍..
“ങ്ഹും ...ഇക്ക ഒരു പ്രാവശ്യം കണ്ടിരുന്നു എന്ന് പറഞ്ഞതായി ഓര്‍ക്കുന്നു…”
പിന്നെയവള്‍ എനിക്കിട്ടൊന്ന് താങ്ങി..എന്റെ പ്രണയകാലം അവളുടെ നാവിലൂടെ വാമൊഴിയായി കേട്ടപ്പോള്‍ ഒരിക്കല്‍കൂടി പിന്നിട്ട വഴികളിലൂടെ സഞ്ചരിക്കണമെന്ന് തോന്നി. പൂവണിയാത്ത പ്രണയ സങ്കല്പങ്ങളും പൂത്തൂലഞ്ഞ പ്രണയവും ഓര്‍മകളുടെ ആഴിയില്‍ നീരാടി രസിച്ചു.മധുരമായ ചെറുപ്പകാലത്തിലെ പ്രണയനായകരും നായികമാരുമൊക്കെ ഞങ്ങളുടെ സംസാര വിഷയമായി. സംസാരം നീണ്ടു പോകുന്നതിനിടയില്‍ പുകഞ്ഞ് കൊണ്ടിരിക്കുന്ന അടുപ്പ് കത്തിക്കാന്‍ ശ്രമിക്കുകയാണ് ഹസീന. തീ കത്തിപ്പടര്‍ന്നപ്പോള്‍ കൊള്ളി നീക്കുന്ന പണി ഞാനേറ്റെടുത്തു.വര്‍ഷങ്ങള്‍ക്ക് ശേഷം തീപുക ശ്വസിക്കുകയാണ്. കത്തിയമരുന്ന ഓലയുടെ മണം എന്നെ വല്ലാതെ മത്ത്പിടിപ്പിച്ചു. മുറ്റത്തേക്കിറങ്ങി മുളക് ചെടിയില്‍ നിന്ന് കാന്താരിമുളകും പറിച്ച് തേങ്ങചിരണ്ടി അരവ് തുടങ്ങിക്കഴിഞ്ഞവള്‍.
നല്ല കൈ കടുപ്പം,സംസാരം പോലെതന്നെ പ്രവര്‍ത്തിയും.മിനുട്ടുകള്‍ക്കകം ചൂടുള്ള തേങ്ങാകഞ്ഞിയും ചമ്മന്തിയും റെഡി.
കഞ്ഞികുടി ഷാജഹാന് അത്ര വശമില്ലാത്തത് പോലെയാണ് തോന്നിയത്.അവന് വല്ല ബിരിയാണിയുംവെക്കേണ്ടി വരും.തലശ്ശേരിയല്ലെ സ്ഥലം.ഇറച്ചിക്കും തലക്കും ഒരു പഞ്ഞവും ഉണ്ടാവില്ലല്ലോ…ഇക്ക തമാശയായിട്ട് പറഞ്ഞു.ഹസീനയുടെ സ്നേഹസൌധത്തില്‍ നിന്ന് കുടിച്ച കഞ്ഞിയുടെയും ചമ്മന്തിയുടെയും സ്വാദ് ഏമ്പക്കമായി പുറത്തേക്ക് വന്നു.
എന്തൊരാശ്വാസം.
അടുത്തൊന്നും ഇത്രയേറെ ആനന്തത്തില്‍ ഏമ്പക്കമിട്ടിട്ടില്ല.
സമയം മൂന്ന് മണിയോടടുത്തിരിക്കുന്നു.ഇക്ക ഇടക്കിടെ വാച്ചിലേക്ക് നോക്കുന്നുണ്ട്.യാത്രപറയാന്‍ സമയമായി എന്നര്‍ത്ഥം.മുറ്റത്തെ മല്ലികപ്പൂവിന്റെ ഭംഗി ആസ്വദിക്കുന്ന ഇക്കയുടെ അടുത്തേക്ക് നീങ്ങി സ്വകാര്യമായി ഞാന്‍ കുറച്ച് നോട്ടുകള്‍ വാങ്ങി.ഹസീനയെ ഏല്പിക്കണോ കുട്ടികളെ ഏല്പിക്കണോ എന്ന ഒരു കണ്‍ഫ്യൂഷന്‍ തീരാന്‍ കുറച്ച് സമയമെടുത്തു.അവസാന തീരുമാനമെന്നപോലെ ഞാന്‍ കാശുമായി കുട്ടികളുടെ അടുത്തേക്ക് നടന്നു.ഓരോ കുഞ്ഞ്മുഖങ്ങളും എന്നെ തുറിച്ച് നോക്കുകയാണ്.മൂത്തവന്റെ ഒക്കത്തിരിക്കുന്ന പൈതലിനെ ഞാനൊന്നെടുക്കാന്‍ ശ്രമിച്ചതെ ഉള്ളൂ,അവന്‍ വാപിളര്‍ത്തി ഉറക്കെ കരഞ്ഞു.അഞ്ച് പേര്‍ക്കും മിഠായി വാങ്ങാന്‍ കൊടുത്ത കാശുമായി ഉമ്മയുടെ അടുത്തേക്കോടുകയായിരുന്നു അവര്‍.തെല്ല് പരിഭവത്തോടെ ഇറങ്ങി വന്ന ഹസീനയെ ഞാന്‍ ആശ്വസിപ്പിച്ചു.ഇനി എന്നാണ് ഇങ്ങിനെ ഒരു കൂടിക്കാഴ്ച എന്നറിയില്ലല്ലോ.നമുക്ക് ഓര്‍മിക്കാനായി നമ്മള്‍ പലതും പറഞ്ഞു,നിന്റെ കുരുന്നുകളും ഞങ്ങളെ ഓര്‍കട്ടെ.നീ ആ കാശുകൊണ്ട് എനിക്ക് വാങ്ങികൊടുക്കാന്‍ കഴിയാതെപോയ മിഠായി വാങ്ങിക്കൊടുക്കണമെന്ന അവസാന വാക്കും പറഞ്ഞ് ഞങ്ങള്‍ പടിയിറങ്ങി..
NH 17 ലേക്ക് കടക്കാന്‍ മിനുട്ടുകള്‍ ബാക്കി നില്‍ക്കെ ഷാജഹാന്റെ മൊബൈല്‍ മണിയടിച്ചു.
വണ്ടി ഓരത്ത് നിറുത്തി കാള്‍ അറ്റന്റ് ചെയ്തപ്പോള്‍ മുഖത്തെ രക്തം വാര്‍ന്നൊഴുകിയപോലെ വിളറിയിരുന്നു അവന്‍ .
പെട്ടെന്ന് തന്നെ അവന്‍ പുറത്തിറങ്ങി , തിടുക്കത്തില്‍ ആര്‍കൊക്കയോ ഡയല്‍ ചെയ്ത് കൊണ്ടിരിക്കുന്നു.
ഷാജഹാന്റെ വെപ്രാളം കണ്ട് ഇക്കയും പുറത്തിറങ്ങി. ഇരു വരും അല്പനേരം എന്തൊക്കയോ പറഞ് വണ്ടിയില്‍ കയറി. പതിവിന്ന് വിപരീതമായി ഇക്കയാണ്‍ ഡ്രൈവ് ചെയ്തത്. എന്തോ അത്യാഹിതം സംബവിച്ചത് പോലെ. ആരും ഒന്നും മിണ്ടുന്നില്ല. തലക്ക് പിറകില്‍ കൈതാങ്ങ് കൊടുത്ത് ഇടിവെട്ടേറ്റവനപ്പോലിരിക്കുകയാണ് ഷാജഹാന്‍…
ഓര്‍കൂട്ടില്‍ സഹീറിന്റെ പ്രൊഫൈല്‍ ചിത്രം പോലെ……
~~~~~~~~~~~~~~~~~~~~~~~~~ ~~~~~~~~~~ തുടരും……….

Thursday 10 April 2008

ഹര്‍ത്താല്‍ വഴി മുടക്കിയപ്പോള്‍,!!


കണ്ണാടിപോലെ വെട്ടിത്തിളങ്ങുന്ന എയര്‍പോര്‍ട്ടിന്റെ പൂമുഖത്തേക്ക് ഞങ്ങള്‍ കടന്നു. ടേബിള്‍ ലാന്റ് റ്ണ്‍‌വേ എന്ന പഴി കേട്ട മുമ്പെത്തെ കരി പിടിച്ച കരിപ്പൂരല്ല ഇന്നുള്ളത്. ഒരു അന്താരാഷ്ട്ര് വിമാനത്താവളത്തിന്റെ എല്ലാ പ്രൌഡിയും തെളിഞ്ഞ് നില്‍ക്കുന്ന മലബാറിന്റെ ചിരകാല സ്വപ്നമായ മലബാറുകാരുടെ വിമാനത്താവളം.
ക്ലിയറന്‍സ്സിനായി ക്യൂവില്‍ നില്‍ക്കാന്‍ ഒരുങ്ങുമ്പോഴാണ് ഒരു പോലീസുകാരന്‍ അടുത്ത് വന്ന് പാസ്പോട്ട് ആവശ്യപ്പെട്ടത്. പാസ്പോട്ട് തുറന്ന് നോക്കുന്നതിന്ന് മുമ്പെ എന്റെ പേരുപറഞ്ഞ് ആളെ ഉറപ്പ് വരുത്തി കൂടെ വരാന്‍ ആവശ്യപ്പെട്ടു. വിചാരിച്ച പോലെയല്ല,സഹീറിന് കുറച്ചൊക്കെ സ്വാധീനമുണ്ടെന്ന് മനസ്സിലായി.
പാസ്പോര്‍ട്ടുമായി പോകുന്ന പോലീസുകാരന്റെ പിന്നാലെ ഞങ്ങള്‍ നടന്നു. സഹീര്‍വിളിച്ചിരുന്നെന്നും പുറത്ത് വണ്ടിയുമായി ഡ്രൈവര്‍ കാത്തിരിക്കുന്നുണ്ടെന്നും സഹീര്‍ തല്‍ക്കാലം മുങ്ങിയിരിക്കുകയാണെന്നും പോലീസുകാരനും ഇക്കയുമായുള്ള സംഭാഷണത്തില്‍ നിന്ന് മനസ്സിലായി.
നിര്‍ഗമന ഹാള്‍ വരെ ഞങ്ങളെ അനുഗമിച്ച പോലീസുകാരന്‍ തൊട്ടടുത്തുള്ള കോഫീ ഹൌസില്‍ നിന്ന് രണ്ട് ചോക്ലൈറ്റ് വാങ്ങി മക്കള്‍ക്ക് കൊടുത്തപ്പോള്‍ ഒരു പോലീസുകാരനെ ആദ്യമായി നേരിട്ട് കാണുന്നതിന്റെ അങ്കലാപ്പ് മക്കള്‍ക്ക് മാറിക്കിട്ടി.
മൊബൈലെടുത്ത് ഡ്രൈവറെ വിളിച്ച് ലഗേജ് ചുമപ്പ് തലപ്പാവുകാരനെ ഏല്‍പ്പിച്ച ശേഷമെ ആ പോലീസുകാരന്‍ ഞങ്ങളെ വിട്ട് പോയുള്ളൂ.
ഞങ്ങള്‍ പുറത്തുകടന്നതുംഒരു തൂവെള്ള പറോഡ ഞങ്ങള്‍ക്കരികിലെത്തി . ലഗേജുകളൊക്കെ എടുത്തു വണ്ടിയില്‍ വെച്ച് ചുമട്ടുകാരന്‍ ചില്ലറയ്ക്കായ് കാത്തുനിന്നു.പോക്കറ്റ് തപ്പേണ്ടി വന്നില്ല.അതിനുമുമ്പ് ഡ്രൈവര്‍ ഇറങ്ങിവന്ന് അയാളെ പറഞ്ഞുവിട്ടു.ഞങ്ങള്‍ വാഹനത്തില്‍ കയറിയതും ഡ്രൈവര്‍ സലാം പറഞ്ഞ് ചെറുപുഞ്ചിരിയോടെ സ്വയം പരിചയപ്പെടുത്തി.
"ഞാന്‍ ഷാജഹാന്‍ സഹീര്‍കായുടെ ഡ്രൈവറാണ്“
.ഡ്രൈവറെന്ന മേലങ്കി സ്വയം എടുത്തണിഞ ആചെറുപ്പക്കാരനെ ഞാന്‍ സൂക്ഷിച്ചൊന്ന് നോക്കി. നല്ല മുഖപരിചയം.ഏഷ്യാനെറ്റിലെ ഷാജഹാന്‍ കോഴിക്കോടിന്റെ അനുജനാണെന്ന് തോന്നിക്കുന്ന മുഖഛായ. സൂക്ഷിച്ച് നോക്കിയാല്‍ ഓര്‍കൂട്ടിലെ പച്ചക്കുപ്പായക്കാരന്‍ സഹീറുമായി സാമ്യമുള്ളമുഖം. ഷാജഹാനും സഹീറുമായി എവിടെയോ ഒരു കൊളുത്തുള്ള പോലെ. എന്റെ സംശയങ്ങള്‍ കാട് കയറുന്നതിന്നിടക്കാണ് ഷാജഹാന്റെ മൊബൈലില്‍ നിന്ന് “ദികൃപാടിക്കിളിയെ“ എന്നഗാനം പാടിത്തുടങ്ങിയത്.ഷാജഹാന്‍ വണ്ടി ഒതുക്കി മൊബൈല്‍ അറ്റന്റ് ചെയ്തു.
"ആ…. കണ്ടു, ഞങ്ങള്‍ പുറപ്പെട്ടു"
പിന്നെ മൊബൈല്‍ ഇക്കക്ക് കൈമാറി. മറുതലക്കല്‍ സഹീറാണ്.ഞാന്‍ മുങ്ങിയതല്ലെന്ന ആമുഖത്തോടെ യാണ് സഹീര്‍ ഇക്കയോട് സംസാരിച്ചത്.കണ്ണൂരിലും പാനൂരിലും രാഷ്ട്രീയ സംഘര്‍ഷം കാരണം പുറത്തിറങ്ങാന്‍ വയ്യ.തല ഉടലില്‍ ഉണ്ടെങ്കില്‍ നമുക്ക് നാളെ കാണാം. അതുവരെ നിങ്ങള്‍ക്ക് സഹായിയായി ഷാജഹാനുണ്ടാവും.ആരോ പറഞ്ഞ് പഠിപ്പിച്ചപോലെ പരിഭ്രമത്തോടെയുള്ള സംസാരം അധികം നീണ്ടുനിന്നില്ല. Prado നിരത്തിലൂടെ കാലിക്കറ്റിലെ Fortune Hotel ലക്ഷ്യമാക്കി പായുകയാണ്. അവിടെ 104 ആം നമ്പര്‍ റൂമാണ് ഞങ്ങള്‍ക്ക് വേണ്ടി ബുക്ക് ചെയ്തിരിക്കുന്നത്.

കുശലാന്വേഷണങ്ങള്‍ക്കൊടുവില്‍ സഹീറില്‍ തന്നെയാണ് ഡ്രൈവര്‍ ഷാജഹാനും എത്തിയത്. മിടുക്കനായ ഒരു ബിസ്നസ്സ്കാരനെയാണ് ഷാജഹാന് മുതലാളിയായി കിട്ടിയതെന്ന് അദ്ധേഹത്തിന്റെ സംസാരത്തില്‍ നിന്നും മനസ്സിലായി. തൊട്ടതെല്ലാം പൊന്നാക്കിയെടുത്ത തന്ത്രശാലിയായ കോടിപതിയുടെ കറോള്‍പതിയായ പുത്രന്‍ എത്തിപ്പിടിക്കാത്ത മേഖലയില്ലെന്ന് ഷാജഹാനില്‍ നിന്നും മനസ്സിലായി.ഫോര്‍ട്ടൂണ്‍ ഹോട്ടലിന്റെ കവാടത്തിലെത്തി ഞങ്ങള്‍ റിസപ്ഷന്‍ ലക്ഷ്യമാക്കി നീങ്ങുമ്പോഴാണ് മലയാളി വീട്ടമ്മമാരുടെ കണ്ണിലെ കരടായ സീരിയല്‍ നടി അമ്പിളിയും സീരിയല്‍ യൂണിറ്റും റൂം വെക്കേറ്റ് ചെയ്ത് ഇറങ്ങുന്നത് കണ്ടത്.. യാത്രചെയ്ത് കലശലായ തലവേദനമൂലം എത്രയും പെട്ടെന്ന് റൂമിലെത്താന്‍ കൊതിക്കുന്നതിനാല്‍ ഒരു കുശലാന്വേഷണത്തിന്ന് മുതിര്‍ന്നില്ല.മൂന്നു വര്‍ഷം മുമ്പ് കലാതിലകപ്പട്ടം കിട്ടി ഇന്ത്യാവിഷനില്‍ ന്യൂസ്ഹവറിലെ അധിതിയായി വന്നപ്പോഴാണ് ഞാന്‍ അവസാനമായി അമ്പിളിയെ കണ്ടത്. എന്നെ എവിടെയോ കണ്ട പരിചയമൂണ്ടെന്ന് തോന്നിയതിനാലാകണം നടന്നകലുന്നതിനിടയിലും അമ്പിളി തിരിഞ്ഞ് നോക്കിയത്. പഴയ സൌഹൃദം പുതുക്കുവാന്‍ അപ്പോഴത്തെ യാത്രാക്ഷീണത്താല്‍ തോന്നിയതെയില്ല.

റിസപ്ഷനില്‍ ഇരിക്കുന്ന ചെറുപ്പക്കാരന്‍ ഡ്രൈവര്‍ ഷാജഹാനുമായി സംസാരിച്ച് കൊണ്ടിരിക്കയാണ്. അവര്‍ തമ്മില്‍ പരിചയക്കാരാണെന്ന് തോന്നുന്നു.റൂം കാണിച്ച് തന്ന റൂംബോയ് സഹീര്‍ സാറിന്റെ ഗസ്റ്റാണോ എന്ന് ചോദിച്ചപ്പോഴാണ് ചിന്ത വീണ്ടും സഹീറിലേക്ക് പോയത്.
ഓര്‍കൂട്ടില്‍ കണ്ട ആ പച്ച കുപ്പായക്കരന്‍ സഹീറിനെതന്നെയാണോ ഇവന്‍ പറയുന്നതെന്ന് ആശ്ചര്യം പൂണ്ടു ഞാന്‍ .
കയറി ചെല്ലുന്നിടത്തൊക്കെ സഹീറിനെ സംബോദനം ചെയ്യുന്നത് സാറെന്ന വിളിയില്‍ മാത്രം. ഇവനാരപ്പാ…..കേരളാമുഖ്യന്റെ സീമന്തപുത്രനോ എന്ന് ചോദിക്കാന്‍ തോന്നിയെങ്കിലും സ്ഥലവും സന്ദര്‍ഭവും അതിന് യോചിക്കാത്തതിനാല്‍ ഞാന്‍ എന്റെ ചിന്തകളെ ഒതുക്കി വെച്ച് റൂമിലേക്ക് നടന്നു മുറിയില്‍ വിശ്രമിക്കുമ്പോഴും നാടിനെ കാണാനുള്ള അടങ്ങാത്ത ആവേശം കണ്ണുകളെ ത്രസിപ്പിച്ച് കൊണ്ടേയിരുന്നു.കുട്ടികളും ഇക്കയും യാത്രാക്ഷീണത്തില്‍ മയക്കത്തിലാണ്. പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്തതിനാല്‍ വിരസതയകറ്റാന്‍ ടിവി ഓണ്‍ ചെയ്തു.. " നേരോടെ , നിര്‍ഭയം , നിരന്തരം , നാളത്തെ വാര്‍ത്ത ഇന്നറിയാന്‍ " എന്ന ടൈറ്റിലോടെ ഏഷ്യാനെറ്റില്‍ വേണു. എനിക്കേറ്റവും ഇഷ്ടപ്പെട്ട ന്യൂസ് റീഡറാണ്‍ വേണു.ന്യൂസഹവറിലെ വിശകലനങ്ങളില്‍ രാഷ്ട്രീയനേതാക്കന്മാരുടെ തനിനിറം നിര്‍ഭയം പുറത്ത്കൊണ്ട് വരുന്ന അപൂ‌ര്‍വ്വം ചിലരിലൊരാള്‍..ഇന്ത്യാവിഷ്യനിലെ നികേഷ് സാറും ഭകത് സാറുമൊക്കെ എനിക്ക് പ്രിയപ്പെട്ടവരാണ്. എന്നാലും ഇടമുറിയാതെ വിശകലനം നടത്താനുള്ള വേണുവിന്റെ കഴിവ് എന്നെ ഏറെ ആകര്‍ഷിക്കാറുണ്ട്.
കനമുള്ള ശബ്ദത്തില്‍ പ്രധാനവാര്‍ത്തകള്‍ കേട്ടപ്പോഴാണ് സഹീറിന്റെ പരിഭ്രമം കൂടിയ സംസാരത്തിന്റെ കാരണം മനസ്സിലായത്. തലശ്ശേരിയില്‍ ഒരാള്‍കൂടികൊല്ലപ്പെട്ടു..ബിജെപി ഹര്‍ത്താല്‍.ദൈവമെ..പിന്നേയും വന്നു അടുത്ത വാചകം ചില മിണ്ടാപ്രാണികളോടും രാഷ്ട്രീയ വൈര്യം തീര്‍ത്തിരിക്കുന്നു.കത്തിയുടെ മൂര്‍ച്ചനോക്കാന്‍ കൊത്തിനോക്കിയതാകും.കൊന്നാല്‍ പാപം തിന്നാല്‍ തീരുമെന്നാണല്ലോ ചൊല്ല്, ഞാന്‍ സ്വയം സമാധാനിക്കാന്‍ ശ്രമിച്ചു.

പുറത്ത്നിന്ന് ഇങ്കുലാബിന്റെ മേഘഗര്‍ജനം ജനല്പാളിയിലൂടെ നേര്‍ത്തു കേള്‍ക്കുന്നുണ്ടായിരുന്നു അപ്പോള്‍.ഞാന്‍ പുതിയ രാഷ്ട്രിയകാഴ്ചകാണാന്‍ ജനല്‍ തുറന്നു..സായാഹ്ന സന്ധ്യയുടെ സൂര്യകിരണങ്ങള്‍ക്കൊപ്പം ഇങ്കുലാബിന്റെ അലയൊലികള്‍ റൂമിലേക്ക് അത്ത്യുച്ചത്തില്‍ കടന്നു വന്നു.ആദ്യമായി കാണുന്ന നരനായാട്ടിന്റെ ഇങ്കുലാബ് വിളി കാണാന്‍ മകനും മകളും മത്സരിച്ച് ജനാലകയ്യടക്കി.ഇങ്കുലാബിന്റെ സിംഹഗര്‍ജ്ജനത്താല്‍ ഭയന്നിട്ടെന്നപൊലെ നഗരം നിശ്ചലമായി,കടകമ്പോളങ്ങള്‍ അടഞ്ഞ് കിടന്നു.എങ്ങും നിശബ്ദത മാത്രം.നഗരം പെട്ടെന്ന് ഇരുട്ട് മൂടിയത് പോലെ..സൈറന്‍ മുഴക്കി തലങ്ങും വിലങ്ങും പായുന്ന പൊലീസ് വാഹനങ്ങളല്ലാതെ മറ്റൊന്നും നിരത്തിലില്ല. എയര്‍പോട്ടില്‍ നിന്ന് തടസ്സം കൂടാതെ ഇവിടെവരെ എത്തിയതില്‍ ദൈവത്തിനെ സ്തുതിച്ചു.

തൊട്ടടുത്തുള്ള മുസ്ലിംപള്ളിയില്‍ നിന്ന് പ്രഭാതനമസ്കാരത്തിന്റെ ബാങ്കൊലികള്‍ കേട്ടാണ് കൊതുകുവലക്കുള്ളില്‍ നിന്ന് പുറത്ത് കടന്നത്. കേരളത്തില്‍ ഒരു രാത്രി പിന്നിട്ടിരിക്കുന്നു.ഹര്‍ത്താല്‍ കാരണം തലശ്ശേരിയിലേക്ക് പോകാന്‍ കഴിയില്ല.ഇക്കയെയും മക്കളെയും വിളിച്ചുണര്‍ത്താന്‍ കൊതുകുവല വകഞ്ഞ് മാറ്റുകയായിരുന്നു ഞാന്‍.മക്കളെ പൊക്കിയെടുക്കാന്‍ പാകത്തിനുള്ള കൊതുകൂട്ടം വലക്കുള്ളില്‍ പുറത്ത് കടക്കാനാകാതെ ഒരു മൂലയില്‍ കൂട്ടം കൂടിയിരിക്കുന്നു.ഉറങ്ങുന്നതിന്ന് മുമ്പ് ഓടോമോസ് ക്രീം പുരട്ടിയതിനാല്‍ കുട്ടികളുടെ ചര്‍മ്മം വികൃതമായിട്ടില്ല.ഇക്കക്ക് പിന്നെ ഇതൊക്കെ ശീലമാണ് ജീവിത യാഥാര്‍ത്യങ്ങളുമായി പെട്ടെന്ന് പൊരുത്തപ്പെടാനുള്ള അപാരതൊലിക്കട്ടിയാണ് ഇക്കയുടെ ജീവിതവിജയമെന്ന് ഞാനെപ്പോഴും പറയാറുണ്ട്.ഒരു കൊതുകും ആതൊലിക്കട്ടിക്ക് മീതെ പറക്കില്ല.വിളിച്ചിട്ടും ഉണരാതെ ഇഷ്ടന്‍ കൂര്‍ക്കം വലിച്ചുറങ്ങുകയാണ്.

റിസപ്ഷനില്‍ നിന്ന് ഷാജഹാന്‍ വന്നിട്ടുണ്ടെന്നറിയിച്ചപ്പോഴാണ് ഇക്ക ഒന്നനങ്ങിയത്. ഈ 6 മണിക്ക് തന്നെ അവനിങ്ങെത്തിയോ എന്നും പറഞ്ഞ് റിസപ്ഷനിലേക്ക് വിളിക്കാനായി ഇന്റെര്‍ കോം കയ്യിലെടുത്തപ്പോഴെക്കും ഷാജഹാന്‍ വാതിലിന്നടുത്തെത്തി കോളിംഗ് ബെല്ലടിച്ചിരുന്നു.ഞാനായിരുന്നു വാതില്‍ തുറന്നത്. ഒരു ചെറുപുഞ്ചിരിയോടെ അവന്‍ ഇക്കയെ അന്വേഷിച്ച് വാതിലിന്നരികില്‍ തന്നെ നിന്നു.വിളിക്കാമെന്ന് പറഞ്ഞ് ഞാന്‍ മലപ്പുറം സ്റ്റൈലില്‍ ഇക്കയെ നീട്ടിവിളിച്ചു.
" ദേ…യ്. ഷാജഹാന്‍ വന്ന്ക്ക്ണ്‍ "
.”ഞാനിപ്പോവരാമെന്നായി ഇക്ക“..“ബാത്ത്‌റൂമിലാണ് “.റൂമിന്റെ ചെറിയ ഇടനാഴിയിലെ സോഫയിലേക്ക് ചൂണ്ടി ഞാന്‍ ഷാജഹാനോട് കയറിയിരിക്കാന്‍ പറഞ്ഞു. സന്തോഷത്തോടെ ക്ഷണം നിരസിച്ച ഷാജഹാന്‍ " ഞാന്‍ താഴെ റിഷപ്ഷനില്‍കാത്തിരിക്കാമെന്ന് പറഞ്ഞ്തിരിഞ്ഞ് നടന്നു.പ്രഭാതകര്‍മങ്ങള്‍കഴിഞ്ഞ് ഇക്ക റിസപ്ഷനിലേക്ക് നടക്കുമ്പോഴേക്കും ഷാജഹാന്റെ കാത്തിരിപ്പിന് അരമണിക്കൂര്‍ ദൈര്‍ഖ്യമായിക്കഴിഞ്ഞിരുന്നു
.അവന്‍ മുഷിഞ്ഞോ ആവോ.
ഞാനെന്റെ വേവലാതി മറച്ചു വെച്ചില്ല.ഇക്ക താഴെ എത്തി 10 മിനുട്ടുകള്‍ക്കകം തന്നെ ഇന്റര്‍കോം ശബ്ദിച്ചു. മകളാണ് അറ്റന്റ് ചെയ്തത്.. അതങ്ങനെയാണ്.എവിടെ ചെന്നാലും ഫോണ്‍ അറ്റന്റ് ചെയ്യുകാ എന്നകാര്യം അവള്‍ കയ്യടക്കി വെച്ചിട്ടുണ്ടാകും, വിളിക്കുന്നവരുടെ പേരും നാളും കുറിച്ച് വെക്കാന്‍ ബഹു മിടുക്കി. മറുതലക്കലെ ആളാരാണെന്നറിയാതെ അവളുടെ പേരു പോലും പറയില്ല. പപ്പയുടെ സ്വന്തം സെക്രട്ടറി.അതാണവളുടെ പോസ്റ്റ്.
“മമ്മാ…. പപ്പയാ“..
ഞാന്‍ റസീവറ് മകളുടെ കയ്യില്‍ നിന്നും വാങ്ങി കാര്യം തിരക്കി. "വല്ലതും ഞണ്ണണ്ടെ…".പെട്ടെന്ന് താഴെ ഇറങ്ങാന്‍ നിര്‍ദേശം.ഞങ്ങള്‍ ഒരുങ്ങിത്തുടങ്ങിയപ്പോഴെക്കും ഇക്കയും എത്തി.ഷാജഹാനെ ഇനിയും മുഷിപ്പിക്കരുതെന്ന ആഗ്രഹത്താല്‍ ഞാനെന്റെ ഒരുക്കങ്ങള്‍ ദൃതഗതിയില്‍ പൂര്‍ത്തിയാക്കി കുട്ടികളുമായി താഴെ ഇറങ്ങി.

വിതക്തനായ ഒരു ഡ്രൈവറെപ്പോലെ ഷാജഹാന്‍ തന്റെ ഉള്ളം കയ്യില്‍ സ്റ്റിയറിംഗ് അമര്‍ത്തി വട്ടം കറക്കുകയാണ്. മറുകയ്യിലെ മൊബൈലില്‍ ആരോടോ സംസാരിക്കുന്നുമുണ്ട്. എവിടെക്കെന്നറിയാതെ വണ്ടിക്കുള്ളിലിരുന്ന് എന്റെ കണ്ണുകള്‍ വട്ടം കറങ്ങി. ഒപ്പം ഷാജഹാന്റെ കരങ്ങളില്‍ ഭദ്രമായ ആ വണ്ടിയും.

ഒരു ലാഞ്ചലോടെ നിവര്‍ന്ന് നിന്ന വണ്ടി പിന്നെ മലപ്പുറം ജില്ല ലക്ഷ്യമാക്കിയാണ് കുതിച്ചത്. കണ്ണൂരിലേക്കും തലശ്ശേരിയിലേക്കും ഇന്ന് പോകാനൊക്കില്ലല്ലോ.അവിടെ ഹര്‍ത്താലുത്സവം ആഘോഷിക്കുകയാണ്‍ ജനങ്ങള്‍. ഷാജഹാനും ഇക്കയും ആ വിഷയമാണ് സംസാരിച്ച് കൊണ്ടിരിക്കുന്നതും.
കൊയ്തെടുത്ത തലകളുടെ എണ്ണം പറഞ്ഞ് പരിതപിക്കുകയാണവര്‍. ശാസ്ത്രീയമായരീതിയില്‍ തലകൊയ്യാന്‍ പഠിച്ച ഒരു സംഘം തന്നെ അവിടെ ഉണ്ട് പോലും.മരിച്ച് വീഴുന്ന രക്തസാക്ഷിക്ക് ഒരിക്കലും വേദനിക്കാത്തതരത്തില്‍ അരിഞ്ഞെടുക്കേണ്ട മര്‍മ്മസ്ഥാനങ്ങള്‍ കൂരിരുട്ടില്‍ പോലും മണത്തറിയാന്‍ കഴിവുള്ള ആരാച്ചാരുമാരുടെ സംഗമസ്ഥലം. ചിലപ്പോഴൊക്കെ പുതിയ പരിശീലകരുടെ ഉന്നം പിഴക്കുമ്പോഴാണത്രെ ജീവച്ഛവമായി ജീവിക്കുന്നരക്തസാക്ഷികളുണ്ടാകാന്‍ കാരണം. ഇങ്ങിനെ ഉന്നം തെറ്റിയവരാണത്രെ അടുത്ത നേര്‍ച്ചക്കോഴികള്‍.കളത്തില്‍ ഉന്നം പിഴക്കാത്തവന് കണ്ണൂര്‍ സെന്റര്‍ ജയിലില്‍ അത്യുന്നതമായ രാജകീയ വരവേല്പും കുടുംബത്തിന് സുഭിക്ഷമായി കഴിയാനുള്ള പാര്‍ട്ടീ ഫണ്ടും. ഷാജഹാന്റെ കണ്ണൂര്‍ വിവരണം കേട്ട് എന്റെ ഉടലില്‍ നിന്ന് തല വേര്‍പെട്ടപ്രതീതി. ചോരയുടെ ഗന്ധം.എന്നെ അസ്വസ്ഥയാക്കിക്കൊണ്ടിരുന്നു .
ഈ വിഷയമൊന്നവസാനിപ്പിച്ചിരുന്നെങ്കില്‍. യാതൊരു പ്രതീക്ഷയും കാണുന്നില്ല. കൊയ്തെടുത്തതലയുമായി ഷാജഹാന്‍ ആവീരപരാക്രമിയുടെ പിന്നാലെതന്നെ കൂടിയിരിക്കുകയാണ്‍. ആകാംക്ഷയോടെ മൂളികൊടുക്കാന്‍ ഇക്കയും. ഒന്ന് നിര്‍ത്തികിട്ടാന്‍ ഞാന്‍ മനപ്പൂര്‍വ്വം ഇടപെടുകതന്നെ ചെയ്തു.
"ഹേയ്… കുട്ടികള്‍ക്ക് വിശക്കുന്നുണ്ടാകുട്ടോ.. " ദാ… തൊട്ടടുത്ത് ഒരു ഹോട്ടലുണ്ട് അവിടെ നിര്‍ത്താം. പിന്നെ സംസാരം ഫുഡിനെ കുറിച്ചായി . മോള്‍ക്ക് വേണ്ടത് ന്യൂഡിത്സാണെന്നായി അവള്‍. വെറുതെയല്ല നീ ന്യൂഡിത്സ്പോലിരിക്കുന്നതെന്നായി മകന്‍ . പിന്നെ അടിയും കുത്തും ഇടയിലിരിക്കുന്ന എനിക്കും കിട്ടി ഒന്ന്. ഇതാണ് ഈ കുട്ടികളുടെ സ്ഥിതി.എപ്പോഴും വഴക്കാണ് എന്നാല്‍ ഒരുനേരവും പരസ്പരം കാണാതിരിക്കാനിവര്‍ക്കാവില്ല.വലിയൊരു ഹോട്ടലിന്റെ മുന്നില്‍ വണ്ടിയെത്തിയപ്പോള്‍ സമയം 7:30 .തൊട്ടടുത്ത മില്‍മാബൂത്തിന്നരുകില്‍ ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നു. ഷാജഹാനും ഇക്കയും വണ്ടിയില്‍ നിന്നിറങ്ങി… ആള്‍കൂട്ടത്തിലേക്ക നടന്ന് നീങ്ങിയ ഇരു വരെയും കാത്ത് ഞാനും മക്കളും അക്ഷമയോടെ വണ്ടിയില്‍ തന്നെ ഇരുന്നു…~~~~~~~~~~~~~~~~~~~~~~~~~ ~~~~~~~~~~~~~~~~~~~~ തുടരും,

Thursday 3 April 2008

ഓര്‍കൂട്ട് വഴി പാനൂരിലേക്ക്...........


യാദൃശ്ചികമായിട്ടാണ് ഞാന്‍ ഓര്‍കൂട്ടിലെത്തുന്നത്. സൌദി അറേബ്യയില്‍ സ്ഥിര താമസമാക്കിയ എനിക്ക് മലയാളിസുഹൃത്തുക്കള്‍ കുറവായതിനാലായിരിക്കും പെട്ടെന്ന് തന്നെ ഒര്‍കൂട്ട് സൌഹൃദം ഹരമായി തീര്‍ന്നത്.ആരും കാണാതെ എന്റെ ചെയറിലിരുന്ന് ഇഷ്ടപ്പെട്ടവരോട് ഇഷ്ടവിഷയങള്‍ ചര്‍ച്ചചെയ്യുക എന്നതില്‍ കവിഞ്ഞ് മറ്റൊന്നും പ്രതീക്ഷിച്ചിരുന്നില്ല ഈ സംഗമ വേദിയില്‍ നിന്ന്. ചെറിയവരും വലിയവരും പണ്ഡിതരും പാമരരും അങ്ങിനെ എല്ലാ മേഖലയിലുള്ളവരും ഒരുമിച്ച് കൂടുന്ന ഈ വേദിക്ക് സത്യത്തിന്റെ മുഖം അന്യമാണെന്ന് തിരിച്ചറിയാന്‍ അധിക സമയം വേണ്ടി വന്നില്ല. പ്രൊഫൈലിലേക്ക് വരുന്ന ഫ്രണ്ട്സ് റിക്വസ്റ്റുകളെ ശരിയായി നിരീക്ഷിച്ച് മാത്രം ആഡ് ചെയ്താല്‍ മതിയെന്ന ഹസ്സിന്റെ ഉപദേശമുണ്ടായതിനാല്‍ റിക്വസ്റ്റ് അയക്കുന്നവരുടെ സ്ക്രാപ്പ് ബുക്കും അവരയക്കുന്ന സ്ക്രാപ്പുകളും നിരീക്ഷിച്ച് മാത്രമെ ഞാന്‍ ആഡിയിരുന്നുള്ളൂ. മാത്രമല്ല അല്പസ്വല്പം സാമൂഹ്യ പ്രവര്‍ത്തനങളില്‍ പങ്കാളിയാവുന്ന ഹസ്സിന്ന് ഞാനാരാണെന്ന് തല്‍ക്കാലം ആരും അറിയരുതെന്നും നിര്‍ബന്ധമുണ്ടായിരുന്നു . അതുകൊണ്ട് തന്നെയാണ് മകളുടെ ഫോട്ടോ വെച്ച് പ്രൊഫൈലുണ്ടാക്കാമെന്ന തീരുമാനത്തിലെത്തിയത്. പിന്നെ സൌദി അറേബ്യയിലും യുഎയിലും ഓര്‍കൂട്ട് നിരോധിച്ചതിനാല്‍ കുറുക്ക് വഴികള്‍ തേടുന്നവര്‍ക്കല്ലാതെ ഈ വേദിയിലെത്താനും കഴിയില്ലല്ലോ എന്ന ആശ്വാസവും. അങ്ങിനെ മകളുടെ ഫോട്ടോവെച്ച് പ്രൊഫൈലുണ്ടാക്കി ഫ്രണ്ട്സുകളെ സ്വീകരിച്ച് തുടങ്ങിയ എനിക്ക് വളരെ പെട്ടന്ന് തന്നെ ഓര്‍കൂട്ടിലെസൌഹൃദ്ബന്ധങ്ങളിലെ ആഴവും വ്യാപ്തിയും മനസ്സിലാക്കാനായി.
കുറെ നല്ല കൂട്ടുകാരും അവര്‍ക്കിടയില്‍ ഇത്തിക്കണ്ണിപോലെ കുറച്ചൊക്കെ കപട മുഖങളും. എന്നാലും ഒരുനാണയത്തിന് രണ്ട് വശങ്ങളുണ്ടെന്ന ഹസ്സിന്റെ ഉപദേശവും കിട്ടുന്ന വേദികളിലെ നെഗറ്റീവിനെ എങ്ങിനെ പോസറ്റീവാക്കി മാറ്റാമെന്ന നിര്‍ദേശവും വളരെ ലളിതമായരീതിയില്‍ എന്റെ ആശയങ്ങളെയും കാഴ്ച്ചപ്പാടുകളെയും എങ്ങിനെ ഈ വേദിയിലൂടെ സമാനചിന്താകതിക്കാരുമായി പങ്ക് വെക്കാമെന്നും ഞാന്‍ മനസ്സിലാക്കി. പോരാത്തതിന്ന് വെക്തിത്വമാനികളായ ഓര്‍കൂട്ടികളുടെ സ്ക്രാപ്പിനെ പിന്തുടര്‍ന്ന് അവരുടെ ശൈലികള്‍ മനസ്സിലാക്കി തിന്മകളെ നന്മകൊണ്ട് മായ്ക്കുന്നതെങ്ങിനെ എന്നും അത്തരക്കാരെ നേരിടേണ്ടതെങിനെയെന്നും പഠിച്ചു..

അങ്ങിനെ ആരും എന്നെ തിരിച്ചറിയുന്നില്ലാ എന്ന ആശ്വാസത്തില്‍ സ്ക്രാപ്പുകളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുമ്പോഴാണ് എന്റെ സഹപ്രവര്‍ത്തകയുടെ വക ഒരു അനുമോദനം കിട്ടിയത്. ഓര്‍കൂട്ടിലാണെല്ലെ തന്റെ ഉറക്കമെന്ന് ചോദിച്ചപ്പോഴെ മനസിലായി എന്നെ തിരിച്ചറിഞ്ഞ് തുടങ്ങി എന്ന് . കൂടുതല്‍ വിശദമായി സംസാരിച്ചപ്പോഴാ മനസ്സിലായത് അവളുടെ ഹസ്സ് ഓര്‍കൂട്ടില്‍ trans gender ന് വിധേയനായി ശകുന്തളാ എന്ന പേര്‍ സ്വീകരിച്ചതും ഒരു പാടു പേരുടെ ഉറക്കം കെടുത്തി ഓര്‍കൂട്ടിലെ വഴിയോരത്ത് സ്നേഹം ഊറ്റിക്കുടിക്കുന്ന യക്ഷിയായി കാത്ത് നില്പുണ്ടെന്നും. ചോരതിളക്കുന്ന യുവകോമളന്മാരുടെ സ്നേഹം ഭക്ഷണമാക്കി വിലസുന്നതിന്നിടക്ക് പൊന്നാങ്ങളയുടെ കിന്നാരം വന്ന് അളിയന്‍ വല്ലാതായതും..അവസാനം പ്രൊഫൈല്‍ പിന്‍വലിച്ച് മാനംകാത്ത കഥയും പറഞ്ഞാണ് അവള്‍ അവസാനിപ്പിച്ചത്. സൌഹൃദ സംഭാഷണമായി തുടങ്ങുന്ന ഇത്തരം സൌഹൃദങ്ങളെകുറിച്ച് മുന്നറിയിപ്പെന്നോണം പറഞ്ഞ്തന്ന സഹപ്രവര്‍ത്തകയ്ക്ക് നന്ദിപറഞ്ഞ് ഓര്‍കൂട്ടിലിരിക്കുമ്പോള്‍ ഞാന്‍ എനിക്കുവന്ന സ്ക്രാപ്പുകളില്‍ വീണ്ടും ഒന്നു കണ്ണോടിച്ചു..കൌമാരചാപല്യങ്ങള്‍ക്കിടയില്‍ ഒരു രസത്തിനായിട്ടെങ്കിലും അതിരുവിട്ടപ്രയോഗങ്ങള്‍ എന്റെ സ്ക്രാപ്പ് ബുക്കിലുണ്ടോ എന്നായിരുന്നു എന്റെ അന്വേഷണം. പക്ഷേ അങ്ങിനെയുള്ള നേരമ്പോക്കുകളൊന്നും കാണാനായില്ല എന്നത് എനിക്ക് വലിയ ആശ്വാസമായി...

അങ്ങിനെ സൂക്ഷ്മനിരീക്ഷണത്തിന് ശേഷം തിരഞ്ഞെടുത്ത വളരെകുറച്ച് ഫ്രണ്ട്സുകളുമായി കഴിയുന്നിതിനിടക്കാണ് തലശ്ശേരിയിലെ പാനൂരില്‍ നിന്നും ഒരു റിക്വസ്റ്റ് വന്നത്. ഒന്ന് രണ്ട്ദിവസത്തെ നിരീക്ഷണങ്ങള്‍ക്ക് ശേഷം ആഡിയപ്പോള്‍ തന്നെ ഹായ് വിളിവന്നു. ഓര്‍കൂട്ടിലാണ് ഊണും ഉറക്കവുമെന്ന് ഇഷ്ടന്റെ സ്ക്രാപ്പ്ബുക്ക് കണ്ടാല്‍തന്നെ അറിയാം.എന്താണ് മറുപടി കൊടുക്കേണ്ടെതെന്ന് ആലോചിച്ചിരിക്കുമ്പോഴാണ് വീണ്ടും ഒരു സ്ക്രാപ്പ്കൂടിവന്നത്. അസ്സലാമുഅലൈക്കുമെന്ന ആ സംബോധന എനിക്കേറെ ഇഷ്ടപ്പെട്ടു. നാളിതുവരെ ഓര്‍കൂട്ടില്‍നിന്ന് ദൈവരക്ഷനേര്‍ന്നുകൊണ്ട് ഒരു സ്ക്രാപ്പും കിട്ടാത്തത് കൊണ്ടായിരിക്കാം സ്ക്രാപ്പ് വന്ന അതേസ്പീഡില്‍തന്നെ എന്റെ വിരല്‍തുമ്പുകള്‍ കീബോറ്ഡിലമര്‍ന്നത് "വാലൈക്കും മുസ്സലാം".അതൊരു തുടക്കമായിരുന്നു. സഹീറലിയെന്ന ആ പാനൂര്‍കാരന്‍ എനിക്കയക്കുന്ന ഓരോ സ്ക്രാപ്പിലും തന്റെ വ്യക്തിത്വം കാത്ത് സൂക്ഷിക്കുന്നത് ഞാന്‍ വീക്ഷിച്ച് കൊണ്ടേയിരുന്നു.
മലയാളത്തെ മറക്കാത്ത ചെറുപ്പക്കാരെ പ്രോത്സാഹിപ്പിച്ച് രണ്ടക്ഷരം എഴുതാന്‍ പ്രാപ്തരാക്കുകാ എന്നലക്ഷ്യത്തോടെ ഞങ്ങളുടെ നാട്ടുകാരനായ സാലിംകായുടെ നേതൃത്വത്തില്‍ തുടങ്ങിയ പടിക്കല്‍ വിചാരവേദിയേക്കുറിച്ച് കൂടുതലറിയണമെന്നാവശ്യപ്പെട്ടതോടെ,ദിവസവും സാലിം കായുമായി മെസഞ്ചറിലൂടെ സൌഹൃദ സംഭാഷണത്തിലേര്‍പ്പെടുന്ന എന്റെ ഹസ്സ് സഹീറലിയെ പരിചയപ്പെടുത്തികൊടുത്തതോടെ ഞങ്ങള്‍ പരസ്പരം അറിയുന്നവരായി മാറി.

എന്നും വ്യത്യസ്ഥമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും താല്പര്യമുണ്ടായിരുന്ന എനിക്ക് ഓര്‍കൂട്ടിലെ കണ്ട്മടുത്ത സ്ഥിരം സ്ക്രാപ്പുകളില്‍ നിന്ന് വിത്യസ്ഥമായി ചില ആശയങ്ങളിലൂന്നി സ്ക്രാപ്പാനായിരുന്നു താല്പര്യം.ഞാന്‍ എന്റെ താല്പര്യം സഹീറിനെയെ അറിയിച്ചത് പ്രകാരം ഒട്ടും വൈമനസ്യംകൂടാതെ ഒരു വിഷയം തിരഞ്ഞെടുത്ത് ഞങ്ങള്‍ സ്ക്രാപ്പിത്തുടങ്ങി.ആധുനികതയുടെ മടിതട്ടിലിരുന്ന് പഴമയുടെ ഓര്‍മയിലേക്ക് നടന്ന് ചെന്ന് കുഞ്ഞുനാളിലെ പ്രണയ സങ്കല്പങള്‍ സ്ക്രാപ്പുകളായിമാറിയപ്പോള്‍ പ്രൊഫൈല്‍ വിസിറ്റര്‍മാരുടെ എണ്ണം കൂടുകയും പ്രണ്ട്സുകള്‍ പെരുകുകയും ചെയ്തു. പലകോണുകളില്‍ നിന്നായി വിരുന്നുവന്ന വിസിറ്റേഴ്സിനും ഫ്രണ്ട്സിനും ഞാന്‍ ആരാണെന്നറിയാന്‍ ജിക്ഞാസ കൂടിയത് പോലെ എനിക്കും ഒരു അവസരം തരൂ എന്ന തുടക്കത്തിലുള്ള റിക്വസ്റ്റുകളും എമ്പാടുമുണ്ടായി. അവരില്‍ പലരും ഞങ്ങളുടെ ഫ്രണ്ട്സുകളായി ആഡിയെങ്കിലും വളരെ പരിമിതമായ ഓര്‍കൂട്ടികള്‍ക്ക് മാത്രമേ ഞങ്ങളുടെ ശൈലിയില്‍ സ്ക്രാപാന്‍ കഴിഞ്ഞുള്ളൂ.പലരുടെയും സ്ക്രാപ്പുകള്‍ കൊച്ചുവര്‍ത്തമാനങ്ങളിലും മറ്റും ഒതുങ്ങി.
വയലും കാടും മഞ്ഞു മഴയും അവയെ ഹാരമണിയിച്ച ഗ്രാമഭംഗിയും നിഷ്കളങ്കതയും സ്ക്രാപ്പുകളായപ്പോള്‍ 15 വര്‍ഷം മുമ്പ് നഷ്ടപ്പെട്ടുപോയ ഗ്രാമഭംഗി ആസ്വദിക്കാന്‍ മനസ്സ് തുടിച്ച് കൊണ്ടേയിരുന്നു. അങ്ങിനെയിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി സഹീറില്‍ നിന്നും വെറുതെയാണെങ്കിലും നാട്ടിലേക്ക് ഒരു ക്ഷണമുണ്ടായത്. ആദ്യം ഓര്‍കൂട്ടിലെ ഒരു തമാശ എന്നതില്‍ കവിഞ്ഞ് ഒരു പ്രാധാന്യവും ഞാനിതിന്ന് കല്പിച്ചിരുന്നില്ല. നാല് പേര്‍ക്ക് ജിദ്ദയില്‍ നിന്നും കോഴിക്കോട്ടേക്കുള്ള റിട്ടെണ്‍ ടിക്കറ്റ് തരുകയാണെങ്കില്‍ വരാമെന്നായി ഞാന്‍. അതിനെന്ത് പ്രയാസമെന്ന് അനായാസം പറഞ്ഞ സഹീര്‍ ഒരിക്കലും ടിക്കറ്റ് ഞങ്ങള്‍ക്കായി എടുക്കുമെന്ന് ഞാന്‍ നിനച്ചതേയില്ല.ഏതായാലും ഓര്‍കൂട്ട് സൌഹൃദം ഇത്ര ആഴത്തില്‍ പതിയുമെന്ന് ഞാനൊരിക്കലും കരുതിയതല്ല. എങ്കിലും സൌജന്യമായി കിട്ടിയ ടിക്കറ്റില്‍ യാത്ര ചെയ്യാന്‍ ഈ ഓര്‍കൂട്ട് സൌഹൃദം മതിയാകില്ലാ എന്നത് ആ ക്ഷണം സ്നേഹപൂര്‍വം നിരസിക്കാന്‍ എന്നെ നിര്‍ബന്ധിതയാക്കി.ഈ വിവരം ഞാന്‍ സഹീറിനെ അറിയിക്കുകയും ചെയ്തു. അല്‍പ്പം ദേഷ്യപ്പെട്ടെങ്കിലും കാര്യകാരണങ്ങള്‍ ബോധ്യപ്പെടുത്തിയപ്പോള്‍ ഇഷ്ടന്‍ വഴങ്ങി.അങിനെയിരിക്കുമ്പോഴാണ് തേടിയവള്ളി കാലില്‍ ചുറ്റി എന്നപോലെ ഇക്കയുടെ സ്പോണ്‍സറില്‍ നിന്നും കമ്പനി ആവശ്യാര്‍ത്ഥം പൂനവരെ പോകാന്‍ നിര്‍ദേശമുണ്ടായത്. പിന്നെ ഒട്ടും അമാന്തിച്ചില്ല വൈദ്യന്‍ കല്പിച്ചതും രോഗി ഇച്ഛിച്ചതും ഒന്നായ സന്തോഷത്തില്‍ സഹീറിന്റെ ക്ഷണം സ്വീകരിച്ച് ഞങ്ങള്‍ യാത്രക്കൊരുങ്ങി.
15 വര്‍ഷങ്ങള്‍ക്കു ശേഷം കേരളത്തിലേക്കു ഒന്നിച്ചൊരു യാത്ര.വല്ലാത്ത ഒരു ആവേശമായിരുന്നു കുട്ടികള്‍ക്കെല്ലാം.നാലു വര്‍ഷത്തിലൊരിക്കല്‍ ഞങ്ങള്‍ കേരളം സന്ദര്‍ശിക്കാറുണ്ട്.വിരലിലെണ്ണാവുന്ന ദിവസങ്ങളില്‍ ഒതുങ്ങുന്ന ആ യാത്രയിലെല്ലാം ഞാനും കുട്ടികളും മാത്രമാണ് ഉണ്ടാകാറുള്ളത്. അത് കൊണ്ട്തന്നെ ആ യാത്രകള്‍ക്കൊന്നും കേരളത്തിന്റെ പച്ചപ്പറിയാന്‍ ഞങ്ങള്‍ക്കാവുമായിരുന്നില്ല.ഇത്തവണത്തെത് ഒരുമിച്ചുള്ള ആദ്യയാത്ര എന്ന് തന്നെ പറയാം . സന്ദര്‍ഭങ്ങളെല്ലാം ഒത്ത് കിട്ടിയിരിക്കുന്നു.ധൃതഗതിയില്‍ ഞങ്ങള്‍ യാത്രക്കുള്ള ഒരുക്കങ്ങള്‍ നടത്തിക്കൊണ്ടിരുന്നു.യാത്രക്കുള്ള ദിവസമടുത്തിട്ടും ഒരുക്കങ്ങളൊന്നും പൂര്‍ത്തിയാകാത്തത് പോലെ. എന്തൊക്കെ കരുതണം,ഏതൊക്കെ ഡ്രസ്സുകള്‍ എടുക്കണമെന്നൊന്നും ഒരു എത്തും പിടിയും കിട്ടുന്നില്ല. ഇക്ക എന്തോ അത്യാവശ്യത്തിന് പുറത്തിറങ്ങിയതാണ്.വരുന്നതിന്ന് മുമ്പ് റെഡിയായില്ലെങ്കില്‍ പിന്നെ അതു മതിയാകും. ചെറുതാണെങ്കിലും മകളും ഒരുങ്ങുന്നതില്‍ അത്ര പിന്നിലല്ല . ലിപ്സ്റ്റിക്കും,eye പെന്‍സിലും കയ്യിലേന്തി എന്റെ പിന്നാലെ തന്നെയുണ്ട്. പുറപ്പെടാന്‍ ഇനി 5 മിനുട്ട് മാത്രം ബാക്കി.മകനും ഇക്കയും റെഡിയായിക്കഴിഞ്ഞു. ധൃതിയില്‍ അബായ വലിച്ചിട്ട് ഞാനൊന്നുകൂടി കണ്ണാടിയില്‍ നോക്കി.എല്ലാം ഓകെ..
സൌദിയിലെ ------ എയര്‍പോര്‍ട്ടിലേക്ക് വണ്ടിതിരിക്കുമ്പോഴും ഇക്ക മൌനത്തിലായിരുന്നു. ആദ്യമായിട്ടാണ് എയറിന്ത്യയില്‍ യാത്ര ചെയ്യുന്നത്. പ്രവാസികളായ യാത്രക്കാരെ ഏതൊക്കെ തരത്തില്‍ ചൂഷണം ചെയ്യാനും ബുദ്ധിമുട്ടിക്കാനും കഴിയും എന്നതാണല്ലോ അവരുടെ മുഖ്യ അജണ്ട. ഇക്കയുടെ മൌനം നീണ്ടു പോയപ്പോള്‍ എനിക്ക് അസ്വസ്ഥത കൂടി വന്നു. മൌനം ഭജിക്കാനായി ഞാന്‍ വണ്ടിയുടെ ഡേഷില്‍ നിന്നും ഒരു ഓഡിയോ കേസറ്റെടുത്ത് പ്ലേ ചെയ്തു.
മണ്ണിന്റെ താളം പിടിച്ച് തീരത്തണിയാന്‍ കൊതിക്കുന്ന പ്രവാസിയുടെ ഗ്രാമസങ്കല്‍പ്പങ്ങളടങ്ങിയ “തിരികെഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി ഗ്രാമം കൊതിക്കാറുണ്ടെന്നും”എന്ന ഗാനം പാടിത്തുടങ്ങിയപ്പോള്‍ ഇക്കയുടെ വിരലുകള്‍ സ്റ്റിയറിങ്ങില്‍ താളം പിടിച്ച് കൊണ്ടിരിന്നു.
ഏമിഗ്രേഷനും കഴിഞ്ഞ് ലോഞ്ചിലിരിക്കുമ്പോഴും ഇക്ക നിശബ്ദനായി അറബ് ന്യൂസും വായിച്ചുകൊണ്ടിരിക്കുകയാണ്.ആരും കാണരുതെന്ന മട്ടില്‍ ഉയര്‍ത്തിപ്പിടിച്ചിരിക്കുന്ന പത്രത്താളുകള്‍ താഴ്ത്തി ഞാന്‍ ചോദിച്ചു എന്തു പറ്റിയെന്ന്.ബലമായി എന്റെ കൈകള്‍ തട്ടിമാറ്റി പേപ്പറുകൊണ്ട് മുഖം മറച്ച് പതിഞ്ഞ ശബ്ദത്തില്‍ ഇക്കപറഞ്ഞു നമ്മള്‍ യാത്രചെയ്യുന്നത് എയറിന്ത്യക്കാണെന്ന് ഓര്‍മവേണം,ഈ പേടകത്തില്‍ യാത്ര ചെയ്യില്ലാന്ന് പ്രതിക്ഞ ചെയ്യുകയും ചെയ്യിച്ചവരുമാണ് നമ്മള്‍ , ആരെങ്കിലും കണ്ടാല്‍ ഹോ…. ഇപ്പോഴാ മൂഡൌട്ടിന്റെ കാര്യം പിടികിട്ടിയത്. ഞാനും പെട്ടെന്ന് തന്നെ ഒരു ഷീറ്റെടുത്ത് വായന തുടങ്ങി.മുഖം മറക്കാന്‍ പറ്റിയ ഒന്നാണല്ലോ ചിലപ്പോഴൊക്കെ ഈ വര്‍ത്തമാനപത്രം.
പതിവ് തെറ്റിച്ച് അരമണിക്കൂര്‍ നേരത്തെയാണ് ഇന്ന് എയറിന്ത്യയുടെ ആഗമനം.സീറ്റിലിരുന്നിട്ടും ഹസ്സിന്ന് പരിഭ്രമം വിട്ട് മാറാത്തത് പോലെ.നിലത്തിറങ്ങാന്‍ ചക്രങ്ങളുണ്ടാകുമോ എന്ന ആധിയായിരിക്കുമെന്ന് ഞാന്‍ ഊഹിച്ചു. ദൈവത്തെ മനസ്സില്‍ ധ്യാനിച്ച് കണ്ണുമടച്ച് അക്ഷമയായി ഞാന്‍ സീറ്റില്‍ അമര്‍ന്നിരുന്നു.സ്ക്രീനില്‍ നിന്ന് തെറിച്ച നീല രശ്മികള്‍ കണ്‍പോളകളില്‍ തറഞ്ഞപ്പോഴാണ് കണ്ണ് തുറന്നത്.ബ്ലസ്സിയങ്കിളിന്റെ "തന്മാത്ര" കളിക്കുന്നു..വീട്ടിലിരിക്കുമ്പോള്‍ സ്വസ്ഥമായി ഒരു ഫിലിമും കാണാന്‍ കഴിയാറില്ല. മടക്കിവെച്ച കണ്ണടയെടുത്തണിഞ്ഞ് ഞാന്‍ സ്ക്രീനിലേക്ക് തന്നെ നോക്കിയിരുന്നു .ലാലേട്ടനും മീരേച്ചിയും നന്നായി അഭിനയിച്ചിട്ടുണ്ട്.മീരചേച്ചിയെ ഒന്ന് രണ്ട് പ്രാവശ്യം മദ്രാസില്‍ വെച്ച് കണ്ട പരിചയവുമുണ്ട്. ഇന്നത്തെ അണു കുടുംബങളില്‍ കാണാന്‍ കഴിയാത്ത സ്നേഹപ്രകടനങ്ങളും അച്ചനും മകനും തമ്മിലുള്ള ചങ്ങാത്തവും കണ്ടിട്ടാവാം,ഇങ്ങിനെയൊരു കുടുംബം ഞാനും ആഗ്രഹിച്ചിരുന്നില്ലെ എന്ന് തോന്നിയത്. സീനുകള്‍ പിന്നിടുമ്പോള്‍ മുമ്പേ കണ്ട സന്തോഷങ്ങള്‍ വേദനയായി മാറുന്നത് ഞാനറിഞ്ഞു. മറക്കാന്‍ പഠിച്ച മനുഷ്യന് മറവിയെന്നത് അനുഗ്രഹമായിട്ടായിരുന്നു ഞാന്‍ കണ്ടിരുന്നത്. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്ഥമായി മറ്റൊരു മറവിരോഗം കണ്മുന്നില്‍ ചിത്രങ്ങളായപ്പോള്‍ കണ്ണുകള്‍ അറിയാതെ നിറഞ്ഞ് തുളുമ്പി. ആസ്വദിക്കുകാ‍ എന്നതില്‍ കവിഞ്ഞ് മറ്റൊരു പ്രാധാന്യവും സിനിമക്ക് കൊടുക്കാറുണ്ടായിരുന്നില്ല. എന്നാല്‍ തന്മാത്രയിലെ ലാലേട്ടന്‍ മീരേച്ചിയുടെ വേദനപോലെ എന്റെ കൂടി വേദനയായി മാറുകയായിരുന്നു. അവ്യക്തമായ സംസാരത്തിലൂടെ മനസ്സിനെ പിടിച്ച് കുലുക്കിയ ലാലേട്ടനിലെ അള്‍ഷിമേഴ്സ് രോഗം മനുഷ്യന്റെ പ്രയാണം ദൈവത്തിന്റെ ഇച്ഛക്കനുസരിച്ചാണ് നടക്കുന്നതെന്ന് ഒരിക്കല്‍കൂടി വിളിച്ചറിയിക്കുന്നത് പോലെ തോന്നി..
ഈറനണിഞ്ഞ കണ്ണുകള്‍ ഒപ്പി ഞാന്‍ ഇക്കയെ നോക്കി , നല്ല ഉറക്കമാണ് ,മൂപ്പരിതൊന്നും അറിഞ്ഞതേയില്ല.ഒരു കണക്കിന് കാണാത്തത് തന്നെ ഭാഗ്യം.കണ്ടിരുന്നെങ്കില്‍ ഞാനൊരു അള്‍ഷിമേഴ്സ് രോഗിയാണെങ്കില്‍ മീരേച്ചി ലാലേട്ടനെ പരിചരിച്ചപോലെ നീയെന്നെ പരിചരിക്കുമോ എന്നായിരിക്കും ചോദ്യം. യാത്രയില്‍ ഉറക്കം ശീലമാക്കിയതിനാല്‍ ആ ചോദ്യത്തിന് മറുപടി കൊടുക്കേണ്ടി വന്നില്ല.അള്‍ഷിമേഴ്സിന്റെ ഭീകര രൂപം മനസ്സിലുണ്ടാക്കിയ വിങ്ങലില്‍ അസ്വസ്ഥയായി ഞാനും കണ്ണുകളടച്ചു.
ലാന്റ് ചെയ്യുന്നതിന്ന് മുമ്പ് ഫ്രഷാവണം .ചിന്തകള്‍ വായു വേഗത്തില്‍ എവിടെയൊക്കയോ പറന്നു.ഇടക്കെപ്പോഴോ കണ്‍പൊളകള്‍ കൂമ്പിയടഞ്ഞിരുന്നെന്ന്
പൈലറ്റിന്റെ അനോണ്‍സ് കേട്ടപ്പോഴാണ് മനസ്സിലായത്. ഡാഷ് ബോര്‍ഡില്‍ നിന്ന് സ്യൂട്ട്കേയ്സും ബാഗുകളും പാസഞ്ചേഴ്സ് കയ്യിലൊതുക്കാന്‍ ധൃതികൂട്ടുകയാണ്.ഒന്നുരണ്ട് മധ്യവയസ്കര്‍ പാന്റ്സ് മാറി മുണ്ടെടുത്തിട്ടിരിക്കുന്നു.അതിലൊരാള്‍ പാന്റ്സൂരി തോളിലിട്ടിരിക്കുന്നത് കണ്ട് മകനും മകളും അത്ഭുതത്തോടെ അവരെ തന്നെ വീക്ഷിക്കുകയാണ്,കൂട്ടികള്‍ അത്ഭുതത്തോടെ വീക്ഷിക്കുന്നത് കണ്ട് തൊട്ടടുത്തെ സീറ്റിലിരുന്ന അങ്കിള്‍ ഞങ്ങളെ നോക്കി പുഞ്ചിരിക്കുന്നു. മലയാളമണ്ണിനെ മറക്കാത്ത മലയാളികള്‍ മറുനാട്ടിലെ വേഷം അംഗീകരിക്കാന്‍ പ്രയാസമുള്ളവരാണെന്ന നിരീക്ഷണം ഒന്ന് കൂടി ബലപ്പെടുകയായിരുന്നു എന്നിലപ്പോള്‍..
തന്റെ നാടിന്റെ ആകാശക്കഴ്ചകാണാന്‍ വിന്റോയിലൂടെ എത്തിനോക്കുന്ന ദേശക്കൂറുള്ള ചെറുപ്പക്കാരെ ഞാന്‍ അഭിമാനത്തോടെ നോക്കിയിരിക്കുമ്പോഴാണ് നമ്മുടെ മുന്‍ മന്ത്രി Kingfisher Airlines ന്റെ വിന്റോയിലൂടെ ആകാശക്കഴ്ചകാണാന്‍ ശ്രമിച്ച് കസാരതെറിച്ചത് ഓര്‍മയില്‍ വന്നത്.ചില വിദ്വാന്‍മാര്‍ സീറ്റിനൊപ്പം ചാരിനിന്ന് ആകാശക്കാഴ്ചകാണുന്നുണ്ട്. അവര്‍ പുറത്തേക്ക് തന്നെ തുറിച്ച് നോക്കി പരസ്പരം അടക്കം പറയുകയാണ്‍.അവരുടെ ആവേശവും ആകാംക്ഷയും കണ്ടാല്‍ തന്നെ അറിയാം മന്ത്രിയോളം തരം താഴാന്‍ ഇവര്‍ക്കാവില്ലാ എന്ന്.
ഫ്ലൈറ്റ് ലാന്റ് ചെയ്യാന്‍ മിനുട്ടുകള്‍ മാത്രം ബാക്കി നില്‍ക്കെ ഓര്‍മ്മകള്‍ ഓര്‍കൂട്ടിലേക്കും സഹീറിലേക്കും കടന്നു. എയര്‍പൊര്‍ട്ടിലെത്തുമെന്ന് അറിയിച്ചതാണ്‍. മുങ്ങുമെന്ന് പലവട്ടം സ്ക്രാപ്പിയിട്ടുമുണ്ട്.ഞങ്ങളെ സ്വീകരിക്കാതെ മുങ്ങുമോ?എന്റെ മനസ്സ് വായിച്ചത് പോലെ ഇക്കയും ഇതെ ആശങ്ക പങ്ക് വെച്ചു.



~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~ (( തുടരും ))