വീട്ടിലെത്തിയപ്പോള്‍ നന്നേ ഇരുട്ടിയിരുന്നു.പവര്‍കട്ടായത് കാരണമാണോ എന്നറിയില്ല ,എവിടെയും വെളിച്ചമില്ല.ഗോദ്രേജിന്റെ ഇന്‍വേട്ടറുണ്ടായതിനാല്‍ പൂമഖത്ത് ഒരു ട്യൂബ് കത്തുന്നുണ്ട്, അരണ്ട വെളിച്ചത്തിലേക്ക് വണ്ടിയുടെ ഹെഡ്‌ലൈറ്റ് പ്രകാശവും കൂടി ചേര്‍ന്നപ്പോള്‍ മുറ്റമാകെ പൂനിലാവ് പെയ്തപോലെ തിളങ്ങി.എന്നും അപ്രതീക്ഷിതമായിരുന്നു ഞങ്ങളുടെ എല്ലാകാര്യവും.വരവും പോക്കും വിവാഹവും ഒക്കെ അങ്ങിനെ തന്നെ.എന്നാല്‍ ഒരു വണ്ടിയുമായി ഇപ്പോഴുള്ള വരവ് ആരും പ്രതിക്ഷിച്ചിട്ടുണ്ടാവില്ല. ഉപ്പയും ഉമ്മയും വന്നതാരെന്നറിയാന്‍ ആകാംക്ഷയോടെ മുറ്റത്തേക്കിറങ്ങി.അസമയത്ത് ഞങ്ങളെ കണ്ട അമ്പരപ്പ് മാറാന്‍ കുറച്ച് സമയമെടുത്തു.
യാത്രാക്ഷീണം കുട്ടികളെയും ഞങ്ങളെയും ഒരുപോലെ തളര്‍ത്തിയിരുന്നു.വാര്‍ക്കപ്പുരയുടെ വിങ്ങല്‍ ഉറക്കിന്റെ നേര്‍പാതയെ പലപ്പോഴും തടസ്സപ്പെടുത്തി.കറങ്ങിക്കൊണ്ടിരിക്കുന്ന ഫാനില്‍ നിന്നു പോലും ചൂടുക്കാറ്റ് വരുന്നത് പോലെ തോന്നി.ശരീരമാസകലം ഉണങ്ങിവരളുന്നത് പോലെ.തിരിഞ്ഞും മറിഞ്ഞും ഉറങ്ങിയും ഉണര്‍ന്നും ഒരു വിധത്തില്‍ നേരം വെളുപ്പിച്ചു. അതിരാവിലെ ഉണര്‍ന്ന ഞങ്ങള്‍ ആദ്യം ചെയ്തത് ഷാജഹാനെ ഡയല്‍ ചെയ്യുകയായിരുന്നു.സ്വിച്ച് ഓഫായത് കാരണം അവനെകിട്ടുന്നുമില്ല.സഹീറിന്റെ നമ്പറാണെങ്കില്‍ എപ്പോഴും പരിധിക്ക് പുറത്താണ് താനും.ഞാന്‍ ലാപ്റ്റോപ്പെടുത്ത് ഓര്‍കൂട്ട് തുറന്നു.ഇവിടെയെങ്ങാനും മേയുന്നുണ്ടോ അവന്‍..?എന്റെ പ്രൊഫൈലിലേക്ക് വന്ന സൂര്യയുടെ ഛായാചിത്രങ്ങള്‍ സ്ക്രാപ്പ് ബുക്കിന്റെ റീഡിംഗ് സാവധാനത്തിലാക്കി. ഭംഗിയുള്ള ഛായാചിത്രങ്ങള്‍ സൂര്യക്കെന്നും പ്രിയപ്പെട്ടതായിരുന്നു.കളക്ട് ചെയ്യുന്ന ചിത്രങ്ങളും,മഴത്തുള്ളിയിലെ കവിതകളും ഇഷ്ടപ്പെട്ടവര്‍ക്ക് സ്ക്രാപ്പി സായൂജ്യമടയുക എന്നത് അവന്റെ പതിവ് ശൈലിയാണ് . വരയന്‍ കുതിരയുടെയും പരുന്തിന്റെയുമൊക്കെ രൂപം കൈ വിരലുകളെ ഒരുമിച്ച് നിറുത്തി പെയ്ന്റില്‍ ചാലിച്ചെടുത്തിരിക്കുന്നു.നല്ല ഭംഗിയുള്ള ചിത്രങ്ങള്‍.ഞാന്‍ കുറച്ച് നേരം ആ ഛായാചിത്രങ്ങളിലേക്ക് തന്നെ നോക്കിയിരുന്നു. അത്രയ്ക്ക് നയന മനോഹരമായിരുന്നു ആകാഴ്ചകള്‍.ചിത്രങ്ങളിലെ വര്‍ണഭംഗി ആസ്വദിക്കുന്നതിന്നിടയിലാണ് ഏകാന്തപഥികന്റെ സ്ക്രാപ്പ് വന്നത്.വല്ലപ്പോഴും ഒരു വഴിപോക്കനെപ്പോലെ എന്റെ പറമ്പിലൂടെ നടന്നകലുമ്പോള്‍ എന്റെ പൂക്കളത്തിലെ പൂച്ചെടികള്‍ക്കിടയിലെ പാഴ്ചെടികള്‍ കാണിച്ച് തരാന്‍ മടിക്കാറില്ലാ എന്നതാണ് അദ്ധേഹത്തിന്റെ പ്രത്യേകത. വളര്‍ന്നു വരുന്ന എഴുത്തുകാര്‍ക്ക് വഴികാട്ടിയായി എന്നും ഒരു കൂട്ടരുണ്ടാകും എന്ന സത്യമാണ്,ഞാന്‍ അങ്കിളെന്ന് സ്നേഹപൂര്‍വ്വം വിളിക്കാറുള്ള ഏകാന്തപധികനില്‍ നിന്ന് എനിക്ക് കിട്ടിയ വലിയ പാഠം,അതുപോലെ തന്നെ എന്റെ വരികളെ ജനസഞ്ചയങ്ങള്‍ക്ക്മുമ്പില്‍ സമര്‍പ്പിക്കപ്പെടുമ്പോള്‍ ഭയപ്പെടാതെ വിമര്‍ശനങ്ങളെ നേരിടാന്‍ പ്രാപ്തതയാക്കിയതില്‍ പടിക്കലിന്റെ പരിസരദേശങ്ങളെവിടെയൊ ഉള്ള,വിനീതനെന്ന പേര്‍ സ്വീകരിച്ച മാന്യദേഹം വഹിച്ച പങ്ക്,എനിക്ക് കിട്ടിയ അപൂര്‍വ്വങ്ങളിലൊന്നായ സഹായമായിട്ടാണ് ഞാന്‍ കാണുന്നത്.അങ്ങിനെ കലാവാസനയും സാഹിത്യരുചിയും നിറഞ്ഞ കുറെ നല്ലമനസ്സുകളുടെ സഹകരണം ഇന്നും എന്നെ ഈ രംഗത്ത് തുടരാന്‍ പ്രേരിപ്പിക്കുന്ന ഒന്നാണ്.സക്രാപ്പുകള്‍ക്കിടയിലൂടെ നടക്കുന്നതിനിടയിലാണ് മച്ചിലേക്ക് നോക്കിയിരിക്കുന്ന പച്ചക്കുപ്പായക്കാരന്‍ ഹായ് പറഞ്ഞത്.പാതി വായിച്ച സ്ക്രാപ്പുകള്‍ മാറ്റിവെച്ച് ജിടാക്കിലേക്ക് കഥാനായകനെ ക്ഷണിച്ച് കഥപറയും നേരമാണ്, ഇക്കയുടെ മൊബൈലില്‍ ഷാജഹാന്റെ നമ്പര്‍ തെളിഞ്ഞത്. ഉടലോടെ കണ്ണൂരിലെത്തിയ സന്തോഷമായിരുന്നു അവനു.വെട്ടേറ്റ ബന്ധുവിന്റെ മെച്ചപ്പെട്ട നിലയില്‍ ദൈവത്തെ സ്തുതിച്ച് ഞങ്ങള്‍ അവസാനിപ്പിച്ചു.
ഇടക്കിടെ കട്ടായിക്കൊണ്ടിരിക്കുന്ന ജിടാക്കിന്റെ സേവനം അവസാനിപ്പിച്ച് ഞങ്ങള്‍ റിലയെന്‍സ് ലൈനിന്റെ സേവനം ഉപയോഗിച്ചു, തുടര്‍ന്നുള്ള യാത്രയെ കുറിച്ചുള്ള ചര്‍ച്ച അവസാനിച്ചപ്പൊഴേക്കും ഉമ്മ തേങ്ങവറുത്തരച്ച കോഴിക്കറിയും മലബാറുകാരുടെ നൈസ് പത്തിരിയും ടേബിളിലൊരുക്കി കാത്തിരിപ്പുണ്ടായിരുന്നു.
വറുത്തരച്ചകോഴിക്കറിയുടെ ഗന്ധം റൂമിലാകെ പരന്നൊഴുകുകയാണ് പലപ്പോഴും ഇക്കാക്ക് ഇഷ്ടപ്പെട്ട വിഭവങ്ങളുണ്ടാക്കിക്കൊടുക്കാന്‍ കഴിയാത്തതില്‍ വളരെയെറെ ദുഖിതയായിട്ടുണ്ട് ഞാന്‍.പത്തിരിക്ക് പൂതിപറഞ്ഞപ്പോള്‍ ഒരു ശ്രമം നടത്തി പരാജയപ്പെട്ടതില്‍ പിന്നെ ആവഴിക്ക് നോക്കിയിട്ടില്ല.തറവാട് പരമ്പര്യങ്ങളില്‍ നിന്ന് അണുകുടുമ്പങ്ങളിലേക്ക് ചേക്കേറിയപ്പോള്‍ കൈമൊശം വന്ന് പോയ ഒന്നാണ് പലര്‍ക്കും ഈ അടുക്കളപ്പണി.അടുപ്പില്‍ തീയൂട്ടുകാ എന്നതും ഒരു കലയാണെന്ന് മനസ്സിലാക്കാന്‍ വളരെ വൈകി.എന്നിരുന്നാലും എന്നാല്‍കഴിയുന്ന രീതിയില്‍ പലപേരുകളില്‍ ഞാന്‍ ഉണ്ടാക്കി വിളമ്പാറുണ്ട്.വെള്ളം അധികമായാല്‍ അരിപ്പൊടിയിട്ട് കുറുക്കുന്ന തരികിട വിദ്യയാണ് എന്റെ മാസ്റ്റര്‍ പീസ്.
പ്രാതല്‍ കഴിഞ്ഞ് തിടുക്കത്തില്‍ യാത്രയുടെ തുടര്‍വഴികള്‍ തേടുകയായിരുന്നു ഞങ്ങള്‍ . പറഞ്ഞിരിക്കാനും കാത്തിരിക്കാനും ഒട്ടും സമയമില്ലായിരുന്നു ഇക്കയ്ക്ക്. ഷാജാഹാനുമായി പറഞ്ഞുറപ്പിച്ചത് പ്രകാരം പറോഡയുടെ വളയം തിരിച്ചു ഇക്ക യാത്ര തുടര്‍ന്നു.ഉറക്കം കഴിഞ്ഞെണീറ്റ മകള്‍ ആദ്യം തിരഞ്ഞത് അവളുടെ പപ്പയേയായിരുന്നു. തന്റെ കാഴ്ചക്കപ്പുറത്ത് പോയ പപ്പയോടുള്ള പരിഭവം തീര്‍ക്കാന്‍ ചെറിയ വാതുറന്ന് റോഡിലേക്ക് നോക്കി ഓരിയിടുകയായിരുന്നു അവള്‍.ഒരു വിധത്തില്‍ ആശ്വസിപ്പിച്ച് കൂടെ നിര്‍ത്താന്‍ തൊട്ടടുത്ത സൂപ്പര്‍ മാര്‍കറ്റ് വരെ പോയി അഞ്ച് മഞ്ച് വാങ്ങേണ്ടിവന്നു.മഞ്ചും നെഞ്ചോട് ചേര്‍ത്ത് അല്പനേരം അങ്ങിനെ തന്നെ ഇരുന്നെങ്കിലും താമസിയാതെ അവളും മകന്റെ കൂടെ മുറ്റത്തേക്കിറങ്ങി.മുറ്റത്തുണ്ടായിരുന്ന വക്ക് പൊട്ടിയ പ്ലാസ്റ്റിക് പാട്ടയില്‍ മണ്ണ് കോരിക്കളിക്കുകയാണവര്‍, ചെറുപ്പകാലത്ത് വീടുപണിക്കായി മുറ്റത്ത് കൂനപോലെ കൂട്ടിയിരുന്ന മണലില്‍ ചിരട്ടകൊണ്ട് പുട്ടുണ്ടാക്കിയതും,കാസാവ് ചെടിയുടെ ഇല കാശായി കളിച്ചതും,തെങ്ങിന്റെ ചുവന്ന വേരും തേട്ച്ചി(വേലിച്ചെടി) ഇലയും കായയും പൂവും കൂട്ടി മുറുക്കി നീട്ടിത്തുപ്പി വല്ല്യുമ്മ ചമഞ്ഞതുമൊക്കെ ഓര്‍മയുടെ ചെപ്പിലിരുന്ന് കളിച്ചപ്പോള്‍ എനിക്കും മക്കളുടെ കൂടെ കളിക്കാന്‍ കൊതിയായി.നഗ്നമായ പാദങ്ങളെ മണ്ണോടു ചേര്‍ത്ത് ഞാനൊന്നു നിന്നു.ദേഹമാസകലം കുളിര്‍ പെയ്യുന്നപോലെ.പാദങ്ങള്‍ ചെരിച്ചുപിടിച്ച് മുറ്റത്ത് നടന്ന എനിക്ക് പെട്ടെന്ന് തന്നെ മണ്ണോടടുക്കാന്‍ കഴിയുമെന്ന് ഞാന്‍ കരുതിയതല്ല.അടച്ചിട്ട ഗെയ്റ്റിനുള്ളിലെ വിശാലമായ മുറ്റത്ത് ഞാന്‍ ഒരാവര്‍ത്തി നടന്നു.നടവഴിയില്‍ കണ്ട കൊച്ചുകയര്‍ എന്നെ പാവാടപ്രായത്തിലേക്ക് കൂട്ടിക്കൊണ്ടുപൊയി.കൂടുതലൊന്നും ചിന്തിക്കാതെ പാകപ്പെടുത്തിയ കയറിന്റെ തുമ്പ് പിടിച്ച് ഞാന്‍ ചാടിത്തുടങ്ങി.മനസ്സ് വിചാരിക്കുന്നപോലെ ശരീരം വഴങ്ങുന്നില്ലെങ്കിലും മനസ്സ് നിറയെ ഞാന്‍ കയര്‍ വീശി ചാടി രസിച്ചു. എന്റെ കയര്‍ചാട്ടം കണ്ടാണ് അനിയത്തി വന്നത്. പിന്നെ അവളുടെ പരിഹാസത്തോടെയുള്ള എണ്ണലിന്റെ ചുവട്പിടിച്ചായി എന്റെ ചാട്ടം, എണ്ണത്തിന്റെ സ്പീഡ് കൂടുന്നതനുസരിച്ച് എന്റെ ചാട്ടത്തിന്റെ വേഗതയും കൂടി.വാശിയോടെയുള്ള എണ്ണവും ചാട്ടവും കാണാന്‍ ഉമ്മയും ഉപ്പയും കളത്തിലിറങ്ങിയപ്പോള്‍ ഞാന്‍ പെട്ടെന്ന് തന്നെ ബ്രെക്കിട്ടു.
ചാടിത്തളര്‍ന്ന എന്നെ നോക്കി അനിയത്തി പല കമന്റുകളും പാസാക്കി. പോകുമ്പോള്‍ കുറച്ച് കയറ് തരാമെന്ന് വരെ അവള്‍ പറഞ്ഞു. കണ്ട് കൊതിതീരും മുമ്പെ പറന്നകലുന്ന ഞാനെന്നും അവരുടെ പരിഭവമായിരുന്നു.
“റൂമീ……..“ എന്ന നീട്ടിവിളിയാണ് ഞങ്ങളുടെ ശ്രദ്ധ സഫിയാത്തയിലേക്ക് തിരിച്ചത്.
"നീ എപ്പോവന്നെടീ…? "ഞാന്‍ ഇന്നലെ."
“എന്നാ ഇനി പോകാ…"?" ഓ… അവളിവിടെ ഒന്ന് കുത്തര്‍ന്നിട്ടില്ല,അപ്പോക്ക്ന് പോകാനായോ.."
കൂടെയുണ്ടായിരുന്ന സഫിയാത്തായുടെ ഉമ്മക്ക് പരിഭവമായി.ഞാന്‍ വന്നാല്‍ എന്നെകാണാന്‍ ഓടി വരുന്നവരാണിവരൊക്കെ.നല്ല സ്നേഹമുള്ള അയല്‍ക്കാരാണ് ഞങ്ങള്‍ക്കുള്ളത്.ജാഢകളില്ലാത്ത പരസ്പരസ്നേഹത്തിന്റെ നിഷ്കളങ്കത ഇവരുടെ മുഖത്ത് നിന്ന് വായിച്ചെടുക്കാന്‍ ഏതൊരു കുട്ടിക്കും കഴിയും.സഫിയത്തായും ഉമ്മയും അയല്‍കാരുടെ പരോപകാരിയായിട്ടാണ് അറിയപ്പെടുന്നത്.ചുറ്റുവട്ടങ്ങളിലെ വീടുകളില്‍ സഹായവുമായി എപ്പോഴും അവരുണ്ടാകും.തേപ്പ്കഴിയാത്ത കൊച്ചു വീട്ടില്‍ സഫിയത്തായും മകനും ഉമ്മയും മാത്രം.ഉപ്പ മരിച്ചിട്ട് കാലങ്ങളായി ,മൊഴിചൊല്ലപ്പെട്ട സഫിയത്താക്ക് 7 വയസ്സായ മകനെക്കൂടാതെ 15 വയസ്സായ ഒരുമകളുകൂടിയുണ്ട്.അവള്‍ അമ്മാവന്റെ വീട്ടിലാണ് സ്ഥിരതാമസം.കാണാന്‍ നല്ല ചേലുള്ള സഫിയത്തായെ എന്തിനാണ് മൊഴി ചൊല്ലിയതെന്ന് പലരും പലവട്ടം ചോദിച്ചിട്ടുണ്ട്.പക്ഷെ തുറിച്ച് നോട്ടമല്ലാതെ മറ്റൊരു മറുപടിയും അതിനുണ്ടാവാറില്ല.പക്ഷെ എന്താണെന്നറിയില്ല എന്നോട് മാത്രം ചിലതൊക്കെ പറഞ്ഞിട്ടുണ്ട്.ഒരു പക്ഷെ അത് നോട്ടീസടിക്കാന്‍ ഞാനിവിടെ ഉണ്ടാകില്ലാ എന്ന ധാരണയിലാകാം.പറയാന്‍ ഇഷ്ടപ്പെടാത്ത കഥയായതിനാലാവണം ആരോടും പറയാതെ മനസ്സിലൊതുക്കി എപ്പോഴും പുഞ്ചിരിതൂകി സഫിയത്താ കാലം കഴിക്കുന്നത്.കെട്ടിച്ചയച്ച പുയ്യാപ്ലയുടെ വീട്ടില്‍…"പങ്കയും ഗ്യാസുമൊക്കെയുണ്ട്…പോലും,അതാണ് അങ്ങോട്ട് പോകില്ലാന്ന് പറയാന്‍ കാരണമെന്നാണ് ഭാഷ്യം ".മണ്ണെണ്ണവിളക്കും,പാള വിശറിയും കണ്ട് ശീലിച്ചിരുന്ന സഫിയത്താക്ക് ഒരു പുത്തന്‍ പണക്കാരനായിരുന്നു മണവാളനായി വന്നതെന്ന് ഞാന്‍ കേട്ടിട്ടുണ്ട്.ഇതൊന്നുമല്ലാ,അമ്മായിയമ്മ ഖുര്‍ആന്‍ ഓതാന്‍ പറഞ്ഞപ്പോള്‍ “എന്റെ വീട്ടിലെ ഖുര്‍ആനിലെ എനിക്കോതാന്‍ അറിയുകയുള്ളൂ“ എന്ന് പറഞ്ഞപ്പോള്‍ ഇറക്കിവിട്ടതാണെന്നും നാട്ടുകാര്‍ക്കിടയില്‍ സംസാരമുണ്ട്.വിശേഷങ്ങളുടെ ഒരു കുട്ടയുമായിട്ടാണ് സഫിയത്തായുടെയും ഉമ്മയുടെയും നടത്തം,നാട്ടിലെ എല്ലാവിവരവും ഇവരുടെ കുട്ടയിലുണ്ടാകും,തഞ്ചത്തില്‍ കൊഞ്ചിചോദിക്കണമെന്ന് മാത്രം.ഞാന്‍ മുന്നറിയിപ്പില്ലാതെ സ്ഥലം കാലിയാക്കുമെന്നറിയുന്നതിനാല്‍ എനിക്ക് ചെറിയ ഇളവക്കൊയുണ്ട്.കേള്‍ക്കാന്‍ രസമുള്ള പലകാര്യങ്ങളും സ്വകാര്യമായിക്കൊണ്ടിരിക്കുമ്പോഴാണ് എന്റെ മൊബൈല്‍ ശബ്ദിച്ചത്.ഇക്കയാണ്,കുറച്ച് വൈകുമെന്നറിയിച്ച് ഇക്ക അവസാനിപ്പിച്ചതും,എന്റെ കയ്യില്‍ നിന്ന് സഫിയത്താമൊബൈല്‍ വാങ്ങിയതും ഒരുമിച്ചായിരുന്നു.തിരിച്ചും മറിച്ചും മൊബൈലിലേക്ക് നോക്കി പതുക്കേ പറഞ്ഞു,
" ഇങ്ങനെത്തെ ഒരു പോണാ.. സഫീറാനെ ചാടിച്ചത് "മുമ്പ് കേട്ട ഒരു ഒളിച്ചോട്ടത്തിന്റെ ചുരുളഴിക്കുകയാണെന്ന് മനസ്സിലാക്കി ഞാന്‍ വരാന്തയിലേക്കിരുന്നു.ആകാംക്ഷയോടെ ബാക്കി ഭാഗം കേള്‍ക്കാനിരിക്കുന്ന എന്റെ തൊട്ടരുകില്‍ സഫിയാത്തയും .പറഞ്ഞ് തുടങ്ങിയതെയുള്ളൂ സഫിയത്ത,അപ്പൊഴാണ് മകന്‍ ഗഫൂര്‍ ഓടിക്കിതച്ച് അവിടെ എത്തിയത്.
"മ്മാ…പൈകുട്ടി പാല്‍ കുടിക്ക്ണ് ""ബലാലെ ജ്ന്തിനാ അയിനെ കയിച്ചിട്ടത്…" എന്നും പറഞ്ഞ് സഫിയത്ത തലയില്‍ തരികപോലെ വച്ച തട്ടവും പൊത്തിപ്പിടിച്ച് ഓടിമറഞ്ഞു.ഈസമയം വീട്ടിന്റെ പിന്നാമ്പുറത്തിരുന്ന് ഉമ്മയോട് വിസായം പറയുകയായിരുന്നു സഫിയത്തായുടെ ഉമ്മ.വയസ്സ് 65 കഴിഞ്ഞെങ്കിലും ഞങ്ങളുടെ പഞ്ചായത്തില്‍ അതിനറിയാത്ത വീടുകളോ വിസായങ്ങളോ ഇല്ല. സംസാരത്തിന്റെ ഇടക്ക് " ന്നാപോരനക്ക് " എന്ന് പലവട്ടം പറയുന്നത് കൊണ്ടാകും "ന്നാപോരെ " എന്ന ഓമനപ്പേര്‍ കിട്ടിയത്.ഞാന്‍ അങ്ങോട്ട് ചെന്നതും "നിന്നെ ഒന്ന് നല്ലോണം കാണട്ടെ ഞാന്‍" എന്നും പറഞ്ഞ് കൈരണ്ടും കൂട്ടിപ്പിടിച്ച് എന്നെ ചേര്‍ത്തു പിടിച്ചു.പിന്നെ എന്റെ ചുരിദാറില്‍ തുന്നിച്ചേര്‍ത്ത ഗില്‍റ്റില്‍ തടവിക്കൊണ്ട് ഇതെത്ര പവനുണ്ടെന്ന് ചോദിച്ചു.അത് സ്വര്‍ണമല്ല എന്ന് പറഞ്ഞ ഞാന്‍ കുടുങ്ങി. പിന്നെ കേട്ടത് പതിവ് ശൈലിയിലുള്ള കുറെ ശകാരങ്ങളും പരിഭവങ്ങളും."ന്നാപോരെ' എന്ന അവസാനവാക്കും.സ്വര്‍ണ്ണമാണെന്ന് പറയാത്തതിന്റെ കാരണം ഉമ്മക്ക് കൊടുക്കേണ്ടി വരുമെന്ന് കരുതിയാണെന്നായിരുന്നു ആ ഉമ്മയുടെ പരിഭവത്തിന്റെ തുടക്കം ,100 റിന്റെ ഗാന്ധിത്തല കയ്യില്‍ കൊടുത്തപ്പോള്‍ നിമിഷനേരംകൊണ്ട് ഞാന്‍ വാഴ്തപ്പെട്ടവളായി മാറി.സഫിയത്താ ഓട്ടത്തിനിടയില്‍ കണ്ടവരോടെക്കെ ഞാനെത്തിയകാര്യം അനോണ്‍സ് ചെയ്യുന്നുണ്ടായിരുന്നു.കേട്ടറിഞ്ഞ പലരും എന്നെ കാണാനെത്തിത്തുടങ്ങി .ഇഷ്ടപ്പെട്ടവരെ കാണാന്‍ പൂതിപറഞ്ഞ് ഓടിയെത്തുക എന്നത് ഞങ്ങളുടെ നാട്ടിലെ ഒരു പതിവാണണ് . പ്രത്യേകിച്ച് ഗള്‍ഫില്‍ നിന്നൊക്കെയാകുമ്പോള്‍ കാണാന്‍ വരുന്നവരുടെ എണ്ണം കൂടും.എന്നാല്‍ കാലം പുരോഗമിച്ചപ്പോള്‍ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായിരിക്കുന്നു.ഗള്‍ഫില്ലാത്ത വീടില്ലാ എന്നത് തന്നെയാണ് കാരണം.പലവീടുകളിലും പൊങ്ങച്ചത്തിന്റെ അത്തറുകള്‍ മണത്തു തുടങ്ങിയിട്ടുണ്ട്.
പത്തറ് മാലയെ കത്തറ് മാലയാക്കി കഴുത്തിലണിഞ്ഞ് നെഗളിക്കുന്നവരുണ്ടോ അറിയുന്നു കത്തറില്‍ പത്തറ് പേറും പോലെ പണിയെടുക്കുന്നവരാണ് തന്റെ പ്രിയതമനെന്ന്. പലര്‍ക്കും അങ്ങിനെ ഒരു ചിന്തതന്നെ ഇല്ലാ എന്നതാണ് സത്യം. മാസാവസാനം മുടങ്ങാതെ എത്തുന്ന കുഴലുകാരനെ പ്രതീക്ഷിച്ചിരിക്കുന്നവരാണ് പലരും,കുഴലുകാരന് ബിരിയാണിവെച്ച് കാത്തിരുന്ന ഒരു വീട്ടമ്മയുടെ കഥ മുമ്പ് സഫിയത്ത പറഞ്ഞ് കേട്ടിട്ടുണ്ട് ഞാന്‍. ആറുമാസത്തെ നാടുകാണിയായി വരുന്ന പ്രിയതമനെ നന്നായി സല്‍കരിക്കാന്‍ മിടുക്ക് കാട്ടുന്ന പലര്‍ക്കും ഏഴാം മാസത്തില്‍ ഇങ്ങേരൊന്ന് പോയികിട്ടിയിരുന്നെങ്കിലെന്ന ചിന്തയാണ് .അവരെ കുറ്റം പറഞ്ഞിട്ട് കാര്യവുമില്ല.വര്‍ഷങ്ങളോളം തന്റെ സങ്കടങ്ങള്‍ പങ്ക് വെക്കാനും പറഞ്ഞ് ചിരിക്കാനും ഉടുത്തൊരുങ്ങി സ്വസ്ത്ഥമായി പുറത്തിറങ്ങാനും തന്നിഷ്ടത്തിന്‍ പാകമായത് തിരഞ്ഞെടുക്കാനും കൂട്ടായി നടന്ന സഫിയത്തായെ പോലുള്ള സഹായികള്‍ക്ക് വീട്ടിലേക്ക് വരാന്‍ തടസ്സമായി ഒരാളുണ്ടാകുമ്പോള്‍ ,മടുപ്പനുഭവപ്പെടുന്നത് സ്വാഭാവികം മാത്രം.നല്ലവരായ ചില നല്ലപാതികള്‍ എല്ലാം മനസ്സിലാക്കി പെട്ടെന്ന് തന്നെ സ്ഥലം കാലിയാക്കി കൊടുക്കുന്നത് നിവൃത്തികേടുകൊണ്ടോ കുടുംബബന്ധങ്ങളിലെ സ്വസ്ഥതയോ ഓര്‍ത്തിട്ടോ ആയിരിക്കാം.
മുമ്പ് വിറക് വെട്ടികളും,വെള്ളം കോരികളുമായിരുന്ന നമുക്ക് നാടിന്റെ അംബാസഡെറന്ന പദവി ദാനമായി തന്നപ്പോള്‍ നാമെല്ലാം മറന്നു.അറബികളുടെ അടുക്കളയും അങ്ങാടിയും അടിച്ചുവാരുന്ന ആത്മാര്‍ത്ഥതയും അനുസരണയും ഒത്തൊരുമയും നമുക്കുണ്ടായിരുന്നെങ്കില്‍ അറബികള്‍ നമ്മുടെ അടുക്കളക്കാരാകുമായിരുന്നു എന്ന യാധാര്‍ത്ഥ്യം സൌകര്യപൂര്‍വ്വം നാം വിസ്മരിച്ചു.
പെന്റുലങ്ങളുടെ ചലനം നിയന്ത്രിച്ച ജീവിതവുമായി ഗ:വണ്മെന്റ് ആശുപത്രികളെ അനുസ്പരിപ്പിക്കുമാര്‍ ഇരുമ്പുകട്ടിലില്‍ മലര്‍ന്ന് കിടന്ന് സ്വപനങ്ങള്‍ക്ക് നിറം പകരുന്ന എത്ര എത്ര സഹോദരന്മാര്‍!!
എങ്ങുമെത്താതെ കാലങ്ങള്‍ കഴിഞ്ഞ്പോകുമ്പോള്‍ കൊഴിഞ്ഞു പോയ തലമുടിക്ക് പകരം ഗള്‍ഫ് ഗേറ്റ് തലയിലെടുത്ത് വെക്കാമെന്ന് ആശ്വസിക്കാമെങ്കിലും നുകരാതെപോയ യവ്വനം തിരിച്ച് തരാന്‍ ആര്‍ക്കാണ് കഴിയുക?മണിമന്തിരങ്ങളില്‍ അന്തിയുറങ്ങുന്ന നിങ്ങളുടെ മണവാട്ടിമാര്‍ മാനസ്സിലടക്കിയ നിരാശയുടെ പ്രതിഫലനമാണ് എല്ലാം അവസാനിപ്പിച്ച് കൂടണയുമ്പോള്‍ നിങ്ങള്‍ക്ക് സമ്മാനിച്ചത് എന്ന് മനസ്സിലാക്കാന്‍ വീണ്ടുമൊരു തിരിച്ച് വരവ് വരെ നിങ്ങള്‍ കാത്തിരിക്കേണ്ടി വരുന്നില്ലെ എന്ന് കൂടി നിങ്ങള്‍ മറന്ന് പോയോ..??നീറുന്ന മനസ്സുകള്‍ നാട്ടുനടപ്പിന്റെ മര്യാദയില്‍ മാന്യതയുടെ ദൈവഭക്തിയില്‍ മാനക്കേടിനെ ഭയന്നിരിക്കുന്നതാണോ നിങ്ങളിനിയും ചിന്തിക്കാന്‍ മടികാണിക്കുന്നത് ?. എങ്കില്‍ പല കുഴല്‍ ഏജന്റുമാര്‍ക്കും ബിരിയാണി വെച്ച് കാത്തിരിക്കുന്ന മങ്കമാരിനിയുമുണ്ടാകുമെന്നകാര്യം നാം മറന്നുകൂടാ. ചെറിയ ഒരു ന്യൂനപക്ഷത്തിന്റെ കാര്യമാണ് ഞാന്‍ പറഞ്ഞതെങ്കിലും,ഈ ന്യൂനപക്ഷം ഭൂരിപക്ഷമാകാന്‍ പാകത്തിന് ഉഷ്ണമേറിയ നീലരശ്മികള്‍,എല്ലാം ത്യജിച്ച് പ്രതീക്ഷയൊടെ കാത്തിരിക്കാന്‍ പഠിച്ചവരുടെ മനസ്സിനെയും ശരീരത്തെയും ഒരുപോലെ ഉത്തേജിപ്പിച്ച് തുടങ്ങി എന്നകാര്യമെങ്കിലും ഭര്‍ത്തൃ പദവിയിലിരിക്കുന്നവര്‍ അറിഞ്ഞിരിക്കണം എന്ന അപേക്ഷകൂടിയുണ്ടെനിക്ക്.
രണ്ട് ദിവസം മുമ്പ് ഇടിമിന്നലേറ്റ് തകര്‍ന്ന് പോയ കേബിള്‍ ശരിയാക്കികൊണ്ടിരിക്കുകയാണെന്റെ അനിയന്‍. ഏഷ്യാനെറ്റിലെ സ്റ്റാര്‍ സിംഗര്‍കാണാന്‍ പ്രത്യേകമായുണ്ടാക്കിയ പന്തലില്‍ തകധിമികളും സഹായഹസ്തവുമായി ഓടിനടക്കുന്നുണ്ട്.സഫിയാത്തയുടെ ഉമ്മയെ മക്കാറാക്കുകയാണ് അവരില്‍ ചിലര്‍..ഉമ്മയെ കൊണ്ട് ഒരു പാട്ട് പാടിക്കാനുള്ള അവരുടെ തീവ്രശ്രമം വിജയിച്ചപ്പോള്‍, ഈണത്തിലൊരു മാപ്പിളപ്പാട്ട് ഓസിന് കേള്‍ക്കാനായി...
'' കിരികീരീ….. ചെരുപ്പുമ്മല്‍,അണഞ്ഞുള്ള മണവാട്ടി…അണഞ്ഞുള്ള മണവാട്ടി……"മകനും മകളും ആ ഉമ്മയുടെ തകര്‍പ്പന്‍ പാട്ട് കേട്ട് അമ്പരന്ന് നില്‍ക്കുകയാണ് .ഇത്ര വയസായിട്ടും ഒരു വരിപോലും തെറ്റാതെ പാടിതീര്‍ത്ത ഉമ്മയെ ക്ലാപ്പ് കൊടുത്ത് പ്രോത്സാഹിപ്പിക്കുകയാണ് കുട്ടിത്തകഥിമികള്‍..ജഡ്ജിയായി സ്വയം അവതരിച്ച ഒരു വിധ്വാന്‍ ,ഉമ്മയുടെ “സംഗതി“യൊന്നും കണ്ടില്ലല്ലോ എന്ന് പറഞ്ഞതും,രംഗം വഷളായതും ഒരുമിച്ചായിരുന്നു..കയ്യില്‍ കിട്ടിയ കല്ലുമായി ഒരു ഭ്രാന്തിയെപ്പോലെ ഉറഞ്ഞ്തുള്ളിയ അവരെ കണ്ട് ഞാനും മക്കളും ഒരുപോലെ പേടിച്ചു..തെറിയുടെ പൂരപ്പാട്ട് കേള്‍ക്കാന്‍ നില്‍ക്കാതെ ഞങ്ങള്‍ മെല്ലെ അകത്തേക്ക് വലിഞ്ഞു....
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~ തുടരും.