Thursday 24 April 2008

യാത്രതീരാത്ത വഴികള്‍




കേരളം കണികണ്ടുണരുന്ന മില്‍മബൂത്ത് തുറന്നിട്ടില്ല.പാല്‍ക്ഷാമമാണെന്ന് കുറച്ച് ദിവസം മുമ്പ് ന്യൂസില്‍ കണ്ടിരുന്നു. നമ്മുടെ ഭക്ഷ്യമന്ത്രി അരിയുടെ ദൌര്‍ബല്യം കണക്കിലെടുത്ത് പാലും കോഴിമുട്ടയും കഴിച്ച് ശീലിക്കാന് ആഹ്വാനം ചെയ്തതിനാലാകും ബൂത്തിന്നടുത്ത് ഇത്രയും ആളുകള് തടിച്ച് കൂടിയിരിക്കുന്നത്. മന്ത്രിയുടെ ആഹ്വാനം കേട്ട് പാലുകുടിച്ച് തുടങ്ങിയവര് പെരുവഴിയിലായത് എനിക്ക് നേരില്‍ കാണാനായി.ഇനി കോഴിമുട്ടയുടെ അവസ്ഥ എന്താണാവോ.ബൂത്തിനരികിലുള്ള ഹോട്ടലിലേക്ക് നീങ്ങിയ ഇക്ക,പോയ വേഗത്തില് തന്നെ മടങ്ങിയെത്തി.
“അവിടെ പുട്ടും കടലയുമില്ലാത്തതാണ് കാരണം. “
ഇതാണ് ഇങ്ങേരുടെ കുഴപ്പം .ഇനി പുട്ടും കടലയും കിട്ടുന്നത് വരെ പച്ചവെള്ളം കുടിക്കില്ല. അതും അലൂമിനിയകുറ്റിയിലുണ്ടാക്കിയ പുട്ടൊന്നും മതിയാകില്ല. ആ പഴയകാലത്തുണ്ടായിരുന്ന മുളങ്കുറ്റിയിലുണ്ടാക്കിയ പുട്ട് തന്നെ വേണം.ചെറുപ്പകാലത്ത് വല്യുമ്മ മുളങ്കുറ്റിയിലുണ്ടാക്കികൊടുത്ത പുട്ടിന്റെ മഹിമ പറയുമ്പോള് തറവാട് ഭാഗം വെച്ചപ്പോള്‍ നഷ്ടപ്പെട്ടുപോയ പുട്ടുകുറ്റിയുടെ നഷ്ടം നികത്താന് മുളവെട്ടാന്‍ പോയി കാലില് മുള്ള്തറച്ച് മാസങ്ങളൊളം കിടപ്പിലായ കഥക്ക് പുട്ട് തിന്നാന്‍ പൂതിതുടങ്ങിയ കാലത്തോളം പഴക്കമുണ്ട്.എന്നാലും പുട്ടെന്ന് കേള്‍ക്കുമ്പോള് ആ കഥപറഞ്ഞ് കാലിനടിയിലെ മുള്ള്കയറിയപാടൊന്ന് കാണിച്ച് തരും .ഷാജഹാനുണ്ടായതിനാലാകും ആ കഥ ഇവിടെ വിളമ്പാഞ്ഞതെന്ന് മനസ്സിലായി.തൊട്ടടുത്ത ഫ്രൂട്സ് കടയില്‍നിന്ന് ഷാജഹാന് ഫ്രൂട്ടിയും കുറച്ച് ഓറഞ്ചുമായി വന്നു. പിന്നെ തര്‍ക്കം അതിന്റെ കാശ് കൊടുക്കുന്നതിലായി.എന്ത് പറഞ്ഞിട്ടും ഷാജഹാന് കാശുവാങ്ങാന് കൂട്ടാക്കുന്നില്ല.സഹീറിന്റെ പ്രത്യേകമായ നിര്‍ദേശമുണ്ട് പോലും .ഒരു ചില്ലിക്കാശുപോലും അഥിതികളെ കൊണ്ട് കൊടുപ്പിക്കരുതെന്ന്. അവസാനം ഇക്കതന്നെ വഴങ്ങി.
ഞങ്ങള്‍ വീണ്ടും യാത്ര തുടര്‍ന്നു.പുട്ടിനായുള്ള അലച്ചില്‍ കാക്കഞ്ചീരിക്കടുത്തുള്ള ഒരു ചായമക്കാനിയിലാണ് അവസാനിച്ചത്. പ്രതാപത്തോടെയുള്ള ഞങ്ങളുടെ വരവ് കണ്ട് അവിടെയുണ്ടായിരുന്ന ചായക്കാരന്‍അമ്പരക്കുമെന്നാണ് ഞാന്‍ കരുതിയത്.പക്ഷെ അതുണ്ടായില്ല. ഇങ്ങിനെ എത്രയെണ്ണത്തിനെ കണ്ടതാണെന്ന ഭാവമായിരുന്നു അങ്ങേര്‍ക്ക്.മക്കാനിയുടെ ഇരുണ്ടകോണിലെ കാലുറക്കാത്ത ബഞ്ചിലിരുന്ന് പുട്ടും ചെറുപയറും കഴിക്കുന്ന ഞങ്ങളെ കണ്ട് ശേഷം കയറിവന്ന ഒന്ന് രണ്ട് അപ്പൂപ്പന്മാര് പുറത്തെ ബെഞ്ചിലേക്കിരുന്നു.മറ്റൊരാള് ചുണ്ടില്‍ പുകഞ്ഞിരുന്ന സാധുബീഡി ദൂരേക്കെറിഞ്ഞ് കുട്ടികളുടെ മുഖത്തേക്ക് നോക്കി പുഞ്ചിരിക്കുന്നു.ഈ സമയം നൂഡിത്സ് കിട്ടാത്തതില്‍ പുകയുകയായിരുന്നു എന്റെ സീമന്ത പുത്രി. ഇന്നലെ മുതല്‍ ഒരു വക കഴിച്ചിട്ടില്ല.മുഖം കനപ്പിച്ചിരിക്കുന്ന മകളെ കണ്ടിട്ടാവണം ചായക്കാരന്‍ ഒരു നേന്ത്രപ്പഴം ഇരിഞ്ഞ് കൊടുത്തു. ഡെസ്കില്‍ വെച്ച മൊഴുത്ത നേന്ത്രപ്പഴം നോക്കിയിരുന്നതല്ലാതെ അവളത് തൊട്ടതേയില്ല.
“കുഞായീനെ…..ആ വായക്ക ഒന്ന് പീങ്ങികൊടുത്താളാ…. “
നേരത്തെ കുട്ടികളെ കൌതുകത്തോടെ നോക്കിയിരുന്ന ആ സാധു ബീഡിക്കാരന്‍ അപ്പൂപ്പന് മകളൊന്നും കഴിക്കാതിരുന്നിട്ടെന്തോ ഒരു വല്ലായ്മപോലെ..ഞാന്‍ ആ അപ്പൂപ്പന്റെ മുഖത്തേക്കൊന്ന് നോക്കി പുഞ്ചിരിച്ചു.
“മക്കളെവിടുന്നാ വരണത് ‘’
അപ്പൂപ്പന്‍ ഒന്നുകൂടി അടുത്ത് വന്ന് ചോദിച്ചു.ഞങ്ങള് കണ്ണൂര്‍ന്നാ…ഷാജഹാനായിരുന്നു മറുപടിപറഞ്ഞത്.കണ്ണൂരെന്ന് കേട്ടപ്പോള്‍ പുറത്തെ തിണ്ണയിലിരുന്ന് സുലൈമാനി കുടിക്കുകയായിരുന്ന ഗാന്ധി വേഷധാരിയായ അപ്പൂപ്പന്‍ ഒന്നിളകി. കയ്യില്‍ ചന്ദ്രിക ദിനപത്രം പിടിച്ച കറുത്ത ഫ്രൈം കണ്ണടവെച്ച അപ്പൂപ്പന്‍ പത്രം മടക്കി ഞങ്ങളെ നോക്കി.“കണ്ണൂരെബ്ട്ന്നാ” വീണ്ടും ഷാജഹാന്‍
“ തലശ്ശേരീന്നാ”
“ങ്ങള് അങ്ങട്ട് പോകാണോ ങ്ങട്ട് ബരാണോ.”
ഞങ്ങള് തലശ്ശേരി ഹര്‍ത്താലായത് കാരണം അങ്ങോട്ട് പോകാന്‍ കഴിയാതെ ഇങ്ങോട്ടിറങ്ങിയതാ..
“അപ്പോങ്ങള് എബിടുന്നാ ബരണത്.”
ഞങ്ങള് ഗള്‍ഫീന്ന് ഇന്നലെ ഇവിടെ ഇറങ്ങീതാ..ഗള്‍ഫെന്ന് കേട്ടപ്പോള്‍ സാധുബീഡി അപ്പൂപ്പന്‍ തെല്ലെരാവേശത്തോടെ വീണ്ടും തുടരുകയാണ്.
“എനിക്ക് കണ്ടപ്പളെതോന്നി,
ന്റെ മോനും മരോളും ഒക്കെ അബിടുണ്ട്. ദാ ഇബളപ്പോലൊരു മോളുംണ്ട്.അടുത്ത ദുല്‍ഹജ്ജിന് 7 വയസ്സ് തികയും.ഒന്ന് വന്ന് പോകാന്‍ പറഞ്ഞാല് ഒരു പോട്ടം അയച്ച് തരും.അറബി ലീവ് കൊടുക്കൂലേലോ”..

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞങ്ങളില്‍ നിന്നടര്‍ത്തിയെടുത്ത വല്യുപ്പ എന്റെ മുന്നില്‍ ജീവനോടെ നില്‍ക്കുന്നപോലെയാണെനിക്ക് തോന്നിയത്.വല്യുപ്പയുടെ അവസാനനാളുകള്‍ ബേപ്പൂറ് സുല്‍ത്താനെ അനുസ്മരിക്കാന്‍ പാകത്തിനുള്ളതായിരുന്നു.ഒറ്റനോട്ടത്തില്‍ ഈ അപ്പൂപ്പനും ഒരു ബേപ്പൂറ് സുല്‍ത്താന്‍ തന്നെ.കുഴിഞ്ഞ കണ്ണുകളില്‍ വാത്സല്യത്തിന്റെ കനലുകള്‍ കെടാതെ ജ്വലിക്കുന്ന ആ മുഖത്തേക്ക് തന്നെ ഞാന്‍ നോക്കിയിരുന്നു.അവ്യകതമായ സംസാരശൈലിയില്‍ നിറഞ്ഞ് തുളുമ്പിയത് തനിക്കോമനിക്കാന്‍ കഴിയാതെ പോയ കുസുമങ്ങളെകുറിച്ചുള്ള വേവലാതിയായിരുന്നു.മെലിഞ്ഞൊട്ടിയ ആ ശരീരത്തെ പിടിച്ച് കുലുക്കിക്കൊണ്ട് വലിവോട് കൂടിയ ചുമ സംസാരം മുടക്കി. തെന്നി വീഴാതിരിക്കാന്‍ തൊട്ടടുത്തുള്ള കറുത്ത മുളന്തൂണ് വിറയാര്‍ന്ന കൈകള്‍ക്ക് താങ്ങായി നിന്നു.

ഇക്കയും ഷാജഹാനും കൈകഴുകി എന്റെ വാനിറ്റി ബാഗില്‍ നിന്ന് ടിഷ്യു എടുത്തപ്പോഴാണ് ഞാന്‍ എന്റെ പ്ലൈറ്റിലേക്ക് നോക്കിയത്. രണ്ട് കഷ്ണം പുട്ടിനിയും തിന്ന് തീര്‍ന്നിട്ടില്ല. പെട്ടെന്ന് തിന്ന് തീര്‍ക്കാന്‍ പറ്റിയ അവസ്ഥയിലുമല്ല ഞാന്‍.മുമ്പ് ഇതുപോലെ ഒരു ഹോട്ടലില്‍ നിന്ന് പുട്ട് തിന്ന് മണ്ടയില്‍ കയറിയ അനുഭവമുള്ളതിനാല്‍ വാരി വലിച്ചുള്ള പുട്ട് തീറ്റി അന്നേ ഞാന്‍ അവസാനിപ്പിച്ചതാണ്. മകള്‍ക്കായി പുഴുങ്ങിയെടുത്ത പഴത്തിന്റെ ചൂടാറുന്നത് വരെ ഇക്കയെ ഞാന്‍ എന്നരുകില്‍ പിടിച്ചിരുത്തി.പഴം അവിടിരുന്ന് ചൂടാറട്ടെ..എന്നമട്ടില് ഞാനെന്റെ പുട്ട് തീറ്റി തുടര്‍ന്നു.
ഷാജഹാന്‍ പുറത്തെ ബഞ്ചിലിരുന്ന് ചന്ത്രിക വായിക്കുകയാണ്.കറുത്ത ഫ്രൈമുള്ള കണ്ണടക്കാരന്‍ ഇടക്കെന്തൊക്കയോ ചോദിക്കുന്നുണ്ട്.സംസാരം കണ്ടിട്ട് അവര് പരിചയക്കാരായത് പോലെ.ഞാന്‍ മകളെയും കൊണ്ട് കൈ കഴുകാനായി മക്കാനിക്ക് പുറത്ത് വെള്ളം നിറച്ച സിമന്റ് ചാടിക്കരികിലേക്ക് നടന്നു. കൂടെ ഇക്കയും.നിറയെ പച്ചപിടിച്ച കുറ്റിച്ചെടികള്‍ക്കിടയില്‍ ഒളിഞ്ഞ്നില്‍ക്കുന്ന സിമന്റ് ചാടിയില്‍ നിന്ന് വെള്ളമെടുത്ത് കൈ കഴുകികൊണ്ടിരിക്കുമ്പോള്‍ ഇക്ക കുറ്റിച്ചെടികള്‍ക്കിടയില്‍ നിന്ന് ഒരു ഞാഞ്ഞൂലിനെ കമ്പ് കൊണ്ട് തോണ്ടിയെടുത്ത് എന്നരുകിലെത്തി..
“ഓര്‍മയുണ്ടോ ഈ മുഖം....” എന്ന സുരേഷ് ഗോപിയുടെ ഒരു ഡയലോഗും.
ഞെളിഞ്ഞ് പിരിയുന്ന ഞാഞ്ഞൂലിനെ കണ്ട് മകളെന്നെ അള്ളിപ്പിടിച്ച് നിന്നു. ഞാനും വിട്ട് കൊടുത്തില്ല.
“ ഒരു വെള്ളത്തണ്ട് കിട്ടിയിരുന്നെങ്കില്‍..…“എന്ന് ജയനെ അനുകരിച്ച് തിരിച്ചടിച്ചു.
രണ്ട് പേര്‍ക്കും ഒരുമിച്ച് പൊട്ടിച്ചിരിക്കാനുള്ള അവസരം കിട്ടിയപ്പോള്‍ അല്പനേരത്തേക്ക് ഞങ്ങള്‍ പരിസരം മറന്നുപോയി. ഞങ്ങളുടെ പ്രണയത്തിന്റെ സിമ്പലായി എന്നും ഓമനിക്കുന്ന രണ്ട് സാധനങ്ങളാണീ ഞാഞ്ഞൂലും വെള്ളത്തണ്ടും.രണ്ടും ഇന്ന് കിട്ടാനില്ലാതെ അപ്രത്യക്ഷ്യമായിരിക്കുന്നു.ഒപ്പം പ്രണയങ്ങളിലെ ആത്മാര്‍ത്ഥതയും.
“എടോ മണ്‍ങ്ങൂസുകളെ…നിങ്ങളെന്തെടുക്കുവാ അവിടെ..വല്ല നീര്‍ക്കോലിയും കടിക്കും.“
ഷാജഹാന്‍ തന്റെ രസികന്‍ ശൈലിയില്‍ ബഷീറിന്റെ വാക്കുകള്‍ കടമെടുത്ത് ഞങ്ങളെ ഓര്‍മയുടെ കിനാക്കളിള്‍ നിന്ന് തിരികെ വിളിച്ചു.ഒരു ദിവസമെ ആയിട്ടുള്ളൂ അവനുമായി ഞങ്ങള്‍ പരിചയപ്പെട്ടിട്ട്.മകന്‍ അവന്റെ വിരല്‍ തുമ്പില്‍ തന്നെ.വര്‍ഷങ്ങളോളം അടുത്തിടപഴകിയ പോലെയാണ് ഞങ്ങള്‍ക്കനുഭവപ്പെടുന്നത്.സഹീറിന് ഇക്കാലത്ത് ഇത്രയും ആത്മാര്‍ത്ഥതയുള്ള ഒരു സേവകനോ.പലപ്പോഴും ഈ സംശയം എന്റെ മനസ്സിലൊരു ചോദ്യചിഹ്നമായിതന്നെ ഉയര്‍ന്നു വന്നു.എങ്ങിനെ ചോദിക്കും.?. ബന്ധങ്ങളിലെ ആത്മാര്‍ഥതയെ സംശയിക്കുന്ന തരത്തില്‍ അധപ്പതിക്കാന് ഞാന്‍ തയ്യാറായില്ല. മക്കാനിയില്‍ നിന്ന് യാത്രപറഞ്ഞിറങ്ങുമ്പോള്‍ ഞാന്‍ ഒന്നുകൂടി ആ അപ്പൂപ്പനെ നോക്കി.വിറയാര്‍ന്ന കൈകളാല്‍ രണ്ട് മൈസൂര്‍പഴം മകളുടെ നേര്‍ക്ക് നീട്ടി വാങ്ങാന്‍ നിര്‍ബന്ധിക്കുകയാണദ്ധേഹം.ഇരു കൈകളും നീട്ടി സന്തോഷത്തോടെ പഴം വാങ്ങിയ മകളുടെ നെറുകയില് അപ്പൂപ്പന്റെ വിറയാര്‍ന്ന ചുണ്ടുകള്‍ പതിച്ചത് പെട്ടെന്നായിരുന്നു.വാത്സല്യത്തിന്റെയും കാരുണ്യത്തിന്റെയും കണ്ണീര്‍തുള്ളികള്‍ മകളുടെ നെറുകയില്‍ പതിക്കുന്നത് കണ്ട് ഞാന്‍ സ്ത്മ്പിതയായി. എന്റെ കണ്ണുകള്‍ കണ്ണിര്‍കണങ്ങളാള്‍ മൂടി.വിതുമ്പലടക്കാന്‍ ഞാന് പാടുപെട്ടു. കാരുണ്യത്തിന്റെ ഉറവ വറ്റാത്ത പച്ചയായ മനുഷ്യരിനിയും ജീവിച്ചിരിക്കുന്നു എന്നതിനുള്ള ഉത്തമ കാഴ്ചകളെന്നെ വേദനിപ്പിച്ചുവോ...
ഇതൊന്നും അനുഭവിക്കാനും തിരിച്ചറിയാനും ഇന്നത്തെ തലമുറക്കാകുന്നില്ലല്ലോ എന്ന സങ്കടത്തില്‍ മറക്കാനാകാത്ത ആ അപ്പുപ്പന്റെ വിളര്‍ത്ത മുഖവും മനസ്സില്‍ പേറിഞാന്‍ തിരിഞ്ഞ് നോക്കാനാകാതെ നടന്നകന്നു.

വണ്ടി ചേളാരിയിലെത്താന്‍ ഇനി അല്പസമയം മാത്രം ബാക്കി.ഇക്കയും ഷാജഹാനും പുട്ടിന്റെ മഹാത്മ്യം പറയുകയാണ്.ഇടക്ക് മുളങ്കുറ്റിപ്പുട്ടിന്റെ കഥ ഞാന്‍ തന്നെ എടുത്തിട്ടു.ഷൂ ഇട്ടതിനാല്‍ ഇക്കക്ക് കാലിലെ മുള്ളുതറച്ച പാട് കാണിക്കാനായില്ല.പഴയകാലങ്ങളിലെ മത്തനും മുരിങ്ങയിലയും ചക്കക്കുരുവും ചേമ്പില കറിയുമെല്ലാം വിഷയങ്ങളായി വന്നു. പഴമയുടെ പ്രതാപ ചിഹ്നമായിരുന്ന വൈക്കോലുണ്ടയും നെല്‍ക്കളവുമൊക്കെ ഇന്ന് കാണാനൊക്കില്ലെങ്കിലും ഇക്കയുടെ മനസ്സില്‍ തറവാട്ടിലുണ്ടായിരുന്ന വൈക്കോലുണ്ട ഇന്നും കുന്നു കൂടി കിടക്കുന്നത് ആ വാക്കുകളില്‍ നിന്ന് മനസ്സിലാക്കാം.വികൃതിയില്‍ ഒന്നാം റാങ്ക് നേടിയ ഇക്കയെ ഉപ്പയുടെ തല്ലില്‍ നിന്നൊളിപ്പിക്കാന്‍ ഉമ്മ പത്തായത്തില്‍ ഒളിപ്പിച്ചതും,പഴുക്കാന്‍ വച്ചിരുന്ന മൈസൂറ് പഴംതിന്ന് തീര്‍ത്തതുമൊക്കെ ഒരു കാലത്തിനും മറക്കാനാകാത്ത കുസൃതികളായി കിടക്കുന്നു. ഓര്‍മകളുടെ ചെപ്പുകള്‍ പാതി തുറന്നപ്പോഴേക്കും ഞങ്ങള്‍ പാണമ്പ്രക്കടുത്തെത്താറായി. കോഹിനൂര്‍ വരെ വണ്ടികളുടെ നീണ്ടനിരയാണ്. ചെക്ക് പോസ്റ്റില്‍ ക്ലിയറന്‍സിന് കാത്തിരിക്കുന്നപോലെ വണ്ടികള്‍ കാത്ത്കെട്ടിക്കിടക്കുന്നു.ചിലരൊക്കെ ഇറങ്ങി മുന്നോട്ട് നടക്കുന്നുണ്ട്. ഇക്കയും ഷാജഹാനും അവര്‍കൊപ്പം കൂടി. അല്പം മുന്നോട്ട് പോയി തിരിച്ച് വന്നു.
“ ആക്സിഡന്റ് “
ദൈവമെ….ആരുടെ കാത്തിരിപ്പിനാവോ നീ അവസാനം കുറിച്ചത്. മഹീന്ദ്രയുടെ ജീപ്പുകള്‍ കണ്ണ് തുറന്ന് ചീറിപ്പായുകയാണ്.അവരുടെ ലക്ഷ്യം പൂര്‍ണതയിലെത്താന്‍ ഞാന്‍ മനസ്സുരുകി പ്രാര്‍ത്ഥിച്ചു.കാലമെത്ര പുരോഗമിച്ചിട്ടും ആ പഴയ മഹീന്ദ്രയുടെ ജീപ്പുകള്‍ ഇന്നും ജീവന്റെ തുടിപ്പുകള്‍ നിലനിര്‍ത്താന്‍ ചീറിപ്പായുന്നുണ്ട്.എവിടെ അത്യാഹിതം നടന്നാലും മഹീന്ദ്രയുടെ ജീപ്പും അതിലെ ഡ്രൈവര്‍മാരും തന്നെ മുന്നില്‍. വിവാഹ കമ്പോളത്തില്‍ പുച്ഛിച്ച് തള്ളുന്ന ഡ്രൈവര്‍മാരുടെ ആത്മാര്‍ഥതയും സേവന വീര്യവും ഓര്‍മിക്കപ്പെടുന്നതും പ്രശംസിക്കുന്നതും,പ്രസവവേദനക്ക് നൊമ്പരം പിടിക്കുമ്പോഴോ അത്യാഹിതങ്ങള്‍ സംഭവിക്കുമ്പോഴോ മാത്രമാണെന്നത് നമ്മുടെ കേരളത്തിന്റെ മാത്രം അവ്സ്ഥയല്ല.

വണ്ടികള്‍ പതുക്കെ നീങ്ങിത്തുടങ്ങി.പാണമ്പ്രയുടെ വളവിലെത്തിയപ്പോള്‍ കണ്ടകാഴ്ച എന്നെ വല്ലാതെ ഉലച്ചു. ഒരു LPG ബുള്ളറ്റ് കൊക്കയിലേക്ക് മൂക്ക് കുത്തിയിരിക്കുന്നു.അതിന്റെ അടിയില്‍ ചതഞ്ഞരഞ്ഞ് ഒരു ഓട്ടോറിക്ഷയും,അല്പം അകലെയായി ഒരു മോട്ടോര്‍ബൈക്കും.ബൈക്കിന്റെ മുന്‍ചക്രം ജിലേബി പോലെ ആയിരിക്കുന്നു.
മൂന്ന് പേര്‍ സ്പോട്ടില്തന്നെ ….. ഇന്നാലില്ലാഹ്..
അപകടങ്ങളുടെ വളവായിട്ടാണ് ഇന്നും ഈ തുരുത്ത് അറിയപ്പെടുന്നത്.ഇരു തലയിലും മുന്നറിയിപ്പ് ബോറ്ഡുകളുണ്ടായിട്ടും അപകടങ്ങള്‍ നിത്യ സംഭവമായിതുടരുന്നു.വളയം പിടിക്കുന്നവരും വളവ് നിവര്‍ത്തിയവരും ഇനിയും പഠിക്കേണ്ടിയിരിക്കുന്നു ഈ വളവിനെ കുറിച്ച്.
പാണമ്പ്രയും കഴിഞ്ഞ് ചേളാരിയുടെ കവാടത്തിലേക്ക് കടക്കുകയായി ഞങ്ങള്‍.പഴമക്കാരുടെ കണ്ണുകളെ അമ്പരപ്പിച്ച് കൊണ്ട് മാറ്റങ്ങളുടെ നീണ്ടനിര തന്നെ കാണാം.വര്‍ഷങ്ങള്‍ക്ക് മുമ്പ് ലാലേട്ടന്റെ ഏയ് ഓട്ടോ ഷൂട്ട് ചെയ്യാന്‍ തിരഞ്ഞെടുത്ത ബിര്‍ളയുടെ ഹെലിപ്പാട് (ചേളാരിക്കാരുടെ 70 പതുകളിലെ വിമാനത്താവളം എന്ന് പറയുന്നതാകും ശരി) ഇന്ന് ഇന്ത്യന്‍ ഓയില്‍ കോറ്പറേഷന്റെ ഗ്യാസ് പ്ലാന്റ് ആയി പ്രവര്‍ത്തിത്തിക്കുന്നു.തുടക്കത്തില്‍ ഗ്യാസ് പ്ലാന്റിനെതിരെ ജനരോഷം ഇരമ്പിയെങ്കിലും രാഷ്ട്രീയ മേലാളന്മാരുടെ കീശയിലേക്ക് കാശ് പറന്നെത്തിയപ്പോള്‍ എല്ലാം കെട്ടടങ്ങി.തുച്ഛമായ സ്വദേശികളിവിടെ പോട്ടര്‍മാരായി ജോലിനോക്കുന്നുണ്ട് എന്നതല്ലാതെ സ്വദേശികള്‍ക്ക് മറ്റ് ഉപകാരങ്ങളൊന്നും ഉള്ളതായി അറിവില്ല. കേരളത്തില്‍ എവിടെ വികസനം വന്നാലും ഉത്തറ്പ്രദേശിലുള്ളവര്‍ക്കോ മഹാരാഷ്ട്രയിലുള്ളവര്‍ക്കോ ആണല്ലോ അതിന്റെ പ്രയോജനം.നമുക്ക് ഇങ്കുലാബ് വിളിച്ച് നേതാക്കളുടെ സാമ്പത്തിക ഭദ്രത ഉറപ്പ് വരുത്തി സായൂജ്യമടയുകയോ പ്രവാസിയുടെ മേലങ്കിയെടുത്തണിയുകയോ ചെയ്യാനല്ലാതെ മറ്റെന്താണ് കഴിയുക.
ഞങ്ങള്‍ താഴെ ചേളാരിയിലെ മാര്‍ജ്ജിന്‍ഫ്രീയുടെ അടുത്ത് വണ്ടി നിര്‍ത്തി. എല്ലാവരും ഒന്നിച്ചിറങ്ങിഅങ്ങോട്ട് നീങ്ങി. സ്ത്രീകളാണ് ഇവിടുത്തെ ഭൂരിഭാഗം തൊഴിലാളികളും.അത് കൊണ്ട്തന്നെ കസ്റ്റമേഴ്സ അധികവും ഇടത്തരം കുടുംബങ്ങളിലെ സ്ത്രീകളും. പലരും ചേളാരിക്ക് പുറത്തുള്ളവരാണ്.പരസ്പരം തിരിച്ചറിയാതിരിക്കാന്‍ പാകത്തിന് നഗരം മാറിക്കഴിഞ്ഞിരിക്കുന്നു.ആവശ്യമുള്ള സാധനങ്ങളെടുത്ത് മുഖം നോക്കാതെ പണം കൊടുത്ത് ലക്ഷ്യസ്ഥാനത്തേക്ക് കുതിക്കുന്നവര്‍.പലരും സ്വന്തമായി വാഹനമുള്ളവര്‍.വിവാഹത്തിന് മുമ്പ് ഇക്കയുടെ ഒപ്പമിരുന്ന് വളയം പിടിച്ചതിന് ഞാനും കുടുംബവും കേള്‍ക്കാത്ത പഴികളില്ല. ആകാരണമായിരുന്നല്ലോ ഞങ്ങളുടെ വിവാഹം പെട്ടെന്ന് നടക്കാന്‍ കാരണമായതും.ഇന്ന് ലിഫ്റ്റ് കൊടുക്കാനും കയറാനും ഇഷ്ടം പൊലെ ആളുകള്‍.അതിലേറെ വാഹനങ്ങള്‍.ആരുടേതെന്നോ ആരാണെന്നോ ആര്‍ക്കും അന്വേഷിക്കാന്‍ സമയമില്ല.അന്വേഷിച്ചിട്ട് കാര്യവുമില്ല.വ്യക്തി സ്വാതന്ത്ര്യം അത്രയ്ക്ക് ആഴത്തില്‍ അനുവദിച്ച് കിട്ടിയിരിക്കുന്നു.ഞാന്‍ എനിക്കാവശ്യമായ ഒന്ന് രണ്ട് സാധനങ്ങളുമായി കേഷ് കൌണ്ടറിലെത്തി.കൌണ്ടറിലിരിക്കുന്ന നിസാറ് എന്നെ പരിചയമുള്ളപോലെ ഇടക്കിടക്ക് നോക്കുന്നുണ്ട്.എനിക്കവനെ നന്നായിട്ടറിയാം പക്ഷെ എന്നിലുള്ളമാറ്റം എന്നെ തിരിച്ചറിയുന്നതിലമപ്പുറമായിരുന്നു.തിരക്ക് കാരണമാകാം അവനൊന്നും ചോദിച്ചതുമില്ല.
പ്ലാച്ചിമടയില്‍ നിന്നൂറ്റിയെടുത്ത മയിലമ്മയുടെ വെള്ളവുമായിട്ടാണ് ഷാജഹാന്‍ വന്നത്.ആളെണ്ണം ഓരോന്നുണ്ട്.മയിലമ്മയുടെ വെള്ളമാണെന്നറിഞ്ഞിട്ടും കുടിച്ച് ശീലിച്ച ഒന്നായതിനാല്‍ നിരസിച്ചില്ല.ബോട്ടിലിന്റെ അടപ്പ് തുറന്നപ്പോള്‍ നുരഞ്ഞ് പൊന്തിയ പതകള്‍ക്കുള്ളില്‍ മയിലമ്മയുടെ കണ്ണുനീര്‍ തെളിഞ്ഞ്കാണുന്നത് പോലെ… ചുണ്ടില്‍ പറ്റിപ്പിടിച്ച നുരകള്‍ക്ക് പോലും മയിലമ്മയുടെ കണ്ണിരിന്റെ ഉപ്പുകലര്‍ന്ന രസം. ഒരു കവിളെ ഞാന്‍ കുടിച്ചുള്ളൂ.എന്റെ കൈവിരലുകള്‍ക്ക് ബോട്ടിലിനെ താങ്ങാനുള്ള ശക്തി നഷ്ടപ്പെട്ട് താഴെ വീണ് ചിതറി.ബോട്ടലില്‍നിന്ന് തുറന്ന് വിട്ട ഭൂതംപോലെ പുറത്ത്‌വന്ന നുരകള്‍ എന്നെനോക്കി പല്ലിളിക്കുകയാണോ..കൂട്ടത്തില് വലിയ ഒരുകുമിളയില്‍ മയിലമ്മയുടെ മുഖം തെളിഞ്ഞു വന്നു.ആ തെളിഞ്ഞ കുമിള എന്റെ കണ്ണുകളിലേക്ക് നോക്കി എന്തോ പറയാന് ഭാവിച്ചപോലെ.പക്ഷെ എങ്ങുമെത്താതെ ആ കുമിളയും മണ്ണോടലിഞ്ഞു.

സമയം 12:30 സൂര്യന്‍ മണ്ടയിലുദിച്ചനേരം.കോഴിക്കോട് നിന്ന് ചേളാരിയിലെത്താന്‍ മണിക്കൂറുകളെടുത്തിരിക്കുന്നു. കത്തിച്ച് വിടുകയാണെങ്കില്‍ മുക്കാല്‍ മണിക്കൂര്‍കൊണ്ട് എത്തിപ്പെടേണ്ട വഴിദൂരം മാത്രം.കാഴ്ചകള്‍ കണ്ടും പഴംപുരാണം പറഞ്ഞും പിന്നിട്ട സമയത്തിന്റെ വിലയേകുറിച്ച് ചിന്തിച്ചതേയില്ല.ഞങ്ങള്‍ പടിക്കല്‍ ജുമാമസ്ജിദിന്റെ മുന്നില്‍ നങ്കൂരമിട്ടു.
ചേളാരിയുടെയും പടിക്കലിന്റെയും അതുപോലെ ചുറ്റുവട്ടങ്ങളിലെ കൊച്ചു കൊച്ചു സ്രാമ്പികളുടെയും ഭരണം നിയന്ത്രിക്കുന്ന വലിയപള്ളി. മൂന്ന് നിലകളിലുള്ള ഈ പള്ളിയില്‍ വെള്ളിയാഴ്ചകളില്‍ ജുമുഅ നമസ്കാരം റോഡുവരെ നീളാറുണ്ട്.വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ പള്ളിക്ക് തണലായി വലിയ ഒരു മുത്തശ്ശിമാവുണ്ടായിരുന്നു.കാല പുരോഗതിയില്‍ വെട്ടിത്തിളങ്ങാന്‍ കോടാലിക്കിരയായവരില്‍ ആ മുത്തശ്ശിയും പെട്ടു.
ഇക്കയും ഷാജഹാനും മകനും ളുഹര്‍ നമസ്കരിക്കാന്‍ പള്ളിയിലേക്ക് നീങ്ങി. സുന്നിപള്ളിയായതിനാല്‍ സ്ത്രീകള്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ സൌകര്യമൊരുക്കിയിട്ടുണ്ടാകില്ലാ എന്ന ധാരണയില്‍ ഞാനും മകളും വണ്ടിയില്‍ തന്നെ ഇരുന്നു. പള്ളിയില്‍ നിന്നുയര്‍ന്ന ബാങ്കൊലിക്ക് മറുപടിയായി ആളുകള്‍ ഇടമുറിയാതെ വന്ന് കൊണ്ടിരിക്കുന്നു.ഇടക്ക് പള്ളിയില്‍ നിന്ന് തിരിച്ചുവന്ന മകന്‍ സ്ത്രീകള്‍ക്ക് പ്രത്യേകം പ്രാര്‍ത്ഥനാസ്ഥലം ഒരുക്കിയുട്ടുണ്ടെന്നറിയിച്ചു.ഞാനും മകളും മകന്‍ കാണിച്ച് തന്ന വഴിയിലൂടെ പ്രാര്‍ത്ഥനാ സ്ഥലത്തെത്തി. മൂന്ന് സ്ത്രീകളുണ്ടായിരുന്നു അപ്പോളവിടെ.എല്ലാവരും യാത്രികരാണ്. സുബ്‌ഹാനള്ളാ…എത്ര സ്ത്രീകള്‍ ഈ കെട്ടിടം വരുന്നതിന്ന് മുമ്പ് നമസ്കരിക്കാതെ ഈ പള്ളിക്കുമുന്നില്‍ കാവലിരിക്കും പോലെ ഇരുന്നിട്ടുണ്ടാവും.പള്ളിയില്‍നിന്ന് നമസ്കരിച്ച സുഖവും റാഹത്തും മനസ്സിലേക്ക് കടന്നപ്പോള്‍ കാട്മൂടിക്കിടക്കുന്ന കബറിടം കാണാന്‍ മനസ്സ് വെമ്പി.എന്റെ ബന്ധുക്കളും പൂര്‍വ്വികരുമായ പലരും ഇവിടെ അന്തിയുറങ്ങുന്നുണ്ടല്ലോ എന്ന ചിന്ത,സ്വര്‍ഗത്തെകുറിച്ചും നരകത്തെകുറിച്ചുമൊക്കെ ഓര്‍ക്കാന്‍ കാരണമാക്കി. ദൂരെനിന്ന് കൊണ്ട് നോകെത്താ ദൂരത്തെ കബറാളികളെ നോക്കി സലാം പറഞ്ഞ് വിടപറയുമ്പോള്‍ നാളെ എന്റെ ജീവന്റെ തുടിപ്പിന് വിരാമമാകുമെങ്കില്‍ ഈ മണ്ണിലാണല്ലോ എന്നെ അടക്കം ചെയ്യേണ്ടതെന്ന വിജാരത്തിന് ഒരു നെടുവീര്‍പ്പ് നല്‍കി അടിവരയിട്ട് ഞാന്‍നടന്നു.
ഞങ്ങള്‍ നാടിനോടും വീടിനോടും അടുത്തെത്തിയിരിക്കുന്നു.ഇന്ന് ഇവിടെ ഞങ്ങളെ അറിയുന്നവരായി അധികമാരുമില്ല. തറവാട് ഭാഗം വെച്ച് പിരിഞ്ഞപ്പോള്‍ ബന്ധങ്ങളുടെ അകല്‍ച്ചയും കൂടി.പ്രവാസം തിരഞ്ഞെടുത്തതിനാല്‍ നാട്ടുകാരും അന്യരായി. ആകെ ഞങ്ങള്‍ക്കായി കാത്തിരിക്കാനുണ്ടായിരുന്നത് ഇക്കയുടെ സ്വപ്നമായി അവശേഷിച്ച കാട് മൂടിക്കിടക്കുന്ന പുരത്തറയും നീരുറവ വറ്റാത്ത തെളിഞ്ഞവെള്ളമുള്ള കിണറും മാത്രം.ഇക്ക മൊബൈലില്‍ സാലിമിനെ വിളിച്ചു.ഇക്കയുടെ പഴയ കളിക്കൂട്ട്കാരന്‍ നഷ്ടപെട്ട് പോയ സൌഹൃദങ്ങളിലൊന്ന് ഓര്‍കൂട്ട് വഴി വീണ്ടെടുത്തപ്പോള്‍ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമായിരുന്നു.പ്രവാസത്തിന്റെ ചൂടും തണുപ്പുമേറ്റ് ബഹറൈനില്‍ നിന്ന് വന്ന സ്ക്രാപ്പുകള്‍ക്ക് വിരഹദു:ഖത്തിന്റെ നെഞ്ചിടിപ്പുകള്‍ കേള്‍ക്കാമായിരുന്നു. പഴയ ചങ്ങാതിമാരുടെ കുസൃതികള്‍ പങ്കുവെക്കുന്നതിലേറെ പ്രാധാന്യം കൊടുത്തത് സ്വദേശത്തിന്റെ ജീര്‍ണതകള്‍ക്കെതിരെ ശബ്ദിക്കാന്‍ ഒരു സംഘമവേദിയുണ്ടാക്കുകാ എന്നലക്ഷ്യത്തിനായിരുന്നു.
സാലിം ഔട്ടോഫ് റേഞ്ച്.. ! അവനെ കാണാമെന്നുള്ള പ്രതീക്ഷയും മങ്ങി. ഇക്ക നിരാശയോടെ മെബൈല്‍ പോകറ്റിലാക്കി.. ഉറവ വറ്റാത്ത ഞങ്ങളുടെ കിണറിലേക്കൊന്ന് എത്തിനോക്കി തിരികെ എന്റെ വീട്ടിലേക്ക് മടങ്ങാമെന്ന തീരുമാനത്തില്‍ ഞങ്ങള്‍ അങ്ങോട്ട് തിരിച്ചു.കാട് മൂടിക്കിടക്കുന്ന സ്വപ്നമണ്ഡപത്തില് താമസക്കാരായി ഇഴ ജന്തുക്കക്കള്‍ മാത്രം . അതിലൊരാള്‍ ഞങ്ങളെ കണ്ടപ്പോഴൊന്ന് തലപൊക്കി.ആളെ തിരിച്ചറിഞ്ഞെന്നപോലെ അവരതിക്രമിച്ച് കയറിയ മാളത്തിലേക്കവന്‍ ഇഴഞ്ഞ് നീങ്ങി മറഞ്ഞു.നാലുപാടും ചുറ്റുമതിലില്‍ വരിഞ്ഞ് കെട്ടിയ 60 സെന്റിലേക്ക് ആരും തിരിഞ്ഞ് നോക്കാറില്ല.തറവാട്ടില്‍ മുമ്പുണ്ടായിരുന്ന ചിന്നമ്മുവായിരുന്നു ഇടക്കൊക്കെ ഇവിടെ വന്ന് പോയിരുന്നത്.നാല് തലമൂത്ത കല്പകവൃക്ഷം തരുന്ന കനിയായിരുന്നു അവര്‍ക്കായി നിശ്ചയിച്ചകൂലി.നല്ലകാലത്ത് നല്‍കിപ്പോന്ന കനികള്‍ കിട്ടാതായതാകും ചിന്നമ്മുവിനും ഇങ്ങോട്ട് വരാന്‍ മടിയായി തുടങ്ങിയത്.ഗ്രഹണി പിടിച്ച കുട്ടികളെപ്പോലെ മണ്ടരിപിടിച്ച മണ്ടന്‍തെങ്ങുകള്‍ ഞങ്ങളെ നോക്കി കരയുകയാണോ എന്ന് തോന്നി. ആര്‍ക്കും വേണ്ടാത്ത ഞങ്ങളെയങ്ങ് കൊല്ലരുതോ എന്നായിരിക്കുമോ ആ കേരവൃക്ഷങ്ങള്‍ പറഞ്ഞത്! ആര്‍ക്കറിയാം.ഇക്ക വല്ലാത്ത മനോവേദനയിലാണെന്ന് കണ്ടാലറിയാം.സ്വന്തമായ ഒരു പുരവേണമെന്ന് പലരും പറഞ്ഞപ്പോള്‍ സമയമായില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറി. ഇന്ന് അങ്ങിനെ ഒന്ന് വേണമെന്ന് തോന്നിയപ്പോള്‍ വഴിമുടക്കിയായി പലകാരണങ്ങള്‍.
തെല്ല് വിഷമത്തോടെ ഞങ്ങള്‍ അവിടം വിടാന്‍ ഒരുങ്ങുമ്പോഴാണ് എന്റെ ചെറുപ്പകാല കൂട്ടുകാരി മുന്നിലുള്ള പഞ്ചായത്ത് റോഡിലൂടെ പോകുന്നത് കണ്ടത്.
ഞാന്‍ ഉറക്കെ വിളിച്ചു
“ ഹസീനാ”..
പണ്ടത്തെ തെങ്ങികെട്ടി കാളത്തില്‍നിന്ന് വരുന്ന മൊഴുത്ത ശബ്ദം പോലെ ഹസീനാ തരംഗങ്ങള്‍ എക്കോയായി ആ പറമ്പിന് പുറത്തേക്ക് തെറിച്ചു.ഇക്കയും ഷാജഹാനും മക്കളും ഹസീനയുമെല്ലാം ഒരുമിച്ച് തിരിഞ്ഞ് നോക്കി.
“നിന്റെ തൊണ്ടയില്‍ ഇത്രയും വലിയ സ്പീക്കറൊക്കെ ഉണ്ടല്ലേ“ …എന്നമട്ടില്‍ ഇക്കയുടെ തുറിച്ച് നോട്ടം.ശരിയാണ്,ഈ മണ്ണില്‍ കാലുകുത്തിയപ്പോഴെ എന്റെ തൊണ്ടക്ക് വല്ലാത്ത ഒരു അയവ് വന്നത് പോലെ …ഹസീന അടുത്ത് വന്നപ്പോഴാണ് വിളിയുടെ തരംഗങ്ങളില്‍ നിന്ന് ഞാന്‍ മോചിതയായത്.അവളെന്നെ പെട്ടെന്ന് തന്നെ തിരിച്ചറിഞ്ഞു.അഞ്ച് കുസുമങ്ങളാണവള്‍ക്ക് .രണ്ടെണ്ണം മുന്നില്‍ ഓടിയിരിക്കുന്നു,ഒന്ന് ഒക്കത്തും.ഒരെണ്ണം കയ്യിലും മറ്റൊന്ന് വലിയ ഒരു കമ്പില്‍ തറച്ച മണ്ടത്തേങ സ്വന്തം വണ്ടിയായി ഉരുട്ടിക്കളിക്കുന്നു.അഞ്ച് വിരലുകള്‍ നിരത്തി വെച്ചപോലെ…അവളുടെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ നോക്കി നില്‍ക്കുകയായിരുന്നു ഞാന്‍.പഴയകാല കുസൃതികള്‍ എന്റെ മനസ്സില്‍ വീഡിയോക്ലിപ്പുകളായി പ്ലേ ചെയ്യുകയാണ്.ചെട്ടിപ്പടി മുസ്ല്യാരുടെ ഞായറാഴ്ചക്ലാസ്സുകളിലെ ഒഴിവ് സമയങ്ങളില്‍ ഭര്‍ത്താവിനെ എങ്ങിനെ മെരുക്കാമെന്ന് ക്ലാസ്സെടുത്ത് തരുന്ന ഹസീന ഞങ്ങള്‍ക്കെന്നും ഹരമായിരുന്നു.ഇത്താത്തയുടെ വീരചരിതങ്ങള്‍ ഒളിഞ്ഞ് നോക്കി കഥാരൂപത്തില്‍ പറഞ്ഞ് തരുമ്പോള്‍ മനസ്സില്‍ ആരെങ്കിലുമൊന്ന് പ്രേമിച്ചിരുന്നെങ്കിലെന്ന് ആശിച്ചിട്ടുണ്ട്.
ഇക്കാക്ക് ഹസീനയെ മനസ്സിലായില്ലാന്ന് തോന്നുന്നു.
“ഇക്കാ…. ഇവളെ അറിയോ?“
ഞമ്മളെ കല്ലന്‍ ഹസീന.
“ഹോ…പെണ്ണേ നീയങ്ങു പനപോലെ ആയല്ലോ… നിന്റെ ഔക്കറിപ്പോ എവിടെ ഉണ്ടെന്നറിയോ?.“
ഹസീന നാണം കൊണ്ട് തട്ടംകടിച്ച് എന്റെ പിന്നിലേക്ക് നീങ്ങി.മക്കളഞ്ചായെങ്കിലും ഹസീനക്കിന്നും നാണം മാറിയിട്ടില്ല. ഇന്നത്തെ തലമുറയില്‍ അപൂര്‍വ്വമായി കാണാന്‍ കഴിയുന്ന പെരുമാറ്റമാണ് ഞാനവളില്‍ കണ്ടത്. പക്വതയോടെയുള്ള സംസാരവും ഭവ്യതയോടെയുള്ള പെരുമാറ്റവും ഭര്‍ത്താവിന്റെ അഭാവത്തിലും ബഹുമാന പൂര്‍വ്വമുള്ള സംബോതനയും എനിക്കേറെ ഇഷ്ടമായി. പഴയകാലകൂട്ടുകാരികളെ കുറിച്ചറിയാനുള്ള അടങ്ങാത്ത ആവേശം ഓലമേഞ്ഞ അവളുടെ കൊച്ച് കുടിലിലാണ് ഞങ്ങളെ കൊണ്ടെത്തിച്ചത്. മൂത്തവന്റെ ഒക്കത്തിരിക്കുന്നതടക്കമുള്ള അഞ്ച് മിടുക്കന്മാര്‍ ഷാജഹാനെ വളഞ്ഞിരിക്കുന്നു.
“കാക്ക… കാക്ക ഞങ്ങളെ ഒന്ന് കേറ്റോ “.
നിഷ്കളങ്കമായ ആ കുഞ്ഞ് മുഖങ്ങള്‍ മലപ്പുറം ശൈലിയില്‍ കെഞ്ചുകയാണ് വണ്ടിയിലൊന്ന് കയറിപറ്റാന്‍. ഷാജഹാനും ഇക്കയും എന്തൊക്കയോ പറയുന്നുണ്ട് അവരോട് .അവസാനം ഡോര്‍തുറന്ന് എല്ലാവരും വണ്ടിക്കകത്തേക്ക് കയറി.ഹസീന എന്നെയും കൊണ്ട് അവളുടെ സാമ്രാജ്യത്തേക്ക് കയറി.ഇരുട്ട് മൂടിയ അടുക്കളക്ക് വെളിച്ചമേകാന്‍ ചാക്ക്കൊണ്ട് മറച്ച കൊച്ച് ജനാല. വിരി മാറ്റും പോലെ ഹസീന ആ ജനാല തുറന്നു.ആശ്വസത്തിന്റെയും സമാധാനത്തിന്റെയും കിരണങ്ങള്‍ ഇളം കാറ്റിനൊപ്പം എന്നെയും തഴുകി അവിടെമാകെ പരന്നു.ശാന്തമായ അന്തരീക്ഷം.എല്ലാം വൃത്തിയില്‍ ഒതുക്കിയിരിക്കുന്നു.രണ്ട് മുറിയിലും ചെറിയ ഒരു ഹാളിലും പണിത കൊച്ച് കൂരയാണെങ്കിലും മനസ്സിന്നും ശരീരത്തിനും ഭാരം കുറഞ്ഞ പ്രതീതിയാണെനിക്കുണ്ടായത്.ഞാനവിടെമാകെ ഒന്ന് നടന്ന് കണ്ടു.ഓലയും മണ്ണും ചാണകവും ചുമന്നമണ്ണുമെല്ലാം കൂട്ടിയിണക്കിയുണ്ടാക്കിയ ഈ സമാധാന സൌധം, ഇന്നത്തെ അപൂര്‍വ്വമായകാഴ്ച.
ദാരിദൃം വരച്ചുകാട്ടുന്ന ഇത്തരം കൂരകളില്‍ ഇന്നത്തെ ദരിദ്രരും വസിക്കാത്തകാലം.ഭര്‍ത്താവ് ഖത്തറിലായിട്ടും എന്താണ് ഇനിയും മാറ്റങ്ങള്‍ക്ക് വിധേയമാകാത്തതെന്ന് ചോദിക്കാതിരിക്കാനെനിക്കായില്ല. തൊട്ടടുത്ത് പണിതീരാന്‍ കിടക്കുന്ന വലിയ ഒരു കെട്ടിടം ചൂണ്ടിക്കാണിച്ചപ്പോഴാണ് ആ സംശയത്തിന്ന് അറുതിയായത്.ഗള്‍ഫിന്റെ മണമുള്ള ഓറഞ്ച് വെള്ളം ക്ലാസില്‍ പകരാന്‍ ഞാനും ഹസീനയെ സഹായിച്ചു. ഇടക്കെന്നെ ഒളികണ്ണിട്ട് നോക്കി ചെറുപുഞ്ചിരിയോടെ ഔക്കറിനെ കണ്ടത് സത്യമാണോ എന്നന്വേഷിച്ചു. മദ്രസ വരാന്തയിലിരുന്ന് ഔക്കറിന്റെ ചേല് പറഞ്ഞിരുന്ന് തോറ്റ് പോയതില്‍ പിന്നെ ഹസീന പഠിക്കാന്‍ വന്നിട്ടില്ല. കാലമെത്രയായി, ഇന്നും ആ പഴയ പ്രേമ സങ്കല്പങ്ങളുടെ മധുരം നുണയുകയാണവള്‍..
“ങ്ഹും ...ഇക്ക ഒരു പ്രാവശ്യം കണ്ടിരുന്നു എന്ന് പറഞ്ഞതായി ഓര്‍ക്കുന്നു…”
പിന്നെയവള്‍ എനിക്കിട്ടൊന്ന് താങ്ങി..എന്റെ പ്രണയകാലം അവളുടെ നാവിലൂടെ വാമൊഴിയായി കേട്ടപ്പോള്‍ ഒരിക്കല്‍കൂടി പിന്നിട്ട വഴികളിലൂടെ സഞ്ചരിക്കണമെന്ന് തോന്നി. പൂവണിയാത്ത പ്രണയ സങ്കല്പങ്ങളും പൂത്തൂലഞ്ഞ പ്രണയവും ഓര്‍മകളുടെ ആഴിയില്‍ നീരാടി രസിച്ചു.മധുരമായ ചെറുപ്പകാലത്തിലെ പ്രണയനായകരും നായികമാരുമൊക്കെ ഞങ്ങളുടെ സംസാര വിഷയമായി. സംസാരം നീണ്ടു പോകുന്നതിനിടയില്‍ പുകഞ്ഞ് കൊണ്ടിരിക്കുന്ന അടുപ്പ് കത്തിക്കാന്‍ ശ്രമിക്കുകയാണ് ഹസീന. തീ കത്തിപ്പടര്‍ന്നപ്പോള്‍ കൊള്ളി നീക്കുന്ന പണി ഞാനേറ്റെടുത്തു.വര്‍ഷങ്ങള്‍ക്ക് ശേഷം തീപുക ശ്വസിക്കുകയാണ്. കത്തിയമരുന്ന ഓലയുടെ മണം എന്നെ വല്ലാതെ മത്ത്പിടിപ്പിച്ചു. മുറ്റത്തേക്കിറങ്ങി മുളക് ചെടിയില്‍ നിന്ന് കാന്താരിമുളകും പറിച്ച് തേങ്ങചിരണ്ടി അരവ് തുടങ്ങിക്കഴിഞ്ഞവള്‍.
നല്ല കൈ കടുപ്പം,സംസാരം പോലെതന്നെ പ്രവര്‍ത്തിയും.മിനുട്ടുകള്‍ക്കകം ചൂടുള്ള തേങ്ങാകഞ്ഞിയും ചമ്മന്തിയും റെഡി.
കഞ്ഞികുടി ഷാജഹാന് അത്ര വശമില്ലാത്തത് പോലെയാണ് തോന്നിയത്.അവന് വല്ല ബിരിയാണിയുംവെക്കേണ്ടി വരും.തലശ്ശേരിയല്ലെ സ്ഥലം.ഇറച്ചിക്കും തലക്കും ഒരു പഞ്ഞവും ഉണ്ടാവില്ലല്ലോ…ഇക്ക തമാശയായിട്ട് പറഞ്ഞു.ഹസീനയുടെ സ്നേഹസൌധത്തില്‍ നിന്ന് കുടിച്ച കഞ്ഞിയുടെയും ചമ്മന്തിയുടെയും സ്വാദ് ഏമ്പക്കമായി പുറത്തേക്ക് വന്നു.
എന്തൊരാശ്വാസം.
അടുത്തൊന്നും ഇത്രയേറെ ആനന്തത്തില്‍ ഏമ്പക്കമിട്ടിട്ടില്ല.
സമയം മൂന്ന് മണിയോടടുത്തിരിക്കുന്നു.ഇക്ക ഇടക്കിടെ വാച്ചിലേക്ക് നോക്കുന്നുണ്ട്.യാത്രപറയാന്‍ സമയമായി എന്നര്‍ത്ഥം.മുറ്റത്തെ മല്ലികപ്പൂവിന്റെ ഭംഗി ആസ്വദിക്കുന്ന ഇക്കയുടെ അടുത്തേക്ക് നീങ്ങി സ്വകാര്യമായി ഞാന്‍ കുറച്ച് നോട്ടുകള്‍ വാങ്ങി.ഹസീനയെ ഏല്പിക്കണോ കുട്ടികളെ ഏല്പിക്കണോ എന്ന ഒരു കണ്‍ഫ്യൂഷന്‍ തീരാന്‍ കുറച്ച് സമയമെടുത്തു.അവസാന തീരുമാനമെന്നപോലെ ഞാന്‍ കാശുമായി കുട്ടികളുടെ അടുത്തേക്ക് നടന്നു.ഓരോ കുഞ്ഞ്മുഖങ്ങളും എന്നെ തുറിച്ച് നോക്കുകയാണ്.മൂത്തവന്റെ ഒക്കത്തിരിക്കുന്ന പൈതലിനെ ഞാനൊന്നെടുക്കാന്‍ ശ്രമിച്ചതെ ഉള്ളൂ,അവന്‍ വാപിളര്‍ത്തി ഉറക്കെ കരഞ്ഞു.അഞ്ച് പേര്‍ക്കും മിഠായി വാങ്ങാന്‍ കൊടുത്ത കാശുമായി ഉമ്മയുടെ അടുത്തേക്കോടുകയായിരുന്നു അവര്‍.തെല്ല് പരിഭവത്തോടെ ഇറങ്ങി വന്ന ഹസീനയെ ഞാന്‍ ആശ്വസിപ്പിച്ചു.ഇനി എന്നാണ് ഇങ്ങിനെ ഒരു കൂടിക്കാഴ്ച എന്നറിയില്ലല്ലോ.നമുക്ക് ഓര്‍മിക്കാനായി നമ്മള്‍ പലതും പറഞ്ഞു,നിന്റെ കുരുന്നുകളും ഞങ്ങളെ ഓര്‍കട്ടെ.നീ ആ കാശുകൊണ്ട് എനിക്ക് വാങ്ങികൊടുക്കാന്‍ കഴിയാതെപോയ മിഠായി വാങ്ങിക്കൊടുക്കണമെന്ന അവസാന വാക്കും പറഞ്ഞ് ഞങ്ങള്‍ പടിയിറങ്ങി..
NH 17 ലേക്ക് കടക്കാന്‍ മിനുട്ടുകള്‍ ബാക്കി നില്‍ക്കെ ഷാജഹാന്റെ മൊബൈല്‍ മണിയടിച്ചു.
വണ്ടി ഓരത്ത് നിറുത്തി കാള്‍ അറ്റന്റ് ചെയ്തപ്പോള്‍ മുഖത്തെ രക്തം വാര്‍ന്നൊഴുകിയപോലെ വിളറിയിരുന്നു അവന്‍ .
പെട്ടെന്ന് തന്നെ അവന്‍ പുറത്തിറങ്ങി , തിടുക്കത്തില്‍ ആര്‍കൊക്കയോ ഡയല്‍ ചെയ്ത് കൊണ്ടിരിക്കുന്നു.
ഷാജഹാന്റെ വെപ്രാളം കണ്ട് ഇക്കയും പുറത്തിറങ്ങി. ഇരു വരും അല്പനേരം എന്തൊക്കയോ പറഞ് വണ്ടിയില്‍ കയറി. പതിവിന്ന് വിപരീതമായി ഇക്കയാണ്‍ ഡ്രൈവ് ചെയ്തത്. എന്തോ അത്യാഹിതം സംബവിച്ചത് പോലെ. ആരും ഒന്നും മിണ്ടുന്നില്ല. തലക്ക് പിറകില്‍ കൈതാങ്ങ് കൊടുത്ത് ഇടിവെട്ടേറ്റവനപ്പോലിരിക്കുകയാണ് ഷാജഹാന്‍…
ഓര്‍കൂട്ടില്‍ സഹീറിന്റെ പ്രൊഫൈല്‍ ചിത്രം പോലെ……
~~~~~~~~~~~~~~~~~~~~~~~~~ ~~~~~~~~~~ തുടരും……….